

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്‌റഫ് ഗനി ഇന്ന് (2018 സെപ്റ്റംബര്‍ 19) ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബഹുമുഖവും, തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും അനുകൂലമായി വിലയിരുത്തുകയും ചെയ്തു. ഒരു ദശലക്ഷം ഡോളര്‍ പിന്നിട്ട ഉഭയകക്ഷി വ്യാപാരത്തിന്റെ പുരോഗതിയില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി. ഇക്കൊല്ലം സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ മുംബൈയില്‍ സംഘടിപ്പിച്ച ഇന്ത്യാ- അഫ്ഗാനിസ്ഥാന്‍ വ്യാപാര നിക്ഷേപ പ്രദര്‍ശനത്തിന്റെ വിജയകരമായ പരിസമാപ്തിയെ രണ്ട് നേതാക്കളും അഭിനന്ദിച്ചു. ഛാബാഹര്‍ തുറമുഖം വഴിയും, വ്യോമ ചരക്ക് ഇടനാഴി വഴിയും ബന്ധപ്പെടല്‍ ശക്തിപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യവും അവര്‍ പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, മനുഷ്യ വിഭവ ശേഷി വികസനം, അഫ്ഗാനിസ്ഥാനിലെ മറ്റ് ശേഷി വികസന പദ്ധതികള്‍ തുടങ്ങിയവയില്‍ പുതിയ വികസന പങ്കാളിത്തം ശക്തിപ്പെടുത്താനും ധാരണയായി.
അഫ്ഗാനിസ്ഥാനിലും അവിടത്തെ ജനങ്ങളിലും ഭീകരവാദവും, തീവ്രവാദവും അടിച്ചേല്‍പ്പിച്ച വെല്ലുവിളികള്‍ നേരിടുന്നതിനും, സമാധാനവും, അനുരഞ്ജനവും സാധ്യമാക്കുന്നതിന് തന്റെ ഗവണ്‍മെന്റ് കൈക്കൊണ്ട് വരുന്ന നടപടികളെ കുറിച്ച് പ്രസിഡന്റ് ശ്രീ. ഗനി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
അഫ്ഗാനിസ്ഥാനെ സമാധാന പൂര്‍ണ്ണവും, ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഏകീകൃത ജനാധിപത്യ രാഷ്ട്രമായി തുടരുന്നതിന് സഹായിക്കുന്ന തരത്തില്‍ അഫ്ഗാനിസ്ഥാന്‍ നേതൃത്വം കൊടുക്കുന്ന, അഫ്ഗാനിസ്ഥാന്റെ ഉടമസ്ഥതയിലുള്ള, അഫ്ഗാനിസ്ഥാന്റെ നിയന്ത്രണത്തിന് കീഴിലുള്ള സമാധാന, അനുരഞ്ജന പ്രക്രിയയ്ക്ക് ഇന്ത്യയുടെ പിന്‍തുണ പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതിലേയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്റെ സുരക്ഷയും, പരാമാധികാരവും സംരക്ഷിക്കുന്നതിന് ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ വിലപ്പെട്ട നിരവധി ജീവനുകള്‍ വന്‍തോതില്‍ നഷ്ടപ്പെടുത്തിയ ഭീകരാക്രമണങ്ങളെയും, അക്രമങ്ങളെയും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അപലപിച്ച പ്രധാനമന്ത്രി, ഭീകരതയ്‌ക്കെതിരെയുള്ള അഫ്ഗാന്‍ ജനതയുടെയും, ആ രാജ്യത്തെ ദേശീയ സുരക്ഷാ സേനകളുടെയും പോരാട്ടത്തിന് ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു.
വിവിധ അന്താരാഷ്ട്ര വേദികളിലെ പ്രവര്‍ത്തനങ്ങളില്‍ രണ്ട് രാജ്യങ്ങളുടെയും കൂടിയാലോചനകളിലും, ഏകോപനത്തിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഈ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, സമാധാനവും, ഭദ്രതയും, പുരോഗതിയും, സമൃദ്ധിയും കൈവരിക്കുന്നതിന് തങ്ങളുടെ മേഖലാ, അന്താരാഷ്ട്ര പങ്കാളികളുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിനും വേണ്ടി ശ്രമിക്കാനും ഇരുനേതാക്കളും തീരുമാനിച്ചു.