ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 26, 27 തീയതികളിൽ ആ രാജ്യം സന്ദർശിക്കും. മൂന്ന് ഐതിഹാസികമായ സംഭവങ്ങളുടെ സ്മരണയുമായി ബന്ധപ്പെട്ടാണ് ഈ സന്ദർശനം - ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദി മുജിബ് ബോർഷോ; ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ച് 50 വർഷം; കൂടാതെ ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തിന്റെ അൻപതാം വാർഷികവും. പ്രധാനമന്ത്രി ശ്രീ മോദി ഏറ്റവും ഒടുവിൽ ബംഗ്ലാദേശ് സന്ദർശിച്ചത് 2015 ലാണ്.
സന്ദർശന വേളയിൽ മാർച്ച് 26 ന് ബംഗ്ലാദേശിലെ ദേശീയ ദിന പരിപാടിയിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ശ്രീ മോദി പങ്കെടുക്കും. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി കൂടിയാലോചനകൾ നടത്തുന്നതിനു പുറമേ പ്രധാനമന്ത്രിയുടെ പരിപാടിയിൽ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹമീദിനേയും , ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. അബ്ദുൾ മോമെനെയും പ്രധാനമന്ത്രി കാണും. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു വിദേശ രാജ്യത്തേക്കുള്ള ആദ്യ സന്ദർശനമായിരിക്കും പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശനം. ഇത് ഇന്ത്യ ബംഗ്ലാദേശിനോട് നൽകുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നു.