വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രത്തിനും അദ്ദേഹം തുടക്കമിട്ടു. പരിപാടിക്കിടെ, ദിയോഘറിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കൂടാതെ, രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിയും ശ്രീ മോദി ആരംഭിച്ചു. ഈ വര്‍ഷമാദ്യം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുകയും ചെയ്യുന്ന ഈ രണ്ട് സംരംഭങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് പരിപാടിയിലൂടെ അടയാളപ്പെടുത്തുന്നത്.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള സ്വയം സഹായ സംഘത്തിലെ അംഗമായ കോമളപതി വെങ്കിട്ട രാവ്നമ്മ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഡ്രോണുകള്‍ പറത്താന്‍ പഠിച്ച അനുഭവം പങ്കുവെച്ചു. ഡ്രോണ്‍ പറത്താനുള്ള പരിശീലനം പൂര്‍ത്തിയാക്കാന്‍ തനിക്ക് 12 ദിവസമെടുത്തുവെന്ന് അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
ഗ്രാമങ്ങളില്‍ കൃഷിക്കായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തില്‍, സമയം ലാഭിക്കുന്നതിനൊപ്പം വെള്ളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ സംശയിക്കുന്നവര്‍ക്ക് ശ്രീമതി വെങ്കടയെപ്പോലുള്ള സ്ത്രീകള്‍ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കാര്‍ഷിക മേഖലയിലെ ഡ്രോണുകളുടെ ഉപയോഗം സമീപഭാവിയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി ഉയര്‍ന്നുവരുമെന്ന് അദ്ദേഹം പറഞ്ഞു. വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു.