ഭൂരിപക്ഷം കൗമാരക്കാരും പതിനേഴാം വയസില്‍ ചിന്തിക്കുന്നത് അവരുടെ ജീവിതഗതിയേക്കുറിച്ചും കുട്ടിത്തത്തിന്റെ അവസാന തുണ്ടുകള്‍ ആസ്വദിക്കുന്നതിനേക്കുറിച്ചുമായിരിക്കും,പക്ഷേ, നരേന്ദ്ര മോദി ആ പ്രായത്തില്‍ വളരെ വ്യത്യസ്ഥനായിരുന്നു. പതിനേഴാം വയസില്‍ അദ്ദേഹം എടുത്ത അസാധാരണ തീരുമാനം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റുന്നതായി. വീടു വിടാനും രാജ്യം മുഴുവന്‍ യാത്ര ചെയ്യാനും അദ്ദേഹം തീരുമാനിച്ചു.
അദ്ദേഹത്തിന്റെ കുടുംബം ഞെട്ടിയെങ്കിലും ചെറിയ പട്ടണത്തിലെ പരിമിത ജീവിത സാഹചര്യങ്ങളില്‍ നിന്നു പോകാനുള്ള നരേന്ദ്രയുടെ ആഗ്രഹം അവര്‍ സ്വീകരിച്ചു. ഒടുവില്‍, അദ്ദേഹത്തിനു പോകേണ്ട ദിനത്തിലെ പ്രഭാതം എത്തിയപ്പോള്‍ വിശേഷ ദിനങ്ങളില്‍ തയ്യാറാക്കുന്ന മധുരപലഹാരം അദ്ദേഹത്തിന്റെ അമ്മ തയ്യാറാക്കുകയും നെറ്റിയില്‍ ആചാരപരമായ തിലകം അണിയിക്കുകയും ചെയ്തു.
ഹിമാലയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അദ്ദേഹം യാത്ര ചെയ്തു.( ഗരുഡാചാറ്റിയിലാണ് അദ്ദേഹം താമസിച്ചത്). പശ്ചിമ ബംഗാളിലെ രാമകൃഷ്ണാശ്രമത്തിലും വടക്കുകിഴക്കന്‍ മേഖലയില്‍പ്പോലും പോയി. ഈ യാത്രകള്‍ യുവാവിന് അവിസ്മരണീയ അനുഭവമായി മാറി. ഇന്ത്യയുടെ വിശാല ഭൂപ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവിധ സംസ്‌കാരങ്ങളെ കണ്ടറിഞ്ഞു. അദ്ദേഹത്തിന് ആ കാലം ആത്മീയമായ ഉണര്‍വ്വിന്റേതുകൂടിയായി മാറി. അതിലേക്ക് കൂടുതലായി അടുപ്പിച്ച വ്യക്തി പിന്നീട് എക്കാലവും അദ്ദേഹം ആദരിച്ച സ്വാമി വിവേകാനന്ദനാണ്.
നരേന്ദ്ര മോദിയുടെ ബാല്യകാലം
ആര്‍എസ്എസ് വിളിക്കുന്നു
രണ്ടു വര്‍ഷം കഴിഞ്ഞ് നരേന്ദ്ര തിരിച്ചെത്തിയെങ്കിലും വീട്ടില്‍ താമസിച്ചത് രണ്ടാഴ്ച മാത്രമാണ്. ഇപ്രാവശ്യം അദ്ദേഹത്തിന്റെ ലക്ഷ്യം ഉറപ്പിച്ചിരുന്നു, ദൗത്യവും വ്യക്തമായിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘുമായി ( ആര്‍എസ്എസ്) ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ച് അഹമ്മദാബാദിലേക്കാണ് അദ്ദേഹം പോയത്. 1925ല്‍ രൂപീകരിച്ച ഒരു സാമൂഹിക-സാംസ്‌കാരിക സംഘടനയായ ആര്‍എസ്എസ് ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ പുനരുജ്ജീവനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്
എട്ടാമത്തെ വയസില്‍ കുടുംബത്തിലെ ചായക്കടയില്‍ ഒരു ദിവസത്തെ ജോലി കഴിഞ്ഞ് പ്രദേശത്തെ ആര്‍എസ്എസ് യുവാക്കളുടെ യോഗത്തില്‍ പങ്കെടുത്താണ് അദ്ദേഹം ആദ്യമായി ആര്‍എസ്എസുമായി ബന്ധപ്പെട്ടത്. അത്തരം യോഗങ്ങളില്‍ പങ്കെടുത്തത് പൂര്‍ണമായും രാഷ്ട്രീയേതരമായ കാരണങ്ങളാലാണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ, 'വക്കീല്‍ സാഹിബ്' എന്ന് അറിയപ്പെട്ടിരുന്ന ലക്ഷ്മണ്‍ ഇനാംദാറെ കണ്ടുമുട്ടിയത് അക്കാലത്താണ്.
നരേന്ദ്ര മോദി ആര്‍.എസ്.എസ്. ദിനങ്ങളില്‍
അഹമ്മദാബാദിലേക്കും അതിനുമപ്പുറത്തേക്കുമുള്ള പാത
ഈ പശ്ചാത്തലവുമായി, ഏകദേശം 20 വയസോടെ നരേന്ദ്ര മോദി ഗുജറാത്തിന്റെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിലെത്തി. ആര്‍എസ്എസിന്റെ ഒരു സമര്‍പ്പിത അംഗമായി അദ്ദേഹം മാറുകയും അദ്ദേഹത്തിന്റെ സമര്‍പ്പണവും സംഘാടന മികവും വക്കീല്‍ സാഹബിനെയും മറ്റുള്ളവരെയും ആകര്‍ഷിക്കുകയും ചെയ്തു. 1972ല്‍ അദ്ദേഹം മുഴുവന്‍ സമയ പ്രചാരകനായി, ആര്‍എസ്എസിന് മുഴുവന്‍ സമയവും നല്‍കി. മറ്റു പ്രചാരകന്മാരുമായി അദ്ദേഹം വാസസ്ഥലം പങ്കിടുകയും കര്‍ക്കശമായ ദിനചര്യ പിന്തുടരുകയും ചെയ്തു. പുലര്‍ച്ചെ 5 മണിക്ക് ആരംഭിക്കുന്ന ദിവസം രാത്രി വൈകുംവരെ നീണ്ടു. ആ ചുറുചുറുക്കുള്ള ദിനചര്യക്കിടയില്‍ നരേന്ദ്ര രാഷ്ട്രമീമാംസയില്‍ ബിരുദം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസത്തിനും പഠനത്തിനും അദ്ദേഹം എപ്പോഴും വില കല്‍പ്പിച്ചിരുന്നു.
പ്രചാരകന്‍ എന്ന നിലയില്‍ ഗുജറാത്തിലെമ്പാടും അദ്ദേഹം യാത്ര ചെയ്തു. 1972നും 1973ും ഇടയില്‍ കുറച്ചുകാലം അദ്ദേഹം ഖേദാ ജില്ലയുടെ ഭാഗമായ നദിയാഡിലെ സന്ത്രം മന്ദിറില്‍ താമസിച്ചു. 1973ല്‍ സിദ്ധപൂരില്‍ സംഘടിപ്പിച്ച വലിയ സമ്മേളനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം നരേന്ദ്ര മോദിക്ക് ലഭിച്ചു. അവിടെവച്ചാണ് സംഘത്തിന്റെ ഉന്നത നേതാക്കളെ അദ്ദേഹം കണ്ടത്.
ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നരേന്ദ്ര മോദി സജീവമാകുന്ന സമയത്ത് ഗുജറാത്തിലും രാജ്യമാകെയും സാഹചര്യങ്ങള്‍ വളരെ തീക്ഷ്ണമായിരുന്നു. അദ്ദേഹം അഹമ്മദാബാദില്‍ എത്തുമ്പോള്‍ നഗരം അതീവ നികൃഷ്ടമായ വര്‍ഗ്ഗീയ കലാപത്തില്‍പ്പെട്ടിരിക്കുകയായിരുന്നു. ദേശീയ തലത്തിലാണെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 1967ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലും സിന്‍ഡിക്കേറ്റ് എന്ന പേരിലും രണ്ടായി പിളര്‍ന്നിരുന്നു. ഗുജറാത്തില്‍ നിന്നുള്ള മൊറാര്‍ജി ദേശായി ഉള്‍പ്പെടെയുള്ളവരായിരുന്നു സിന്‍ഡിക്കേറ്റ് നേതാക്കള്‍. ദാരിദ്ര്യ നിര്‍മാര്‍ജനം കേന്ദ്രബിന്ദുവാക്കിയ ഒരു പ്രചാരണത്തരംഗത്തില്‍ 1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 518ല്‍ 352 സീറ്റുകളും നേടി ശ്രീമതി ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ശ്രീമതി ഗാന്ധി ഈ കരുത്തുറ്റ പ്രകടനം ആവര്‍ത്തിച്ചു.
182ല്‍ 140 സീറ്റുകളും നേടുകയും ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 50% നേടി അതിബൃഹത്തായ വിജയം കൈവരിക്കുകയും ചെയ്തു.
നരേന്ദ്ര മോദി എന്ന പ്രചാരകന്‍
ഏതായാലും കോണ്‍ഗ്രസിന്റെയും ശ്രീമതി ഇന്ദിരാ ഗാന്ധിയുടെയും അമിതാഹ്ലാദം ഉണ്ടായതിനേക്കാള്‍ വേഗം മങ്ങി. അതിവേഗ പരിഷ്‌കാരത്തിന്റെയും പുരോഗതിയുടെയും സ്വപ്‌നങ്ങള്‍ ഗുജറാത്തിലെ സാധാരണക്കാരായ ജനങ്ങളെ നിരാശയിലേക്കാണ് എത്തിച്ചത്. ഇന്ദുലാല്‍ യാഗ്നിക്, ജീവ്‌രാജ് മെഹ്ത്ത, ബല്‍വന്ത്‌രാജ് മെഹ്ത്ത തുടങ്ങിയ അതികായന്മാരായ നേതാക്കളുടെ പോരാട്ടങ്ങളും ത്യാഗങ്ങളും അത്യാര്‍ത്തിയുടെ രാഷ്ട്രീയത്തെ നേരിട്ടു.
1960കളുടെ അവസാനവും 1970കളുടെ തുടക്കത്തിലും ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയും ദുര്‍ഭരണവും പുതിയ ഉയരങ്ങളിലെത്തി. 'ഗരീബി ഹഠാവോ'എന്ന ഉഗ്രന്‍ വാഗ്ദാനം ശൂന്യമായ ഒന്നായി മാറുകയും ക്രമേണ അത് 'ഗരിബ് ഹഠാവോ' എന്നായി മാറുകയും ചെയ്തു. പാവപ്പെട്ടവരുടെ സ്ഥിതി കൂടുതല്‍ മോശമാവുകയും ഗുജറാത്തില്‍ രൂക്ഷമായ വിലക്കയറ്റവും കടുത്ത പട്ടിണിയും ഈ സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ക്കു വേണ്ടിയുള്ള അവസാനിക്കാത്ത ക്യൂ സംസ്ഥാനത്തെ സാധാരണ കാഴ്ചയായി മാറി. സാധാരണക്കാര്‍ക്ക് യാതൊരു സ്വസ്ഥതയുമുണ്ടായില്ല.
നവനിര്‍മാണ്‍ പ്രസ്ഥാനം: യുവതയുടെ ശക്തി
ജനങ്ങളുടെ എതിര്‍പ്പ് രോഷത്തിന്റെ പരസ്യ പ്രകടനങ്ങളായി മാറിയതോടെ, 1973 ഡിസംബറില്‍ മോര്‍ബിയിലെ ( ഗുജറാത്ത്) ഒരു എന്‍ജിനീയറിംഗ് കോളജിലെ കുറേ വിദ്യാര്‍ത്ഥികള്‍ അവരുടെ ഹോസ്റ്റല്‍ മെസ്സിലെ അമിത ബില്ലിനെതിരേ സമരം ചെയ്തു. സമാനമായ സമരങ്ങള്‍ ഗുജറാത്ത് സംസ്ഥാനത്താകെ ഉണ്ടായി. ഈ പ്രക്ഷോഭങ്ങള്‍ക്ക് വേഗത്തില്‍ വ്യാപക പിന്തുണ ലഭിക്കുകയും സര്‍ക്കാരിനെതിരേ സംസ്ഥാന വ്യാപകമായി, നവനിര്‍മാണ്‍ പ്രസ്ഥാനം എന്ന് അറിയപ്പെട്ട ജനകീയ മുന്നേറ്റം ഉണ്ടാവുകയും ചെയ്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആകര്‍ഷിച്ച ആ ജനകീയ മുന്നേറ്റത്തില്‍ നരേന്ദ്ര മോദിയും ചേര്‍ന്നു. അഴിമതിക്കെതിരേ ശക്തമായ പൊരുതുന്ന ഏറെ ബഹുമാനിക്കപ്പെടുന്ന പൊതുപ്രവര്‍ത്തകന്‍ ജയപ്രകാശ് നാരായണന്റെ പിന്തുണ കൂടി ലഭിച്ചതോടെ മുന്നേറ്റം കൂടുതല്‍ ശക്തമായി. ജയപ്രകാശ് നാരായണന്‍ അഹമ്മദാബാദില്‍ എത്തിയപ്പോള്‍ നരേന്ദ്ര മോദിക്ക് അദ്ദേഹത്തെ നേരിട്ടു സന്ദര്‍ശിക്കാന്‍ അപൂര്‍വ അവസരം ലഭിച്ചു. മുതിര്‍ന്ന നേതാവും മറ്റു നേതാക്കളുമായുള്ള നിരവധി സംഭാഷണങ്ങള്‍ യുവാവായ നരേന്ദ്രയില്‍ ശക്തമായ അനുരണനങ്ങള്‍ ഉണ്ടാക്കി.
ചരിത്രപ്രസിദ്ധമായ നവ നിര്‍മ്മാണ്‍ പ്രസ്ഥാനം
ഒടുവില്‍ വിദ്യാര്‍ത്ഥിശക്തി ജയിക്കുകയും കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടി വരികയും ചെയ്തു.ആഹ്ലാദം കുറച്ചുകാലമേ നീണ്ടുള്ളു. അമിതാധികാരത്തിന്റെ ഇരുണ്ട മേഘങ്ങള്‍ പടര്‍ത്തിക്കൊണ്ട് 1975 ജൂണ്‍ 25ന് അര്‍ധരാത്രി പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍.
തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള പ്രതികൂല കോടതി വിധിയോടെ തന്റെ ഉന്നത സ്ഥാനം നഷ്ടപ്പെടുമെന്ന് ശ്രീമതി ഇന്ദിരാ ഗാന്ധി ഭയപ്പെട്ടു. അടിയന്തരാവസ്ഥയാണ് ആ അവസരത്തില്‍ നല്ല നടപടിയെന്നും അവര്‍ കരുതി. ജനാധിപത്യം ഉപരോധത്തിലായി, സംസാരിക്കാനുള്ള സ്വാതന്ത്ര്യം കുറയുകയും പ്രതിപക്ഷത്തെ ഉന്നത വെളിച്ചങ്ങളായ ശ്രീ അടല്‍ ബിഹാരി വാജ്‌പേയി, ശ്രീ എല്‍ കെ അദ്വാനി, ശ്രീ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, ശ്രീ മൊറാര്‍ജി ദേശായി തുടങ്ങിയവര്‍ അറസ്റ്റിലാവുകയും ചെയ്തു.
നരേന്ദ്ര മോദി അടിയന്തരാവസ്ഥാ വേളയില്‍
നരേന്ദ്ര മോദി അടിയന്തരാവസ്ഥാ വിരുദ്ധ പ്രസ്ഥാനത്തിന്റെ അന്തര്‍ഭാഗത്തുണ്ടായിരുന്നത്. നിഷ്ഠൂര വാഴ്ചയെ ചെറുക്കാന്‍ രൂപീകരിച്ച ഗുജറാത്ത് ലോക് സംഘര്‍ഷ് സമിതി( ജിഎല്‍എസ്എസ്)യുടെ ഭാഗമായിരുന്നു അദ്ദേഹം. അദ്ദേഹം അതിന്റെ ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെടുകയും സംസ്ഥാനത്തുടനീളമുള്ള പ്രവര്‍ത്തകരെ ഏകോപിപ്പിക്കുക പ്രാഥമിക ചുമതലയാവുകയും ചെയ്തു. കോണ്‍ഗ്രസ് വിരുദ്ധ നേതാക്കളും പ്രവര്‍ത്തകരും കര്‍ക്കശ നിരീക്ഷണത്തിലായിരുന്നതിനാല്‍ അതൊരു ദുഷ്‌കര ദൗത്യമായിരുന്നു.
അടിയന്തരാവസ്ഥക്കാലത്തെ നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് നിരവധി കഥകളുണ്ട്. അതിലൊന്ന്, പൊലീസ് തിരയുന്ന മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെ സ്‌കൂട്ടറില്‍ സുരക്ഷിതമായ ഒരു വീട്ടില്‍ എത്തിച്ചതിനെക്കുറിച്ചാണ്. അതുപോലെ മറ്റൊന്ന്, അറസ്റ്റിലായ നേതാക്കളിലൊരാള്‍ തന്റെ പക്കലുണ്ടായിരുന്ന പ്രധാന രേഖകള്‍ കൂടെക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടതാണ്. ആ രേഖകള്‍ ഏതുവിധവും വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. നേതാവ് പൊലീസ് കസ്റ്റഡിയിലായിരിക്കെത്തന്നെ നരേന്ദ്ര മോദി ആ രേഖകള്‍ കൃത്യമായി വീണ്ടെടുത്തു. നാനാജി ദേശ്മുഖ് അറസ്റ്റിലായപ്പോള്‍ അനുഭാവികളുടെ വിലാസങ്ങള്‍ അടങ്ങിയ ഒരു ബുക് അദ്ദേഹകത്തിന്റെ പക്കലുണ്ടായിരുന്നു. അതില്‍ ഓരോരുത്തരെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് നരേന്ദ്ര ഉറപ്പു നല്‍കി. ഒരാളും അറസ്റ്റിലായുമില്ല.
അടിയന്തരാവസ്ഥാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നേതാക്കള്‍ക്ക് ഗുജറാത്തില്‍ എത്താനും മടങ്ങാനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കലായിരുന്നു നരേന്ദ്ര മോദിയുടെ മറ്റൊരു ഉത്തരവാദിത്തം. ചിലപ്പോള്‍ ആ ജോലി നിര്‍വഹിക്കുന്നത് വേഷപ്രഛന്നനായിട്ടായിരിക്കും, അതുകൊണ്ട് അദ്ദേഹം തിരിച്ചറിയപ്പെടാതിരുന്നിട്ടുണ്ട്. ഒരു ദിവസം അദ്ദേഹം സിഖുകാരനായ മാന്യവ്യക്തിയാണെങ്കില്‍ മറ്റൊരു ദിവസം താടിയുള്ള മുതിര്‍ന്ന മനുഷ്യനായിരിക്കും.
അടിയന്തരാവസ്ഥക്കാലത്ത് നരേന്ദ്ര മോദിയുടെ ഏറ്റവും സ്മരണീയമായ അനുഭവം വ്യത്യസ്ഥ പാര്‍ട്ടികളിലുള്ള നേതാക്കളും പ്രവര്‍ത്തകരുമായി ഇടപഴകി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ്. 2013 ജൂണില്‍ തന്റെ ബ്ലോഗില്‍ നരേന്ദ്ര മോദി അത് എഴുതിയിരുന്നു: എന്നെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് നേതാക്കളുടെയും സംഘടനകളുടെയും വിശാല ശൃംഖലയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള വിസ്മയകരമായ അവസരം അടിയന്തരാവസ്ഥ നല്‍കി. സംഘടനകള്‍ക്കുമപ്പുറം പ്രവര്‍ത്തിക്കാന്‍ അത് ഞങ്ങളെ പ്രാപ്തരാക്കി. നമ്മുടെ കുടുബത്തിലെ അതികായന്മാരായ അടല്‍ ജി, യശശ്ശരീരരായ ശ്രീ ദത്തോപാന്ത് തേങ്കടി, നാനാജി ദേശ്മുഖ് എന്നിവര്‍ മുതല്‍ ശ്രീ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള സോഷ്യലിസ്റ്റുകള്‍, ശ്രീ. രവീന്ദ്ര വര്‍മയെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ വരെ അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍ മൊറാര്‍ജി ദേശായിയുമായി അടുത്ത് പ്രവര്‍ത്തിച്ച,വിവിധ സ്‌കൂളുകളിലും വിവിധ ചിന്തകളിലും പ്രചോദിതരായ നേതാക്കള്‍. ഗുജറാത്ത് വിദ്യാപീഠ് മുന്‍ വൈസ് ചാന്‍സിലര്‍ ശ്രീ.ധിരുഭായ് ദേശായി, ഹ്യൂമനിസ്റ്റ് ശ്രീ. സി റ്റി ദാരു, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിമാരായ ശ്രീ. ബാബുഭായ് ജഷ്ഭായി പട്ടേല്‍,ശ്രീ. ചിമന്‍ഭായി പട്ടേല്‍,പ്രമുഖ മുസ്‌ലിം നേതാവായ അന്തരിച്ച ശ്രീ. ഹബീബുര്‍ റഹ്മാന്‍ തുടങ്ങി നിരവധി വ്യക്തികളില്‍ നിന്ന് ഒട്ടേറെ പഠിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെ പോലും സ്വേഛാധികാര മോഹത്തെ ഉറച്ചുനിന്നു ചെറുത്ത യശശ്ശരീരനായ ശ്രീ.മൊറാര്‍ജിഭായി ദേശായിയുടെ പോരാട്ടവും നിശ്ചയദാര്‍ഢ്യവും ഓര്‍മയില്‍ വരുന്നു.
ആശയങ്ങളും ചിന്തകളും ആകര്‍ഷകമായ കൂടിച്ചേരലുണ്ടായിട്ടുണ്ടെങ്കില്‍ അത് വലിയ നന്മയ്ക്കു വേണ്ടിയായിരുന്നു. ജാതി, വിശ്വാസം, സമുദായം അല്ലെങ്കില്‍ മതം എന്നിവയ്ക്ക് അതീതമായി ഞങ്ങള്‍ ഞങ്ങളുടെ പൊതുലക്ഷ്യത്തിനൊപ്പമാണ് പ്രവര്‍ത്തിച്ചത്-രാജ്യത്തിന്റെ ജനാധിപത്യ പ്രകൃതി ഉയര്‍ത്തിപ്പിടിക്കുക. 1975 ഡിസംബറില്‍ എല്ലാ പ്രതിപക്ഷ എംപിമാരുടെയും പ്രധാനപ്പെട്ട ഒരു യോഗം ഗാന്ധിനഗറില്‍ വിളിച്ചുചേര്‍ക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. സ്വതന്ത്ര എംപിമാരായ അന്തരിച്ച ശ്രീ. പുരുഷോത്തം മാവ്‌ലങ്കര്‍, ശ്രീ. ഉമാശങ്കര്‍ ജോഷി, ശ്രീ. കൃഷ്ണന്‍ കാന്ത് എന്നിവരും ഈ യോഗത്തില്‍ പങ്കെടുത്തു. അധികാര രാഷ്ട്രീയത്തിനു പുറത്ത് സാമൂഹികസംഘടനകള്‍ക്കൊപ്പവും നിരവധി ഗാന്ധിയന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദിക്ക് അവസരം ലഭിച്ചു. ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനും ( അദ്ദേഹത്തെ വിളിച്ചിരുന്നത് 'ജോര്‍ജ്ജ് സാഹബ്' എന്നായിരുന്നു) നാനാജി ദേശ്മുഖിനും ഒപ്പം ഊര്‍ജ്ജസ്വലമായ കൂടിക്കാഴ്ചകള്‍ നടത്തിയത് അദ്ദേഹം ഓര്‍ക്കുന്നു. ആ ഇരുണ്ട നാളുകളില്‍ സ്വന്തം അനുഭവങ്ങള്‍ എഴുതാനും അദ്ദേഹം സമയം കണ്ടു, അത് പിന്നീട് 'ആപത്കാല്‍ മേ ഗുജറാത്ത്'( ഗുജറാത്തിലെ അടിയന്തരാവസ്ഥക്കാലം) എന്ന പുസ്തകമാക്കി.
അടിയന്തരാവസ്ഥക്ക് അപ്പുറം
നവനിര്‍മാണ്‍ പ്രസ്ഥാനം പോലെ ജനങ്ങളുടെ വിജയത്തിനും അടിയന്തരാവസ്ഥ കാരണമായി. 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീമതി ഇന്ദിരാഗാന്ധി തോറ്റമ്പി.ജനങ്ങള്‍ മാറ്റത്തിനു വേണ്ടി വോട്ട് ചെയ്യുകയും പുതിയ ജനതാ പാര്‍ട്ടി സര്‍ക്കാരില്‍ ജനസംഘം നേതാക്കളായ അടല്‍ജിയും അദ്വാനിജിയും മറ്റും പ്രധാന വകുപ്പുകളില്‍ ക്യാബിനറ്റ് മന്ത്രിമാരുമാരാവുകയും ചെയ്തു.
