യോഗിജി കാണിച്ചു തന്ന മാര്‍ഗം മുക്തിയുടേതല്ല, മറിച്ച് ആത്മാവിലേയ്ക്കുള്ള യാത്രയുടേതാണ്: പ്രധാനമന്ത്രി
ആദ്ധ്യാത്മികതയാണ് ഇന്ത്യയുടെ ശക്തി: പ്രധാനമന്ത്രി
ചിലര്‍ ആദ്ധ്യാത്മികതയെ മതവുമായി ബന്ധിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്: പ്രധാനമന്ത്രി മോദി
ഒരിക്കല്‍ ഒരാള്‍ക്ക് യോഗയില്‍ താല്‍്പര്യം ജനിക്കുകയും അഭ്യസിച്ചു തുടങ്ങുകയും ചെയ്താല്‍ തുടര്‍ന്നുള്ള അയാളുടെ ജീവിതത്തിന്റെ ഭാഗമായി അത് മാറും: പ്രധാനമന്ത്രി.
യോഗ കുടുംബത്തിലെ ആദരണീയരായ അംഗങ്ങളേ, ഇന്ന് മാര്‍ച്ച് 7 . ഇന്നേയ്ക്ക് കൃത്യം 65 വര്‍ഷങ്ങള്‍ക്കു മുമ്പാണ് യോഗാനന്ദ സ്വാമി തന്റെ ഭൗതിക ശരീരം ഈ ഭൂമിയില്‍ ഉപേക്ഷിക്കുകയും അതിനുള്ളില്‍ ബന്ധിതമായിരുന്ന ആത്മാവിനെ മോചിപ്പിക്കുകയും തലമുറകളുടെ വിശ്വാസമായി മാറുകയും ചെയ്തത്. ഇന്ന് ഈ സവിശേഷ സന്ദര്‍ഭത്തില്‍ ഞാനും ശ്രീ.ശ്രീ.മാതാജിയുടെ മുന്നില്‍ തല കുനിക്കുന്നു. കാരണം ഈ സമയത്ത് ലോസാഞ്ചലസില്‍ സമാനമായ പരിപാടിയില്‍ അവരും പങ്കെടുത്തുകൊണ്ടിരിക്കുകയാണ് എന്നു ഞാന്‍ മനസിലാക്കുന്നു.
സ്വാമിജി പറഞ്ഞതുപോലെ ലോകത്തിലെ 95 ശതമാനം ആളുകള്‍ക്കും യോഗിജിയുടെ ആത്മകഥ അവരുടെ മാതൃഭാഷയില്‍ തന്നെ വായിക്കാന്‍ സാധിക്കും. എന്നാല്‍ എന്റെ മനസില്‍ തറച്ച കാര്യം ഈ രാജ്യത്തെ കുറിച്ചോ, ഇവിടുത്തെ ഭാഷയെ കുറിച്ചോ, വേഷത്തെ കുറിച്ചോ ഒന്നും അറിയാത്ത ഒരാള്‍, യോഗിജിയെ വായിക്കാന്‍ പ്രലോഭിതനാകുന്നു എന്നതാണ്. എന്തുകൊണ്ടാണ് ഒരാള്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇതര ഭാഷയില്‍ പരിഭാഷപ്പെടുത്തി മറ്റുള്ളവരിലേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിനു കാരണം മറ്റൊന്നുമല്ല, ആദ്ധ്യാത്മിക അനുഭവമാണ്. ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ ലഭിക്കുന്ന അനുഗ്രഹങ്ങള്‍ പങ്കിടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതും ഇതു കൊണ്ടാണ്. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രസാദം ചെറിയ അളവിലാണെങ്കിലും പരമാവധി ആളുകള്‍ക്ക് വിതരണം ചെയ്യാനാണ് നാം അത് വീട്ടിലേയ്ക്കു കൊണ്ടു പോകുന്നത്. പ്രസാദം എന്റെതല്ല, അതു തയാറാക്കിയതും ഞാനല്ല. പക്ഷെ അത് വിശുദ്ധമാണ്. അതു പങ്കുവയ്ക്കുമ്പോള്‍ എനിക്ക് ഒരു പ്രത്യേക സംതൃ്പതി ലഭിക്കുന്നു.
