എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഭൂതകാലത്തെ തിരുത്താനും പുതിയ ഭാവി കെട്ടിപ്പടുക്കാനും കാലചക്രം നമുക്ക് അവസരം നല്‍കുന്ന ഇത്തരം സന്ദര്‍ഭങ്ങളെ മനുഷ്യരാശി അപൂര്‍വ്വമായി മാത്രമാണ് അഭിമുഖീകരിക്കുന്നത്. ഭാഗ്യവശാല്‍, അത്തരമൊരു നിമിഷം ഇന്ന് നമ്മുടെ മുന്നിലുണ്ട്. ദശാബ്ദങ്ങള്‍ക്കുമുമ്പ് തകര്‍ന്നതും വംശനാശം സംഭവിച്ചതുമായ ജൈവവൈവിധ്യത്തിന്റെ പഴക്കമേറിയ ബന്ധം പുനഃസ്ഥാപിക്കാന്‍ ഇന്ന് നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ മണ്ണിലേക്ക് ചീറ്റപ്പുലികള്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ ചീറ്റപ്പുലികള്‍ക്കൊപ്പം, ഇന്ത്യയുടെ പ്രകൃതിസ്‌നേഹ ബോധവും പൂര്‍ണ്ണ ശക്തിയോടെ ഉണര്‍ന്നുവെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ചരിത്ര നിമിഷത്തില്‍ എല്ലാ ദേശവാസികളെയും ഞാന്‍ അഭിനന്ദിക്കുന്നു.
പ്രത്യേകിച്ചും, ചീറ്റപ്പുലികള്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനു പിന്‍തുണയേകിയ നമ്മുടെ സുഹൃദ്‌രാജ്യമായ നമീബിയയ്ക്കും അതിന്റെ ഗവണ്‍മെന്റിനും ഞാന്‍ നന്ദി പറയുന്നു.
ഈ പുള്ളിപ്പുലികള്‍ പ്രകൃതിയോടുള്ള നമ്മുടെ കടമകളെ കുറിച്ച് നമ്മെ ബോധവാന്മാരാക്കുക മാത്രമല്ല, നമ്മുടെ മാനുഷിക മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
നമ്മുടെ വേരുകളില്‍ നിന്ന് അകന്നുപോകുമ്പോള്‍, നമുക്ക് ഒരുപാട് നഷ്ടം സംഭവിക്കും. അതുകൊണ്ട്, 'നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുക', 'അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്നുള്ള മോചനം' തുടങ്ങിയ 'പഞ്ചപ്രാണ'ങ്ങളുടെ (അഞ്ച് പ്രതിജ്ഞകളുടെ) പ്രാധാന്യം ഈ സ്വാതന്ത്ര്യത്തിന്റെ 'അമൃതകാല'ത്തില്‍ നാം ആവര്‍ത്തിച്ചു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍, പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അധികാരത്തിന്റെയും ആധുനികതയുടെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്ന കാലവും നാം കണ്ടു. 1947-ല്‍ അവസാനത്തെ മൂന്ന് പുള്ളിപ്പുലികള്‍ മാത്രം രാജ്യത്ത് അവശേഷിച്ചപ്പോള്‍, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവയും ദയാരഹിതമായും നിരുത്തരവാദപരമായും വനങ്ങളില്‍ വേട്ടയാടപ്പെട്ടു. 1952-ല്‍ പുള്ളിപ്പുലികള്‍ക്കു രാജ്യത്ത് വംശനാശം സംഭവിച്ചതായി നാം പ്രഖ്യാപിച്ചത് നിര്‍ഭാഗ്യകരമാണ്. എന്നു മാത്രമല്ല, അവയെ പുനരധിവസിപ്പിക്കാന്‍ ദശാബ്ദങ്ങളായി അര്‍ത്ഥവത്തായ ഒരു ശ്രമവും നടന്നില്ല.
ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 'അമൃത കാല'ത്തില്‍ പുതിയ ഊര്‍ജത്തോടെ പുള്ളിപ്പുലികളെ പുനരധിവസിപ്പിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. മരിച്ചവരെപ്പോലും പുനരുജ്ജീവിപ്പിക്കാന്‍ 'അമൃത' (അമൃത്) ശക്തിയുണ്ട്. കടമയുടെയും വിശ്വാസത്തിന്റെയും ഈ 'അമൃത്' നമ്മുടെ പാരമ്പര്യത്തെയും പൈതൃകത്തെയും പുനരുജ്ജീവിപ്പിക്കുന്നു എന്നതിലും സ്വാതന്ത്ര്യത്തിന്റെ 'അമൃത കാല'ത്തില്‍ പുള്ളിപ്പുലികള്‍ ഇന്ത്യയുടെ മണ്ണില്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നു എന്നതിലും എനിക്ക് സന്തോഷമുണ്ട്.
വര്‍ഷങ്ങളുടെ കഠിനാധ്വാനം അതില്‍ ഉള്‍പ്പെട്ടിരുന്നു. രാഷ്ട്രീയമായി ആരും പ്രാധാന്യം നല്‍കാത്ത അത്തരമൊരു സംരംഭത്തിനായി നാം വളരെയധികം ഊര്‍ജ്ജം ചെലുത്തി. ഇതുമായി ബന്ധപ്പെട്ട് വിശദമായ പുള്ളിപ്പുലി കര്‍മപദ്ധതി തയ്യാറാക്കി. ദക്ഷിണാഫ്രിക്കന്‍, നമീബിയന്‍ വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് നമ്മുടെ ശാസ്ത്രജ്ഞര്‍ വിപുലമായ ഗവേഷണം നടത്തി. നമ്മുടെ സംഘാംഗങ്ങള്‍ നമീബിയയിലേക്ക് പോയി, അവിടെ നിന്നുള്ള വിദഗ്ധര്‍ ഇന്ത്യയിലേക്ക് വരികയും ചെയ്തു. ചീറ്റപ്പുലികള്‍ക്ക് ഏറ്റവും അനുയോജ്യമായ ആവാസ വ്യവസ്ഥയ്ക്കായി രാജ്യത്തുടനീളം ശാസ്ത്രീയ സര്‍വേകള്‍ നടത്തി. തുടര്‍ന്ന് ഈ ശുഭകരമായ തുടക്കത്തിനായി കുനോ നാഷണല്‍ പാര്‍ക്ക് തിരഞ്ഞെടുത്തു. നമ്മുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
സുഹൃത്തുക്കളെ,
പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുമ്പോള്‍ നമ്മുടെ ഭാവി സുരക്ഷിതമാണ് എന്നത് സത്യമാണ്. വളര്‍ച്ചയുടെയും സമൃദ്ധിയുടെയും വഴികളും തുറക്കുന്നു. കുനോ ദേശീയ പാര്‍ക്കില്‍ പുള്ളിപ്പുലികള്‍ വീണ്ടും കുതിക്കുമ്പോള്‍, പുല്‍മേടുകളുടെ പരിസ്ഥിതി വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടുകയും ജൈവ വൈവിധ്യം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും. വരും ദിവസങ്ങളില്‍ പാരിസ്ഥിതിക വിനോദ സഞ്ചാരവും ഇവിടെ സജീവമാകും. വികസനത്തിന്റെ പുതിയ സാധ്യതകള്‍ ഇവിടെ ഉയരും, തൊഴിലവസരങ്ങള്‍ വര്‍ധിക്കും. എന്നാല്‍ സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ എല്ലാ നാട്ടുകാരോടും ഒരു അഭ്യര്‍ത്ഥന നടത്താന്‍ ആഗ്രഹിക്കുന്നു. കുനോ ദേശീയ പാര്‍ക്കില്‍ പുള്ളിപ്പുലികളെ തുറന്നുവിടുന്നത് കാണാന്‍ ജനങ്ങള്‍ ക്ഷമ കാണിക്കുകയും കുറച്ച് മാസം കാത്തിരിക്കുകയും വേണം. ഇന്ന് ഈ പുലികള്‍ അതിഥികളായി വന്നതിനാല്‍ ഈ പ്രദേശത്തെക്കുറിച്ച് അറിയില്ല. കുനോ ദേശീയ പാര്‍ക്ക് അവരുടെ വാസസ്ഥലമാക്കാന്‍ ഈ പുലികളെ പ്രാപ്തമാക്കാന്‍ നാം ഏതാനും മാസത്തെ സമയം നല്‍കണം. അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഈ പുള്ളിപ്പുലികളെ കുടിയിരുത്താന്‍ ഇന്ത്യ പരമാവധി ശ്രമിക്കുന്നു. നമ്മുടെ ശ്രമങ്ങള്‍ പരാജയപ്പെടാന്‍ അനുവദിക്കരുത്.
സുഹൃത്തുക്കളെ,
ഇന്ന്, ലോകം പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ സുസ്ഥിര വികസനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. എന്നാല്‍ പ്രകൃതിയും പരിസ്ഥിതിയും മൃഗങ്ങളും പക്ഷികളും ഇന്ത്യയുടെ സുസ്ഥിരതയും സുരക്ഷിതത്വവും മാത്രമല്ല. നമ്മെ സംബന്ധിച്ചിടത്തോളം അവയാണ് നമ്മുടെ സംവേദനക്ഷമതയുടെയും ആത്മീയതയുടെയും അടിസ്ഥാനം. 'സര്‍വം ഖല്‍വിദം ബ്രഹ്മ' എന്ന മന്ത്രത്തില്‍ സാംസ്‌കാരിക അസ്തിത്വം നിലനിര്‍ത്തുന്നവരാണ് നമ്മള്‍. ലോകത്തിലെ മൃഗങ്ങള്‍, പക്ഷികള്‍, മരങ്ങള്‍, ചെടികള്‍, വേരുകള്‍, ബോധം തുടങ്ങി എല്ലാം ദൈവത്തിന്റെ രൂപമാണ്. അവ നമ്മുടെ സ്വന്തം വികാസമാണ്. നാം പറയാറുണ്ട്:
'परम् परोपकारार्थम्
यो जीवति स जीवति'।
അതായത്, യഥാര്‍ത്ഥ ജീവിതം സ്വന്തം നേട്ടങ്ങള്‍ മാത്രം കണക്കിലെടുക്കുന്നതല്ല. ദാനധര്‍മ്മങ്ങള്‍ക്കായി ജീവിക്കുന്നവരാണ് യഥാര്‍ത്ഥ ജീവിതം നയിക്കുന്നത്. സ്വന്തം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വേണ്ടിയുള്ള ഭക്ഷണം നാം നല്‍കാന്‍ കാരണം ഇതാണ്. നമുക്ക് ചുറ്റും ജീവിക്കുന്ന ഏറ്റവും ചെറിയ ജീവികളെപ്പോലും പരിപാലിക്കാനാണു നമ്മെ പഠിപ്പിക്കുന്നത്. ഏതെങ്കിലും ജീവി പെട്ടെന്ന് മരിച്ചാല്‍ കുറ്റബോധം കൊണ്ട് നിറയുന്നതാണ് നമ്മുടെ ധാര്‍മ്മികത. എന്നിരിക്കെ, നമ്മള്‍ കാരണം ഒരു ജീവിവര്‍ഗത്തിന്റെ മുഴുവന്‍ അസ്തിത്വവും നഷ്ടപ്പെട്ടാല്‍ എങ്ങനെ സഹിക്കും?
കേട്ടറിഞ്ഞ് വളര്‍ന്നു വരുന്ന പുള്ളിപ്പുലികള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ തങ്ങളുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് പോലും അറിയാത്ത എത്ര കുട്ടികള്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ഇന്ന്, ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും ഇറാനിലും പുള്ളിപ്പുലികള്‍ കാണപ്പെടുന്നു, എന്നാല്‍ ഇന്ത്യ വളരെക്കാലം മുമ്പ് തന്നെ പുള്ളിപ്പുലികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. സമീപഭാവിയില്‍ കുട്ടികള്‍ക്ക് ഈ വിരോധാഭാസത്തിലൂടെ കടന്നുപോകേണ്ടിവരില്ല. കുനോ ദേശീയ പാര്‍ക്കില്‍ സ്വന്തം രാജ്യത്ത് ചീറ്റപ്പുലികള്‍ കുതിക്കുന്നത് അവര്‍ക്ക് കാണാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് നമ്മുടെ വനത്തിലും ജീവിതത്തിലും വലിയൊരു ശൂന്യതയാണ് ചീറ്റപ്പുലികളിലൂടെ നികത്തപ്പെടുന്നത്.
സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടിലെ ഇന്ത്യ ഇന്ന് സമ്പദ്വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും പരസ്പരം വിരുദ്ധമല്ലെന്ന സന്ദേശം ലോകത്തിന് മുഴുവന്‍ നല്‍കുന്നു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നാടിന്റെ പുരോഗതിയും സാധ്യമാകും. ഇന്ത്യ ഇത് ലോകത്തിന് കാണിച്ചുകൊടുത്തു. ഇന്ന്, ഒരു വശത്ത്, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ് നമ്മള്‍. അതേ സമയം, രാജ്യത്തെ വനമേഖലകളും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു.
സുഹൃത്തുക്കളെ,
2014-ല്‍ നമ്മുടെ ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടതിനുശേഷം രാജ്യത്ത് 250 ഓളം പുതിയ സംരക്ഷിത മേഖലകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇവിടെ ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ന് രാജ്യത്തെ ഏഷ്യന്‍ സിംഹങ്ങളുടെ ഒരു പ്രധാന ആവാസ കേന്ദ്രമായി ഗുജറാത്ത് മാറിയിരിക്കുന്നു. പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിനും ഗവേഷണാധിഷ്ഠിത നയങ്ങള്‍ക്കും പൊതു പങ്കാളിത്തത്തിനും ഇതിനു പിന്നില്‍ വലിയ പങ്കുണ്ട്. ഞാന്‍ ഓര്‍ക്കുന്നു, ഞങ്ങള്‍ ഗുജറാത്തില്‍ ഒരു പ്രതിജ്ഞയെടുത്തു - 'ഞങ്ങള്‍ വന്യമൃഗങ്ങളോടുള്ള ബഹുമാനം മെച്ചപ്പെടുത്തും, സംഘര്‍ഷം കുറയ്ക്കും'.
ആ സമീപനത്തിന്റെ ഫലമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. രാജ്യത്ത് കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യവും നാം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഒരു കാലത്ത് അസമില്‍ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ നിലനില്‍പ്പ് ഭീഷണിയായിരുന്നെങ്കിലും ഇന്ന് അവയുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആനകളുടെ എണ്ണവും 30,000-ത്തിലേറെയായി വര്‍ദ്ധിച്ചു.
സഹോദരീ സഹോദരന്മാരേ,
പ്രകൃതിയുടെയും പരിസ്ഥിതിയുടെയും വീക്ഷണകോണില്‍ നിന്ന് രാജ്യത്ത് നടന്ന മറ്റൊരു പ്രധാന ജോലി തണ്ണീര്‍ത്തടങ്ങളുടെ വ്യാപനമാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതവും ആവശ്യങ്ങളും തണ്ണീര്‍ത്തട പരിസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു. ഇന്ന് രാജ്യത്തെ 75 തണ്ണീര്‍ത്തടങ്ങള്‍ റാംസര്‍ സൈറ്റുകളായി പ്രഖ്യാപിച്ചു, അതില്‍ 26 സ്ഥലങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഈ ശ്രമങ്ങളുടെ ഫലം വരും നൂറ്റാണ്ടുകളില്‍ ദൃശ്യമാകും. പുരോഗതിയുടെ പുതിയ പാതകള്‍ തുറക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഇന്ന് ആഗോള പ്രശ്നങ്ങളെയും പരിഹാരങ്ങളെയും നമ്മുടെ ജീവിതത്തെയും പോലും സമഗ്രമായ രീതിയില്‍ സമീപിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്ന് ഇന്ത്യ ഒരു മന്ത്രം ലൈഫ്, അതായത് പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി ലോകത്തിന് നല്‍കിയത്. രാജ്യാന്തര സൗരോര്‍ജ സഖ്യം പോലുള്ള ശ്രമങ്ങളിലൂടെ ഇന്ത്യ ഇന്ന് ലോകത്തിന് ഒരു വേദിയും കാഴ്ചപ്പാടും നല്‍കുന്നു. ഈ ശ്രമങ്ങളുടെ വിജയം ലോകത്തിന്റെ ദിശയും ഭാവിയും തീരുമാനിക്കും. അതിനാല്‍, ആഗോള വെല്ലുവിളികളെ നമ്മുടെ വ്യക്തിഗത വെല്ലുവിളികളായി കണക്കാക്കേണ്ട സമയമാണിത്, ലോകത്തിന്റെതല്ല. നമ്മുടെ ജീവിതത്തിലെ ഒരു ചെറിയ മാറ്റം മുഴുവന്‍ ഭൂമിയുടെയും ഭാവിയുടെ അടിസ്ഥാനമായി മാറും. ഇന്ത്യയുടെ പ്രയത്‌നങ്ങളും പാരമ്പര്യവും ഈ ദിശയിലേക്ക് മുഴുവന്‍ മനുഷ്യരാശിയെയും നയിക്കുമെന്നും മെച്ചപ്പെട്ട ലോകമെന്ന സ്വപ്നത്തിന് ശക്തി നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ട്.
ഈ വിശ്വാസത്തോടെ, ഈ ചരിത്രപരവും വിലപ്പെട്ടതുമായ സമയത്തിന് ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി പറയുന്നു. ഞാന്‍ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു.