“ആദരണീയനായ ചാൻസലർ ഷോൾസ്,

വൈസ് ചാൻസലർ ഡോ. റോബർട്ട് ഹാബെക്ക്,

ഇന്ത്യാഗവണ്മെന്റിലെ മന്ത്രിമാരേ,

ജർമൻ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഏഷ്യ-പസഫിക് സമിതി അധ്യക്ഷൻ ഡോ. ബുഷ്,

ഇന്ത്യ, ജർമനി, ഇന്തോ-പസഫിക് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വ്യവസായ പ്രമുഖരേ,

മറ്റു വിശിഷ്ട വ്യക്തികളേ,

നമസ്കാരം!

ഗൂട്ടൻ ടാഗ്!

സുഹൃത്തുക്കളേ,

ഇന്നു വളരെ സവിശേഷതകളുള്ള ദിവസമാണ്.

എന്റെ സുഹൃത്ത്, ചാൻസലർ ഷോൾസ്, നാലാം തവണയാണ് ഇന്ത്യയിലെത്തുന്നത്.

മേയർ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. അടുത്ത മൂന്നെണ്ണം ചാൻസലർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ആയിരുന്നു. ഇത് ഇന്ത്യ-ജർമനി ബന്ധങ്ങളിൽ അദ്ദേഹത്തിനുള്ള ശ്രദ്ധ എടുത്തുകാട്ടുന്നു.

 

12 വർഷത്തെ ഇടവേളയ്ക്കുശേഷമാണു ജർമൻ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഏഷ്യ-പസഫിക് സമ്മേളനം ഇന്ത്യയിൽ നടക്കുന്നത്.

ഒരുവശത്ത്, സിഇഒമാരുടെ യോഗം നടക്കുന്നു; മറുവശത്ത്, നമ്മുടെ നാവികസേനകൾ കൂട്ടായ പരിശീലനം നടത്തുന്നു. ജർമൻ നാവികസേനയുടെ കപ്പലുകൾ ഇപ്പോൾ ഗോവ തുറമുഖത്തെത്തിയിരിക്കുകയണ്. കൂടാതെ, ഇന്ത്യയും ജർമനിയും തമ്മിലുള്ള ഏഴാമത് അന്തർഗവണ്മെന്റ്‌തല കൂടിയാലോചനകൾ ഉടൻ നടക്കും.

ഇന്ത്യയും ജർമനിയും തമ്മിലുള്ള സൗഹൃദം ഓരോ ഘട്ടത്തിലും, എല്ലാ മേഖലകളിലും, ആഴമേറിയതാണെന്ന് വ്യക്തമാണ്.

സുഹൃത്തുക്കളേ,

ഇന്ത്യ-ജർമനി തന്ത്രപ്രധാനപങ്കാളിത്തത്തിന്റെ 25-ാം വാർഷികമാണ് ഈ വർഷം.

അടുത്ത 25 വർഷത്തിനുള്ളിൽ ഈ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തും.

വരുന്ന 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വികസനത്തിനായി ഞങ്ങൾ മാർഗരേഖ സൃഷ്ടിച്ചിട്ടുണ്ട്.

ഇത്തരമൊരു നിർണായകഘട്ടത്തിൽ, ജർമൻ മന്ത്രിസഭ “ശ്രദ്ധ ഇന്ത്യയിൽ” എന്ന രേഖ പുറത്തിറക്കിയതിൽ എനിക്കു സന്തോഷമുണ്ട്.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ രണ്ടു ജനാധിപത്യരാജ്യങ്ങൾ, ലോകത്തിലെ രണ്ടു മുൻനിര സമ്പദ്‌വ്യവസ്ഥകൾ... ഒത്തുചേർന്നു നമുക്ക് ആഗോള നന്മയുടെ കരുത്തായി മാറാം. “ശ്രദ്ധ ഇന്ത്യയിൽ” രേഖ ഇതിനുള്ള രൂപരേഖ നൽകുന്നു. ഇതിൽ, ജർമനിയുടെ സമഗ്രമായ സമീപനവും തന്ത്രപ്രധാനപങ്കാളിത്തം പിന്തുടരുന്നതിനുള്ള പ്രതിബദ്ധതയും പ്രകടമാണ്. ഇന്ത്യയിലെ വൈദഗ്ധ്യമുള്ള തൊഴിലാളികളിൽ ജർമനി പ്രകടിപ്പിച്ച വിശ്വാസം പ്രത്യേകിച്ചും ശ്രദ്ധേയമാണ്.

വിദഗ്ധരായ ഇന്ത്യക്കാർക്കുള്ള വിസ പ്രതിവർഷം 20,000ൽനിന്ന് 90,000 ആക്കി ഉയർത്താൻ ജർമനി തീരുമാനിച്ചു.

ഇതു ജർമനിയുടെ സാമ്പത്തികവളർച്ചയ്ക്കു കൂടുതൽ കരുത്തേകുമെന്ന് എനിക്കുറപ്പുണ്ട്.

സുഹൃത്തുക്കളേ,

നമ്മുടെ ഉഭയകക്ഷിവ്യാപാരം 30 ബില്യൺ ഡോളർ കവിഞ്ഞു.

ഇന്ന്, നൂറുകണക്കിനു ജർമൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ, ഇന്ത്യൻ കമ്പനികളും ജർമനിയിൽ അതിവേഗം വികസിക്കുകയാണ്.

വൈവിധ്യവൽക്കരണത്തിന്റെയും നഷ്ടസാധ്യത ഇല്ലാതാക്കുന്നതിന്റെയും പ്രധാന കേന്ദ്രമായി ഇന്ത്യ മാറുകയും ആഗോള വ്യാപാരത്തിന്റെയും ഉൽപ്പാദനത്തിന്റെയും കേന്ദ്രമായി ഉയർന്നുവരുകയും ചെയ്യുന്നു. ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ, നിങ്ങൾക്ക് ഇന്ത്യയിൽ നിർമിക്കാനും ലോകത്തിനുവേണ്ടി നിർമിക്കാനുമുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.

സുഹൃത്തുക്കളേ,

യൂറോപ്യൻ യൂണിയനും ഏഷ്യാ-പസഫിക് മേഖലയും തമ്മിലുള്ള ബന്ധത്തിനു കരുത്തേകുന്നതിൽ ഏഷ്യ-പസഫിക് സമ്മേളനം നിർണായകപങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ ഈ വേദി വ്യാപാരത്തിനും നിക്ഷേപത്തിനും മാത്രമായി പരിമിതപ്പെടുത്തുന്നതായി ഞാൻ കാണുന്നില്ല.

ഇൻഡോ-പസഫിക് മേഖലയുടെ പങ്കാളിത്തമായും ലോകത്തിന്റെ മികച്ച ഭാവിയായും ഇതിനെ ഞാൻ കാണുന്നു. ലോകത്തിനു സ്ഥിരതയും സുസ്ഥിരതയും വിശ്വാസവും സുതാര്യതയും ആവശ്യമാണ്. സമൂഹത്തിലായാലും വിതരണശൃംഖലയിലായാലും എല്ലാ മേഖലകളിലും ഈ മൂല്യങ്ങൾക്ക് ഊന്നൽ നൽകണം. അവയില്ലാതെ, ഒരു രാജ്യത്തിനും പ്രദേശത്തിനും ശോഭനമായ ഭാവി വിഭാവനം ചെയ്യാൻ കഴിയില്ല.

ലോകത്തിന്റെ ഭാവിക്ക് ഇൻ​ഡോ-പസഫിക് മേഖല വളരെ പ്രധാനമാണ്. ആഗോളവളർച്ച, ജനസംഖ്യ, നൈപുണ്യം എന്നിവയുടെ കാര്യത്തിലായാലും ഈ മേഖലയുടെ സംഭാവനകളും സാധ്യതകളും വളരെ വലുതാണ്.

