കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുടെ പങ്കാളിത്തത്തോടെയുള്ള ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 27-ന് വെർച്വൽ ഫോർമാറ്റിൽ സംഘടിപ്പിക്കും.
നേതാക്കളുടെ തലത്തിൽ ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ ഇത്തരത്തിലുള്ള ആദ്യ ഇടപെടലായിരിക്കും ഇത്.
ഇന്ത്യയുടെ "വിപുലീകരിച്ച അയൽപക്കത്തിന്റെ" ഭാഗമായ മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഇടപഴകലിന്റെ പ്രതിഫലനമാണ് ആദ്യ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ മധ്യേഷ്യൻ രാജ്യങ്ങളിലും 2015-ൽ ചരിത്രപരമായ സന്ദർശനം നടത്തി. തുടർന്ന്, ഉഭയകക്ഷി, ബഹുമുഖ ഫോറങ്ങളിൽ ഉന്നതതല കൈമാറ്റങ്ങൾ നടന്നിട്ടുണ്ട്.
2021 ഡിസംബർ 18 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടന്ന വിദേശകാര്യ മന്ത്രിതലത്തിലുള്ള ഇന്ത്യ-മധ്യേഷ്യൻ ചർച്ചയുടെ തുടക്കം, ഇന്ത്യ-മധ്യേഷ്യൻ ബന്ധങ്ങൾക്ക് പ്രചോദനം നൽകി. 2021 നവംബർ 10 ന് ന്യൂഡൽഹിയിൽ നടന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള പ്രാദേശിക സുരക്ഷാ സംവാദത്തിൽ മധ്യേഷ്യൻ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ കൗൺസിലുകളുടെ സെക്രട്ടറിമാരുടെ പങ്കാളിത്തം അഫ്ഗാനിസ്ഥാനെക്കുറിച്ച് മേഖലാ തലത്തിൽ ഒരു പൊതുവായ സമീപനത്തിന് രൂപം നൽകി.
ആദ്യ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയിൽ, ഇന്ത്യ-മധ്യേഷ്യ ബന്ധം പുതിയ ഉയരങ്ങളിലേക്ക് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. താൽപ്പര്യമുള്ള മേഖലാ , അന്തർദേശീയ വിഷയങ്ങളിൽ, പ്രത്യേകിച്ച് ഉരുത്തിരിഞ്ഞു വരുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു.
സമഗ്രവും സുസ്ഥിരവുമായ ഇന്ത്യ-മധ്യേഷ്യ പങ്കാളിത്തത്തിന് ഇന്ത്യയിലെയും മധ്യേഷ്യൻ രാജ്യങ്ങളിലെയും നേതാക്കൾ നൽകുന്ന പ്രാധാന്യത്തിന്റെ പ്രതീകമാണ് ഉച്ചകോടി.