ഇതേസമയം തന്നെ,പോയവര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളും സംഘാടന മികവും പരിഗണിച്ച് നരേന്ദ്ര മോദിയെ 'സംഭാഗ് പ്രചാരക്' ( മേഖലാ സംഘാടകനു തുല്യം) ആക്കി മാറ്റി. അദ്ദേഹത്തിന് ദക്ഷിണ, മധ്യ ഗുജറാത്തിന്റെ ചുമതലയാണ് നല്‍കിയത്. അതേസമയംതന്നെ,അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിക്കുകയും അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസിന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെ ചരിത്രം എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും മേഖലാപരവും ദേശീയവുമായ ചുമതലകള്‍ ഒന്നിച്ചുകൊണ്ടുപോകാനും നരേന്ദ്ര മോദിക്ക് അനായാസവും കാര്യക്ഷമവുമായി നിര്‍വഹിക്കാന്‍ സാധിക്കും എന്നാണ് അതിന്റെ അര്‍ത്ഥം.
നരേന്ദ്ര മോദി ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍
1980കളുടെ തുടക്കത്തില്‍ അദ്ദേഹം ഗുജറാത്തില്‍ ഉടനീളം തുടര്‍ച്ചയായും വ്യാപകമായും യാത്ര ചെയ്തു. ഇത് സംസ്ഥാനത്തെ എല്ലാ താലൂക്കുകളും മിക്ക വില്ലേജുകളും സന്ദര്‍ശിക്കാന്‍ അവസരം നല്‍കി. ഈ അനുഭവം സംഘാടകന്‍ എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കാനും കഠിനാധ്വാനം ചെയ്ത് അത് പരിഹരിക്കാനുള്ള നിശ്ചയദാര്‍ഢ്യം വര്‍ധിക്കുകയും ചെയ്തു. വരള്‍ച്ചകള്‍, പ്രളയങ്ങള്‍ അല്ലെങ്കില്‍ കലാപങ്ങള്‍ നേരിടുമ്പോള്‍ അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കി.
നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തോഷത്തോടെ മുഴുകിയെങ്കിലും ആര്‍എസ്എസിലെ മുതിര്‍ന്നവരും പുതുതായി രൂപീകരിച്ച ബിജെപിക്കും അതുപോരായിരുന്നു,അവര്‍ക്ക് അദ്ദേഹത്തെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കണമായിരുന്നു. അങ്ങനെയാണ് 1987ല്‍ നരേന്ദ്ര മോദിയുടെ ജീവിതത്തില്‍ മറ്റൊരു അധ്യായം തുടങ്ങിയത്. അന്നു മുതല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തെരുവിനും അപ്പുറം പാര്‍ട്ടിയുടെ നയനിലപാടുകളുടെ രൂപീകരണത്തിലും പങ്കാളിയായി. പാര്‍ട്ടി നേതാക്കള്‍ക്കും കാര്യകര്‍ത്താക്കള്‍ക്കും ഒപ്പം അദ്ദേഹം പ്രവര്‍ത്തിക്കാന്‍ തുടങ്ങി.രാജ്യത്തെ സേവിക്കാന്‍ വീടുവിട്ട വദ്‌നഗറിലെ ആണ്‍കുട്ടി മറ്റൊരു വലിയ ചുവടുവയ്ക്കാറായി. പക്ഷേ,അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാജ്യവാസികള്‍ക്കും സ്ത്രീകള്‍ക്കും മുഖത്ത് പുഞ്ചിരി പടര്‍ത്താനുള്ള യാത്രയുടെ കേവല തുടര്‍ച്ച മാത്രം. കൈലാസം, മാനസസരോവരം എന്നിവിടങ്ങളിലേക്കുള്ള ഒരു യാത്രക്കു ശേഷം നരേന്ദ്ര മോദി ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു തുടങ്ങി.