•ചെലവുകുറയ്ക്കലും; ബഹുമുഖ സംയോജനവും നയത്തിന്റെ ഭാഗം
•സ്വകാര്യനിക്ഷേപകര്‍ക്ക് മുന്നില്‍ നയം വന്‍ വാതായനങ്ങള്‍ തുറന്നിടുന്നു
•കേന്ദ്രസഹായത്തിന് പൊതു- സ്വകാര്യ പങ്കാളിത്തം നിര്‍ബന്ധം.
വിവിധ നഗരങ്ങളില്‍ വളര്‍ന്നുവരുന്ന മെട്രോ റെയില്‍ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുകയെന്ന ഉദ്ദേശത്തോടെ പ്രധാനമന്ത്രി ശ്രീ: നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പുതിയ മെട്രോ റെയില്‍ നയത്തിന് അംഗീകാരം നല്‍കി. നഗരങ്ങളുടെ ആവശ്യങ്ങള്‍ വളരെ ഉത്തരവാദിത്തത്തോടെ സാക്ഷാത്കരിക്കുകയാണ് നയത്തിന്റെ ലക്ഷ്യം.
പുതിയ മെട്രോ റെയില്‍ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം നിര്‍ബന്ധമാക്കിക്കൊണ്ട് വിവിധതരം മെട്രോ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയ്ക്ക് വലിയ അവസരം തുറന്നിട്ടിട്ടുണ്ട്. വലിയ ശേഷിയുള്ള മെട്രോ റെയില്‍ പദ്ധതിക്ക് വന്‍ മൂലധനനിക്ഷേപം വേണ്ടിവരുന്ന സാഹച്യത്തില്‍ സ്വകാര്യ നിക്ഷേപങ്ങളും മറ്റ് നൂതന സാമ്പത്തിക മാര്‍ഗ്ഗങ്ങളും മെട്രോ റെയില്‍ പദ്ധതിക്ക് വേണ്ടിവരുന്ന വന്‍ വിഭവ ആവശ്യത്തിന് നിര്‍ബന്ധമാക്കി.
” കേന്ദ്ര സഹായം വേണമെങ്കില്‍ മെട്രോ റെയില്‍ പദ്ധതിക്ക് മുഴുവനായോ, അല്ലെങ്കില്‍ അതിന്റെ ചില ഘടകങ്ങളിലോ (അതായത് ഓട്ടോമാറ്റിക്ക് നിരക്ക് പിരിക്കല്‍, സേവനങ്ങളുടെ നടത്തിപ്പും പരിപാലനവും പോലെ ഏതെങ്കിലും) സ്വകാര്യ പങ്കാളിത്തം നിര്‍ന്ധമാണെന്ന് നയം വ്യക്തമാക്കുന്നു. സ്വകാര്യനിക്ഷേപങ്ങളെയും വിദഗ്ധരേയും സംരംഭകരേയും ഫലപ്രദമായി വിനിയോഗിക്കാനാണെന്നും അത് വിശദീകരിക്കുന്നുണ്ട്.
സഥല ലഭ്യതയും അവസാന ഘട്ടത്തെ ബന്ധിപ്പിക്കാനുള്ള ശേഷിയില്ലാത്തതും പരിഗണിച്ച് മെട്രോ റെയില്‍ സ്‌റ്റേഷനുകളുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള അഞ്ചുകിലോമീറ്ററില്‍ വീതം ശ്രദ്ധകേന്ദ്രീകരിക്കാന്‍ നയം നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തിലുള്ള പദ്ധതിനിര്‍ദ്ദേശങ്ങള്‍ വേണം സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഒപ്പം അവസാന മൈലിനെ ബന്ധിപ്പിക്കുന്ന ഫീഡര്‍ സര്‍വീസുകള്‍, യന്ത്രവല്‍കൃതമല്ലാത്ത ഗതാഗതമാര്‍ഗ്ഗങ്ങളായ നടപ്പാത, സൈക്കിള്‍ പോകുന്നതിനുള്ള വഴി, ഒപ്പം സമാന്തര ഗതാതഗ സംവിധാനം ഏര്‍പ്പെടുത്തുന്നത് എന്നിവയും പദ്ധതിനിര്‍ദ്ദേശങ്ങളില്‍ ഉണ്ടായിരിക്കണം. പുതിയ മെട്രോ റെയില്‍പദ്ധതി ആവശ്യപ്പെടുന്ന സംസ്ഥാനങ്ങള്‍ പദ്ധതിനിര്‍േശങ്ങളോടൊപ്പം ഈ സേവനങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപസംവിധാനങ്ങളും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കണം.
പൊതു ഗതാഗത്തിന് ഏറ്റവും കുറഞ്ഞ ചെലവിലുള്ള മാതൃക തെരഞ്ഞെടുക്കുന്നത് ഉറപ്പാക്കണമെന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചെലവുകുറഞ്ഞരീതിയ്ക്കായി മറ്റു മാതൃകകളിലുള്ള ബഹുജന ഗതാഗത സംവിധാനമായ ബി.ആര്‍.ടി.എസ്.(ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം) ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ്, ട്രാംവേ, മെട്രോറെയില്‍, മേഖലാ റെയില്‍ എന്നിവയൊക്കെ നടപ്പാക്കാന്‍ ലളിതമായ രീതിയില്‍ ആവശ്യത്തിന്റെയും ശേഷിയുടെയും ചെലവിന്റെയും അടിസ്ഥാനത്തില്‍ ബദല്‍ വിശകലനം, നടത്തേണ്ടത് നയത്തില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്്. വിവിധ ഗതാഗത പദ്ധതികള്‍ പരിശോധിച്ച് അവയെ സംയോജിപ്പിച്ച് പരമാവധി ശേഷി ഉപയോഗിക്കാന്‍ കഴിയുന്ന പദ്ധതികള്‍ തയാറാക്കുന്നതിനായി അര്‍ബര്‍ മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(യു.എം.ടി.എ) രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ മെട്രോ റെയില്‍ നയത്തിലൂടെ പുതുതായി മെട്രോറെയിലിന് വേണ്ടി വരുന്ന നിര്‍ദ്ദേശങ്ങള്‍ വളരെ വേഗം വിലയിരുത്താന്‍ കഴിയും. ഒപ്പം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ടിനെപ്പോലെ ഈ മേഖലയില്‍ മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളില്‍ നിന്നും ഗവണ്‍മെന്റ് തെരഞ്ഞെടുക്കുന്നവയെക്കൊണ്ട് സ്വതന്ത്രമായ പരിശോധന നടത്താനും കഴിയും. ഇതിലൂടെ ഇത്തരം സ്ഥാപനങ്ങളുടെ കഴിവുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാനുമാകും.
ആഗോള നടപടിക്രമങ്ങള്‍ പരിഗണിച്ചുകൊണ്ടും, മെട്രോറെയില്‍ പദ്ധതികളുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതക നേട്ടങ്ങളെ കണക്കിലെടുത്തും പദ്ധതിയുടെ അംഗീകാരം ലഭിക്കുന്നതിന് ഫൈനാന്‍ഷ്യല്‍ ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ 8 ശതമാനത്തില്‍ നിന്നും ‘ എക്കണോമിക് ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ 14 ശതമാനമാക്കി ഉയര്‍ത്തി.
നഗര ബഹുജന ഗതാഗത മാര്‍ഗ്ഗങ്ങളെ വെറും നഗര ഗതാഗത മാര്‍ഗ്ഗങ്ങളായിട്ട് മാത്രമല്ല, നഗര പരിവര്‍ത്തന പദ്ധതികളായാണ് വിലയിരുത്തുന്നത്. പുതിയ നയം സാന്ദ്രതയേറിയതും തിങ്ങിനിറഞ്ഞതുമായ നഗരവികസനത്തിനായി പരിവര്‍ത്തനാടിസ്ഥാനത്തിലുള്ള വികസനം നിര്‍ബന്ധമാക്കുന്നു. ഈ പരിവര്‍ത്താനാടിസ്ഥാനത്തിലുള്ള ഗതാഗത സംവിധാനം യാത്രയുടെ ദൂരം കുറയ്ക്കുക മാത്രമല്ല, നഗരപ്രദേശങ്ങളിലെ ഭൂമിയുടെ വിനിയോഗവും ഫലപ്രദമാക്കുന്നു. നയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയുന്ന നൂതന മാര്‍ഗ്ഗങ്ങള്‍ വേണം മെട്രോ റെയില്‍ പദ്ധതിക്ക് വേണ്ട വിഭവശേഖരണത്തിന് ഉപയോഗിക്കേണ്ടത്. ”ബെറ്റര്‍മെന്റ് ലെവി’ പോലുള്ളവയിലൂടെ വസ്തുവിന്റെ മൂല്യം വര്‍ദ്ധിപ്പിച്ച് ഇതിന്റെ ഒരു വിഹിതം തിരിച്ചുപിടിക്കാന്‍ കഴിയും. അതുപോലെ മെട്രോ പദ്ധതിക്കായി കുറഞ്ഞനിരക്കില്‍ കടമെടുക്കുന്നതിന് കോര്‍പ്പറേറ്റ് കടപത്രം ഇറക്കി വിഭവസമാഹരണം നടത്താം.
