നമസ്‌കാരം
ഏകഭാരതം - ശ്രേഷ്ഠഭാരതം എന്ന ആശയത്തിന്റെ അതിമനോഹരമായ ഒരു ചിത്രം ഇവിടെ ഇന്ന് ദൃശ്യമായിരിക്കുന്നു. ഇന്നത്തെ ഈ പരിപാടിയുടെ രൂപരേഖ വളരെ വിശാലവും അതിനാല്‍ തന്നെ ചരിത്രപരവുമാണ്.
കെവാദിയയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ.ആചാര്യ ദേവവ്രത് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയരൂപാണി ജി, പ്രതാപ് നഗറില്‍ നിന്നും പങ്കെടുക്കുന്ന ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ ശ്രീ രാജേന്ദ്ര ത്രിവേദി ജി, അഹമ്മദാബാദില്‍ നിന്നു പങ്കു ചേരുന്ന ഗുജറാത്ത് ഡെപ്യൂട്ടി മുഖ്യ മന്ത്രി ശ്രീ നിധിന്‍ പട്ടേല്‍ ജി, ഡല്‍ഹിയില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കുചേരുന്ന കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ.പീയുഷ് ഗോയല്‍ജി, ശ്രി.ജയ് ശങ്കര്‍ജി, ഡോ.ഹര്‍ഷ് വര്‍ധന്‍ജി, ഡല്‍ഹി മുഖ്യമന്ത്രി ഭായി അരവിന്ദ് കെജ് രിവാള്‍, മധ്യപ്രദേശിലെ റേവയില്‍ നിന്നും ചേരുന്ന മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ജി, മുംബെയില്‍ നിന്നു ചേരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഭായി ഉദ്ധാവ് താക്കറെ ജി, വരാണസിയില്‍ നിന്നു പങ്കുചേരുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ജി, കൂടാതെ വിവിധ സ്ഥലങ്ങളില്‍ നിന്നും നമ്മോടൊപ്പം ചേരുന്ന സമാദരണീയരായ മന്ത്രിമാരേ, എംപിമാരെ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ എംഎല്‍എ മാരെ,
സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ ജിയുടെ വിശാല കുടംബത്തില്‍ നിന്നുള്ള അനേകം അംഗങ്ങള്‍ നമ്മെ അനുഗ്രഹിക്കാന്‍ ഇന്ന് ഇവിടെ എത്തിയിരിക്കുന്നു എന്നത് വളരെ ആഹ്ളാദകരമാണ്. കലാ ലോകത്തു നിന്ന് അനേകം മുതിര്‍ന്ന കലാകാരന്മാരും നിരവധി കായിക താരങ്ങളും ഈ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്നു ഇവിടെയുണ്ട്. അവര്‍ക്കൊപ്പം ജനങ്ങളും. നമ്മുടെ പ്രിയ സഹോദരി സഹോദരന്മാരും ഇന്ത്യയുടെ ശോഭനമായ ഭാവിയെ പ്രതിനിധീകരിക്കുന്ന കുഞ്ഞുങ്ങളും. ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.
ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാവും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഒരു സ്ഥലത്തേയ്ക്ക് നിരവധി ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നത്. എന്തായാലും കെവാദിയ അത്തരം ഒരു സ്ഥലമാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമ, രാജ്യത്തിന് ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന മന്ത്രം നല്കുകയും രാജ്യത്തെ ഏകീകരിക്കുകയും ചെയ്ത സര്‍ദാര്‍ പട്ടേലിന്റെ ഏകതാ പ്രതിമയുടെയും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെയും പേരിലാണ് ഇന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. ഇന്നത്തെ പരിപാടി സത്യത്തില്‍ ഇന്ത്യയെ ഒന്നായി അടയാളപ്പെടുത്തുന്നു. കൂടാതെ ഇന്ത്യന്‍ റെയില്‍വെയുടെ ദര്‍ശനത്തെയും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ദൗത്യത്തെയും നിര്‍വ്വചിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ജനപ്രതിനിധികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കുന്നു. കെവാദിയായിലേയ്ക്കുള്ള ഒരു ട്രെയിന്‍ വരുന്നത് പുരട്ചി തലൈവര്‍ ഡോ. എംജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ്. ഇന്ന് ഭാരതരത്‌ന എംജിആറിന്റെ ജന്മവാര്‍ഷികം കൂടിയാണ് എന്നത് സന്തോഷകരമായ ആകസ്മികതയാണ്. എംജിആര്‍ ഇന്നും ജനഹൃദയങ്ങളെ ഭരിക്കുന്നു. സിനിമയുടെ വെള്ളിത്തിരയില്‍ നിന്നാണ് അദ്ദേഹം രാഷ്ട്രിയത്തിന്റെ വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും രാഷ്ട്രിയ യാത്രയും പാവങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. പാവങ്ങള്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന് അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു.ഇന്ന് ഭാരത് രത്‌ന എംജിആറിന്റെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി നാം എല്ലാ ശ്രമങ്ങളും നടത്തുന്നു. ഏതാനും വര്‍ഷം മുമ്പ് രാജ്യം ചെന്നൈ റെയില്‍വെ സ്റ്റേഷന് അദ്ദേഹത്തിന്റെ പേരു നല്കി അദ്ദേഹത്തെ ആദരിച്ചു.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ എല്ലാ ദിശകളില്‍ നിന്നും കെവാദിയയിലേയ്ക്ക് നേരിട്ട് ട്രെയിന്‍ സർവ്വീസ് തുടങ്ങുന്ന ഈ ദിനം രാജ്യത്തിനു മുഴുവന്‍ അത്ഭുത അഭിമാന മുഹൂര്‍ത്തമാണ്. ഏതാനും നിമിഷം മുമ്പ്, വാരാണസി, റേവ, ദാദര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് കെവാദിയ എക്‌സ്പ്രസും ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും ജനശതാബ്ദിയും കെവാദിയയിലേയ്ക്കു പുറപ്പെട്ടു കഴിഞ്ഞു. കെവാദിയ്ക്കും പ്രതാപ് നഗറിനും മധ്യേ മെമു സര്‍വീസും ആരംഭിച്ചു. ദഭോയ് - ചന്ദോദ് റെയില്‍ പാതയുടെ വീതി കൂട്ടല്‍ ജോലിയും പുതിയ ചന്ദോദ് - കെവാദിയ പാതയുടെ നിര്‍മ്മാണവും പൂര്‍ത്തിയാകുന്നതോടെ കെവാദിയയിലേയ്ക്കുള്ള യാത്രാ വികസനത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കപ്പെടും. റെയില്‍വെയുടെ ഇന്നത്തെ ഈ പരിപാടിയുമായി ബന്ധപ്പെടുമ്പോള്‍ പഴയ കുറെ ഓര്‍മ്മകളും എന്നില്‍ ഉണരുന്നു. ബറോഡയ്ക്കും ദഭോയ്ക്കും ഇടയില്‍ ഒരു നാരോഗേജ് ട്രെയിന്‍ ഓടിയിരുന്നു. വളരെ കുറച്ചു പേര്‍ക്കു മാത്രമെ അറിയാന്‍ സാധ്യതയുള്ളു. അക്കാലത്ത് ഞാന്‍ അതില്‍ ഒരു പതിവു യാത്രക്കാരനായിരുന്നു. ഒരിക്കല്‍ എനിക്ക് നര്‍മ്മദാ മാതാവിനോട് പ്രത്യേകമായ ഭക്തി ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ മിക്കവാറും ഇവിടെ വന്നിരുന്നു. ഇവിടെ വരും കുറച്ചു സമയം നര്‍മ്മദാ മാതാവിന്റെ മടിയിലിരിക്കും, മടങ്ങും. അക്കാലത്ത് ഈ നാരോ ഗേജിലായിരുന്നു എന്റെ യാത്ര. രസം അതല്ല, ഈ ട്രെയിനിനു വേഗത വളരെ കുറവായിരുന്നു. ട്രെയിന്‍ നിര്‍ത്താതെ തന്നെ ആര്‍ക്കു വേണമെങ്കിലും എവിടെ നിന്നു വേണമെങ്കിലും ഇതില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യാം. നിങ്ങള്‍ ഈ ട്രെയിനിന് ഒപ്പം നടന്നാല്‍ നിങ്ങള്‍ക്ക് അതിന്റെ മുന്നില്‍ കയറാം എന്നു വരെ കഥകള്‍ പ്രചരിച്ചിരുന്നു. എന്നാലും എനിക്ക് ആ യാത്ര ഇഷ്ടമായിരുന്നു. പക്ഷെ ഇന്ന് ആ പാത ബ്രോഡ് ഗേജാക്കിയിരിക്കുന്നു. ഈ റെയില്‍ സമ്പര്‍ക്കത്തിന്റെ വലിയ പ്രയോജനം പ്രതിമ കാണാന്‍ വരുന്ന വിനോദ സഞ്ചാരികള്‍ക്കാണ്. കൂടാതെ ഇത് നമ്മുടെ ഗോത്ര സമൂഹ സഹോദരങ്ങളുടെ ജീവിതങ്ങളെ മാറ്റും എന്നതാണ്. യാത്രാ സൗകര്യം വര്‍ധിപ്പിക്കും എന്നതിലുപരി ഈ പാതയും ട്രെയിനും ഈ മേഖലയിലേയ്ക്ക് പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിലും കൊണ്ടു വരും. ഈ റെയില്‍ പാതയാകട്ടെ, നര്‍മദാ മാതാവിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രധാന മത കേന്ദ്രങ്ങളായ കര്‍ണാലി, പൊയ്ച്ച, ഗൗഡേശ്വരം എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യും. ഈ മേഖല മുഴുവന്‍ ഒരു ആദ്ധ്യാത്മിക സ്പന്ദനം ഉണ്ടാവും, തീര്‍ച്ച. ഇവിടെ ആദ്ധ്യാത്മികത തേടിയെത്തുന്ന ജനങ്ങള്‍ക്കുള്ള വലിയ സമ്മാനമാണ് ഈ വികസനം.
സഹോദരി സഹോദരന്മാരെ,
ഇന്ന് ഗുജറാത്തിന്റെ വിദൂര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമല്ല കെവാദിയ. മറിച്ച് ലോകത്തിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി അത് ഉയര്‍ന്നു വരികയാണ്. സ്വാതന്ത്ര്യ പ്രതിമ സന്ദര്‍ശിക്കുന്നവരെക്കാള്‍ കൂടുതല്‍ സഞ്ചാരികള്‍ ഏകതാ പ്രതിമ കാണാന്‍ വരുന്നു. അതിന്റെ ഉദ്ഘാടനം മുതല്‍ ഇതുവരെ ഏകദേശം 50 ലക്ഷം പേര്‍ ഏകതാ പ്രതിമ കണ്ടുകഴിഞ്ഞു. കൊറോണ കാലത്തിനു ശേഷം കെവാദിയയില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സംഖ്യ അതിവേഗം വര്‍ധിച്ചു വരുന്നു. യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ ഭാവിയില്‍ പ്രതിദിനം ഒരു ലക്ഷം പേരെങ്കിലും പ്രതിമ സന്ദര്‍ശിക്കമെന്നാണ് ഒരു സർവ്വെ ചൂണ്ടിക്കാണിക്കുന്നത്.
സുഹൃത്തുക്കളെ,
കൃത്യമായ പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയും പരിസ്ഥിതിയും വളരെ വേഗത്തില്‍ വികസിപ്പിക്കാന്‍ സാധിക്കും എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ചെറുതും ചേതോഹരവുമായ കെവാദിയ. ഇവിടെ ഇന്ന് ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കുന്ന വിശിഷ്ട വ്യക്തികളില്‍ പലരും കെവാദിയ സന്ദര്‍ശിച്ചിട്ടുണ്ടാവും എന്നാല്‍ കെവാദിയയുടെ വികസന യാത്ര കണ്ട നിങ്ങള്‍ക്ക് ഇതിനെ ക്കുറിച്ച് അഭിമാനിക്കാതിരിക്കാന്‍ സാധിക്കില്ല.
സുഹൃത്തുക്കളെ,
ഞാന്‍ ഓര്‍മ്മിക്കുന്നു, കെവാദിയയെ ലോകത്തിലെ തന്നെ മികച്ച കുടുംബ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനെ സംബന്ധിച്ച ആദ്യ ചര്‍ച്ച നടന്ന സമയം. ആളുകള്‍ വിചാരിച്ചു അത് വെറും സ്വപ്‌നമാണ് എന്ന്. അത് അസാധ്യമാണ്, അതിന് അനേകം പതിറ്റാണ്ടുകള്‍ വേണ്ടിവരും, എന്നാലും പറ്റില്ല - എന്ന് അവര്‍ പറയുക പതിവായിരുന്നു. ശരിയാണ് . മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അവര്‍ അതു പറഞ്ഞത്. കെവാദിയയിലേയ്ക്ക് ഒരു നല്ല വഴി പോലും ഇല്ലായിരുന്നു. തെരുവു വിളക്കുകള്‍ ഇല്ല, റെയില്‍ പാത ഇല്ല. സന്ദര്‍ശകര്‍ക്കു താമസിക്കാനുള്ള ഒരു ക്രമീകരണവുമില്ല. രാജ്യത്തെ മറ്റ് ഏതു ഉള്‍നാടന്‍ ഗ്രാമത്തെയും പോലെയായിരുന്നു കെവാദിയായും. പക്ഷെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് കെവാദിയ പൂര്‍ണമായും പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് കെവാദിയയിലേയ്ക്ക് വീതി കൂടിയ റോഡുകള്‍ ഉണ്ട്. താമസിക്കാന്‍ പൂര്‍ണ സജ്ജീകരണങ്ങള്‍ ഉണ്ട്. വേറെയും ക്രമീകരണങ്ങള്‍ ഉണ്ട്. മികച്ച മൊബൈല്‍ സമ്പര്‍ക്കമുണ്ട്. നല്ല ആശുപത്രികള്‍ ഉണ്ട്. ഏതാനും ദിവസം മുമ്പ് സീപ്ലെയിന്‍ കെവാദിയയില്‍നിന്നു സര്‍വീസ് ആരംഭിച്ചു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇങ്ങോട്ടേയ്ക്ക് നിരവധി ട്രെയിനുകളും ഓടി തുടങ്ങി. പൂര്‍ണ കുടുംബ പായ്‌ക്കേജ് സേവനമാണ് നഗരം നല്കുന്നത്. ഏകതാ പ്രതിമയുടെ ഗാംഭീര്യം നിങ്ങള്‍ക്ക് വിഭാവനം ചെയ്യാം. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ വിശാലതയും നിങ്ങള്‍ക്ക് അനുഭവിക്കാം. പക്ഷെ കെവാദിയ സന്ദര്‍ശിച്ച ശേഷം മാത്രം. ഇപ്പോള്‍ അവിടെ കാനന യാത്ര ഉള്‍പ്പെടെ ആസ്വദിക്കാവുന്ന നൂറ് ഏക്കര്‍ വിസ്തൃതിയില്‍ സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കുണ്ട്. മറുവശത്ത് ആയൂര്‍വ്വേദ യോഗ കേന്ദ്രങ്ങളുണ്ട്, പോഷകാഹാര പാര്‍ക്കുണ്ട്. രാത്രികളില്‍ പ്രകാശം മിന്നി മിന്നി തെളിയുന്ന ഉദ്യാനമുണ്ട്, പകല്‍ വെളിച്ചത്തില്‍ കാണുന്നതിന് കാക്റ്റസ് ഉദ്യാനവും, ശലഭോദ്യാനവുമുണ്ട്. സഞ്ചാരികള്‍ക്ക് ഏകതാ ജലയാത്ര ഉണ്ട്. ചെറുപ്പപ്പക്കാര്‍ക്ക് ചങ്ങാടത്തില്‍ യാത്ര ചെയ്യാം. അതായത്, കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടത് എല്ലാം അവിടെ ഉണ്ട്. വിനോദ സഞ്ചാരം വികസിക്കുന്നതിനൊപ്പം ഗോത്രവര്‍ഗ്ഗ യുവാക്കള്‍ക്ക് തൊഴിലും ആധുനിക സൗകര്യങ്ങളും എളുപ്പത്തില്‍ ലഭിക്കുന്നു. ഒരാള്‍ മാനേജര്‍, ഒരാള്‍ കഫേയുടെ ഉടമസ്ഥന്‍, മറ്റൊരാള്‍ ഗൈഡ്. സുവോളജിക്കല്‍ പാര്‍ക്കിലെ പക്ഷി കേന്ദ്രത്തില്‍ പോയത് ഞാന്‍ ഓര്‍ക്കുന്നു. സ്ഥലവാസിയായ വനിതാ ഗൈഡാണ് എനിക്ക് വളരെ വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നത്. ഇതു കൂടാതെ ആ പ്രദേശത്തെ വനിതകള്‍ക്ക് അവർ നിര്‍മ്മിക്കുന്ന കര കൗശല വസ്തുക്കള്‍ ഏകതാ മാള്‍ വഴി വിറ്റഴിക്കുകയും ചെയ്യാം. കെവാദിയയുടെ ഗോത്ര ഗ്രാമങ്ങളില്‍ 200 മുറികള്‍ വിനോദ സഞ്ചാരികള്‍ക്കു താമസിക്കാന്‍ ഹോം സ്‌റ്റേകളായി ഒരുക്കിയിട്ടുണ്ട്.
സഹോദരി സഹോദരന്മാരെ,
കെവാദിയയില്‍ പൂര്‍ത്തിയായിരിക്കുന്ന റെയില്‍വെ സ്റ്റേഷനിലും വിനോദ സഞ്ചാരത്തിനും മറ്റു സൗകര്യങ്ങള്‍ക്കും അതീവ ശ്രദ്ധ നല്കുന്നതാണ്. ഒരു ഗോത്ര ആര്‍ട്ട് ഗാലറിയും കാഴ്ച്ച ഗാലറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ കാഴ്ച്ച ഗാലറിയില്‍ നിന്നാല്‍ സഞ്ചാരികള്‍ക്ക് ഏകതാ പ്രതിമ കാണാം.
സുഹൃത്തുക്കളെ,
ഇന്ത്യന്‍ റെയില്‍വെയുടെ മാറുന്ന സ്വഭാവത്തിന്റെ ഉദാഹരണമാണ് ഈ ലക്ഷ്യ കേന്ദ്രീകൃത പരിശ്രമം. പരമ്പരാഗത യാത്രാ വണ്ടികള്‍, ചരക്കു വണ്ടികള്‍ എന്നിവ കൂടാതെ പ്രധാന വിനോദ - ആത്മീയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളും ഓടിച്ചു കൊണ്ട് ഇന്ത്യന്‍ റെയില്‍വെ അതിന്റെ ചരിത്രപരമായ ദൗത്യം നിര്‍വഹിക്കുന്നു. ഇനി ഇന്ത്യന്‍ റെയില്‍വെയുടെ വിസ്താഡോം കോച്ചുകള്‍ വിവിധ പാതകളിലൂടെയുള്ള നിങ്ങളുടെ യാത്ര അതീവ ആകര്‍ഷകമാക്കും. അഹമ്മദാബാദ് കെവാദിയ ശതാബ്ദി എക്‌സ്പ്രസില്‍ ഈ വിസ്താ ഡോം കോച്ചുകള്‍ ഉണ്ട്.
സുഹൃത്തുക്കളെ,
രാജ്യത്തെ റെയില്‍വെയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കാന്‍ ചെയ്തിട്ടുള്ള ജോലികള്‍ അഭൂതപൂര്‍വമാണ്. നിലവിലുള്ള റെയില്‍വെ സംവിധാനം പരിഷ്‌കരിക്കാനോ കേടുപാടുകള്‍ പരിഹരിക്കാനോ ആയിരുന്നു സ്വാതന്ത്ര്യത്തിനു ശേഷമുള്ള കാലമത്രയും റെയില്‍വെ ഊര്‍ജ്ജം ചെലവാക്കിയത്. പുതിയ ചിന്തയ്ക്കും പുതിയ സാങ്കേതിക വിദ്യയ്ക്കുമായി വളരെ കുറച്ചു ഊന്നല്‍ മാത്രമെ നല്കിയിരുന്നുള്ളു. സമീപനത്തിലെ മാറ്റം വളരെ അടിയന്തരമായിരുന്നു. അതിനാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്തെ റെയില്‍വെ സംവിധാനത്തിലുടനീളം സമ്പൂര്‍ണ മാറ്റങ്ങളാണ് നടപ്പാക്കിയത്. അതിന് ബജറ്റിലെ തുകയുടെ കൂടുതലും കുറവും പ്രശ്‌നമായില്ല. ഈ മാറ്റം പല മേഖലകളിലും ഒരേ സമയത്തു നടന്നു. ഉദാഹരണം കെവാദിയയെ ട്രെയിന്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതി. വീഡിയോയില്‍ കാണിക്കുന്ന പ്രകാരം ഇതിന്റെ നിര്‍മ്മാണത്തിനിടയില്‍ കാലാവസ്ഥ, കൊറോണ മഹാവ്യാധി തുടങ്ങി നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായി, പക്ഷെ റെക്കോഡ് സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയായി. റെയില്‍വെ ഇപ്പോള്‍ ഉപയോഗിക്കുന്ന ആധുനിക നിര്‍മ്മാണ സാങ്കേതിക വിദ്യ ഇതിനെ വളരെ സഹായിച്ചു. പാളങ്ങള്‍ സ്ഥാപിക്കുന്നതു മുതല്‍ പാലങ്ങളുടെ നിര്‍മ്മാണം വരെ പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിച്ചാണ് നടത്തിയത്. സിഗ്നല്‍ ജോലികള്‍ വേഗത്തിലാക്കാന്‍ പരിശോധന നടത്തിയത് വരെ വിര്‍ച്വല്‍ രീതിയിലായിരുന്നു. ഇത്തരം തടസങ്ങളാണ് മുമ്പ് പദ്ധതികളുടെ വഴി മുടക്കിയത്.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തു നിലനിന്നിരുന്ന തൊഴില്‍ സംസ്‌കാരത്തിന്റെ ഉദാഹരണാണ് ചരക്ക് ഇടനാഴി പദ്ധതി. ഏതാനും ദിവസം മുമ്പാണ് കിഴക്കും പടിഞ്ഞാറും ഭാഗത്തെ ചരക്ക് ഇടനാഴിയുടെ വലിയ ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിന് എനിക്ക് അവസരം ലഭിച്ചു. രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായി ഈ പദ്ധതി ഏതാണ്ട് എട്ടു വര്‍ഷം അതായത് 2006 മുതല്‍ 2014 വരെ ഫയലുകകളില്‍ ഉറങ്ങി കിടന്നു. 2014 വരെ ഒരു കിലോമീറ്റര്‍ പാളം പോലും സ്ഥാപിച്ചിരുന്നില്ല. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പദ്ധതിയുടെ 1100 കിലോമീറ്റര്‍ പാളമാണ് പൂര്‍ത്തിയാകുക.
സുഹൃത്തുക്കളെ,
രാജ്യത്ത് റെയില്‍വെ ശൃംഖലയുടെ ആധുനികവത്ക്കരണത്തോടെ, ഇന്ന് രാജ്യത്ത് പല മേഖലകളിലും ട്രെയിന്‍ എത്തുന്നു. ഇപ്പോള്‍ പഴയ പാതകള്‍ക്ക് വീതി കൂട്ടുന്നു, വൈദ്യുതീകരിക്കുന്നു, വേഗത കൂട്ടുന്നു, അതിവേഗ ട്രെയിനുകള്‍ക്ക് യോജിക്കുന്നവയാണ് ഇപ്പോഴത്തെ പാളങ്ങള്‍. രാജ്യത്ത് സെമി ഹൈ സ്പീഡ് ട്രെയിനുകള്‍ ഹൈസ്പീഡ് ട്രാക്കിലൂടെ അതിവേഗത്തില്‍ ഓടും. ഇതിനുള്ള പദ്ധതി വിഹിതം പല തവണ വര്‍ധിപ്പിച്ചു കഴിഞ്ഞു.
റെയില്‍വെ ഇപ്പോള്‍ പരിസ്ഥിതി സൗഹൃദമാണ്. രാജ്യത്ത് ഹരിത മന്ദിര സാക്ഷ്യ പത്രം ലഭിച്ച ആദ്യത്തെ റെയില്‍വെ സ്റ്റേഷനാണ് കെവാദിയ . റെയില്‍വെയുടെ അതിവേഗത്തിലുള്ള ആധുനികവത്ക്കരണത്തിനു മുഖ്യ കാരണം റെയില്‍വെ സാമഗ്രികളുടെ നിര്‍മ്മാണത്തിലെ സ്വയം പര്യാപ്തതയും ആധുനിക സാങ്കേതിക വിദ്യയും ആണ്. കഴിഞ്ഞ കുറെ നാളുകളായി ഈ ദിശയില്‍ നടക്കുന്ന ജോലികള്‍ ഇപ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. ഇന്ത്യയില്‍ ഉയര്‍ന്ന കുതിരശക്തിയുള്ള ഇലക്ട്രിക് ലോക്കൊമോട്ടിവ് ഇന്ത്യയില്‍ നിര്‍മ്മിച്ചില്ലായിരുന്നുവെങ്കില്‍ ആദ്യത്തെ ഡബിള്‍ സ്റ്റാക്ക് ട്രെയിന്‍ ഇന്ത്യയില്‍ ഓടുമായിരുന്നോ. ഇന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആധുനിക ട്രെയിനുകള്‍ ഓരോന്നും ഇന്ത്യന്‍ റെയില്‍വെയുടെ ഭാഗമാണ്.
സഹോദരി സഹോദരന്മാരെ,
ഇന്ന് നാം ഇന്ത്യന്‍ റെയില്‍വെയുടെ പരിവര്‍ത്തനം ലക്ഷ്യമാക്കി നിങ്ങുമ്പോള്‍ ഉന്നത വൈദഗ്ധ്യമുള്ള പ്രത്യേക മനുഷ്യശേഷിയും ഉദ്യോഗസ്ഥരും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വദോദ്രയില്‍ രാജ്യത്തെ പ്രഥമ ഡീംഡ് റെയില്‍വെ സര്‍വ്വകലാശാല സ്ഥാപിച്ചതിന്റെ പിന്നിലെ ലക്ഷ്യം ഇതാണ്. റെയില്‍വെയ്ക്കു വേണ്ടി ഇത്ര ബൃഹത്തായ സ്ഥാപനം നിര്‍മ്മിക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എല്ലാ തരത്തിലുമുള്ള ഗവേഷണങ്ങളും പരിശീലനങ്ങളും ഇവിടെ ലഭ്യമാണ്. ഇരുപതു സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു യുവാക്കളാണ് ഇവിടെ ഇന്ത്യന്‍ റെയില്‍വെയുടെ വര്‍ത്തമാനവും ഭാവിയും മെച്ചപ്പെടുത്തുന്നതിന് ഇവിടെ പരിശീലനം നേടുന്നത്. ഇവിടെ നടക്കുന്ന കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും ഇന്ത്യന്‍ റെയില്‍വെയുടെ ആധുനികവത്ക്കരണത്തിന് സഹായകരമാകും. രാജ്യത്തിന്റെ വികസന പാളത്തിന് ഇന്ത്യന്‍ റെയില്‍വെ തുടര്‍ന്നും ആക്കം കൂട്ടും എന്ന ആശംസയോടെ ഗുജറാത്ത് ഉള്‍പ്പെടെ മുഴുവന്‍ രാജ്യത്തിനും ആധുനിക റെയില്‍വെ സൗകര്യങ്ങളുടെ പേരില്‍ ഞാന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. വിവിധ ഭാഷകള്‍ സംസാരിക്കുകയും വിവിധ വേഷങ്ങള്‍ ധരിക്കുകയും ചെയ്യുന്ന ജനസഞ്ചയം ഇന്ത്യയുടെ ഓരോ കോണിലും മൂലയിലും നിന്ന് ഏകതാ പ്രതിമയുടെ ഈ പുണ്യഭൂമി സന്ദര്‍ശിക്കുമ്പോള്‍ ചെറിയ ഇന്ത്യയുടെ രൂപത്തില്‍ രാജ്യത്തിന്റെ ഏകത നമുക്കു ദൃശ്യമാകും. ഇതാണ് സര്‍ദാര്‍ സാഹിബ് വിഭാവനം ചെയ്ത ഏക ഭാരതം ശ്രേഷ്ഠ ഭാരതം. കെവാദിയയ്ക്ക് ഈ ദിനം സുദിനമാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നടത്തിയ തുടര്‍ ശ്രമങ്ങളില്‍ പുതിയ അധ്യായം രചിക്കപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ കൂടി എല്ലാവരെയും അഭിനന്ദിക്കുന്നു. വളരെ നന്ദി.
വളരെ വളരെ നന്ദി.