പൂനെയില്‍ നടന്ന ദാദാ വാസ്വാനിയുടെ തൊണ്ണൂറ്റി ഒന്‍പതാം ജന്മദിനാഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. 27 വര്‍ഷം മുന്‍പ് ഐക്യരാഷ്ട്രസഭയില്‍ ആഗോള മത സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ദാദാ വാസ്വാനിയുമായി നടത്തിയ തന്റെ ആദ്യ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു. 2013 ല്‍ പൂനെയില്‍ നടന്ന തങ്ങളുടെ കൂടിക്കാഴ്ചയെയും അദ്ദേഹം ഓര്‍ത്തു.
മാനവകുലത്തിന് നല്‍കുന്ന നിസ്വാര്‍ത്ഥ സേവനത്തിന് പ്രധാനമന്ത്രി ദാദ വാസ്വാനിയെ പ്രകീര്‍ത്തിച്ചു. ‘ശരിയായ തിരഞ്ഞെടുക്കല്‍’ സംബന്ധിച്ച ദാദാ വാസ്വാനിയുടെ ചിന്തകളെ പ്രശംസിച്ചുകൊണ്ട്, ശരിയായത് മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂവെന്ന് ജനങ്ങള്‍ ദൃഢനിശ്ചയമെടുത്താല്‍ അഴിമതി, ജാതീയത, ലഹരി ദുരുപയോഗം, കുറ്റകൃത്യം തുടങ്ങിയ തിന്മകളെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022 ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാര്‍ഷികത്തെ പരാമര്‍ശിച്ചു കൊണ്ട് അതിന് മുന്‍പ് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് ഇന്ത്യ ദൃഢനിശ്ചയം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സാധ്യമായ തരത്തിലെല്ലാം ഈ ശ്രമത്തില്‍ പങ്ക്‌ചേരാന്‍ പ്രധാനമന്ത്രി സാധു വാസ്വാനി മിഷനോട് അഭ്യര്‍ത്ഥിച്ചു."