ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ മൈക്കല്‍ മക്കോളിന്റെ നേതൃത്വത്തിലുള്ള ഏഴംഗ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
നാന്‍സി പെലോസി, ഗ്രിഗറി മീക്‌സ്, മരിയനെറ്റ് മില്ലര്‍-മീക്‌സ്, നിക്കോള്‍ മല്ലിയോട്ടാക്കിസ്, അമേരിഷ് ബാബുലാല്‍ 'അമി ബെറ', ജിം മക്ഗവണ്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങള്‍.
ചരിത്രം കുറിച്ച് തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ നരേന്ദ്ര മോദിയെ പ്രതിനിധി സംഘം അഭിനന്ദിച്ചു.
ഇന്ത്യയില്‍ അടുത്തിടെ സമാപിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വ്യാപ്തിയിലും നീതിയിലും സുതാര്യതയിലും അവര്‍ ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിച്ചു.
ഇന്ത്യ-യുഎസ് ബന്ധത്തെ ഏറ്റവും ഫലപ്രാപ്തിയുള്ളതായി വിശേഷിപ്പിച്ച പ്രതിനിധി സംഘം, വ്യാപാരം, നവീനവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യ, പ്രതിരോധം, ജനങ്ങളുമായുള്ള ആശയവിനിമയം എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും സമഗ്രവും തന്ത്രപരവുമായ ആഗോള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ചയോടുള്ള ബഹുമാനം, ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ യുഎസ് കോണ്‍ഗ്രസിന്റെ സ്ഥിരതയും ഉഭയകക്ഷി പിന്തുണ വഹിച്ച പങ്കും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആഗോള നന്മയ്ക്കായി ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയെപ്പറ്റി അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലെ തന്റെ യുഎസ് സന്ദര്‍ശനവേളയില്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ രണ്ടാം തവണയും അഭിസംബോധന ചെയ്യാന്‍ ലഭിച്ച ചരിത്രപരമായ അവസരത്തെയും പ്രധാനമന്ത്രി അനുസ്മരിച്ചു.