ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള ജി, ജനപ്രിയ യുവ മുഖ്യമന്ത്രി വൈദ്യ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിമാരായ സർബാനന്ദ സോനോവാൾ ജി, ശ്രീപദ് നായിക് ജി, ഡോ. മഹേന്ദ്രഭായ് മുഞ്ചപ്പാറ ജി, ശ്രീ ശേഖർ ജി, എല്ലാ പണ്ഡിതന്മാരും ആയുഷ് മേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്നു. ലോകമെമ്പാടുമുള്ള ലോക ആയുർവേദ കോൺഗ്രസ്, മറ്റ് വിശിഷ്ട വ്യക്തികളേ മഹതികളെ , മാന്യരേ !
ഗോവയുടെ മനോഹരമായ മണ്ണിൽ ലോക ആയുർവേദ കോൺഗ്രസിലേക്ക് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഒത്തുകൂടിയ എല്ലാ സുഹൃത്തുക്കളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ലോക ആയുർവേദ കോൺഗ്രസിന്റെ വിജയത്തിന് നിങ്ങളെ എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാല’ത്തിലേക്ക് (സുവർണ്ണകാലം) ഇന്ത്യയുടെ പ്രയാണം ആരംഭിച്ച സമയത്താണ് ഈ സംഭവം നടക്കുന്നത്. നമ്മുടെ അറിവ്, ശാസ്ത്രം, സാംസ്കാരിക അനുഭവം എന്നിവയിലൂടെ ലോകത്തിന്റെ ക്ഷേമത്തിനായുള്ള ദൃഢനിശ്ചയം 'അമൃത് കാലിന്റെ' വലിയ ലക്ഷ്യമാണ്. കൂടാതെ, ആയുർവേദം ഇതിന് ശക്തവും ഫലപ്രദവുമായ ഒരു മാധ്യമമാണ്. ഈ വർഷം ജി-20 ഗ്രൂപ്പിന്റെ ആതിഥേയത്വവും അധ്യക്ഷസ്ഥാനവും ഇന്ത്യയാണ്. "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്നതാണ് ജി-20 ഉച്ചകോടിയുടെ പ്രമേയം! ലോക ആയുർവേദ കോൺഗ്രസിൽ ലോകത്തിന്റെ മുഴുവൻ ആരോഗ്യത്തോടൊപ്പം ഇത്തരം വിഷയങ്ങൾ നിങ്ങളെല്ലാവരും ചർച്ച ചെയ്യും. ലോകത്തിലെ 30-ലധികം രാജ്യങ്ങൾ ആയുർവേദത്തെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായമായി അംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ആയുർവേദത്തിന്റെ അംഗീകാരത്തിനായി കൂടുതൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് കൊണ്ടുപോകണം.
സുഹൃത്തുക്കളേ ,
ആയുഷുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾ സമർപ്പിക്കാനുള്ള അവസരവും ഇന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ-ഗോവ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ-ഗാസിയാബാദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി-ഡൽഹി എന്നിവ ആയുഷ് ഹെൽത്ത് കെയർ സംവിധാനത്തിന് പുതിയ ഉണർവ് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ ,
ആയുർവേദം തത്ത്വചിന്തയും മുദ്രാവാക്യവുമാണ്- ‘സർവേ ഭവന്തു സുഖിനഃ, സർവേ സന്തു നിരാമയഃ’ അതായത്, ‘എല്ലാവരും സന്തുഷ്ടരാകട്ടെ, എല്ലാവരും രോഗങ്ങളിൽ നിന്ന് മുക്തരാകട്ടെ’ എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു രോഗം വരുമ്പോൾ, അത് ചികിത്സിക്കാൻ നിർബന്ധിതമല്ല, മറിച്ച് ജീവിതം രോഗങ്ങളിൽ നിന്ന് മുക്തമാകണം. പ്രത്യക്ഷത്തിൽ രോഗം ഇല്ലെങ്കിൽ നമ്മൾ ആരോഗ്യവാന്മാരാണെന്നാണ് പൊതുവെയുള്ള സങ്കൽപം. എന്നാൽ ആയുർവേദം അനുസരിച്ച് ആരോഗ്യം എന്നതിന്റെ നിർവചനം വളരെ വിശാലമാണ്. ആയുർവേദം പറയുന്നത് സമ ദോഷ സമഗ്നിശ്ച, സമ ധാതു മൽ ക്രിയാഃ എന്നാണ്. പ്രസന്ന ആത്മേന്ദ്രിയ മനഃ, സ്വസ്ഥ ഇതി അഭിധീയതേ അതായത്, ശരീരം സന്തുലിതമായിരിക്കുന്നവൻ, എല്ലാ പ്രവർത്തനങ്ങളും സന്തുലിതമാകുന്നു, മനസ്സ് സന്തോഷിക്കുന്നു, അവൻ ആരോഗ്യവാനാണ്. അതുകൊണ്ടാണ് ആയുർവേദം ചികിത്സയ്‌ക്കപ്പുറം ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. ലോകവും ഇപ്പോൾ എല്ലാ മാറ്റങ്ങളിൽ നിന്നും പ്രവണതകളിൽ നിന്നും പുറത്തുവന്ന് ഈ പുരാതന ജീവിത തത്വത്തിലേക്ക് മടങ്ങുകയാണ്. ഇന്ത്യ വളരെ നേരത്തെ തന്നെ അതിനായി പ്രവർത്തിക്കാൻ തുടങ്ങിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നാം നിരവധി ശ്രമങ്ങൾ ആരംഭിച്ചു. ഞങ്ങൾ ആയുർവേദവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഗുജറാത്ത് ആയുർവേദ സർവകലാശാലയെ നവീകരിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് ഇന്ന് ലോകാരോഗ്യ സംഘടന ജാംനഗറിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ലോകത്തിലെ ആദ്യത്തെ ഏക ആഗോള കേന്ദ്രം തുറന്നത്. ഞങ്ങൾ ഗവൺമെന്റിൽ പ്രത്യേക ആയുഷ് മന്ത്രാലയവും രുപീകരിച്ചു . അത് ആയുർവേദത്തോടുള്ള ആവേശത്തിനും വിശ്വാസത്തിനും കാരണമായി. ഇന്ന്, എയിംസിന്റെ മാതൃകയിൽ 'ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ'വും തുറക്കുകയാണ്. ആഗോള ആയുഷ് നവീനാശയ നിക്ഷേപ ഉച്ചകോടിയും ഈ വർഷം വിജയകരമായി സംഘടിപ്പിച്ചു, ഇന്ത്യയുടെ ശ്രമങ്ങളെ ലോകാരോഗ്യ സംഘടനയും അഭിനന്ദിച്ചു. ലോകം മുഴുവൻ ഇപ്പോൾ അന്താരാഷ്ട്ര യോഗ ദിനം ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ആഗോള ഉത്സവമായി ആഘോഷിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നേരത്തെ അവഗണിക്കപ്പെട്ട യോഗയും ആയുർവേദവും ഇന്ന് മുഴുവൻ മനുഷ്യരാശിക്കും ഒരു പുതിയ പ്രതീക്ഷയായി മാറിയിരിക്കുന്നു.
സുഹൃത്തുക്കളേ ,
ആയുർവേദവുമായി ബന്ധപ്പെട്ട മറ്റൊരു വശമുണ്ട്, അത് ലോക ആയുർവേദ കോൺഗ്രസിൽ ഞാൻ തീർച്ചയായും പരാമർശിക്കാൻ ആഗ്രഹിക്കുന്നു. വരും നൂറ്റാണ്ടുകളിൽ ആയുർവേദത്തിന്റെ ശോഭനമായ ഭാവിക്ക് ഇത് ഒരുപോലെ ആവശ്യമാണ്.
സുഹൃത്തുക്കളേ ,
ആയുർവേദത്തെ സംബന്ധിച്ച ആഗോള സമവായത്തിനും സ്വീകാര്യതയ്ക്കും ഇത്രയും കാലമെടുത്തു, കാരണം ആധുനിക ശാസ്ത്രത്തിൽ തെളിവുകൾ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നു. ആയുർവേദത്തെ സംബന്ധിച്ചിടത്തോളം നമുക്ക് പ്രയോജനവും ,ഫലങ്ങളും ഉണ്ടായിരുന്നു, പക്ഷേ തെളിവുകളുടെ കാര്യത്തിൽ നാം പിന്നിലായിരുന്നു. അതിനാൽ, ഇന്ന് നമുക്ക് 'ഡാറ്റ അടിസ്ഥാനമാക്കിയുള്ള തെളിവുകളുടെ' ഡോക്യുമെന്റേഷൻ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിൽ നാം ദീർഘകാലം അനുസ്യുതം പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ മെഡിക്കൽ ഡാറ്റ, ഗവേഷണം, ജേണലുകൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുകയും ആധുനിക ശാസ്ത്രീയ മാനദണ്ഡങ്ങളെ കുറിച്ചുള്ള ഓരോ അവകാശവാദവും പരിശോധിക്കുകയും വേണം. ഈ ദിശയിൽ വലിയ തോതിലുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നടന്നിട്ടുണ്ട്. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണ ഡാറ്റയ്ക്കായി ഞങ്ങൾ ഒരു ആയുഷ് റിസർച്ച് പോർട്ടലും സൃഷ്ടിച്ചിട്ടുണ്ട്. ഏകദേശം 40,000 ഗവേഷണ പഠനങ്ങളുടെ ഡാറ്റ ഇതിൽ ഉണ്ട്. കൊറോണ കാലത്ത് പോലും ആയുഷുമായി ബന്ധപ്പെട്ട് 150 ഓളം പ്രത്യേക ഗവേഷണ പഠനങ്ങൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. ആ അനുഭവം മുന്നോട്ട് കൊണ്ടുപോയി, 'നാഷണൽ ആയുഷ് റിസർച്ച് കൺസോർഷ്യം' രൂപീകരിക്കുന്ന ദിശയിലേക്ക് ഞങ്ങൾ ഇപ്പോൾ മുന്നേറുകയാണ്. എയിംസിലെ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മെഡിസിൻ പോലുള്ള സ്ഥാപനങ്ങളിൽ യോഗയും ആയുർവേദവുമായി ബന്ധപ്പെട്ട സുപ്രധാന ഗവേഷണങ്ങളും നടക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ആയുർവേദവും യോഗയുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്‌ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അടുത്തിടെ, ജേർണൽ ഓഫ് ദി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി, ന്യൂറോളജി ജേർണൽ തുടങ്ങിയ ബഹുമാനപ്പെട്ട ജേണലുകളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക ആയുർവേദ കോൺഗ്രസിൽ പങ്കെടുക്കുന്നവരെല്ലാം ആയുർവേദത്തിന് ആഗോള നിലവാരം ഉറപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കാനും സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
അപൂർവ്വമായി ചർച്ച ചെയ്യപ്പെടുന്ന ആയുർവേദത്തിന്റെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആയുർവേദം ചികിത്സയ്ക്ക് മാത്രമുള്ളതാണെന്ന് ചിലർ കരുതുന്നു, എന്നാൽ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ആയുർവേദം നമ്മെ പഠിപ്പിക്കുന്നു എന്നതാണ് അതിന്റെ ഗുണം. ആധുനിക പദാവലികൾ ഉപയോഗിച്ച് ഇത് വിശദീകരിക്കണമെങ്കിൽ ഞാൻ ഒരു ഉദാഹരണം പറയാം. ലോകത്തിലെ ഏറ്റവും മികച്ച കമ്പനിയിൽ നിന്നാണ് നിങ്ങൾ ഏറ്റവും മികച്ച കാർ വാങ്ങുന്നത്. ആ കാറിനൊപ്പം ഒരു മാനുവൽ ബുക്ക് ഉണ്ട്. അതിൽ ഏത് ഇന്ധനം ഇടണം, എപ്പോൾ, എങ്ങനെ സർവീസ് ചെയ്യണം, എങ്ങനെ പരിപാലിക്കണം എന്നൊക്കെ നമ്മൾ മനസ്സിൽ സൂക്ഷിക്കണം. ഡീസൽ എഞ്ചിൻ കാറിൽ പെട്രോൾ ഇട്ടാൽ കുഴപ്പം ഉറപ്പാണ്. അതുപോലെ, നിങ്ങൾ ഒരു കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുകയാണെങ്കിൽ, അതിന്റെ എല്ലാ ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ശരിയായി പ്രവർത്തിക്കണം. നമ്മൾ യന്ത്രങ്ങളെ പരിപാലിക്കുമ്പോൾ, ഏതുതരം ഭക്ഷണം കഴിക്കണം, ഏതുതരം ദിനചര്യകൾ പാലിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്നൊന്നും നമ്മൾ നമ്മുടെ ശരീരത്തിലേക്ക് ശ്രദ്ധിക്കാറില്ല. ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും പോലെ ശരീരവും മനസ്സും ആരോഗ്യമുള്ളതായിരിക്കണമെന്നും അവ യോജിപ്പുള്ളതായിരിക്കണമെന്നും ആയുർവേദം നമ്മെ പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, ഇന്ന് ശരിയായ ഉറക്കം വൈദ്യശാസ്ത്രത്തിന് ഒരു വലിയ വിഷയമാണ്. എന്നാൽ നിങ്ങൾക്കറിയാമോ, മഹർഷി ചരകനെപ്പോലുള്ള ആചാര്യന്മാർ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ഇതാണ് ആയുർവേദത്തിന്റെ ഗുണം.
