രാജ്യത്തെ പൗരന്മാർക്ക് ഡിജിറ്റൽ രൂപത്തിൽ സേവനങ്ങൾ പ്രാപ്തമാക്കുന്നതിനായി 2015 ജൂലൈ 1 ന് ആരംഭിച്ച പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ പരിപാടി. ഇത് വിജയകരമായ പരിപാടിയാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഡിജിറ്റൽ ഇന്ത്യ പരിപാടിയുടെ വിപുലീകരണത്തിന് അംഗീകാരം നൽകി. മൊത്തം അടങ്കൽ 14,903 കോടി രൂപയാണ്.
ഇത് ഇനിപ്പറയുന്നവ പ്രാപ്തമാക്കും:
- ഫ്യൂച്ചർ സ്‌കിൽസ് പ്രൈം പ്രോഗ്രാമിന് കീഴിൽ 6.25 ലക്ഷം ഐടി പ്രൊഫഷണലുകൾക്ക് അധിക വൈദഗ്ധ്യവും നവവൈദഗ്ധ്യവും നൽകും;
- ഇൻഫർമേഷൻ സെക്യൂരിറ്റി & എജ്യുക്കേഷൻ അവയർനസ് ഫേസ് (ISEA) പ്രോഗ്രാമിന് കീഴിൽ 2.65 ലക്ഷം പേർക്ക് വിവര സുരക്ഷയിൽ പരിശീലനം നൽകും.
- യുണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ് (UMANG) ആപ്ലിക്കേഷനു/ പ്ലാറ്റ്‌ഫോമിന് കീഴിൽ 540 അധിക സേവനങ്ങൾ ലഭ്യമാകും. നിലവിൽ 1,700-ലധികം സേവനങ്ങൾ UMANG-ൽ ലഭ്യമാണ്;
- ·ദേശീയ സൂപ്പർ കമ്പ്യൂട്ടർ മിഷനു കീഴിൽ 9 സൂപ്പർ കമ്പ്യൂട്ടറുകൾ കൂടി കൂട്ടിച്ചേർക്കും. ഇതിനകം വിന്യസിച്ചിട്ടുള്ള 18 സൂപ്പർ കമ്പ്യൂട്ടറുകൾക്ക് പുറമേയാണിത്;
- നിർമിതബുദ്ധി പ്രാപ്തമാക്കിയ ബഹുഭാഷാ വിവർത്തന ഉപകരണം ഭാഷിണി (നിലവിൽ 10 ഭാഷകളിൽ ലഭ്യമാണ്) എല്ലാ 22 ഷെഡ്യൂൾ 8 ഭാഷകളിലും പുറത്തിറക്കും;
- 1,787 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ വിജ്ഞാന ശൃംഖലയുടെ (എൻകെഎൻ) നവീകരണം;
- ഡിജിലോക്കറിന് കീഴിലുള്ള ഡിജിറ്റൽ രേഖ പരിശോധന സൗകര്യം ഇപ്പോൾ എംഎസ്എംഇകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ലഭ്യമാകും;
- രണ്ടാം നിര - മൂന്നാം നിര നഗരങ്ങളിൽ 1,200 സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും;
- ആരോഗ്യം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവയിൽ നിർമിത ബുദ്ധി പ്രാപ്തമാക്കിയ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും;
- 12 കോടി കോളേജ് വിദ്യാർത്ഥികൾക്കായി സൈബർ ബോധവൽക്കരണ പരിശീലനങ്ങൾ;
- ഉപകരണങ്ങളുടെ വികസനവും ദേശീയ സൈബർ ഏകോപന കേന്ദ്രവുമായി 200-ലധികം സൈറ്റുകളുടെ സംയോജനവും ഉൾപ്പെടെ സൈബർ സുരക്ഷാ മേഖലയിലെ പുതിയ സംരംഭങ്ങൾ
- ഇന്നത്തെ പ്രഖ്യാപനം ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുകയും സേവനങ്ങളിലേക്കുള്ള ഡിജിറ്റൽ പ്രവേശനം വർദ്ധിപ്പിക്കുകയും ഇന്ത്യയുടെ ഐടി, ഇലക്ട്രോണിക്‌സ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യും.