പ്രസാദമായി നമുക്കു ലഭിക്കുന്ന യോഗിജിയുടെ വചനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ നാം അനുഭവിക്കുന്നത് സമാനമായ ആദ്ധ്യാത്മിക ആനന്ദമാണ്. ഇവിടെ നടക്കുന്നത് പരിത്രാണ മാര്‍ഗ്ഗത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. ഭാവി എന്ത് എന്ന് ആര്‍ക്കും അറിയില്ലല്ലോ എന്നു ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ യോഗിജിയുടെ യാത്ര പരിത്രാണ മാര്‍ഗ്ഗം മാത്രം കാണിക്കുന്നതല്ല, അതില്‍ തന്നെയുള്ള യാത്രയെക്കുറിച്ചാണ് അത് പറയുന്നത്. എത്ര ആഴത്തില്‍ പോയി അതില്‍ അലിഞ്ഞു ചേരാന്‍ നിങ്ങള്‍ക്കാകും? തെറ്റ് മനുഷ്യ സഹജമാണ്. ആദ്ധ്യാത്മികത നിത്യമായ സ്വര്‍ഗീയ പ്രയാണമാണ്. നമ്മുടെ മുനിമാര്‍, വിശുദ്ധര്‍, പണ്ഡിതര്‍, ആചാര്യന്മാര്‍ മുതല്‍ ധര്‍മ്മോപദേശകര്‍ വരെ ഈ യാത്രയുടെ കാലികവും വിജയകരവുമായ പൂര്‍ത്തീകരണം ഉറപ്പാക്കുന്നതിന് സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്. ഈ പാരമ്പര്യം ഇപ്പോഴും തുടരുന്നു, മാറ്റങ്ങളോടെ.
.
യോഗിജിയുടെ ജീവിതകാലം ഹ്രസ്വമായിരുന്നു. ഒരു പക്ഷെ അതിന് അതിന്റേതായ ആദ്ധ്യാത്മിക അര്‍ത്ഥ തലങ്ങള്‍ കാണുമായിരിക്കും. ഹഠയോഗയുടെ ശക്തനായ വക്താവായിരുന്നു യോഗിജി. ക്രിയ യോഗയിലേയ്ക്ക് അദ്ദേഹം എല്ലാവരെയും കൊണ്ടുവരാന്‍ ശ്രമിച്ചു. എല്ലാ യോഗകളിലും വച്ച് ക്രിയ യോഗയ്ക്ക് പ്രത്യേക സ്ഥാനമുണ്ട് എന്ന് ഇപ്പോള്‍ ഞാനും അംഗീകരിക്കുന്നു. നമുക്കുള്ളിലേയ്ക്കുള്ള യാത്രയ്ക്കാണ് അത് ശക്തി നല്കുന്നത്. ചിലതരം യോഗ ചെയ്യാന്‍ ശാരീരിക ശക്തി ആവശ്യമുണ്ട്. എന്നാല്‍ ക്രിയ യോഗയ്ക്ക് ചില ജീവിത ലക്ഷ്യങ്ങള്‍ക്കായുള്ള ആത്മശക്തി മതി. അപൂര്‍വം വ്യക്തികള്‍ക്കു മാത്രമേ ഇത്തരം ലക്ഷ്യങ്ങളുള്ളു. ആശുപത്രി കിടക്കയില്‍ കിടന്ന് അന്ത്യശ്വാസം വലിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഏതു നിമിഷവും മാതൃഭൂമിയെ അനുസ്മരിച്ചുകൊണ്ട് വിടവാങ്ങാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നും യോഗിജി എപ്പോഴും പറയുമായിരുന്നു. പാശ്ചാത്യ ലോകത്തെ ദീപ്തമാക്കുക എന്ന ദര്‍ശനത്തോടെ ഇന്ത്യയോട് യാത്ര പറയണം എന്നാണ് അദ്ദേഹം അര്‍ത്ഥമാക്കിയത്. പക്ഷെ ഭാരതമാതാവില്‍ നിന്ന് ഒരു നിമിഷാര്‍ത്ഥം പോലും അദ്ദേഹം അകന്നു നിന്നിരുന്നുമില്ല.
ഞാന്‍ ഇന്നലെ കാശിയിലായിരുന്നു. ബനാറസില്‍ നിന്നാണ് രാത്രി എത്തിയത്. ഇതിനിടെ യോഗിയുടെ ആത്മകഥ ഞാന്‍ വായിച്ചു. ഗോരഘ്പൂരിലാണ് അദ്ദേഹം ജനിച്ചത്. ബനാറസിലായിരുന്നു ബാല്യം. അവിടെ നിന്ന് ആ വിശുദ്ധ നഗരത്തിന്റെ എല്ലാ പാരമ്പര്യങ്ങളും ഗംഗാ മാതാവിന്റെ മൃദു സ്പര്‍ശവും അദ്ദേഹത്തിനു ലഭിച്ചു. ഗംഗയുടെ വിശുദ്ധമായ പ്രവാഹത്തിന്റെ ഹൃദയ സ്വാംശീകരണം അദ്ദേഹത്തെ പക്വതപ്പെടുത്തുകയും, ബാല്യത്തെ രൂപപ്പെടുത്തുകയും ചെയ്തു. ഈ പ്രവാഹമാണ് ഇപ്പോള്‍ നമ്മുടെ ഹൃയങ്ങളിലൂടെയും ഒഴുകുന്നത്. മരണം വരെ അദ്ദേഹം ആത്മീയമായി കര്‍മ്മോത്സുകനായിരുന്നു. ഇന്ത്യന്‍ അംബാസിഡറെ അനുമോദിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രസംഗമധ്യേ പെട്ടെന്ന് അദ്ദേഹം കുഴഞ്ഞു വീണു, വീഴുമ്പോഴും ആ ചുണ്ടുകളില്‍ നിന്ന് അവസാനമായി പുറപ്പെട്ടത് മാനവികതയുടെയും രാജ്യസ്‌നേഹത്തിന്റെയും മാസ്മരിക വചസുകളായിരുന്നു. ഔദ്യോഗിക പരിപാടിയിലെ അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ ആദ്ധ്യാത്മിക യാത്രയുടെ അവസാന ലക്ഷ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിസ്മയകരമായ വിശദീകരണമായിരുന്നു. ഗംഗയുടെയും, ഹിമാലയ സാനുക്കളുടെയും, കാടിന്റെയും, ഗുഹകളുടെയും സമീപമുള്ള, മനുഷ്യന്‍ ദൈവത്തെ സ്വപ്‌നം കാണുന്ന, ഈ സ്ഥലത്തെ കുറിച്ച് യോഗിജി എപ്പോഴും പറയാറുണ്ടായിരുന്നു. ആ ദര്‍ശനത്തിന്റെ വിശാലത തന്നെ ഒന്നു സങ്കല്‍പിച്ചു നോക്കൂ.
ഈ മാതൃഭൂമിയില്‍ പിറക്കാന്‍ സാധിച്ചതില്‍ അനുഗൃഹീതനാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ അധരങ്ങളില്‍ നിന്ന് അവസാനമായി പുറത്തു വന്ന വാക്കുകള്‍. പിന്നീട് അദ്ദേഹത്തിന്റെ ആത്മാവ് നിത്യതയിലേയ്ക്ക് യാത്രയായി. ആദിശങ്കരന്‍ പ്രസംഗിച്ചത് അദ്വൈത സിദ്ധാന്തമാണ് (ഏകത്വം). അത് മുന്നോട്ടു വച്ചത് സത്തയുടെ (ആത്മന്‍) വ്യക്തിത്വവും പൂര്‍ണതയുമാണ്(ബ്രഹ്മന്‍). ആദിശങ്കരന്റെ കാഴ്ച്ചപ്പാടില്‍ മാറ്റമില്ലാത്ത വസ്തു(ബ്രഹ്മന്‍) സത്യം മാത്രമാണ്. മാറുന്ന വസ്തുക്കള്‍ക്ക് നിത്യമായ അസ്ഥിത്വമില്ല. അദ്വൈതത്തില്‍ ഞാനും നീയും ഇല്ല.അവിടെ ദൈവവും ഞാനും എന്ന വ്യത്യാസമില്ല. ദൈവം എന്നില്‍ തന്നെയും ഞാന്‍ ദൈവത്തിലും(ബ്രഹ്മന്‍) ആകുന്ന അവസ്ഥയാണ് അദ്വൈതം അഥവാ ഏകത്വം എന്നായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. യോഗിജി ഇക്കാര്യം അദ്ദേഹത്തിന്റെ കവിതയില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നതുപോലെ കൃത്യമായി അത് വിവരിക്കാന്‍ എനിക്കാവില്ല. എന്നാല്‍ അത് വായിക്കുകയും പിന്നീട് അതിന്റെ വ്യാഖ്യാനം കേള്‍ക്കുകയും ചെയ്തപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. അതായത് അദ്ദേഹത്തിന്റെ ചിന്തകളും അദ്വൈതത്തോട് വളരെ അടുത്താണ് എന്ന്.
ബ്രഹ്മന്‍ എന്നില്‍ പ്രവേശിച്ചിരിക്കുന്നു, ഞാന്‍ ബ്രഹ്മനിലും എന്ന് യോഗിജി പറയുമ്പോള്‍ അത് അദ്വൈത സിദ്ധാന്തത്തിന്റെ ഏറ്റവും ലളിതവത്ക്കരിക്കപ്പെട്ട രൂപമാകുന്നു.' വിജ്ഞാനവും, പ്രയോക്താവും, അന്വേഷകനും എല്ലാം ഇവിടെ ഒന്നായി തീരുന്നു. അതുപോലെ തന്നെ കര്‍ത്താവും കര്‍മ്മവും ഒന്നാകുന്ന നിമിഷത്തില്‍ അതിന്റെ ഫലം പെട്ടന്ന് ലഭിക്കും. പിന്നീട് കര്‍ത്താവിന് കര്‍മ്മത്തിന്റെ ആവശ്യമില്ല. കര്‍മ്മം(പ്രവൃത്തി) കര്‍ത്താവിനു വേണ്ടി കാത്തു നില്ക്കുന്നുമില്ല' . ഫലം നേടുന്നതോടെ കര്‍ത്താവും കര്‍മ്മവും ഒന്നായി മാറുന്നു.
യോഗിജി വീണ്ടും വിശദീകരിക്കുന്നു. ശാന്തിയും, അഖണ്ഡതയും നിത്യപ്രചോദനമാണ്, ശാന്തിയും, അഖണ്ഡതയും നിത്യപ്രചോദനമാണ്, ശാന്തിയും, അഖണ്ഡതയും നിത്യപ്രചോദനമാണ്, സജീവവും നിത്യവുമാണ്, നിത്യ യൗവനമായ ശാന്തി, നിത്യ നൂതനമായ ശാന്തി. ഇതിനര്‍ത്ഥം കഴിഞ്ഞ കാലത്തെ ശാന്തിക്ക് ഇന്ന് മൂല്യമുണ്ടാവണമെന്നില്ല എന്നു തന്നെ. ഇന്ന് ഞാന്‍ തേടുന്നത് നിത്യനൂതനവും നവീനവുമായ ശാന്തിയാണ്. അതാണ് സ്വാമിജി ഒടുവില്‍ പറഞ്ഞത് ' ഓം ശാന്തി ശാന്തി'. ഇതൊരു പൊരുമാറ്റച്ചട്ടമല്ല, മറിച്ച് കടുത്ത പ്രായശ്ചിത്തത്തിനൊടുവില്‍ നേടുന്ന അവസ്ഥയാണ്.അതിനു ശേഷം മാത്രമാണ് ഓം ശാന്തി ശാന്തി എന്ന മന്ത്രം യാഥാര്‍ത്ഥ്യമാകുക. ഏതൊരാളിന്റെയും സങ്കല്പത്തിനും ഭാവനയ്ക്കുമപ്പുറമുള്ള പരമമായ നിര്‍വാണ അവസ്ഥയാണ് ഇത്. യോഗിജി അദ്ദേഹത്തിന്റെ കൃതികളില്‍ ഈ വിശ്രാന്തിയെ അത്ഭുതകരമായി വിവിരിക്കുന്നുണ്ട്. ഒപ്പം എപ്രകാരം യോഗിജി തന്റെ ജീവിതത്തെ അന്തരീക്ഷ വായു പോലെ രൂപപ്പെടുത്തി എന്നും. വായു കൂടാതെ നമുക്ക് ജീവിക്കാനാവില്ല. എപ്പോഴും എല്ലായിടത്തും അതുണ്ട്. എന്നാല്‍ നാം കൈകള്‍ ചലിപ്പിക്കുമ്പോള്‍ അത് തടസ്സമാകാറില്ല. നമ്മെ തടയാറില്ല, കടന്നുപോകാന്‍ ഇടം ആവശ്യപ്പെടാറുമില്ല. വായുവിനെപോലെ ആരെയും തടസപ്പെടുത്താത്ത അസ്തിത്വം നമ്മെ അനുഭവിപ്പിക്കാനാണ് യോഗിജി അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്കിടയില്‍ സ്ഥാപിച്ചത്. അദ്ദേഹം ചിന്തിക്കുന്നത് ഇപ്രകാരമാണ്. ശരി, ഒരാള്‍ക്ക് ഇന്ന് ലക്ഷ്യം നേടാന്‍ സാധിച്ചില്ല, എങ്കില്‍ അത് അടുത്ത ദിവസമാകട്ടെ. ഇത്തരത്തിലൂള്ള ക്ഷമയും ശാന്തതയും വളരെ കുറച്ച് പ്രസ്ഥാനങ്ങളിലും പാരമ്പര്യങ്ങളിലും മാത്രമെയുള്ളൂ. മരിക്കുന്നതിനു മുമ്പ് സ്ഥാപിച്ച സന്യാസ സമൂഹത്തിന് യോഗിജി ധാരാളമായി അനുവദിച്ചു നല്‍കിയത് ഈ സ്വാതന്ത്ര്യമാണ്. ഇന്ന് ഒരു നൂറ്റാണ്ടിനു ശേഷവും ഈ സന്യാസ സമൂഹം ആദ്ധ്യാത്മിക ഉണര്‍വിന്റെ പ്രസ്ഥാനമായി നിലകൊള്ളുന്നു. ഈ സന്യാസ സമൂഹത്തിലെ നാലാമത്തെ തലമുറയായിരിക്കും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
.
എന്നാലും അതില്‍ ഇന്നുവരെ ഒരു തരത്തിലുമുള്ള വ്യതിചലനമോ വഞ്ചനയോ ശ്രദ്ധയില്‍ പെട്ടിട്ടില്ല. സ്ഥാപനപരമായ മുന്‍വിധികളോ സംവിധാന കേന്ദ്രീകൃതമായ ക്രമങ്ങളോ ഉണ്ടാവാം. അത് ഓരോരുത്തരും വ്യക്തിപരമായി അതിനെ നോക്കിക്കാണുമ്പോള്‍ മാത്രമാണ്. പക്ഷെ ഇത് കാലത്തിനുമപ്പുറം വ്യാപിച്ച പ്രസ്ഥാനമാണ്. തലമുറകളുടെ ഒഴുക്കിനൊപ്പം ഇവിടെ ഈ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ ഏകതാ അഖണ്ഡമായി, അവിരാമമായി സംഭവിച്ചുകൊണ്ടിരിക്കുന്നു.
തടസങ്ങളില്ലാത്ത സന്യാസ സമൂഹം സ്ഥാപിച്ചു എന്നതാണ് യോഗിജിയുടെ ഏറ്റവും മഹത്തായ സംഭാവന. ക്രമമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അലിഖിതമായ നിയമങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ള കുടുംബം പോലെയാണ് അതിന്റെ പ്രവര്‍ത്തനം. യോഗിജി മുഖ്യവേദി വിട്ടിട്ടും ചലനാത്മകവും ശക്തവുമായ രീതിയില്‍ മുന്നേറുന്ന ആ സമൂഹത്തിന്റെ പ്രവര്‍ത്തന ശൈലി ആവിഷ്‌കരിച്ചിരിക്കുന്നത് തന്നെ അത്തരത്തിലാണ്. അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക അനുഗ്രഹം അനുഭവിച്ചുകൊണ്ട് നാം ഈ സ്ഥാപനത്തെ മുന്നോട്ടു നയിക്കുകയാണ്. എന്റെ അഭിപ്രായത്തില്‍ ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ സംഭാവന. ഇന്നത്തെ ലോകം സാമ്പത്തിക, സാങ്കേതിക നേട്ടങ്ങളുടെതാണ്. ഓരോരുത്തരും സ്വന്തം കാഴ്ച്ചപ്പാടിലൂടെയാണ് ലോകത്തെ കാണുന്നത്. ഞാന്‍ നിങ്ങളെ എന്റെ കാഴ്ച്ചപ്പാടിലൂടെ കാണുന്നു. ഇത് ധാരണയെയും കാഴ്ച്ചപ്പാടിനെയും, പ്രകൃതിയെയും, കാലത്തെയും മറ്റും ആശ്രയിച്ചാണ്. ലോകം ഇന്ത്യയെ താരതമ്യം ചെയ്യുന്നതും അളക്കുന്നതും ജനസംഖ്യ, മൊത്ത ആഭ്യന്തര ഉത്പാദനം,തൊഴിലവസരങ്ങള്‍ തുടങ്ങി അതിന്റേതായ പ്രത്യേക മാനദണ്ഡങ്ങള്‍ വച്ചാണ്. എന്നാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയും ഉറപ്പും അതിന്റെ ആദ്ധ്യാത്മികതയാണ് എന്ന് ലോകം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത തനതായ മാനദണ്ഡമാണ്. ഇവിടെ ചിലര്‍ കരുതുന്നത് ആദ്ധ്യാത്മികതയും മതവും ഒന്നത്രെ എന്നാണ്. ഇതാണ് ഈ രാജ്യത്തിന്റെ ദൗര്‍ഭാഗ്യം. ജാതി, മതം,വര്‍ഗ്ഗം തുടങ്ങിയവയെല്ലാം ആദ്ധ്യാത്മികതയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ആദ്ധ്യാത്മികതയാണ് ഇന്ത്യയുടെ ശക്തിയെന്നും അത് തുടരണമെന്നും നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാം ആവര്‍ത്തിച്ചു പറയുമായിരുന്നു. നമ്മുടെ സന്യാസിമാരും വിശുദ്ധരും ഈ ആദ്ധ്യാത്മികത ആഗോളവ്യാപകമാക്കിക്കൊണ്ടിരിക്കുന്നു. എനിക്ക് യോഗ അതിലളിതമായ ഒരു പ്രവേശനബിന്ദുവായിരുന്നു. ആത്മവത് സര്‍വഭൂതേഷ്ടു എന്നു ലോകത്തെ പഠിപ്പിക്കുന്നത് വിഢിത്തമാണ്. അതുപോലെ തന്നെ തിന്നുക,കുടിക്കുക ആനന്ദിക്കുക എന്ന് ചിന്തിക്കുന്നവര്‍ക്കിടയില്‍ തെന്‍ ത്യക്തേന ഭുഞ്ജിത എന്നു പറഞ്ഞാല്‍ ഏറ്റവുവാങ്ങാന്‍ ആരും ഉണ്ടാവില്ല.
എന്നാല്‍ എവിടെയെങ്കിലും ഒരിടത്ത് പ്രത്യേക ആസനത്തില്‍ സ്വസ്ഥമായി ഇരുന്ന് ശ്വാസഗതി നിയന്ത്രിച്ച് പ്രാണായാമം ചെയ്യാന്‍ പറഞ്ഞാല്‍ അയാള്‍ നിങ്ങളെ ശ്രവിച്ചെന്നിരിക്കും. അതാണ് യോഗ. ആദ്ധ്യാത്മികതയിലേയ്ക്കുള്ള നമ്മുടെ പ്രവേശന ബിന്ദു. ഇത് അവസാന അതിര്‍ത്തിയാണ് എന്നു കരുതരുത്. ഇതൊക്കെയായാലും മുന്നോട്ടുള്ള വളര്‍ച്ചയില്‍ പണത്തിന് അതിന്റെതായ ശക്തിയുണ്ട്. അതുകൊണ്ടാണ് വ്യവസായവത്ക്കരണം കടന്നു വരുന്നത്. ഡോളറില്‍ ആനന്ദം കണ്ടെത്തുന്നവരുണ്ട്. ചിലര്‍ക്ക് യോഗയാണ് അന്തിമ നേട്ടം.
യോഗ അവസാന നേട്ടമല്ല. അവസാന കവാടത്തിലേയ്ക്കുള്ള പ്രവേശന ബിന്ദു മാത്രമാണത്. മുകളിലേയ്ക്കുള്ള യാത്രയില്‍ ചിലപ്പോള്‍ തടസങ്ങള്‍ കാണുമായിരിക്കും. നിരന്തര സമ്മര്‍ദ്ദം വാഹനത്തിനു മുന്നോട്ടുള്ള ആവേഗം കൂട്ടും. അതുപോലെയാണ് യോഗയിലും. പ്രവേശന ബിന്ദു കൃത്യമായി കണ്ടെത്തണം. അവിടെ എത്തിയാല്‍ പിന്നെ പ്രതിബന്ധങ്ങള്‍ ഉണ്ടാവില്ല. പിന്നീട് അത് നിങ്ങളെ മുന്നോട്ടു നയിച്ചുകൊള്ളും. അതാണ് ക്രിയ യോഗ.
നമ്മുടെ നാട്ടില്‍ കാശിയെ അനുസ്മരിക്കുക സ്വാഭാവികമാണ്. കബീര്‍ ദാസിനെ പോലുളള മുനിമാര്‍ അതിന്റെ വളരെ ലളിതമായ ഉദാഹരണങ്ങള്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു വചനം യോഗിജിക്ക് പൂര്‍ണമായും യോജിച്ചതാണ്. അവധൂത യുഗന്‍ യുഗന്‍ ഹും യോഗി... ആവെ ന ജായ്, മിതയ് ന കബഹുന്‍, സബദ് അനഹത് ഭോഗി. കബീര്‍ദാസ്ജി പറയുന്നു: യോഗി കാലങ്ങളോളം നിലനില്ക്കും.. അദ്ദേഹം ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. ഉണ്ടാവുകയോ നശിക്കുകയോ ചെയ്യുന്നില്ല. യോഗിയുടെ ആദ്ധ്യാത്മിക ഭാവവുമായി ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ കബീര്‍ ദാസ്ജിയുടെ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം നമുക്കു മനസിലാവുന്നു എന്ന് എനിക്കു തോന്നുന്നു. യോഗികള്‍ വരികയോ പോവുകയോ ചെയ്യുന്നില്ല, മറിച്ച് അവര്‍ എക്കാലത്തും നമുക്കൊപ്പം ഉണ്ട്.
ആദ്ധ്യാത്മിക സുഗന്ധമുള്ള അന്തരീക്ഷത്തില്‍ അര്‍ത്ഥപൂര്‍ണമായ ഇത്രയും സമയം ചെയവഴിക്കാന്‍ സന്ദര്‍ഭം നല്കി അനുഗ്രഹിച്ചതിന് യോഗിയുടെ മുന്നില്‍ ഞാന്‍ ആദരപൂര്‍വം ശിരസ് നമിക്കുന്നു. ഒരിക്കല്‍ കൂടി യോഗിജിയുടെ മഹത്തായ പാരമ്പര്യത്തിന് ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. എല്ലാ മുനിവര്യന്മാര്‍ക്കും മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. ഈ ആദ്ധ്യാത്മിക യാത്രയെ മുന്നോട്ടു നയിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു.
നന്ദി