അതിനാൽ ഈ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്.

 

സുഹൃത്തുക്കളേ,

ഇന്ത്യയിലെ ജനങ്ങൾ സുസ്ഥിരമായ രാഷ്ട്രീയത്തെയും പ്രവചനാത്മക നയ ആവാസവ്യവസ്ഥയെയും വിലമതിക്കുന്നു.

അതുകൊണ്ടാണ് 60 വർഷത്തിനുശേഷം തുടർച്ചയായി മൂന്നാം തവണയും ഒരു ഗവണ്മെന്റ് തെരഞ്ഞെടുക്കപ്പെട്ടത്. പരിഷ്കരണം, പ്രവർത്തനം, പരിവർത്തനാത്മക ഭരണം എന്നിവയിലൂടെ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലുള്ള ഈ വിശ്വാസം കരുത്താർജിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സാധാരണ പൗരന് ഇങ്ങനെ തോന്നുമ്പോൾ, നിങ്ങളെപ്പോലുള്ള വ്യവസായികൾക്കും നിക്ഷേപകർക്കും മറ്റെവിടമാണ് ഉചിതമായുള്ളത്?

സുഹൃത്തുക്കളേ,

ജനാധിപത്യം, ജനസംഖ്യ, ആവശ്യകത, വസ്തുതകൾ എന്നിങ്ങനെ കരുത്തുറ്റ നാലു സ്തംഭങ്ങളിലാണ് ഇന്ത്യ നിലകൊള്ളുന്നത്. വൈദഗ്ധ്യം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഇന്ത്യയുടെ വളർച്ചയുടെ ഉപകരണങ്ങളാണ്. ഇന്ന്, ഇതിനുപുറമെ ഒരു മഹാശക്തിയാണ് ഇവയെയെല്ലാം നയിക്കുന്നത്: വികസനം കാംക്ഷിക്കുന്ന ഇന്ത്യയുടെ കരുത്ത്.

അതായത്, ‘AI’യുടെ സംയുക്തശക്തി – നിർമിത ബുദ്ധിയും (Artificial Intelligence) വികസനം കാംക്ഷിക്കുന്ന ഇന്ത്യയും (Aspirational India) - നമ്മോടൊപ്പമുണ്ട്. വികസനം കാംക്ഷിക്കുന്ന ഇന്ത്യയെ നയിക്കുന്നതു നമ്മുടെ യുവാക്കളാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ, പ്രകൃതിവിഭവങ്ങൾ വികസനം ത്വരിതപ്പെടുത്തി. ഈ നൂറ്റാണ്ടിൽ മാനവവിഭവശേഷിയും നൂതനാശയങ്ങളും വളർച്ചയെ മുന്നോട്ടു നയിക്കും. അതുകൊണ്ടാണു യുവാക്കൾക്കായി നൈപുണ്യവും സാങ്കേതികവിദ്യയും ജനാധിപത്യവൽക്കരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്.

സുഹൃത്തുക്കളേ,

ഭാവിലോകത്തിന്റെ ആവശ്യങ്ങൾക്കായാണ് ഇന്ത്യ ഇന്നു പ്രവർത്തിക്കുന്നത്.

AI ദൗത്യമോ, ഞങ്ങളുടെ സെമികണ്ടക്ടർ ദൗത്യമോ ക്വാണ്ടം ദൗത്യമോ ഹരിത ഹൈഡ്രജൻ ദൗത്യമോ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ദൗത്യങ്ങളോ ഡിജിറ്റൽ ഇന്ത്യ ദൗത്യമോ ഏതുമാകട്ടെ, ഇവയെല്ലാം ലോകത്തിന് ഏറ്റവും മികച്ചതും വിശ്വസനീയവുമായ പ്രതിവിധികൾ നൽകാൻ ലക്ഷ്യമിടുന്നു. ഈ മേഖലകൾ നിങ്ങൾക്കേവർക്കും ധാരാളം നിക്ഷേപ-സഹകരണ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

സുഹൃത്തുക്കളേ,

എല്ലാ നൂതനാശയങ്ങൾക്കും കരുത്തുറ്റ വേദിയും മികച്ച അടിസ്ഥാനസൗകര്യങ്ങളും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ പുതിയ സ്റ്റാർട്ടപ്പുകൾക്കും വ്യവസായം 4.0നും അനന്തമായ അവസരങ്ങൾ സൃഷ്ടിക്കുന്നു. റെയിൽപ്പാതകൾ, റോഡുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയിലെ റെക്കോർഡ് നിക്ഷേപത്തിലൂടെ, ഇന്ത്യ ഭൗതിക അടിസ്ഥാനസൗകര്യങ്ങളിൽ സമൂലമാറ്റം വരുത്തുകയാണ്. ജർമനിയിൽനിന്നും ഇൻഡോ-പസഫിക് മേഖലയിൽനിന്നുമുള്ള കമ്പനികൾക്ക് ഇവിടെ വിപുലമായ അവസരങ്ങളുണ്ട്.

ഇന്ത്യയും ജർമനിയും പുനരുപയോഗ ഊർജമേഖലയിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്.

കഴിഞ്ഞ മാസം ജർമനിയുമായി സഹകരിച്ച്, ഗുജറാത്തിൽ നാലാമത് ആഗോള പുനരുപയോഗ ഊർജ നിക്ഷേപക സംഗമം സംഘടിപ്പിച്ചിരുന്നു.

ആഗോള തലത്തിൽ പുനരുപയോഗ ഊർജത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഇന്ത്യ-ജർമനി വേദിക്കും തുടക്കംകുറിച്ചിട്ടുണ്ട്. ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥ നിങ്ങൾ പ്രയോജനപ്പെടുത്തുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ത്യയുടെ വളർച്ചയുടെ ഗാഥയിൽ അണിചേരാനുള്ള ശരിയായ സമയമാണിത്.

ഇന്ത്യയുടെ ചലനാത്മകത ജർമനിയുടെ കൃത്യതയുമായി സംഗമിക്കുമ്പോൾ,

ജർമനിയുടെ എൻജിനിയറിങ് ഇന്ത്യയുടെ നൂതനാശയങ്ങളുമായി സംഗമിക്കുമ്പോൾ,

ജർമനിയുടെ സാങ്കേതികവിദ്യ ഇന്ത്യയുടെ പ്രതിഭയുമായി സംയോജിക്കുമ്പോൾ,

ഇൻഡോ-പസഫിക് മേഖലയ്ക്കും ലോകത്തിനും ശോഭനമായ ഭാവിയാണു വിഭാവനം ചെയ്യപ്പെടുന്നത്.

സുഹൃത്തുക്കളേ,

നിങ്ങൾ വ്യാവസായികലോകത്തിന്റെ ഭാഗമാണ്.

“നാം കണ്ടുമുട്ടുമ്പോൾ നാം അർഥമാക്കുന്നത് വ്യവസായം എന്നാണ്” - അതാണു നിങ്ങളുടെ തത്വം.

എന്നാൽ ഇന്ത്യയിലേക്കു വരുന്നതു വ്യവസായത്തിനായി മാത്രമാകരുത്. നിങ്ങൾക്ക് ഇന്ത്യയുടെ സംസ്കാരം, പാചകരീതി, ഷോപ്പിങ് എന്നിവ നഷ്ടമായാൽ നിങ്ങൾക്ക് ഏറെ കാര്യങ്ങൾ നഷ്ടമാകും.

ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു: നിങ്ങൾ സന്തുഷ്ടരായിരിക്കും; നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബം കൂടുതൽ സന്തുഷ്ടരായിരിക്കും.

നിങ്ങൾക്കു വളരെ നന്ദി; ഈ സമ്മേളനവും ഇന്ത്യയിലെ നിങ്ങളുടെ താമസവും ഫലപ്രദവും അവിസ്മരണീയവുമായിരിക്കട്ടെ.

നന്ദി.”

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi