അസിസ്റ്റന്റ് സെക്രട്ടറിമാരുടെ യാത്രയയപ്പു വേളയില്‍ 2016 ബാച്ച് ഐ.എ.എസ്. ഓഫീസര്‍മാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുമ്പാകെ അവതരണങ്ങള്‍ നടത്തി.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, പരാതിപരിഹാരം, പൗരന്‍മാരെ കേന്ദ്രീകരിച്ചുള്ള സേവനങ്ങള്‍, ഊര്‍ജരംഗത്തെ പരിഷ്‌കാരങ്ങള്‍, വിനോദസഞ്ചാരത്തിനു സൗകര്യമൊരുക്കല്‍, ഇ-ലേലങ്ങള്‍, നഗരവികസത്തിലെ പ്രശ്‌നങ്ങള്‍ക്കു കൗശലപൂര്‍ണമായ പരിഹാരങ്ങള്‍ എന്നീ പ്രമേയങ്ങളെ അധികരിച്ച് എട്ടു തെരഞ്ഞെടുക്കപ്പെട്ട അവതരണങ്ങള്‍ ഉദ്യോഗസ്ഥര്‍ നടത്തി.
അസിസ്റ്റന്റ് സെക്രട്ടറീസ് പ്രോഗ്രാം ഏറ്റവും തുടക്കക്കാരായ ഉദ്യോഗസ്ഥരും ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നുവെന്നു ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവങ്ങളില്‍നിന്നു മികച്ചവ ഉള്‍ക്കൊള്ളാന്‍ യുവ ഉദ്യോഗസ്ഥരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഏതു പദവികള്‍ വഹിക്കുമ്പോഴും ഗവണ്‍മെന്റില്‍നിന്നു ജനങ്ങള്‍ എന്താണു പ്രതീക്ഷിക്കുന്നതെന്ന് എപ്പോഴും ഓര്‍ക്കണമെന്നും ഈ പ്രതീക്ഷകള്‍ നിറവേറ്റാനായി അങ്ങേയറ്റം ശ്രമിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ചുറ്റുപാടുമുള്ളതും തങ്ങള്‍ സേവനം പകരുന്നതുമായ ജനങ്ങളുമായി ബന്ധം സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തന വിജയം നേടിയെടുക്കുന്നതിനും ലക്ഷ്യപ്രാപ്തിക്കും ജനങ്ങളുമായുള്ള അടുത്ത ബന്ധം നിര്‍ണായകമാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
യുവ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ അവതരണങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.