നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം! ആദ്യമായി, ചില പുതിയ ഉത്തരവാദിത്തങ്ങളുള്ള ആളുകളെ പരിചയപ്പെടുത്തട്ടെ, എന്തെന്നാല്‍ അത് നിങ്ങള്‍ക്കും ഗുണമുളളതായിരിക്കും. അടുത്തിടെ നമ്മുടെ പുതിയ ആരോഗ്യമന്ത്രിയായ ശ്രീ മൻസുഖ് ഭായി മാണ്ഡവ്യ, അദ്ദേഹത്തോടൊപ്പം സഹമന്ത്രിയായ ഡോ. ഭാരതി പവാര്‍ജിയും ഇരിക്കുന്നുണ്ട്. അവര്‍ നമ്മുടെ ആരോഗ്യ വകുപ്പില്‍ സഹമന്ത്രിയായ (എം.ഒ.എസ്) ആയി പ്രവര്‍ത്തിക്കുകയാണ്. നിങ്ങളുമായി പതിവായി ഇടപഴകുന്നത് തുടരുന്ന രണ്ട് ആളുകള്‍ കൂടി ഉണ്ട്; ഡോണര്‍(വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള വകുപ്പ്) മന്ത്രാലയത്തിന്റെ പുതിയ മന്ത്രി, ശ്രീ കിഷന്‍ റെഡ്ഡി ജി, അദ്ദേഹത്തോടൊപ്പം ഇരിക്കുന്ന സഹമന്ത്രി ശ്രീ ബി. വർമ്മാജി എന്നിവരാണ് അവര്‍. ഈ ആമുഖം നിങ്ങള്‍ക്കും അനിവാര്യമാണ്.
സുഹൃത്തുക്കളെ,
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചില നൂതന ആശയങ്ങളും പദ്ധതികളുമായി കൊറോണയെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ എല്ലാവരും നടത്തുന്ന കഠിനമായി പരിശ്രമിക്കുന്നതിനെക്കുറിച്ചും അതിലൂടെ നിങ്ങള്‍ കൈവരിച്ചതെന്താണെന്നും നിങ്ങള്‍ വിശദമായി വിവരിച്ചിട്ടുണ്ട്. നിങ്ങള്‍, മുഴുവന്‍ രാജ്യവും, പ്രത്യേകിച്ച് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും, കഴിഞ്ഞ ഒന്നര വര്‍ഷമായി അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് വിശ്രമരഹിതരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വടക്കുകിഴക്കിന്റെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ക്കിടയിലും, പരിശോധനയ്ക്കും ചികിത്സയ്ക്കും മുതല്‍ വാക്‌സിനേഷനു വരെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിങ്ങള്‍ ഒരുക്കിയ രീതി... നാല് സംസ്ഥാനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിലും.
എന്നാല്‍ ബാക്കിയുള്ളവ വലിയ സംവേദനക്ഷമതയോടെ (മരുന്നു സൂക്ഷിക്കുന്ന ചെറുകുപ്പികള്‍) പാഴാക്കുന്നത് ഒരു പരിധി വരെ തടഞ്ഞു. നിങളും ഓരോ മരുന്നുകുപ്പിയും പരമാവധി ഉപയോഗിച്ചു. ഞാന്‍ നിങ്ങളുടെ പരിശ്രമങ്ങളെ പ്രത്യേകിച്ച് വാക്‌സിനേഷന്‍ വളരെ പ്രധാനമായതിനാല്‍ തങ്ങളുടെ കഴിവുകളും സംവേദനക്ഷമതയും ഉപയോഗിച്ച് അത് കൈകാര്യം ചെയ്ത നമ്മുടെ മെഡിക്കല്‍ മേഖലയിലെ ആളുകളെ ഞാന്‍ അഭിനന്ദിക്കുന്നു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു, ചില വീഴ്ചകള്‍ വന്ന നാല് സംസ്ഥാനങ്ങളില്‍പ്പോലും ഇത് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും നല്ല ബോദ്ധ്യമുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വിവിധ ഗവണ്‍മെന്റുകള്‍ ഒന്നിച്ച് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലങ്ങളും പ്രകടമാണ്. എന്നാല്‍ വടക്കുകിഴക്കിലെ ചില ജില്ലകളില്‍ രോഗബാധയുടെ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഈ സൂചനകള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് മാത്രമല്ല ആളുകള്‍ളോട് നിരന്തരമായി ജാഗ്രത പാലിക്കാന്‍ പറയുകയും ചെയ്യണം. രോഗബാധ പടരുന്നത് തടയുന്നതിനായി മൈക്രോ ലെവലില്‍ (സൂക്ഷ്മതലത്തില്‍) കൂടുതല്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ലോക്ക്ഡൗണിന്റെ പാത താന്‍ തെരഞ്ഞെടുത്തിട്ടില്ലെന്നും പകരമായി, 6,000 ല്‍ അധികം മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍ സൃഷ്ടിച്ച് മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ഹിമന്താജി പറഞ്ഞതുപോലെ. ഇത്തരത്തില്‍ ഉത്തരവാദിത്ത്വം നിശ്ചയിച്ച് നല്‍കാനാകും. ആ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന്റെ ചുമതലയുള്ള വ്യക്തിയോട് അവിടെ എങ്ങനെ തെറ്റുപറ്റിയെന്നോ അല്ലെങ്കില്‍ അത് എങ്ങനെ ശരിയായി നടന്നുവെന്നോ നമുക്ക് ചോദിക്കാന്‍ കഴിയും. അതിനാല്‍, മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍ക്ക് നമ്മള്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയാല്‍, നമുക്ക് ഈ അവസ്ഥയില്‍ നിന്ന് വേഗം പുറത്തുവരാനാകും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ നമ്മള്‍ നേടിയെടുത്ത അനുഭവങ്ങളും നമ്മള്‍ കണ്ട മികച്ച രീതികളും നമ്മള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നൂതന രീതികളും തെരഞ്ഞെടുത്തു. നിങ്ങളുടെ സംസ്ഥാനത്ത് ഈ സാഹചര്യങ്ങളെ വളരെ നൂതനമായ രീതിയില്‍ കൈകാര്യം ചെയ്തിരുന്ന ചില ജില്ലകളും ചില ഗ്രാമങ്ങളും ചില ഉദ്യോഗസ്ഥരും ഉണ്ടാകുമായിരിക്കും. ഈ മികച്ച രീതികള്‍ നമ്മള്‍ തിരിച്ചറിഞ്ഞ് അവ പരസ്യപ്പെടുത്തിയാല്‍ നമ്മള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളെ,
കൊറോണ വൈറസിന്റെ ഓരോ വകഭേദത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം ഇത് പൂര്‍ണ്ണമായും നാനാരൂപം നേടാനാകുന്നത് (പോളിമോര്‍ഫിക്)ആണ്. അത് പതിവായി അതിന്റെ രൂപം മാറുകയും, അതിന്റെ ഫലമായി അത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നതുകൊണ്ട് ഓരോ വകഭേദത്തിനേയും നമ്മള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. മ്യൂട്ടേഷനു(രൂപപരിണാമം)ശേഷവും ഇത് എത്രത്തോളം വിനാശകരമാകുന്നെന്നതിനെക്കുറിച്ച് വിദഗ്ദ്ധര്‍ നിരന്തരമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മാറ്റങ്ങളേയും മുഴുവന്‍ ടീമും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, പ്രതിരോധവും ചികിത്സയും വളരെ പ്രധാനമാണ്. നമ്മുടെ മുഴുവന്‍ ഊര്‍ജ്ജവും ഈ രണ്ട് നടപടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രണ്ട് അടി ദൂരം പരിപാലിക്കുകയും മാസ്‌ക് ധരിക്കുകയും വാക്‌സിനേഷന്‍ എടുക്കുകയും ചെയ്താല്‍ വൈറസിന്റെ തീവ്രത ദുര്‍ബലമാകും; കഴിഞ്ഞ ഒന്നര വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് നമ്മള്‍ ഇത് കണ്ടതാണ്. പരിശോധന, കണ്ടെത്തല്‍, ചികിത്സ എന്നീ തന്ത്രങ്ങള്‍ തുടരുകയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്താല്‍ കൂടുതല്‍ ജീവനുകളെ രക്ഷിക്കാന്‍ നമ്മള്‍ക്ക് കഴിയും. ലോകമെമ്പാടുമുള്ള അനുഭവങ്ങളില്‍ നിന്ന് ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്, അതിനാല്‍ കൊറോണ പ്രതിരോധത്തിനായി ഉണ്ടാക്കിയ ചട്ടങ്ങള്‍ പാലിക്കാന്‍ ഓരോ പൗരനെയും നമ്മള്‍ നിരന്തരം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പൗരസമൂഹത്തെയും മതസംഘടനകളുടെ തലവന്മാരെയും ഇതില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും നമ്മള്‍ നടത്തേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
