“ഞാൻ ഫെബ്രുവരി 13നും 14നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കും ഫെബ്രുവരി 14നും 15നും ഖത്തറിലേക്കും ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. 2014നുശേഷം ഇത് എന്റെ ഏഴാമത്തെ യുഎഇ സന്ദർശനവും ഖത്തറിലേക്കുള്ള രണ്ടാമത്തെ സന്ദർശനവുമാണ്.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ-ഊർജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ യുഎഇയുമായുള്ള നമ്മുടെ സഹകരണം പലമടങ്ങു വർധിച്ചു. സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ നമ്മുടെ ബന്ധം മുമ്പത്തേക്കാളേറെ ശക്തമാണ്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്താനും നമ്മുടെ സമഗ്രമായ തന്ത്രപ്രധാനപങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതു സംബന്ധിച്ചു വിപുലമായ ചർച്ചകൾ നടത്താനും ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം മുഖ്യാതിഥിയായിരുന്ന ‘ഊർജസ്വല ഗുജറാത്ത് ആഗോള ഉച്ചകോടി 2024’ൽ അടുത്തിടെ ഗുജറാത്തിൽ അദ്ദേഹത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ക്ഷണപ്രകാരം, 2024 ഫെബ്രുവരി 14ന്, ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ലോകനേതാക്കളെ ഞാൻ അഭിസംബോധന ചെയ്യും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദുമായി നടത്തുന്ന ചർച്ചകളിൽ ദുബായുമായുള്ള നമ്മുടെ ബഹുമുഖബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
സന്ദർശനവേളയിൽ അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനവും ഞാൻ നിർവഹിക്കും. ഇന്ത്യയും യുഎഇയും പങ്കുവയ്ക്കുന്ന ഐക്യം, സമാധാനം, സഹിഷ്ണുത എന്നീ മൂല്യങ്ങൾക്കുള്ള അനശ്വരമായ ശ്രദ്ധാഞ്ജലിയാകും ബിഎപിഎസ് ക്ഷേത്രം.
അബുദാബിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിൽനിന്നുമുള്ള ഇന്ത്യൻ സമൂഹത്തെ ഞാൻ അഭിസംബോധന ചെയ്യും.
ഖത്തറിൽ, അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമുള്ള ചർച്ചയ്ക്കായി ഞാൻ ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഖത്തർ വലിയ വളർച്ചയ്ക്കും പരിവർത്തനത്തിനും സാക്ഷ്യം വഹിക്കുകയാണ്. ഖത്തറിലെ മറ്റ് ഉന്നതവ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്കായും ഞാൻ കാത്തിരിക്കുന്നു.
ചരിത്രപരമായി ഇന്ത്യയും ഖത്തറും തമ്മിൽ അടുപ്പമേറിയതും സൗഹാർദപരവുമായ ബന്ധമാണുള്ളത്. ഉന്നതതല രാഷ്ട്രീയവിനിമയങ്ങൾ, ഇരുരാജ്യങ്ങൾക്കുമിടയിൽ വർധിച്ചുവരുന്ന വ്യാപാരവും നിക്ഷേപവും, നമ്മുടെ ഊർജപങ്കാളിത്തം ശക്തിപ്പെടുത്തൽ, സംസ്കാരത്തിലും വിദ്യാഭ്യാസത്തിലുമുള്ള സഹകരണം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും സമീപവർഷങ്ങളിൽ, ഞങ്ങളുടെ ബഹുമുഖബന്ധങ്ങൾ ആഴത്തിൽ തുടരുകയാണ്. ദോഹയിലെ എട്ടുലക്ഷത്തിലധികംവരുന്ന ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം നമ്മുടെ ജനങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ തെളിവാണ്.”