സുഹൃത്തുക്കളേ ,,
നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്: ‘സ്വാസ്ത്യം പരമാർത്ഥ സാധനം’ അതായത്, ആരോഗ്യമാണ് ലക്ഷ്യത്തിന്റെയും പുരോഗതിയുടെയും മാർഗം. ഈ മന്ത്രം നമ്മുടെ വ്യക്തിജീവിതത്തിന് എത്രമാത്രം അർത്ഥവത്താണോ, സമ്പദ്‌വ്യവസ്ഥയുടെ വീക്ഷണകോണിൽ നിന്നും ഇത് പ്രസക്തമാണ്. ഇന്ന് ആയുഷ് രംഗത്ത് അനന്തമായ പുതിയ സാധ്യതകളുണ്ട്. ആയുർവേദ ഔഷധസസ്യങ്ങളുടെ കൃഷി, ആയുഷ് മരുന്നുകളുടെ നിർമ്മാണവും വിതരണവും, അല്ലെങ്കിൽ ഡിജിറ്റൽ സേവനങ്ങൾ എന്നിവയാകട്ടെ, ആയുഷ് സ്റ്റാർട്ടപ്പുകൾക്ക് വലിയ സാധ്യതകളുണ്ട്.
സഹോദരീ സഹോദരന്മാരേ,
ആയുഷ് വ്യവസായത്തിന്റെ ഏറ്റവും വലിയ ദൗർബല്യം എല്ലാവർക്കും വ്യത്യസ്ത തരത്തിലുള്ള അവസരങ്ങൾ ലഭ്യമാണ് എന്നതാണ്. ഉദാഹരണത്തിന്, ഏകദേശം 40,000 എം എസ എം ഇ കൾ , ചെറുകിട വ്യവസായങ്ങൾ, ഇന്ത്യയിൽ ആയുഷ് മേഖലയിൽ നിരവധി വ്യത്യസ്ത ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുകയും നിരവധി സംരംഭങ്ങൾ നടത്തുകയും ചെയ്യുന്നു. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നു. എട്ട് വർഷം മുമ്പ് രാജ്യത്തെ ആയുഷ് വ്യവസായം ഏകദേശം 20,000 കോടി രൂപ മാത്രമായിരുന്നു. ഇന്ന് ആയുഷ് വ്യവസായം ഏകദേശം 1.5 ലക്ഷം കോടി രൂപയാണ്. അതായത് 7-8 വർഷത്തിനുള്ളിൽ ഏകദേശം 7 മടങ്ങ് വളർച്ച. ആയുഷ് ഒരു വലിയ വ്യവസായമായും വലിയ സമ്പദ്‌വ്യവസ്ഥയായും ഉയർന്നുവരുന്നത് നിങ്ങൾക്ക് ഊഹിക്കാം. സമീപഭാവിയിൽ ഇത് ആഗോള വിപണിയിൽ കൂടുതൽ വിപുലീകരിക്കും. ആഗോള ഹെർബൽ മെഡിസിൻ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിപണി ഏകദേശം 120 ബില്യൺ ഡോളറാണെന്നും അതായത് ഏകദേശം 10 ലക്ഷം കോടി രൂപയാണെന്നും നിങ്ങൾക്കറിയാം. പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഈ മേഖല തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു, എല്ലാ സാധ്യതകളും നാം പൂർണ്ണമായും പ്രയോജനപ്പെടുത്തണം. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്കായി, നമ്മുടെ കർഷകർക്കായി ഒരു പുതിയ കാർഷിക മേഖല തുറക്കുന്നു, അവർക്ക് വളരെ നല്ല വില ലഭിക്കും. ഈ മേഖലയിൽ യുവാക്കൾക്കായി ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സുഹൃത്തുക്കളേ
ആയുർവേദത്തിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ മറ്റൊരു പ്രധാന വശം ആയുർവേദവും യോഗാ ടൂറിസവുമാണ്. വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായ ഗോവ പോലുള്ള സംസ്ഥാനത്ത് ആയുർവേദവും പ്രകൃതിചികിത്സയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയ്ക്ക് പുതിയ ഉയരം കൈവരിക്കാനാകും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ-ഗോവ ഈ ദിശയിൽ ഒരു പ്രധാന തുടക്കമാണെന്ന് തെളിയിക്കാനാകും.
സുഹൃത്തുക്കളേ
ഇന്ന് ഇന്ത്യയും ലോകത്തിന് മുന്നിൽ 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന ഭാവി കാഴ്ചപ്പാട് മുന്നോട്ട് വെച്ചിരിക്കുന്നു. 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്നാൽ ആരോഗ്യത്തിനായുള്ള സാർവത്രിക ദർശനം എന്നാണ് അർത്ഥമാക്കുന്നത്. വെള്ളത്തിൽ വസിക്കുന്ന മൃഗങ്ങൾ, വന്യമൃഗങ്ങൾ, മനുഷ്യർ അല്ലെങ്കിൽ സസ്യങ്ങൾ എന്നിവയുടെ ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവരെ ