പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒക്ടോബര്‍ 28, ഉച്ചയ്ക്ക് 1 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് 51,000-ത്തിലധികം അപ്പോയിന്റ്മെന്റ് ലെറ്ററുകള്‍ വിതരണം ചെയ്യും. തദവസരത്തില്‍ പ്രധാനമന്ത്രി നിയമിതരെ അഭിസംബോധന ചെയ്യും.
രാജ്യത്തുടനീളം 37 സ്ഥലങ്ങളില്‍ റോസ്ഗര്‍ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന സര്‍ക്കാരുകള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഉടനീളം റിക്രൂട്ട്മെൻ്റുകൾ നടക്കുന്നു. രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട പുതിയ ഉദ്യോഗാർഥികൾ റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ വിദ്യാഭ്യാസം, സാക്ഷരതാ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ ജോലിയില്‍ പ്രവേശിക്കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് റോസ്ഗര്‍ മേള. റോസ്ഗര്‍ മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനതിന് വേണ്ടിയുള്ള പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതുതായി നിയമിതരായവര്‍ക്ക് iGOT കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു, 'എവിടെയും ഏത് ഉപകരണവും' പഠന ഫോര്‍മാറ്റിന്റെ ഭാഗമായി 750-ലധികം ഇ-ലേണിംഗ് കോഴ്സുകള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.