പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2024 സെപ്റ്റംബർ 9, 10 തീയതികളിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. ഈ പദവിയിൽ കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാസന്ദർശനമാണിത്. ഇന്നലെ ഡൽഹിയിലെത്തിയ അദ്ദേഹത്തെ വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വൻകിട വ്യവസായ പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു.

കിരീടാവകാശി ഇന്നു പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനു പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിൽ സമീപവർഷങ്ങളിൽ കൈവരിച്ച ഗണ്യമായ പുരോഗതിയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഉഭയകക്ഷിസഹകരണത്തിന്റെ എല്ലാ മേഖലകളിലും പങ്കാളിത്തം കൂടുതൽ വിശാലമാക്കാനും ആഴത്തിലാക്കാനുമുള്ള അവസരങ്ങളെക്കുറിച്ചു നേതാക്കൾ ചർച്ച ചെയ്തു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) വിജയവും ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) അടുത്തിടെ പ്രാബല്യത്തിൽ വന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ സാമ്പത്തിക-വാണിജ്യ പങ്കാളിത്തത്തിനു കൂടുതൽ പ്രചോദനം നൽകുമെന്ന് അവർ വിലയിരുത്തി. വിശേഷിച്ചും ആണവോർജം, നിർണായക ധാതുക്കൾ, ഹരിത ഹൈഡ്രജൻ, നിർമിതബുദ്ധി, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയിൽ ഉപയോഗിക്കാത്ത സാധ്യതകളുടെ പുതിയ മേഖലകൾ അനാവരണം ചെയ്യേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.

സന്ദർശനവേളയിൽ, പരമ്പരാഗതവും പുതിയതുമായ സഹകരണമേഖലകളിൽ സഹകരണം വർധ‌ിപ്പിക്കുന്നതിനു കളമൊരുക്കി, ഇനിപ്പറയുന്ന ധാരണാപത്രങ്ങൾ/കരാറുകൾ ഒപ്പുവച്ചു –

·     എമിറേറ്റ്സ് ന്യൂക്ലിയർ പവർ കമ്പനിയും (ENEC) ന്യൂക്ലിയർ പവർ കോഓപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (NPCIL) തമ്മിൽ ആണവസഹകരണത്തിനുള്ള ധാരണാപത്രം

·     അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ ദീർഘകാല എൽഎൻജി വിതരണത്തിനുള്ള കരാർ

·     ADNOC-ഉം ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും (ISPRL) തമ്മിലുള്ള ധാരണാപത്രം

·     അബുദാബി ഓൺഷോർ ബ്ലോക്ക് 1ൽ ഉൽപ്പാദന ഇളവിന് ഊർജ ഭാരതും ADNOC-ഉം തമ്മിലുള്ള കരാർ

·  ഇന്ത്യയിലെ ഭക്ഷ്യ പാർക്കുകളുടെ വികസനത്തിനായി ഗുജറാത്ത് ഗവണ്മെന്റും അബുദാബി വികസന നിയന്ത്രണ കമ്പനി PJSC-യും (ADQ) തമ്മിലുള്ള ധാരണാപത്രം

ആണവസഹകരണം സംബന്ധിച്ച ധാരണാപത്രം ആണവനിലയങ്ങളുടെ പ്രവർത്തനത്തിലും പരിപാലനത്തിലും, ഇന്ത്യയിൽനിന്ന് ആണവസാമഗ്രികളുടെയും സേവനങ്ങളുടെയും ഉറവിടം, പരസ്പര നിക്ഷേപ സാധ്യതകൾ, ശേഷി വർധിപ്പിക്കൽ എന്നിവയിലെയും സഹകരണം വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.

എൽഎൻജിയുടെ ദീർഘകാല വിതരണത്തിനുള്ള കരാർ പ്രതിവർഷം ഒരു ദശലക്ഷം മെട്രിക് ടൺ (MMTPA) ആണ്. ഒരു വർഷത്തിനുള്ളിൽ ഒപ്പുവയ്ക്കുന്ന മൂന്നാമത്തെ കരാറാണിത്. IOCL-ഉം GAIL-ഉം ADNOC-മായി യഥാക്രമം 1.2 MMTPA, 0.5 MMTPA എന്നീ ദീർഘകാല കരാറുകളിൽ നേരത്തെ ഒപ്പുവച്ചിരുന്നു. ഈ കരാറുകൾ എൽഎൻജി സ്രോതസ്സുകളെ വൈവിധ്യവൽക്കരിച്ച് ഇന്ത്യയിൽ ഊർജസുരക്ഷയ്ക്കു കരുത്തേകി.

