2024 ഫെബ്രുവരി 14ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ദുബായ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് ഡിപി വേള്‍ഡ് നിര്‍മ്മിക്കുന്ന ദുബായിയിലെ ജബല്‍ അലി ഫ്രീ ട്രേഡ് സോണില്‍ ഭാരത് മാര്‍ട്ടിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു.
ജബല്‍ അലി തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ലോജിസ്റ്റിക്സിലെ കരുത്തും പ്രയോജനപ്പെടുത്തി ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരത്തെ ഭാരത് മാര്‍ട്ട് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗള്‍ഫ്, പശ്ചിമേഷ്യ, ആഫ്രിക്ക, യുറേഷ്യ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ ഫലപ്രദമായ ഒരു പ്ലാറ്റ്‌ഫോം നല്‍കിക്കൊണ്ട്, ഇന്ത്യയുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഭാരത് മാര്‍ട്ടിന് കഴിവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.