മെട്രോ റെയില്‍ പദ്ധതി ലാഭകരമാക്കുന്നതിന് ടിക്കറ്റ് വരുമാനമല്ലാതെ നഗരപ്രദേശങ്ങളിലെ സ്‌റ്റേഷനുകളിലെ ഭൂമിയുടെ വാണിജ്യപരമായ വികസനത്തിലൂടെ പരസ്യം, സ്ഥലം വാടകയ്ക്ക് കൊടുക്കുക തുടങ്ങി നിയമപരമായ പിന്തുണയോടെ എത്ര വരുമാനമുണ്ടാക്കാനാകുമെന്നും പദ്ധതിനിര്‍ദ്ദേശത്തില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്നും നയം ആവശ്യപ്പെടുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനങ്ങള്‍ ഇതിന് ആവശ്യമുള്ള എല്ലാ അംഗീകാരങ്ങളും അനുവാദങ്ങളും സമര്‍പ്പിക്കുകയും വേണം.
നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാനും കാലാകാലങ്ങളില്‍ നിരക്ക് പരിഷ്‌ക്കുന്നതിന് ഒരു സ്ഥിരം നിരക്ക് നിര്‍ണ്ണയ അതോറിറ്റി (ഫെയര്‍ ഫിക്‌സിംഗ് അതോറിറ്റി) രൂപീകരിക്കാനുമുള്ള അധികാരം നയം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കേന്ദ്രത്തില്‍ നിന്നും സഹായം ലഭിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള മൂന്നു മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിക്കാം. ധനമന്ത്രാലയത്തിന്റെ വയബലിറ്റി ഗ്യാപ്പ് ഫണ്ടിംഗിലൂടെയുള്ള കേന്ദ്രസഹായത്തോടെയുള്ള പി.പി.പി മാതൃക, പദ്ധതിവിഹിതത്തിന്റെ 10% കേന്ദ്രസഹായമായി ഇന്ത്യാഗവണ്‍മെന്റ് ഗ്രാന്റായി നല്‍കുന്നത്. അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മില്‍ 50 ഃ 50 അനുപാതത്തിലുള്ള മാതൃക. ഇതില്‍ ഏതായാലും സ്വകാര്യപങ്കാളിത്തം നിര്‍ബന്ധമാണ്.
മെട്രോ സര്‍വീസിന്റെ നടത്തിപ്പും പരിപാലനത്തിലും (ഒ ആന്റ് എം) സ്വകാര്യ പങ്കാളിത്തം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.
1. ചെലവിനോടൊപ്പം ഫീസ് കരാര്‍(കോസ്റ്റ് ആന്റ് ഫീസ് കോണ്‍ട്രാക്ട്):- സ്വകാര്യ നടത്തിപ്പുകാര്‍ക്ക് പ്രതിമാസം/പ്രതിവര്‍ഷം നടത്തിപ്പിനും പരിപാലനത്തിനുമുള്ള ചെലവ് നല്‍കും. സേവനത്തിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഒരു നിശ്ചിതഭാഗവും മാറ്റംവരുത്താവുന്ന ഭാഗവുമുണ്ടാകും. നടത്തിപ്പും അതിന് വേണ്ട സാമ്പത്തിക ചേതവും ഉടമ വഹിക്കണം.
2. മൊത്തം ചെലവ് കരാര്‍ (ഗ്രോസ് കോസ്റ്റ് കോണ്‍ട്രാക്ട്):- സ്വകാര്യ നടത്തിപ്പുകാര്‍ക്ക് അവരുടെ കരാര്‍ കാലാവധിയില്‍ ഒരു നിശ്ചിത തുക നല്‍കും. നടത്തിപ്പിന്റെയും പരിപാലനത്തിന്റെയും ചുമതല നടത്തിപ്പുകാരനും സാമ്പത്തിക ചേതം ഉടമയ്ക്കുമായിരിക്കും.
3. അറ്റാദായ കരാര്‍ (നെറ്റ് കോസ്റ്റ് കോണ്‍ട്രാക്ട്):- സേവനത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും നടത്തിപ്പുകാരന്‍ പിരിക്കും. നടത്തിപ്പിന്റെയും പരിപാലനത്തിന്റെയും ചെലവിന് കുറവാണ് വരുമാനമെങ്കില്‍ ഉടമ നഷ്ടപരിഹാരം നല്‍കണം.
നിലവില്‍ 8 നഗരങ്ങളിലായി മൊത്തം 370 കിലോമീറ്റര്‍ മെട്രോ റെയില്‍ പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഡല്‍ഹി (217 കി.മി), ബംഗളൂരു (42.30 കി.മി), കൊല്‍ക്കത്ത (27.39 കി.മി), ചെന്നൈ (27.36 കി.മി), കൊച്ചി (13.30 കി.മി), മുംബൈ (മെട്രോ ലൈന്‍ 1-11.40 കി.മി, മോണോ ഒന്നാംഘട്ടം 1-9.0 കി.മി) ജയ്പൂര്‍ (9.00 കി.മി) ഗുര്‍ഗാം (റാപ്പിഡ് മെട്രോ 1.60 കി.മി) എന്നിങ്ങനെയാണ് അവ.
മുകളില്‍ പ്രതിപാദിച്ച എട്ടു നഗരങ്ങളിലുള്‍പ്പെടെ 13 നഗരങ്ങളിലായി 537 കി.മി മെട്രോ പദ്ധതികള്‍ പുരോഗമിക്കുകയാണ്. പുതുതായി മെട്രോ സേവനം ലഭിക്കുന്നത് ഹൈദരാബാദ് (71 കി.മി), നാഗ്പൂര്‍ (38 കി.മി),അഹമ്മദാബാദ് (36 കി.മി), പൂനൈ (31.25 കി.മി) ലഖ്‌നൗ (23 കി.മി) എന്നിവയാണ്.
പത്തു പുതിയ നഗരങ്ങളുള്‍പ്പെടെ പതിമൂന്ന് നഗരങ്ങളില്‍ 595 കിലോ മീറ്റര്‍ മെട്രോ പദ്ധതികള്‍ ആസൂത്രണത്തിന്റെയും വിലയിരുത്തലിന്റെയും ഘട്ടങ്ങളിലാണ്. ഡല്‍ഹി മെട്രോ നാലാം ഘട്ടം-103.94 കി.മി, ഡല്‍ഹി ആന്റ് എന്‍.സി.ആര്‍-21.10 കി.മി, വിജയവാഡ -26.03 കി.മി, വിശാഖപട്ടണം-42.55 കി.മി, ഭോപ്പാല്‍-27.87 കി.മി, ഇന്‍ഡോര്‍-31.55 കി.മി, കൊച്ചി മെട്രോ രണ്ടാംഘട്ടം-11.20 കി.മി, ഗ്രേറ്റര്‍ ചണ്ടിഗഡ് റീജിയണല്‍ മെട്രോ പദ്ധതി-37.56 കി.മി, പട്‌ന-27.88 കി.മി, ഗോഹട്ട-61കി.മി, വാരാണസി-29.24 കി.മി, തിരുവനന്തപുരം ആന്റ് കോഴിക്കോട് (ലൈറ്റ് റെയില്‍ ട്രാന്‍സ്‌പോര്‍ട്ട്)-35.12 കി.മി, ചെന്നൈ രണ്ടാംഘട്ടം-107.50കി.മി എന്നിവയാണ് അവ.