കൊറോണ കാരണം ടൂറിസവും വ്യാപാരവും ബിസിനസുകളും വളരെയധികം ബാധിക്കപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഹില്‍ സ്‌റ്റേഷനുകളും മാര്‍ക്കറ്റുകളും സന്ദര്‍ശിക്കുന്ന ആളുകള്‍ മാസ്‌ക് ധരിക്കുന്നില്ലെന്നതും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നതും ആശങ്കാജനകമാണെന്ന് ഇന്ന് ഞാന്‍ ഊന്നിപ്പറയുന്നു. ഇത് ശരിയല്ല. ഈ വാദം പലതവണയായി നമ്മള്‍ കേള്‍ക്കുന്നുവെന്നും മൂന്നാം തരംഗം വരുന്നതിനു മുമ്പ് ഞങ്ങള്‍ ഇത് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചിലര്‍ അഭിമാനത്തോടെ പറയുന്നു. മൂന്നാമത്തെ തരംഗം സ്വയംവരികയില്ലെന്ന് ജനങ്ങളോട് വിശദീകരിക്കേണ്ടത് പ്രധാനമാണ്. മൂന്നാമത്തെ തരംഗത്തിന് വേണ്ടി എന്ത് തയ്യാറെടുപ്പുകള്‍ നടത്തിയെന്ന് ചിലപ്പോള്‍ ആളുകള്‍ ചോദിക്കാറുണ്ട്. മൂന്നാം തരംഗത്തിനായി നിങ്ങള്‍ എന്തു ചെയ്യും? വാസ്തവത്തില്‍, മൂന്നാം തരംഗത്തെ എങ്ങനെ തടയാം എന്നതാണ് നമ്മള്‍ സ്വയം ചോദിക്കേണ്ട ചോദ്യം. നമ്മുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എങ്ങനെ കാര്യക്ഷമമായി നടപ്പാക്കാം? കൊറോണ സ്വയമായി വരുന്ന ഒന്നല്ല, അത് ആളുകള്‍ കൊണ്ടുവരുന്നതാണ്. അതിനാല്‍, ഇവയെ നാം തുല്യമായി ശ്രദ്ധിക്കുകയാണെങ്കില്‍, മൂന്നാമത്തെ തരംഗത്തേയും തടയാന്‍ നമുക്ക് കഴിയും. മൂന്നാമത്തെ തരംഗം വന്നാല്‍ നമ്മള്‍ എന്തുചെയ്യും എന്നത് മറ്റൊരു വിഷയമാണ്. അതിനെ എങ്ങനെ തടയാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിനാല്‍, നമ്മുടെ പൗരന്മാര്‍ ജാഗ്രത, അവധാനത, കോവിഡ് അനുഗുണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യരുത്. അശ്രദ്ധ, അവഗണന, തിരക്ക് എന്നിവ കാരണം കൊറോണ രോഗബാധയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുകയാണ്. അതിനാല്‍, എല്ലാ തലത്തിലും ആവശ്യമായ എല്ലാ നടപടികളും ഗൗരവമായി എടുക്കേണ്ടത് സുപ്രധാനമാണ്. ആളുകള്‍ തിങ്ങിക്കൂടുന്ന പരിപാടികള്‍ തടയാന്‍ നമ്മള്‍ ശ്രമിക്കണം.
സുഹൃത്തുക്കളെ,
കേന്ദ്രഗവണ്‍മെന്റ് നടത്തുന്ന ''എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍'' സംഘടിതപ്രവര്‍ത്തനത്തില്‍ വടക്കുകിഴക്കനും തുല്യ പ്രാധാന്യമുണ്ട്. മൂന്നാം തരംഗത്തെ നേരിടാന്‍ വാക്‌സിനേഷന്‍ പ്രക്രിയ നമുക്ക് ത്വരിതപ്പെടുത്തേണ്ടതുണ്ട്. വാക്‌സിനേഷന്‍ സംബന്ധിച്ച കെട്ടുകഥകള്‍ ഇല്ലാതാക്കാന്‍ സാമൂഹിക, സാംസ്‌കാരിക, മത, വിദ്യാഭ്യാസം, എന്നിമേഖലകളില്‍ നിന്നുള്ള ആളുകളേയും പ്രശസ്തരേയും നമ്മള്‍ ഉള്‍പ്പെടുത്തണം. അവസാന ലക്ഷ്യംവരെ അവരെക്കൊണ്ട് പരസ്യംചെയ്യിക്കുകയും ജനങ്ങളെ അണിനിരത്തുകയും വേണം. ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ, വാക്‌സിനേഷന്റെ കാര്യത്തില്‍ വടക്കുകിഴക്കലെ ചില സംസ്ഥാനങ്ങളുടേത് ശ്രദ്ധേയ പ്രവര്‍ത്തനമാണ്. കൊറോണ രോഗബാധ പടരാന്‍ കൂടുതല്‍ സാധ്യതയുള്ളിടത്ത് വാക്‌സിനേഷന് കൂടുതല്‍ ഊന്നല്‍ നല്‍കണം.
സുഹൃത്തുക്കളെ,
പരിശോധനയും ചികിത്സയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ഇക്കാര്യത്തിനായി അടുത്തിടെ മന്ത്രിസഭ 23,000 കോടി രൂപയുടെ പുതിയ പാക്കേജിന് അംഗീകാരം നല്‍കി. വടക്കുകിഴക്കിലെ എല്ലാ സംസ്ഥാനങ്ങളുടെയും ആരോഗ്യ പശ്ചാത്തലസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഈ പാക്കേജ് സഹായിക്കും. ഈ പാക്കേജ് വടക്കുകിഴക്കിലെ പരിശോധന, രോഗനിര്‍ണ്ണയം, ജീനോം സീക്വന്‍സിംഗ് എന്നിവയ്ക്ക് വലിയ ഉത്തേജനം നല്‍കും. കേസുകള്‍ വര്‍ദ്ധിക്കുന്നിടത്ത് ഐ.സി.യു കിടക്കകളുടെ കാര്യശേഷി വേഗത്തില്‍ വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. പ്രത്യേകിച്ച്, ഓക്‌സിജനും ശിശുരോഗ സംരക്ഷണവുമായി ബന്ധപ്പെട്ട പശ്ചാത്തലസൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് നമ്മള്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കേണ്ടതുണ്ട്. പി.എം കെയേഴ്‌സ് വഴി രാജ്യത്തുടനീളം നൂറുകണക്കിന് പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ട്, ഇക്കാര്യത്തിലെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ എല്ലാ മുഖ്യമന്ത്രിമാരും വലിയ സംതൃപ്തി പ്രകടിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഏകദേശം 150 പ്ലാന്റുകള്‍ വടക്കുകിഴക്കിനായി 150 അംഗീകരിച്ചിട്ടുണ്ട്. ഇവ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും തടസ്സങ്ങളൊന്നും ഉണ്ടാകരുതെന്നും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും, അതോടൊപ്പം വിദഗ്ദ്ധരായ മനുഷ്യശക്തി തയാറാക്കുകയും ചെയ്താല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നവും അഭിമുഖീകരിക്കേണ്ടിവരില്ല. വടക്കുകിഴക്കിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കേണ്ടതും വളരെ പ്രധാനമാണ്. തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ മറ്റൊരു പ്രധാന വിഷയമുണ്ട്, അത് പരിശീലനം ലഭിച്ച മനുഷ്യശക്തിയാണ്. പുതതായി സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്റുകള്‍, നിര്‍മ്മിക്കുന്ന ഐ.സി.യു ബ്ലോക്ക് തലത്തിലെ ആശുപത്രികളില്‍ എത്തിക്കുന്ന പുതിയ യന്ത്രങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച മനുഷ്യശക്തി ആവശ്യമാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രഗവണ്‍മെന്റ് നല്‍കും.
സുഹൃത്തുക്കളെ,
ഇന്ന് രാജ്യത്തുടനീളം പ്രതിദിനം 20 ലക്ഷത്തിലധികം പരിശോധനകള്‍ നടത്താനുള്ള ശേഷിയില്‍ നമ്മള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വടക്കുകിഴക്കിലെ എല്ലാ ജില്ലകളിലും, പ്രത്യേകിച്ച് ഗുരുതരമായി ബാധിച്ച ജില്ലകളില്‍, മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധന പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അത് മാത്രമല്ല, ക്രമരഹിതമായ പരിശോധനയ്‌ക്കൊപ്പം, €സ്‌റ്റേര്‍ഡ് ബ്ലോക്കുകളിലെ വളരെ ഉത്സാഹത്തോടെയുള്ള സജീവമായ പരിശോധനയ്ക്കുവേണ്ട നടപടികളും നമ്മള്‍ കൈക്കൊള്ളണം. നമ്മുടെ കൂട്ടായ പരിശ്രമത്തോടെയും രാജ്യത്തെ ജനങ്ങളുടെ സഹകരണത്തോടെയും കൊറോണ രോഗബാധയെ തടയാന്‍ നമ്മള്‍ക്ക് തീര്‍ച്ചയായും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്ന് വടക്കുകിഴക്കിലെ വളരെ പ്രത്യേകമായ വിഷയങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ നമുക്ക് കഴിഞ്ഞു. വടക്കുകിഴക്കിലെ കൊറോണ അണുബാധയില്‍ കാണപ്പെടുന്ന ചെറിയ വളര്‍ച്ച തടയാന്‍ വരും ദിവസങ്ങളില്‍ നമ്മുടെ മുഴുവന്‍ ടീമും പ്രവര്‍ത്തിക്കുമെന്നും അതില്‍ നമുക്ക് വിജയം നേടാനാകുമെന്നും എനിക്ക് ഉറപ്പുണ്ട്, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍കൂടി വളരെയധികം നന്ദി! ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും നല്ലത് നേരുകയും വടക്കുകിഴക്കിലെ എന്റെ സഹോദരീസഹോദരന്മാര്‍ ഉടന്‍ തന്നെ കൊറോണയില്‍ നിന്ന് മോചിതരാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.