QuoteWomen sarpanchs should take up the initiative to prevent female foeticide: PM
QuoteWomen sarpanchs must ensure that every girl child in their respective village goes to school: PM
QuoteGuided by the mantra of Beti Bachao, Beti Padhao, our Government is trying to bring about a positive change: PM
QuoteBoys and girls, both should get equal access to education. A discriminatory mindset cannot be accepted: PM
QuoteSwachh Bharat mission has virtually turned into a mass movement: PM Modi
QuoteSwachhata has to become our habit: PM Narendra Modi

ഈ രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ നിന്ന് ഇവിടെ എത്തിയിരിക്കുന്ന പ്രിയപ്പെട്ട അമ്മമാരെ സഹോദരിമാരെ, ഈ അന്തര്‍ദേശീയ വനിതാ ദിനാഘോഷങ്ങളില്‍ നിങ്ങള്‍ക്കൊപ്പം പങ്കെടുക്കാന്‍ സാധിച്ചതില്‍, നിങ്ങളുമായി സംവദിക്കാന്‍ സാധിച്ചതില്‍ നിങ്ങളുടെ അനുഗ്രഹം ഏറ്റു വാങ്ങാന്‍ സാധിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.
നിങ്ങളില്‍ പലരും കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഇവിടെയായിരുന്നു എന്നും അനേകം പേര്‍ കുറച്ചു ദിവസം കൂടി ഇവിടെത്തന്നെ ഉണ്ടാകുമെന്നും ഞാന്‍ മനസിലാക്കുന്നു.നിങ്ങളില്‍ ചിലര്‍ ഇവിടത്തെ വിവിധ ജില്ലകളും ഗ്രാമങ്ങളും സന്ദര്‍ശിച്ചിരിക്കുകയും അവിടങ്ങളിലെ ജീവിതം നേരില്‍ മനസിലാക്കുകയും ചെയ്തുവല്ലോ. ഗ്രാവികസനത്തെയും ശുചിത്വത്തിന്റെ പ്രാധാന്യവും വിഷയമാക്കി ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന രണ്ടു പ്രദര്‍ശനങ്ങളും നിങ്ങള്‍ കണ്ടു എന്ന് ഞാന്‍ കരുതുന്നു. ഏറ്റവും മികച്ച സാങ്കേതിക വിദ്യകളാണ് ഈ പ്രദര്‍ശനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അതിനാലാണ് ഞാന്‍ ഇവിടെ എത്തിച്ചേരാന്‍ വൈകിയതും. ഈ പ്രദര്‍ശനം വെറുതെ കണാനുള്ളതല്ല, മറിച്ച് ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെ വേണം നിങ്ങള്‍ ഇതു കാണുവാന്‍.കാരണം ഗ്രാമമുഖ്യ എന്ന നിലയില്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെടും. ഈ പ്രദര്‍ശനത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനും ഗ്രാമമുഖ്യ എന്ന കര്‍മ്മ മേഖലയില്‍ പുത്തന്‍ ദിശാബോധം ആര്‍ജ്ജിക്കാനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിങ്ങള്‍ക്കു സാധിക്കും.

രണ്ടാമതായി ശുചിത്വത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ഒരു പരിപാടിയാണ് ഇത്. ഗുജറാത്ത് ഗാന്ധിജിയുടെ ജന്മദേശമാണ്. ഗാന്ധിയുടെ പേരിലുള്ള ഈ നഗരത്തില്‍ ആ മഹാത്മ മന്ദിരത്തിലാണ് നാം ഇപ്പോള്‍ സമ്മേളിച്ചിരിക്കുന്നത്. അതിനാല്‍ ഈ സ്ഥലത്തിന്റെ പ്രാധാന്യം നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാകും. ബാപ്പുജിയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന ഡിജിറ്റല്‍ പ്രദര്‍ശനവും അദ്ദേഹവുമായി ബന്ധപ്പെട്ട കാഴ്ച്ചബംഗ്ലാവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഗാന്ധികുടീരവും നിങ്ങള്‍ സന്ദര്‍ശിച്ചു കാണുമല്ലോ. ബാപ്പുജിയുടെ ജീവിതത്തെ, പ്രത്യേകിച്ച് അദ്ദേഹം ജീവിതത്തില്‍ ശുചിത്വത്തിനു നല്കിയ പ്രാധാന്യത്തെ മനസിലാക്കുക. അതു തീര്‍ച്ചയായും മഹാത്മാവിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നമ്മുടെ തീരുമാനത്തെ കുറച്ചു കൂടി ശക്തമാക്കും.
2019 മഹാത്മ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികമാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് ആദരണീയനായ ബാപ്പുജി ആവര്‍ത്തിച്ചു പറയുമായിരുന്നു. മാത്രവുമല്ല, സ്വാതന്ത്ര്യമാണോ ശുചിത്വമാണോ വേണ്ടത് എന്നു ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും ശുചിത്വം തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രതിജ്ഞാബദ്ധത ശുചിത്വത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ തീരാത്ത ദാഹമാണ് സൂചിപ്പിക്കുന്നത്. ഗാന്ധിജിയുടെ കാലത്തും പിന്നീടും ഈ രാജ്യത്തു അധികാരത്തിലെത്തിയ എല്ലാ ഗവണ്‍മെന്റുകളും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സംഭാവനകള്‍ നല്കിയിട്ടുണ്ട്. എന്നാലും നമുക്ക് ഇനിയും അതിനായി ധാരാളം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. 2019 ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികമാണ്. അപ്പോള്‍ ഗാന്ധിജിയുടെ സ്വ്പനമായ ശുചിത്വം, അനുദിന ജീവിതത്തില്‍ നാം ഉറപ്പാക്കണം, അതിനെ നമ്മുടെ ദേശീയ വ്യക്തിത്വമായി ഉയര്‍ത്തിപ്പിടിക്കണം. നമ്മുടെ നാഡിഞരമ്പുകളില്‍ പോലും ശുചിത്വം നാം അനുഭവിക്കണം. നമുക്ക് ഈ ലക്ഷ്യത്തിലെത്തണം, നമ്മുടെ രാജ്യത്തിന് അതു നേടാന്‍ സാധിക്കും.

സ്വന്തം ഗ്രാമങ്ങളില്‍ അതു സാധ്യമാക്കിയ ഗ്രാമമുഖ്യകളായ സഹേദരിമാര്‍ ഇവിടെയുണ്ട്. വെളിയിടവിസര്‍ജ്ജനം തടയുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്. അതിനു പുതിയ സംവിധാനം അവര്‍ ഏര്‍പ്പെടുത്തി. ഈ പരിശ്രമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഊര്‍ജ്ജം, 2019 നെ ലക്ഷ്യമാക്കി സമയബന്ധിതവും സുതാര്യവുമാക്കിയാല്‍ ഒരു പരിധിവരെ നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റാന്‍ അതിനു സാധിക്കും എന്ന് അതോടെ എനിക്ക് ബോധ്യമായി.
ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ ഒരു ഹ്രസ്വ ചിത്രം കണ്ടില്ലേ, സ്വാതന്ത്ര്യത്തിനു മുമ്പ് ശുചിത്വത്തിനു നമുക്ക് ലോകരാജ്യങ്ങളുടെ നിരയില്‍ 42 -ാം സ്ഥാനമാണ് ഉണ്ടായിരുന്നത്. തല്‍ സ്ഥാനത്ത് ഇപ്പോള്‍ നാം 62 ലാണ്. ഇത്ര ചെറിയ ഇടവേളകൊണ്ട് 20 ശതമാനം ഉയര്‍ച്ച നേടാനാവുമെങ്കില്‍ അടുത്ത ഒന്നര വര്‍ഷം കൊണ്ട് അതിലും കൂടുതല്‍ നമുക്ക് നേടാനാകും. കാരണം ലക്ഷ്യം നമുക്കു മുന്നില്‍ വ്യക്തമാണ്.

ഇന്ന് കുറച്ചു സമയം മുമ്പ് ഒരു ഹ്രസ്വചിത്രം കാണുകയുണ്ടായി. സ്ത്രീകളെ കുറിച്ചുള്ള പല പരമ്പരാഗത സങ്കല്പങ്ങളും അതില്‍ അട്ടിറിക്കപ്പെട്ടിരിക്കുന്നു. ചില ആളുകള്‍ക്ക് ഒരു ധാരണയുണ്ട്. വിദ്യാഭ്യാസമുള്ളവര്‍ക്കു മാത്രമെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു എന്ന്. പക്ഷെ നമ്മുടെ ഈ സഹോദരിമാര്‍ ആ ധാരണകളൊക്കെ തിരുത്തിയിരിക്കുന്നു. നഗരങ്ങളില്‍ വസിക്കുന്ന, ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കു മാത്രമെ ഇതൊക്കെ ചെയ്യാനാവൂ എന്നും ഒരു ചിന്താഗതിയുണ്ട്. എന്നാല്‍ സ്വന്തം മാതൃഭാഷ മാത്രം വശമുള്ള സഹോദരിമാരാണ് ഇത് സാധിച്ചിരിക്കുന്നത്. ജീവിതത്തെ ലക്ഷ്യബോധവുമായി ബന്ധിപ്പിക്കുന്ന ഏതൊരാള്‍ക്കും ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനാവും. നമ്മില്‍ അനേകം പേരും ജീവിത ലക്ഷ്യത്തെ കുറിച്ച് അജ്ഞരാണ്. അടുത്ത ദിവസം എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നു ചോദിച്ചാല്‍ അവര്‍ പറയും വൈകുന്നേരമേ തീരുമാനിക്കുകയുള്ളു എന്ന്. അത്തരം ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ ഒന്നും നേടാനാവില്ല. അവര്‍ വെറുതെ ദിവസങ്ങള്‍ എണ്ണി, ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങള്‍ ആസ്വദിച്ച് കടന്നു പോകുന്നു.

.

എന്നാല്‍ ജീവിത ലക്ഷ്യം തിരിച്ചറിയുന്ന ഒരാള്‍, പിന്നെ വിശ്രമിക്കില്ല. ലക്ഷ്യം നേടാതെ അയാള്‍ പിന്തിരിയില്ല. അതിനായി ആരുടെയും സഹായം അയാള്‍ സ്വീകരിക്കും. പോരാടും, വെല്ലുവിളികള്‍ ഏറ്റെടുക്കും.
സ്വന്തം ഗ്രാമത്തിന്റെ മുഖ്യയാകുക എന്നത് ചെറിയ നേട്ടമല്ല. നിങ്ങളില്‍ ചിലര്‍ പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിട്ടുണ്ടാവില്ല. പക്ഷെ കൂടുതല്‍ ആളുകളും കഠിനാദ്ധ്വാനം ചെയ്താണ് ജനാധിപത്യ പാരമ്പര്യത്തിലെ ഈ സ്ഥാനത്ത് എത്തിയത്.

പതിനഞ്ച് വര്‍ഷം മുമ്പ് ഗ്രാമമുഖ്യന്മാരുടെ യോഗം വിളിക്കുമ്പോള്‍ 33 ശതമാനം സംവരണത്തെകുറിച്ച് സംസാരമുണ്ടായിരുന്നു. എന്നാല്‍ ഗുജറാത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ യോഗങ്ങളില്‍ വനിതകളായ പഞ്ചാത്ത് പ്രസിഡന്റിനെ അന്വേഷിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് സ്വയം പരിചയപ്പെടുത്തുന്ന പുരുഷന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. അതിനുള്ള ന്യായീകരണം ചോദിക്കുമ്പോള്‍ അവര്‍ സര്‍പ്പഞ്ച് പതി( വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ) എന്നു വിശദീകരണവും തരും. അവിടെയും ഇവിടെയുമൊക്കെ ഈ ഏര്‍പ്പാട് ഇപ്പോഴും ഉണ്ട്. എന്നാല്‍ ഇന്ന് പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ആ പദവിയുടെയും, അഞ്ചു വര്‍ഷത്തെ കാലാവധിയുടെയും പ്രാധാന്യം അറിയാം. അവര്‍ക്ക് ചിലതെല്ലാം പ്രവര്‍ത്തിക്കാനുണ്ട്. കുടുംബ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും അവര്‍ പഞ്ചായത്തിന്റെ ഭരണം നിര്‍വഹിക്കുന്നു. കുടുംബത്തിലെയും പഞ്ചായത്തിലെയും ഉത്തരവാദിത്വങ്ങള്‍ തമ്മില്‍ അവര്‍ കൃത്യമായ മുന്‍ഗണനാ പട്ടികകള്‍ ഉണ്ടാക്കുന്നു. എന്തായാലും പുരുഷന്മാരായ പഞ്ചായത്തു പ്രസിഡന്റുമാരെക്കാള്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നത് വനിതാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തന്നെ. അവര്‍ക്ക് കൃത്യമായ പ്രവര്‍ത്തന മുന്‍ഗണനകള്‍ ഉണ്ട്. പുരുഷ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്ക് ബഹുവിധ പ്രവര്‍ത്തനങ്ങള്‍ മൂലം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാറില്ല. അയാളുടെ അടുത്ത ലക്ഷ്യം ജില്ലാ ബോര്‍ഡിന്റെ അധ്യക്ഷസ്ഥാനമായിരിക്കും. ജില്ലാ പരിഷത്തിലുള്ളയാളാകട്ടെ എങ്ങിനെ സംസ്ഥാന നിയമസഭയില്‍ എത്താം എന്നാണ് നോക്കുക. എന്നാല്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഇത്തരത്തിലുള്ള മറ്റു താല്‍പര്യങ്ങള്‍ ഒന്നും ഇല്ല. തന്റെ പദവിയോടെ അവര്‍ പൂര്‍ണമായി നീതി പൂലര്‍ത്തുന്നു. അതിന്റെ സദ്ഫലങ്ങളാണാ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ജോലിക്കാരായ വനിതകളെ സംബന്ധിച്ച് നടത്തിയ ഒരു സര്‍വെയില്‍ പുറത്തു വന്ന രസകരമായ വസ്തുത, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഏറ്റവും താല്‍പര്യം കാണിക്കുന്നത് വനിതകളാണ് എന്നതത്രെ. ലക്ഷ്യം നേടാനായി അവര്‍ ആത്മാര്‍ത്ഥമായി സ്ഥിരമായി എല്ലാ കഴിവുകളും വിനിയോഗിച്ചുകൊണ്ട് അവരെ ഏല്‍പ്പിക്കുന്ന ജോലി ചെയ്യുന്നു. ജോലി തീരാതെ അവര്‍ വിശ്രമിക്കുന്നില്ല. അതിനുവേണ്ടി അവര്‍ സാധിക്കുന്ന എല്ലാ വിഭവങ്ങളും സമാഹരിക്കുന്നു. യോജിച്ച വ്യക്തികളെ കണ്ടെത്തുന്നു.

വനിതാ ശക്തിയുടെ 50 ശതമാനം ഇടപെടലുകൊണ്ട് തന്നെ രാജ്യത്തിന്റെ വികസന പ്രയാണത്തെ അത്ഭുതകരമായ ഉയരങ്ങളില്‍ എത്തിക്കാന്‍ സാധിക്കും. അതിനാല്‍ പെണ്‍കുട്ടിയെ രക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ എന്ന ആശയത്തോട് ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുക നമ്മുടെ രാജ്യത്തിന് വളരെ അത്യാവശ്യമാണ്. വനിത പ്രസിഡന്റുമാര്‍ ഭരിക്കുന്ന പഞ്ചായത്തുകളിലെങ്കിലും കുറഞ്ഞ പക്ഷം പെണ്‍ഭ്രൂണഹത്യകള്‍ ഉണ്ടാകില്ല. അവര്‍ ശ്രമിക്കുകയാണെങ്കില്‍ ഇതിനുള്ള ബോധവത്ക്കരണം നടത്താവുന്നതേയുള്ളു. ഗ്രാമത്തിലെ ഏതെങ്കിലും മരുമകള്‍ക്ക് എതിരെ നടക്കുന്ന ഗാര്‍ഹിക പീഢനം തടയാന്‍ അവര്‍ക്ക് ശക്തമായി നിലകൊള്ളാനാനും അവളെ രക്ഷിക്കാനുമാവും. പിന്നെ ആരും അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ മുതിരില്ല.ഇന്ന് നമ്മുടെ സമൂഹത്തില്‍ വലിയ അപചയമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അണ്‍-പെണ്‍ കുഞ്ഞുങ്ങളുടെ അനുപാതത്തില്‍ വന്‍ അന്തരമാണ് നിലനില്ക്കുന്നത്. 1000 ആണ്‍കുട്ടികള്‍ക്ക് 800,850, 900,925 പെണ്‍കുട്ടികള്‍ മാത്രം. ഇത്തരത്തിലുള്ള അന്തരവുമായി സമൂഹത്തിനു മുന്നോട്ട് പോകാനാവില്ല. ഇതൊരു വലിയ പാപമാണ്. സമൂഹം അതിനെതിരെ നിലകൊള്ളണം. വനിതാ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്കു മാത്രമെ ഇവിടെ വിജയകരമായി നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളു. നമ്മുടേത് വളരെ യാഥാസ്ഥിതികമായ സമൂഹമാണ്. മറ്റൊരു കുടുംബത്തിലേയ്ക്കു പോകേണ്ടവളാകയാല്‍ നമുക്കു പെണ്‍കുട്ടികളോടുള്ള കാഴ്ച്ചപ്പാടു തന്നെ വളരെ വ്യത്യസ്തമാണ്, അതിനുംകൂടി നാം ആണ്‍കുട്ടികളെ കൂടുതലായി പരിലാളിക്കുന്നു.നിങ്ങളുടെ കുട്ടിക്കാലത്ത് ഈ അവഗണന നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകും. നിങ്ങളുടെ പാത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ചു തരുമ്പോള്‍ നിങ്ങളുടെ സഹോദരന്റെ പാത്രത്തില്‍ രണ്ടു സ്പൂണ്‍ വീതം ഒഴിക്കുമായിരുന്നില്ലേ. കാരണം വളരെ ലളിതം. പെണ്‍കുട്ടി കല്യാണം കഴിച്ച് മറ്റൊരു കുടുംബത്തിലേയ്ക്കു പോകും. പുത്രന്‍ ഉണ്ടായിരിക്കുക എന്നത് ഓരോ വീടിന്റെയും അഭിമാനമാണ്. അത് അര്‍ദ്ധ സത്യം മാത്രം. എനിക്കറിയാം, പല ഒറ്റപ്പുത്രിമാരും വിവാഹിതരാകാതെ നില്ക്കുന്നത് മാതാപിതാക്കള്‍ക്ക് ബാധ്യത ഉണ്ടാകാതിരിക്കാനാണ്. അവരെ സംരക്ഷിക്കാനാണ്. അതേസമയം എട്ട് ആണ്‍മക്കള്‍ ഉണ്ടായിട്ടും വൃദ്ധസനങ്ങളില്‍ തോരാത്ത കണ്ണീരുമായി കഴിയുന്ന മാതാപിതാക്കളെയും എനിക്കറിയാം.

അതിനാല്‍ സമൂഹത്തിന്റെ മാറ്റത്തിനു വേണ്ടി നിലക്കൊള്ളുക. ഈ അവഗണനാ സമീപനത്തെ ശക്തമായി എതിര്‍ക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് മാറ്റം കാണാന്‍ സാധിക്കും. പറയൂ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യശസ്സ് ഉര്‍ത്തിയത് ആരാണ്. എന്റെ രാജ്യത്തിന്റെ പുത്രിമാരാണ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളില്‍ ആദ്യത്തെ പത്തു റാങ്കുകള്‍ നേടുന്നത് അവരാണ്. ആണ്‍കുട്ടികളെ നാം അവിടെ തെരഞ്ഞു പിടിക്കണം.
നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നല്‍കപ്പെട്ടിരിക്കുന്ന ഈ അവസരം അവരുടെ കര്‍ത്തവ്യങ്ങളെ മഹത്വപ്പടുത്തുന്നു. അതിനാല്‍ പെണ്‍കുട്ടിയെ രക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ എന്നത് നമ്മുടെ സാമൂഹികവും, ദേശീയവും മാനുഷികവുമായ പ്രതിബദ്ധതയാണ്. മനുഷ്യത്വരഹിതമായ സമീപനത്തെ സമൂഹം അംഗീകരിക്കില്ല. നമ്മുടെ വേദങ്ങളില്‍ പോലും പുത്രിക്കാണ് പ്രാധാന്യം കല്പിച്ചിരിക്കുന്നത്. നോക്കൂ:
'യാവദ് ഗംഗ കുരുക്ഷേത്ര, യാവദ് മേദനി തിഷ്ഠതി
യാവദ് സീതാ കഥാലോകേ താവത് ജീവേതു ബാലിക'
ഗംഗയും കുരുക്ഷേത്രവും ഈ ഭൂമിയും ഉള്ളിടത്തോളം കാലം സീതയുടെ കഥയും പെണ്‍കുഞ്ഞുങ്ങളും ഓര്‍മ്മിക്കപ്പെടും. പെണ്‍കുഞ്ഞുങ്ങളെ കുറിച്ചുള്ള വേദങ്ങളിലെ പരാമര്‍ശമാണ് ഇത്. അതിനാല്‍ വിവേചനരഹിതമായി പെണ്‍കുട്ടിയെ രക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ എന്ന പദ്ധതി ഏറ്റെടുക്കൂ.
ഈ വിഷയം വളരെ ആവേശത്തെടെ ഏറ്റെടുക്കാന്‍ നമ്മുടെ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെ ഞാന്‍ ഉത്സാഹിപ്പിക്കുകയാണ്. പാവപ്പെട്ട ഒരു വീട്ടില്‍ നിന്ന് അവരുടെ മകന്‍ സ്‌കൂളില്‍ പോകുന്നുവെങ്കില്‍ അവരുടെ മകളും സ്‌കൂളില്‍ പോകണം. ഇതിന് ഒരു പണച്ചെലവും ഇല്ല എന്നു ചിന്തിക്കണം. സ്‌കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഗവണ്‍മെന്റാണ്, അവിടെ അധ്യാപകനെ നിയമിച്ചിരിക്കുന്നതും ഗവണ്‍മെന്റു തന്നെ. ഇതിന് ഗ്രാമത്തിന് അധിക ചെലവൊന്നും ഇല്ല. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ വരുന്നുണ്ടോ, വീട്ടുകാര്‍ പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കുന്നുണ്ടോ എന്ന നിങ്ങളുടെ മേല്‍നോട്ടം മാത്രമെ ആവശ്യമുള്ളു.

നിങ്ങള്‍ എല്ലാവരും ഗ്രാമ മുഖ്യകളാണ്. നിങ്ങള്‍ക്കു സമയമുള്ളപ്പോള്‍ ഒരു കാര്യം ചെയ്യണം. സ്‌കൂളിലെ കുട്ടികളോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് എഴുതാന്‍ ആവശ്യപ്പെടണം. ആ ഗ്രാമത്തിലെ പഞ്ചായത്തു പ്രസിഡന്റിന്റെ പേരാണ് വേണ്ടത്. ഒരു പക്ഷെ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി നിങ്ങള്‍ ആ പദവി വഹിക്കുന്നുണ്ടാവും. എന്നാല്‍ നിങ്ങളുടെ ഗ്രാമത്തിലെ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കു പോലും നിങ്ങളുടെ പേരോ, നിങ്ങള്‍ ആ പഞ്ചായത്തിന്റെ പ്രസിഡന്റ് ആണോ എന്നൊന്നും അറിയണമെന്നില്ല. ഒരു പക്ഷെ മുഖ്യമന്ത്രിയുടെയോ രാജ്യത്തെ പ്രധാനമന്ത്രിയുടെയോ പേര് അവന് അറിയാമായിരിക്കും. പക്ഷെ നിങ്ങളുടെ പേര് അറിയില്ല. നിങ്ങള്‍ ആ സ്‌കൂളിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കി പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കാം. അവിടുത്തെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നുണ്ടായിരിക്കാം, പക്ഷെ അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് നിങ്ങളുടെ പേര് അറിയില്ലെങ്കില്‍ പിന്നെ എന്തു കാര്യം. നിങ്ങളെ കാണുമ്പോള്‍ അവന്‍ പറയുമായിരിക്കും ഞങ്ങളുടെ പഞ്ചായത്തു പ്രസിഡന്റ് എന്ന്. പക്ഷെ പേരറിയില്ല. ഇതു നിങ്ങളെ വേദനിപ്പിക്കുന്നില്ലേ. ഒന്നു പരീക്ഷിച്ചു നോക്കുക.

നിങ്ങളുടെ ഗ്രാമത്തെ ആത്മാര്‍ത്ഥമായി ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ മാസത്തില്‍ ഒരിക്കലെങ്കിലും അധ്യാപകരെ നിങ്ങളുടെ വീട്ടിലേയ്ക്ക് ക്ഷണിച്ച് അവര്‍ക്ക് ഒരു ചായ കൊടുക്കൂ, അവരുമായി അര മണിക്കൂര്‍ ചര്‍ച്ചകള്‍ നടത്തൂ. ആ ഗ്രാമത്തിലേ സ്‌കൂളോ, അതിലെ വിദ്യാര്‍ത്ഥികളോ പഠനകാര്യങ്ങളില്‍ പിന്നോക്കം പോകാന്‍ പാടില്ല എന്ന് ഗ്രാമ മുഖ്യ എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നതായി അവരോട് പറയൂ. അവിടെ പഠിക്കുന്ന ഓരോ കുട്ടിയും ആ താലൂക്കിലെ, ജില്ലയിലെ മെരിറ്റ് ലിസ്റ്റില്‍ ഇടം കണ്ടിരിക്കണം. അധ്യാപകര്‍ക്ക് എന്തെങ്കിലും പരാതിയോ പ്രയാസമോ ഉണ്ടോ എന്ന് അന്വേഷിക്കണം. ഇത്തരത്തില്‍ ഒരു വര്‍ഷം 7-8 തവണയെങ്കിലും അവരുമായി നേരിട്ടു സംവദിക്കണം. നിലവാരമുളള വിദ്യാഭ്യാസത്തിനു വേണ്ടി നിലക്കൊള്ളുന്ന പഞ്ചായത്ത് പ്രസിഡന്റാണ് നിങ്ങള്‍ എന്ന ഒരു സന്ദേശം നിങ്ങളെ കുറിച്ച് ഈ പരിപാടിയിലൂടെ അധ്യാപകരില്‍ ഉണ്ടാകണം. ബാക്കി എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ഇതൊഴികെയുള്ള 50 ശതമാനം ഉത്തരവാദിത്വങ്ങളുമായി വളരെ തിരക്കിലാകും. ഇതുപോലെ ഒരവസരം മുമ്പ് ഉണ്ടായിട്ടുണ്ടോ. പണ്ടൊക്കെ പഞ്ചായത്ത് പ്രസിഡന്റ് എന്നാല്‍ നഗരത്തില്‍ സുഖമായി താമസിക്കുന്ന ഒരാള്‍, ഒരു സത്ക്കാര പ്രിയന്‍. അതില്‍ അപൂര്‍വം പേര്‍ മാത്രമെ ഗ്രാമത്തിലെ അവരുടെ വീട്ടില്‍ താമസിക്കാറുള്ളു. എന്നാല്‍ 14-ാം ധനകാര്യ കമ്മിഷനു ശേഷം രണ്ടു ലക്ഷം രൂപയാണ് നേരിട്ടു ഗ്രാമങ്ങളില്‍ എത്താന്‍ പോകുന്നത്. ഇതൊരു ചെറിയ തുകയല്ല.
ഒരു ഗ്രാമത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് 25 ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ലക്ഷ്യമിടുന്നെങ്കില്‍ ഒരു ബുദ്ധിമുട്ടും കൂടാതെ വിജയകരമായി നിങ്ങള്‍ക്ക് അതു പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മാസത്തില്‍ ഒരു ദിവസം അംഗനവാടി ജീവനക്കാരെ നിങ്ങളുടെ ഓഫീസില്‍ ചായയ്ക്കു ക്ഷണിക്കുക, അല്ലെങ്കില്‍ നേരിട്ട് അംഗനവാടി സന്ദര്‍ശിക്കുക. അവിടുത്തെ ശുചിത്വ സംവിധാനങ്ങള്‍, അധ്യാപകരുടെ അവസ്ഥ, നല്കുന്ന ഭക്ഷണത്തിന്റെ നിലവാരം, കുട്ടികള്‍ക്കു വിളമ്പുന്ന പോഷകാഹാര ഗുണമേന്മ, അവിടെ ആവശ്യമുള്ള കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ പരിശോധിക്കുക. കുറച്ചു ശ്രദ്ധ ഈവക കാര്യങ്ങള്‍ക്കു നല്കുക. അപ്പോള്‍ നിങ്ങളുടെ നേതൃത്വം കുറെ ക്കൂടി തിളങ്ങും.
ഈ ഗവണ്‍മെന്റ് പ്രതിരോധ കുത്തിവയ്പ്പിനായി വന്‍ തുക ചെലവഴിക്കുന്ന കാര്യം നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളുടെ ഗ്രാമം ഇതിനായി ഒരു രൂപ പോലും ചെലവഴിക്കേണ്ടതില്ല. 50 പ്രതിരോധ കുത്തിവയ്പ്പുകള്‍ ലക്ഷ്യമിട്ടിട്ടും 40 എണ്ണം മാത്രമെ നടത്താന്‍ സാധിക്കുന്നുള്ളു. എന്താണ് ഇതിനു കാരണം എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ശേഷിക്കുന്ന 10 കുട്ടികള്‍ക്ക് എവിടെ നിന്ന് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കും? പ്രതിരോധ കുത്തിയവയ്പ്പിന്റെ മുഴുവന്‍ ഡോസുകളും പൂര്‍ത്തിയാക്കുന്നു എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ഉറപ്പാക്കുന്നുണ്ടോ? പ്രതിരോധ കുത്തിവയ്പ്പ് എടുത്ത കുഞ്ഞുങ്ങള്‍ക്ക് പിന്നീട് എന്തെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ? നിങ്ങളുടെ ഭരണകാലയളവില്‍ ഗ്രാമത്തിലെ മുഴുവന്‍ കുഞ്ഞുങ്ങളും പ്രതിരോധ കുത്തിവയ്പ്പിനു വിധേയമാകുകയും പിന്നീട് 20-25 വര്‍ഷങ്ങള്‍ക്കു ശേഷവും അന്നു കുത്തിവയ്പ്പു സ്വീകരിച്ചവര്‍ പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യുന്നുവെങ്കില്‍ അന്ന് 100 ശതമാനം പ്രതിരോധ കുത്തിവയ്പ്പിനു വിധേയമായ നിങ്ങളുടെ ഗ്രാമത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാനാവും. വാര്‍ധക്യത്തില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്ന ആത്മ സംതൃപ്തിയും സന്തോഷവും ഒന്ന് ആലോചിച്ചു നോക്കൂ.

അതിനാല്‍ നിങ്ങളുടെ പഞ്ചാത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും മുഴുവന്‍ പ്രതിരോധ കുത്തിവയ്പ്പുകളും നടത്തി എന്ന് ഉറപ്പാക്കാന്‍ അവര്‍ക്കു നിര്‍ദ്ദേശം നല്കുക. സ്‌കൂളുകളില്‍ നിന്ന് ഒറ്റ പെണ്‍കുട്ടി പോലും കൊഴിഞ്ഞു പോകുന്നില്ല എന്ന് ഉറപ്പാക്കാന്‍ അധ്യാപകരോട് നിര്‍ദ്ദേശിക്കുക. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങളും ഇക്കാര്യങ്ങള്‍ കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കണം. അധ്യാപകര്‍ കൃത്യമായി വരുന്നുണ്ടോ, പ്രതിരോധ കുത്തിവയ്പ്പിനുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാറുണ്ടോ എന്ന് നിങ്ങളും പരിശോധിക്കണം.
പഞ്ചായത്തു പ്രസിഡന്റ് ഇക്കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ഈ പ്രവര്‍ത്തനങ്ങള്‍ അധിക ചെലവുകള്‍ കൂടാതെ നടക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്താല്‍ അതിന്റെ നേട്ടങ്ങള്‍ വലുതായിരിക്കും.ഗ്രാമങ്ങളിലെ രോഗങ്ങളെ കുറിച്ച് നാം എപ്പോഴും ആകുലരാകാറുണ്ടല്ലോ.

.

|

അടുത്ത കാലത്തായി നമ്മുടെ ശ്രദ്ധ ശുചിമുറികളിലാണ്. ശുചിത്വത്തിന്റെ നേട്ടങ്ങളെ കുറിച്ച് നാം ചിന്തിക്കാറുണ്ടോ? ലോക ബാങ്കിന്റെ റിപ്പോര്‍ട്ടു പ്രകാരം വൃത്തിഹീനമായ ഗൃഹ പരിസരങ്ങളില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ മൂലം ഒരു പാവപ്പെട്ട വീട്ടുകാര്‍ അവരുടെ ചികിത്സക്കായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് ശരാശരി 7000 രൂപയാണ്. നമ്മുടെ ഗ്രാമങ്ങളുടെയും വീടുകളുടെയും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും അതു വഴി പകര്‍ച്ചവ്യാധികളെയും രോഗങ്ങളെയും അകറ്റി നിര്‍ത്തുകയും ചെയ്താല്‍ ഈ 7000 രൂപ നമുക്ക് ലാഭിക്കാന്‍ പാടില്ലേ. പാവങ്ങള്‍ക്ക് ഈ പണം കൊണ്ട് വീട്ടിലേയ്ക്ക് പാല് വാങ്ങിക്കാമല്ലോ. അപ്പോള്‍ നിങ്ങളുടെ ഗ്രാമങ്ങളിലെ കുട്ടികള്‍ നല്ല ആരോഗ്യമുള്ളവരാകും. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഭരണകാലയളവില്‍ തന്നെ നടക്കുന്നു എന്നു ഉറപ്പാക്കുക, അതില്‍ വിട്ടുവീഴ്ച വേണ്ട.

ഗ്രാമങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ധാരാളം ആളുകള്‍ എഴുതിയിട്ടുണ്ട്. രബീന്ദ്രനാഥ ടാഗോര്‍ 1924 ല്‍ ബംഗാളി ഭാഷയില്‍ പട്ടണങ്ങളെയും ഗ്രാമങ്ങളെയും കുറിച്ച് കവിതകള്‍ രചിച്ചിട്ടുണ്ട്. ഇന്ന് ഞാനത് ഹിന്ദിയില്‍ നിങ്ങളോട് പറയുമ്പോള്‍ നിങ്ങള്‍ പറയും 90 വര്‍ഷങ്ങള്‍ക്കു ശേഷവും അത് പ്രസക്തമാണല്ലോ എന്ന്. ഈ വനിതാ വര്‍ഷത്തില്‍ പോലും.

ടാഗോര്‍ എഴുതി: ഗ്രാമം അതിന്റെ രൂപത്തില്‍ ഒരു നവോഢയെപ്പോലെയാണ്. സ്ത്രീയുടെ നിലനില്പ്പിലാണ് മനുഷ്യവംശത്തിന്റെ ക്ഷേമം തന്നെ. നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമങ്ങള്‍ പ്രകൃതിയോടും കുറെക്കൂടി അടുത്തും, ജീവിതയാത്രയോട് ഐക്യപ്പെട്ടും നില്ക്കുന്നു. അവിടെ മുറിവുകള്‍ ഭേദമാക്കുന്നതിന് പ്രകൃതിയുടെ ശക്തിുണ്ട്. ഗ്രാമങ്ങള്‍ എല്ലാവര്‍ക്കും സുന്ദരമായ ജീവിതഗാനം പോലെ സന്തോഷവും സ്ത്രീയെപ്പോലെ ഭക്ഷണവും നല്കുന്നു. ഗ്രാമങ്ങളുടെ വര്‍ണശബളമായ പാരമ്പര്യങ്ങളെ സ്ത്രീകള്‍ സമ്പന്നമാക്കുന്നു. എന്നാല്‍ നിരന്തരമായി ചൂഷണം ചെയ്യുകയും ഞെരുക്കുകയും ചെയ്താല്‍ ഗ്രാമത്തിന്റെയും സ്ത്രീയുടെയും ശോഭ മങ്ങിപ്പോകും.
ഗ്രാമങ്ങളിലെ വിഭവങ്ങള്‍ ഇല്ലാതാകുന്നതിനെ കുറിച്ച് ചിലപ്പോള്‍ നാം ചിന്തിക്കാറുണ്ട്. പ്രകൃതിയെ സംരക്ഷിക്കണമോ വേണ്ടയോ? ഇതാണ് കാതലായ ചോദ്യം. സമൃദ്ധമായ പച്ചപ്പും ശുദ്ധമായ വായുവും ഉള്ള ഗ്രാമങ്ങള്‍...അത്തരം ആദര്‍ശഗ്രാമങ്ങളില്‍ സ്വന്തമായി ചെറിയ വീട് ഉണ്ടാകാനും, അതില്‍ വാരന്ത്യ ദിനങ്ങള്‍ ചെലവഴിക്കാനും ഏതു നഗരവാസിയും കൊതിക്കും. ഇന്നത്തെ സ്ഥിതി മറിച്ചാണ്. നാം ഗ്രാമങ്ങളില്‍ ജീവിക്കുമ്പോഴും നമുക്ക് നഗരങ്ങളില്‍ വീടുകള്‍ ഉണ്ട്. അവിടേയ്ക്കാണ് നാം കുടുംബസമേതം യാത്രകള്‍ പോകുന്നത്. ഗ്രാമങ്ങളിലെ ജീവിതമാണ് സത്യം. അത്തരം ഗ്രാമങ്ങള്‍ യാഥാര്‍ത്ഥ്യമാകണം.
ഗവണ്‍മെന്റ് റൂര്‍ബന്‍ ദൗത്യത്തിനായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാമങ്ങളുടെ ആത്മാവും നഗരത്തിന്റെ സൗകര്യങ്ങളും ഉള്ള സ്ഥലം. നമ്മുടെ എല്ലാ പഞ്ചായത്തുകളെയും തമ്മില്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിക്കുന്ന ജോലി മുന്നേറുകയാണ്. ആകെയുള്ള 2.5 ലക്ഷം പഞ്ചായത്തുകളില്‍ ഏകദേശം 70000 എണ്ണത്തെ ഇതിനോടകം ബന്ധിപ്പിച്ചു കഴിഞ്ഞു. എല്ലാ സ്‌കൂളുകളും പഞ്ചായത്ത് ഓഫീസും ആവശ്യാനുസരണം വികസിപ്പിക്കാവുന്ന കേബിള്‍ ശ്രംഖലയിലാകും. ഗ്രാമങ്ങളെ നവീകരിക്കാനും ഗവണ്‍മെന്റ് ശ്രമിച്ചു വരുന്നു. ഇവിടെ ഈ പ്രദര്‍ശനം കണ്ടശേഷം എന്റെ സെക്രട്ടറി എന്നെ അറിയിച്ചത്, ഗ്രമാമുഖ്യകള്‍ വളരെ താല്പര്യത്തോടെയാണ് ഈ പ്രദര്‍ശനം വീക്ഷിക്കുന്നത്, എല്ലാവരും അതിനോട് ചേര്‍ന്നു നിന്ന് സെല്‍ഫി എടുക്കുന്നു എന്നൊക്കെയാണ്. സാങ്കേതിക വിദ്യ ഏറ്റെടുക്കാനുള്ള സംവിധാനം ഇല്ലെങ്കില്‍ പിന്നെ എങ്ങിനെ അത് ഗ്രാമങ്ങളില്‍ സ്ഥാപിക്കും എന്ന് പലപ്പോഴും പാര്‍ലമെന്റില്‍ ആളുകള്‍ പ്രസംഗമധ്യേ ചോദിക്കാറുണ്ട്. എന്തുകൊണ്ട് അവര്‍ അങ്ങിനെ ചോദിക്കുന്നു എന്ന് എനിക്കറിയില്ല. സാങ്കേതിക വിദ്യ കൊണ്ടുവന്ന വിപ്ലവത്തെ കുറിച്ച് ചില കാര്യങ്ങല്‍ എനിക്ക് നിങ്ങളുമായി പങ്കുവയ്ക്കാനുണ്ട്. അത്ര മഹത്തായ വിപ്ലവമാണ് സാങ്കേതിക വിദ്യ ഉണ്ടാക്കിയത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ ഞാന്‍ സംസ്ഥാനത്തെ വളരെ പിന്നോക്ക പ്രദേശമായ കപ്രട എന്ന സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. അവിടെ ഒരു ക്ഷീരസംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനാണ് പോയത്. ആദിവാസി മേഖലയാണ്. ചുറ്റും വനം. പൊതു സമ്മേളനത്തിനു യോജിച്ച മൈതാനങ്ങളൊന്നും ഇല്ല.അതിനാല്‍ മൂന്നു കിലോമീറ്റര്‍ മാറി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പൊതു സമ്മേളനം ക്രമീകരിച്ചിരുന്നത്. ആ ക്ഷീര സംസ്‌കരണ കേന്ദ്രത്തില്‍ 25-30 വനിതകള്‍ പാല്‍ നിറയ്ക്കുന്നത് ഞാന്‍ കണ്ടു. വിളക്കു തെളിക്കുകയും നാട മുറിക്കുകയും ചെയ്ത സമയത്ത് ആദിവാസി സ്ത്രീകള്‍ അവകുടെ സ്മാര്‍ട്ട് ഫോണില്‍ ഫോട്ടോ എടുക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു. ഇത് പത്തു വര്‍ഷം മുമ്പാണ്. എനിക്ക് ആശ്ചര്യം തോന്നി. ഞാന്‍ അവരുടെ സമീപത്ത് എത്തി അരോട് ആരാഞ്ഞു. ഈ ഫോട്ടോ ഇനി നിങ്ങള്‍ എന്തു ചെയ്യും. നിരക്ഷരരായ ആ സഹോദരിമാരുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി. ഞങ്ങള്‍ ഇത് ഡൗണ്‍ലോഡ് ചെയ്യും.

ഇന്നു സാധാരണക്കാര്‍ പോലും ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ സമര്‍ത്ഥരാണ്. ഗവണ്‍മെന്റ് കോമണ്‍ സര്‍വീസ് സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാര്‍ അവിടെ എന്താണ് ചെയ്യുന്നത് ന്നെു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. എന്തു സേവനമാണ് ആ കമ്പ്യൂട്ടറുകള്‍ നല്കുന്നത്, എങ്ങിനെയാണ് അവ ഗ്രാമത്തിനു പ്രയോജനപ്പെടുന്നത്, ഇതെല്ലാം നിങ്ങള്‍ക്ക് എപ്രകാരമാണ് ഉപകരിക്കുന്നത്? ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇത്തരം സാങ്കേതിക വിദ്യകളെ ഗ്രാമത്തില്‍ എത്തിക്കണം, അവയുടെ സേവനം നമ്മുടെ ഗ്രാമത്തിനും ലഭിക്കണം. അപ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കും നിങ്ങളുടെ ഗ്രാമത്തിന് സംഭവിക്കുന്ന മാറ്റം.
നമുക്ക് ഇത്തരം സാങ്കേതിക വിദ്യകളെ കുറിച്ച് എല്ലാമൊന്നും അറിയില്ലായിരിക്കാം. പക്ഷെ എല്ലാകാര്യങ്ങളും അറിയാവുന്ന ആളുകളെ നമുക്ക് ഒപ്പം കൂട്ടാം. മനുഷ്യന് വലിയ അഹന്തയാണ്. അതുകൊണ്ട് അവര്‍ ഒരിക്കലും മറ്റുള്ളവരുടെ സഹായം തേടില്ല. അതുകൊണ്ട് ഇക്കാര്യങ്ങള്‍ നിങ്ങളുടെ വീട്ടിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയോട് ചോദിക്കാം. ആ കുട്ടി നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ ശക്തി പതിന്മടങ്ങായി വര്‍ദ്ധിക്കും.

നമ്മള്‍ ഗ്രാമത്തില്‍ ജീവിക്കുന്നവരാണ്. ഗ്രാമത്തില്‍ എത്ര ഗവണ്‍മെന്റ് ജീവനക്കാര്‍ ഉണ്ട് എന്ന് നമുക്ക് അറിയാമോ. ഇല്ല. അതെക്കുറിച്ച് നാം ഇതുവരെ ചിന്തിച്ചിട്ടേയില്ല. ഖജനാവില്‍ നിന്ന് ശമ്പളം ലഭിക്കുന്നവരെല്ലാം ഗവണ്‍മെന്റിന്റെ ഭാഗമാണ്. ഗ്രാമത്തിലെ ഗവണ്‍മെന്റ് ജീവനക്കാരുടെ അവര്‍ ഡ്രൈവറാകട്ടെ, തൂപ്പുകാരനാകട്ടൈ, കമ്പൗണ്ടറാകട്ടെ, ക്ലാര്‍ക്ക് ആകട്ടെ, അധ്യപകനാകട്ടെ അവരുടെ ഒരു യോഗം വിളിച്ചു കൂട്ടാമോ. എല്ലാ ഗ്രാമങ്ങളിലും ചുരുങ്ങിയത് 15- 20 സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടാകും. ഇവര്‍ക്കെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെ അറിയാമോ. ഇവരോട് ഗ്രാമത്തിലേയ്ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിനുള്ള സഹകരണം തേടാമോ. ഇത് സാധിച്ചാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ വളരെ എളുപ്പമാകും.

നിങ്ങളുടെ ഗ്രാമത്തില്‍ അംഗന്‍വാടി ജീവനക്കാരുണ്ട്, ആശ വര്‍ക്കര്‍മാരുണ്ട്, അധ്യാപകരുണ്ട്, ഇവരെല്ലാം ഗവണ്‍മെന്റിനെ പ്രതിനിധീകിരിക്കുന്നു. ഇവരെയൊന്നും നിങ്ങള്‍ ഇതുവരെ നിങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടില്ല. അതിനാല്‍ ഇവരുടെ സഹകരണം ഉറപ്പാക്കുക. അതു നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ സഹായമാകും.
ഒരു കാര്യം കൂടി ചെയ്യണം. നിങ്ങളുടെ ഗ്രാമത്തില്‍ നിന്ന ധാരാളം പേര്‍ നഗരങ്ങളിലേയ്ക്ക് കുടിയേറിയിട്ടുണ്ടാവും. ഇപ്പോള്‍ അവര്‍ നിങ്ങളുടെ ഗ്രാമത്തില്‍ വല്ലപ്പോഴും വല്ല വിവാഹത്തിനോ മറ്റ് കുടുംബ ആഘോഷങ്ങള്‍ക്കോ എത്തുന്ന സന്ദര്‍ശകന്‍ മാത്രമാവാം. നിങ്ങളുടെ ഗ്രാമത്തിന്റെ ഒരു വാര്‍ഷികം ആഘോഷിക്കുക, അതല്ലെങ്കില്‍ ഒരു ഗ്രാമോത്സവം സംഘടിപ്പിക്കുക. മൂന്നു നാലു ദിവസത്തെ പരിപാടികള്‍ തയാറാക്കുക. അതില്‍ 75 വയസിനു മുകളിലുള്ളവരെ എല്ലാം ആദരിക്കുക. പങ്കെടുക്കന്നവര്‍ എല്ലാവരും വൃക്ഷത്തെകള്‍ നടുക. ഗ്രാമം വൃത്തിയായി സൂക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുക. ഗ്രാമത്തില്‍ നിന്നു പോയവരെയും ക്ഷണിക്കുക. ഗ്രാമം മൊത്തം ആവേശ ഭരിതമാകുന്നത് നിങ്ങള്‍ക്കു കാണാം. 18 കഴിയുമ്പോള്‍ കൂടുതല്‍ ജീവിത സൗകര്യങ്ങള്‍ തേടി ഗ്രാമത്തില്‍ നിന്നുള്ള യുവാക്കളുടെ കൊഴിഞ്ഞു പോക്ക് ഇത്തരം സംരംഭങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറയും. സാവകാശം അവസാനിക്കും. ഗ്രാമം വളരെ സജീവമാകും.

എല്ലാ ഗ്രാമങ്ങള്‍ക്കും സ്വന്തമായി നല്ല കാലി സമ്പത്തു വേണം. ഗാന്ധനഗറിനു സമീപമുള്ള ചില ഗ്രാമങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഗ്രാമങ്ങളിലെ അവശിഷ്ടങ്ങള്‍ സംസ്‌കരിച്ച് നമുക്ക് പണമാക്കാം. മാലിന്യം എന്നു നാം വിളിക്കുന്ന വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ സമ്പത്താണ് എന്നു മറക്കരുത്.

ഗ്രാമങ്ങളില്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കണം. അതില്‍ ചിലരെ നിയമിച്ച് ഗ്രാമങ്ങളിലെ ചപ്പുചവറുകള്‍ ശേഖരിച്ച് വളം നിര്‍മ്മാണം നടത്തണം. അതിന്റെ വില്പന ഗ്രാമ പഞ്ചായത്തിന് ഒരു വരുമാനമാകും. അതുവഴി കൃഷിയിടങ്ങള്‍ പുനരുജ്ജീവിക്കും, നിങ്ങളുടെ കൃഷിക്കാര്‍ക്ക് കൂടുതല്‍ വിളവ് ലഭിക്കും. ഇത്തരം ചെറിയ പ്രവൃത്തികള്‍ക്ക് കൂടുതല്‍ മുതല്‍ മുടക്കൊന്നും വേണ്ട. മാത്രവുമല്ല നിങ്ങളുടെ ഗ്രാമം ശാക്തികരിക്കപ്പെടും, വൃത്തിയാവുകയും ചെയ്യും. നിങ്ങള്‍ ശുചിത്വ ശീലംപോഷിപ്പിക്കണം. ഇത് നാം സ്വയം ചെയ്യേണ്ടതാണ്. നാം ഒരു ചടങ്ങിനു പോകുന്നു. അബദ്ധവശാല്‍ നിങ്ങളുടെ വസ്ത്രത്തില്‍ ചെളി പുരണ്ടു. നിങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങില്‍ നിങ്ങള്‍ പ്രധാന വ്യക്തിയാണെങ്കില്‍ പോലും നിങ്ങള്‍ സ്വയം അത് തൂവാല കൊണ്ട് തുടച്ചു നീക്കും.. മറ്റാരും വന്ന് അത് ചെയ്യാന്‍ നിങ്ങള്‍ കാത്തു നില്ക്കില്ല. എന്തുകൊണ്ട്. സ്വന്തം വസ്ത്രത്തില്‍ അഴുക്ക് പുരണ്ടു കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇതുപോലെയാണ് നമ്മുടെ ഭാരതമാതാവും. ഈ രാജ്യത്ത് എവിടെ അഴുക്ക് കണ്ടാലും നാം സംഘടിതമായി അത് നീക്കം ചെയ്യണം. അതിനായി വൃത്തി നാം സ്വയം ശീലിക്കണം. കാരണം ഒരിക്കല്‍ ഈ അഴുക്കും മാലിന്യവും നീങ്ങിയാല്‍ രോഗങ്ങള്‍, പോഷകാഹാരക്കുറവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പണച്ചെലവുകള്‍ നിങ്ങള്‍ക്ക് കുറയ്ക്കാന്‍ സാധിക്കും.

ഇതില്‍ നിന്നെല്ലാം ഏറ്റവും പ്രയോജനം ലഭിക്കു പാവപ്പെട്ടവര്‍ക്കാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന് പാവങ്ങളെയും ചേരി നിവസികളെയും, മലിനമായ വെള്ളം ഉപയോഗിക്കുന്നവരെയുമാണ്. ശുചീകരണം മാനുഷിക പ്രവൃത്തിയാണ്. പൊതു സേവനം എന്ന നിലയില്‍ ഇതു ചെയ്താല്‍ അത് ദൈവാരാധനാകും.ഒരു മാറ്റം ആഗ്രഹിച്ചുകൊണ്ട് നാം ഇതിനായി പ്രവര്‍ത്തിക്കണം. അപ്പോള്‍ 2019 ല്‍ നാം ശുചിത്വ ഇന്ത്യ എന്ന ലക്ഷ്യം നേടും എനിക്ക് ഉറപ്പാണ്. ഇതു ഗവണ്‍മെന്റിനു വേണ്ടി ചെയ്യാനല്ല ഞാന്‍ പറയുന്നത് മറിച്ച് സമൂഹത്തിന്റ്െ ഭാഗമായി ഇതു മാറണം. വൃത്തിഹീനമായ ചുറ്റുപോടുകളോട് സമൂഹത്തില്‍ വെറുപ്പ് സൃഷ്ടിക്കുന്ന ഒരു മുന്നേറ്റം നാം നടത്തണം. അത് സ്വയം സംഭവിക്കണം. ശുചിമുറികള്‍ അതിന്റെ ഭാഗമാണ്. ശുചിമുറികള്‍ നിര്‍മ്മിക്കുന്നതുകൊണ്ടു മാത്രം ഈ യജ്ഞം പൂര്‍ണമായി എന്നു ചിന്തിക്കരുത്. മുമ്പ് ശുചിത്വം വെറും സംസാരം മാത്രമായിരുന്നു. ഇപ്പോള്‍ ഇതു സമൂഹത്തില്‍ ചര്‍ച്ചയാണ്. ഔദ്യോഗികമായി നാം എന്തെങ്കിലും പറഞ്ഞാല്‍ മാധ്യമങ്ങള്‍ അതിന്റെ പഴുതുകള്‍ കണ്ടെത്താനാവും എപ്പോഴും ശ്രമിക്കുക എന്ന് ഞാന്‍ സമ്മതിക്കുന്നു.
എന്നാല്‍, ശുചത്വം ഇതിന് ഒരു അപവാദമാണ്. മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളെയും വളരെ ആരാധനയോടെയാണ് കാണുന്നത്. ഈ മേഖലയില്‍ അവര്‍ ഗവണ്‍മെന്റിനും ഒരു ചുവടു മുന്നിലാണ്. രാജ്യമെമ്പാടും ഈ പരിശ്രമത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു. എല്ലാവരും അംഗീകരിക്കുന്ന ഒരു പ്രവൃത്തി സ്വാഭാവികമായും വിജയിക്കും. അത് ശാസ്ത്രീയമാകണമെന്നു മാത്രം. വെറുതെ ശുചിത്വം എന്ന് പറഞ്ഞിട്ടു മാത്രം കാര്യമില്ല.ഇത് നാം പ്രവൃത്തിയില്‍ കൊണ്ടുവരണം. വൃത്തിയുള്ള ഗ്രാമങ്ങള്‍ ഇന്ത്യയെ തന്നെ മാറ്റും.ഒപ്പം നമ്മുടെ ജീവിതങ്ങളെയും.
ഇവിടെ ആദരിക്കപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ പ്രവൃത്തി, ജീവിതം, സംരംഭകത്വം, നിശ്ചയദാര്‍ഢ്യം എല്ലാം നമ്മെയും പ്രചോദിപ്പിക്കട്ടെ. ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകളും വൃത്തിയുമായി വ്യക്തമായ ഒരു ബന്ധം ഞാന്‍ കാണുന്നു. കാരണം നമ്മുടെ രാജ്യത്തെ സ്ത്രീശക്തിയാണ് ശുചിത്വത്തിനായി ഏറ്റവും വലിയ സംഭാവനകള്‍ നല്‍കി വരുന്നത്. വൃത്തി, ശുചിത്വം, തുടങ്ങി സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങലിലും നമ്മുടെ അമ്മമാര്‍ പ്രദര്‍ശിപ്പിക്കുന്ന ശക്തിയാണ് ഇന്നിനെ മുന്നോട്ടു നയിക്കുന്നത്.
ഈ ശ്ുചിത്വ യജ്ഞത്തിന് അമ്മമാരുടെ അനുഗ്രഹം ഉണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് അത് വിജയിക്കും. നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിവാദ്യം ചെയ്യുന്നു. നിങ്ങള്‍ക്ക് വളരെ നന്ദി

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
In Mann Ki Baat, PM Stresses On Obesity, Urges People To Cut Oil Consumption

Media Coverage

In Mann Ki Baat, PM Stresses On Obesity, Urges People To Cut Oil Consumption
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 24
February 24, 2025

6 Years of PM Kisan Empowering Annadatas for Success

Citizens Appreciate PM Modi’s Effort to Ensure Viksit Bharat Driven by Technology, Innovation and Research