തോമസ് കപ്പില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോണില്‍ സംവദിച്ചു.
ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച കായിക വിജയമായി കായിക അവലോകകര്‍ക്ക് കണക്കാക്കേണ്ടിവരുമെന്ന് പറഞ്ഞു. ടീം ഒരു റൗണ്ടിലും തോല്‍ക്കാത്തതില്‍ പ്രത്യേക സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് ഘട്ടത്തിലാണ് തങ്ങള്‍ വിജയിക്കുമെന്ന് തോന്നിയതെന്ന് പ്രധാനമന്ത്രി കായികതാരങ്ങളോട് ചോദിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം അവസാനകളി വരെ അത് കൊണ്ടുപോകുന്നതിനുള്ള ടീമിന്റെ നിശ്ചയദാര്‍ഢ്യം വളരെ ശക്തമായി എന്ന് കിഡംബി ശ്രീകാന്ത് അറിയിച്ചു. ഒത്തൊരുമ സഹായിച്ചെന്നും ഓരോ കളിക്കാരനും തന്റെ 100 ശതമാനം സംഭാവനചെയ്തുവെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.
പരിശീലകരും എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അല്‍മോറയില്‍ നിന്നുള്ള 'ബാല്‍ മിഠായി' തനിക്ക് നല്‍കേണ്ടിവരുമെന്ന് പ്രധാനമന്ത്രി ലക്ഷ്യ സെന്നിനോട് പറഞ്ഞു. ഉത്തരാഖണ്ഡിലെ ദേവഭൂമിയില്‍ നിന്നുള്ളതാണ് ഈ പ്രഗല്‍ഭനായ ഷട്ടില്‍താരം. മൂന്നാം തലമുറ താരമാണ് ലക്ഷ്യയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ പിതാവ് തന്റെ ടൂര്‍ണമെന്റില്‍ സന്നിഹിതനായിരുന്നുവെന്ന് ലക്ഷ്യ സെന്‍ അറിയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം വിജയത്തിലുള്ള വിശ്വാസം കൂടുതല്‍ മൂര്‍ത്തമായെന്ന് ശ്രീകാന്തിനെ പ്രതിധ്വനിപ്പിച്ചകൊണ്ട് അദ്ദേഹവും പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയിക്കുന്നത് വളരെ പ്രധാനമായിരുന്നുവെന്ന് എച്ച്. എസ് പ്രണോയ് പറഞ്ഞു. അത് ജയിച്ചതോടെ ഏത് ടീമിനെയും നേരിടാന്‍ കഴിയുന്ന സ്ഥിതിയിലാണ് ഇന്ത്യന്‍ ടീം എന്നത് വ്യക്തമായി. മലേഷ്യയെപ്പോലുള്ള കരുത്തരായ ടീമുകളെ പരാജയപ്പെടുത്തുന്നതില്‍ ടീമിന് ലഭിച്ച പിന്തുണ ഫലം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. സാത്വിക് സായിരാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെയും അവരുടെ വിജയത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. ചിരാഗ് ഷെട്ടിയുമായി പ്രധാനമന്ത്രി മറാത്തിയില്‍ സംസാരിച്ചു; ഇന്ത്യയില്‍ നിന്ന് ഒരു ലോക ചാമ്പ്യന്‍ ഉണ്ടാകുന്നതിനെക്കാള്‍ ഉയരത്തില്‍ മറ്റൊന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചു.
'' നിങ്ങള്‍ എല്ലാവരും അത്തരമൊരു സുപ്രധാന നേട്ടമാണ് കൈവരിച്ചത്. മുഴുവന്‍ ടീമും പ്രശംസ അര്‍ഹിക്കുന്നു''. അവരുമായി സംസാരിക്കാനും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനും ആഗ്രഹിക്കുന്നതിനാല്‍, ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോള്‍, തങ്ങളുടെ പരിശീലകര്‍ക്കൊപ്പം തന്റെ വസതിയിലേക്ക് വരാന്‍ പ്രധാനമന്ത്രി അവരെ ക്ഷണിച്ചു.
ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് അല്ലെങ്കില്‍ നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്ന വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്കും കൊച്ചുകുട്ടികള്‍ക്കും വിജയികളായ ടീമിന്റെ സന്ദേശം പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് ഇന്ത്യയില്‍ കായികരംഗത്തിന് മികച്ച പിന്തുണയുണ്ടെന്ന് ടീമിന് വേണ്ടി സംസാരിച്ച ശ്രീകാന്ത് പറഞ്ഞു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഗവണ്‍മെന്റ്, സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍, യോഗ്യത(എലൈറ്റ്) തലത്തില്‍- ടാര്‍ഗെറ്റ് ഒളിമ്പിക്‌സ് പോഡിയം സ്‌കീം ടോപ്‌സ് എന്നിവയുടെ ശ്രമങ്ങള്‍ കാരണം കായിക താരങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നതായുള്ള തോന്നല്‍ ഉണ്ടായിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍, ഇന്ത്യയ്ക്ക് ഇനിയും നിരവധി ചാമ്പ്യന്മാരെ കാണാനാകുമെന്ന് ഞങ്ങള്‍ കരുതുന്നു. തങ്ങളുടെ 100 ശതമാനം നല്‍കാന്‍ കഴിയുമെങ്കില്‍ കായികരംഗത്ത് ഇന്ത്യയില്‍ അവര്‍ക്ക് വലിയ പിന്തുണയുണ്ടെന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ള കായികരംഗത്തേക്ക് കടന്നുവരുന്ന കൊച്ചുകുട്ടികളോട് അദ്ദേഹം പറഞ്ഞു. നല്ല പരിശീലകരും പശ്ചാത്തലസൗകര്യങ്ങളും ഇവിടെ ഉണ്ട്, അവര്‍ പ്രതിബദ്ധതയുള്ളവരാണെങ്കില്‍, അവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയും. ''100 ശതമാനം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ തീര്‍ച്ചയായും വിജയിക്കും'', കിഡംബി ശ്രീകാന്ത് പറഞ്ഞു.
കുട്ടികളെ കായികരംഗത്തേക്ക് പ്രോത്സാഹിപ്പിക്കുകയും അവസാനം വരെ അവരോടൊപ്പം നില്‍ക്കുകയും ചെയ്യുക എന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായതിനാല്‍ കളിക്കാരുടെ രക്ഷിതാക്കള്‍ക്കും പ്രധാനമന്ത്രി ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. അവരുടെ ആഹ്ളാദ പ്രകടനത്തിലും ആഹ്വാനത്തിനൊടുവിലെ 'ഭാരത് മാതാ കീ ജയ്' വിളിയിലും പ്രധാനമന്ത്രി അവരോടൊപ്പം പങ്കുചേര്‍ന്നു.
A special interaction with our badminton 🏸 champions, who have won the Thomas Cup and made 135 crore Indians proud. pic.twitter.com/KdRYVscDAK
— Narendra Modi (@narendramodi) May 15, 2022