ADNOC-ഉം ISPRL-ഉം തമ്മിലുള്ള ധാരണാപത്രം, ഇന്ത്യയിൽ ക്രൂഡ് സംഭരണത്തിനുള്ള അധിക അവസരങ്ങളിൽ ADNOC-ന്റെ പങ്കാളിത്തം അനാവരണം ചെയ്യുന്നതിനും പരസ്പരസ്വീകാര്യമായ നിബന്ധനകളിലും വ്യവസ്ഥകളിലും അവരുടെ സംഭരണ-പരിപാലന കരാർ പുതുക്കുന്നതിനും സഹായിക്കുന്നു. ഈ ധാരണാപത്രം 2018 മുതൽ ISPRL-ന്റെ മംഗളൂരു നിലവറയിൽ ക്രൂഡ് സംഭരണത്തിൽ ADNOC-ന്റെ നിലവിലുള്ള പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

അബുദാബി ഓൺഷോർ ബ്ലോക്ക് 1നുള്ള ഉൽപ്പാദന ഇളവ് ഉടമ്പടി ഊർജ ഭാരതും (IOCL, ഭാരത് പെട്രോ റിസോഴ്സ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭം) ADNOC‌-ഉം തമ്മിലുള്ള, UAE-യിൽ പ്രവർത്തിക്കുന്ന ഏതൊരു ഇന്ത്യൻ കമ്പനിക്കും വേണ്ടിയുള്ള, ആദ്യ കരാറാണ്. ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ കൊണ്ടുവരാൻ ഊർജഭാരതിന് ഈ ഇളവ് അർഹത നൽകുന്നു. അതിലൂടെ രാജ്യത്തിന്റെ ഊർജ സുരക്ഷയ്ക്കു സംഭാവനയേകുന്നു.

ഭക്ഷ്യ പാർക്കുകൾ സംബന്ധിച്ച ധാരണാപത്രം, 2025 രണ്ടാം പാദത്തിൽ ഭക്ഷ്യ പാർക്ക് പദ്ധതി ആരംഭിക്കുന്നതിനായി അഹമ്മദാബാദ് ബാവ്‌ലയിലെ ഗുന്ദാനപരയെ ഈ ഉത്കൃഷ്ടപദ്ധതിക്ക് ‌ഉയർന്ന വിജയസാധ്യതയുള്ള ഇടമായി വികസിപ്പിക്കുന്നതിനുള്ള ADQ-ന്റെ താൽപ്പര്യം അറിയിക്കുന്നു. പ്രദേശത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നേടുന്നതിനും ആവശ്യമായ അനുമതികൾ ലഭിക്കാൻ സഹായിക്കുന്നതിനും ഗുജറാത്ത് ഗവണ്മെന്റ് ADQ, AD തുറമുഖങ്ങൾ എന്നിവയ്ക്കു സൗകര്യമൊരുക്കും.

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും ചരിത്രപരവും സമഗ്രവുമായ ബന്ധത്തെക്കുറിച്ചും സമീപവർഷങ്ങളിൽ കൈക്കൊണ്ട നിരവധി സംരംഭങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. 3.5 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ആതിഥ്യമരുളിയതിനു യുഎഇ നേതൃത്വത്തിനു രാഷ്ട്രപതി മുർമു നന്ദി അറിയിച്ചു.

കിരീടാവകാശി രാജ്ഘാട്ട് സന്ദർശിക്കുകയും മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. 1992ൽ യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് സായിദ്ബിൻ സുൽത്താൻ അൽ നഹ്യാൻ കാട്ടിയ പാത പിന്തുടർന്നു രാജ്ഘാട്ടിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച യുഎഇയിൽനിന്നുള്ള മൂന്നാം തലമുറ നേതാവായി അദ്ദേഹം മാറി. 2016ൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇവിടെ ​തൈ നട്ടിരുന്നു. തലമുറകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ബന്ധത്തിന്റെ തുടർച്ച പ്രകടമാക്കുന്ന അതുല്യവും അപൂർവവുമായ വേളയായിരുന്നു ഇത്. രാജ്ഘാട്ടിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു രാജ്യത്തെ മൂന്നു തലമുറയിലെ നേതാക്കൾ മഹാത്മാവിന് ആദരമായി മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്.

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ മുംബൈ സന്ദർശിക്കുകയും ഇന്ത്യ-യുഎഇ വ്യാവസായിക ചർച്ചാവേദിയിൽ പങ്കെടുക്കുകയും ചെയ്യും. വിവിധ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള ഭാവി സഹകരണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ഇരുപക്ഷത്തുമുള്ള വ്യവസായ പ്രമുഖർക്കും ഉദ്യോഗസ്ഥർക്കും ചർച്ചാവേദി അവസരമൊരുക്കും. ഇന്ത്യ-യുഎഇ വെർച്വൽ വാണിജ്യ ഇടനാഴി (VTC), VTC സുഗമമാക്കുന്നതിനുള്ള MAITRI ഇന്റർഫേസ് എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ലഘു സമാരംഭച്ചടങ്ങും നാളെ മുംബൈയിൽ നടക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi