വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനം വഴി ആശയവിനിമയം നടത്തി. പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.
സ്വാനിധി പദ്ധതി ഗുണഭോക്താവും മഹാമാരിക്കാലത്ത് മാസ്കുകള്‍ നിര്‍മ്മിച്ച് സംഭാവന ചെയ്ത സംരംഭകയുമായ രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള സപ്ന പ്രജാപതിയെ ഡിജിറ്റല്‍ ഇടപാടുകളിലൂടെ തന്റെ മിക്ക വ്യാപാരങ്ങളും നടത്തിയതിന് പ്രധാനമന്ത്രി പ്രശംസിച്ചു. ജനങ്ങൾക്കിടയിൽ അവബോധം വ്യാപിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രദേശത്തു നിന്നുള്ള ലോക്‌സഭാഗമായ സ്പീക്കര്‍ ശ്രീ ഓം ബിര്‍ളയും അവരെ അഭിനന്ദിച്ചു. സപ്നയുടെ ഗ്രൂപ്പിലെ സ്ത്രീകള്‍ ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു.
വിശ്വകര്‍മ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി 'കുംമ്ഹാര്‍' സമൂഹത്തില്‍ നിന്നുള്ള സംരംഭകരെ അറിയിച്ചു. "നിങ്ങളുടെ കൂട്ടായ 'മാതൃ ശക്തി' നിങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കും. മോദിയുടെ ഉറപ്പിന്റെ വാഹനം മഹത്തായ വിജയമാക്കാന്‍ ഞാന്‍ എല്ലാ സഹോദരിമാരോടും ആവശ്യപ്പെടുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.