മന്‍കി ബാത് പരമ്പരയുടെ ഏറ്റവും ഒടുവിലത്തെ പ്രഭാഷണത്തില്‍ ഇന്ത്യന്‍ സേനയിലെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ പ്രശസ്തി പത്രം നേടിയ സോഫി, വൈദ എന്നീ രണ്ട് നായ്ക്കളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുകയുണ്ടായി. സായുധ സേനയിലും സുരക്ഷാ സേനയിലും ഇത്തരം ധീരരായ നായ്ക്കള്‍ ഉണ്ട്, തീവ്രവാദികള്‍ ആസൂത്രണം ചെയ്ത എത്രയോ ബോംബ് സ്ഫോടനങ്ങളും ഭീകരരുടെ ഗൂഢാലോചകളും പരാജയപ്പെടുത്തുന്നതില്‍ ഈ നായക്കള്‍ അതിപ്രധാനമായ പങ്കു വഹിച്ചിട്ടുമുണ്ട്, അദ്ദേഹം പറഞ്ഞു. ഈ നായ്ക്കള്‍, ശത്രുക്കളുടെ ആയുധ ശേഖരങ്ങളും, സ്ഫോടക വസ്തുക്കളും മണത്ത് അറിഞ്ഞ നിരവധി ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമാദമായ 300 ലധികം കേസുകളില്‍ തെളിവുകളുണ്ടാക്കിയശേഷം ശ്വാന സംഘത്തില്‍ നിന്ന് അടുത്ത നാളില്‍ നഷ്ടമായ റോക്കി എന്ന നായക്ക് ബീഡ് പൊലീസ് സേന വീരോചിതമായ അന്തിമോപചാരം നല്കിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യന്‍ ജനുസില്‍ പെട്ട നായ്ക്കളെ കുറിച്ചു സംസാരിക്കവെ, ഇവയെ വളര്‍ത്താന്‍ ചെലവു കുറവാണ് എന്നും, ഇന്ത്യന്‍ ചുറ്റുപാടുകളില്‍ ഇവ നന്നായി വളരുമെന്നും ഇപ്പോള്‍ നിരവധി സുരക്ഷാ ഏജന്‍സികള്‍ ഇവയെ അവരുടെ സുരക്ഷാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്തരം നായ്ക്കളുടെ ശേഷി മെച്ചപ്പെടുത്തുന്നതിനും അവയുടെ കഴിവുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനുമായി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. അതിനാല്‍ വീട് സൂക്ഷിപ്പിനായി പുതിയ നായ്ക്കുട്ടിയെ കൊണ്ടുവരാന്‍ ആലോചിക്കുന്ന ശ്രോതാക്കള്‍ ഉണ്ടെങ്കില്‍ ഒരു ഇന്ത്യന്‍ ജനുസിനെ തെരഞ്ഞെടുക്കൂ- പ്രധാനമന്ത്രി ഉപദേശിച്ചു.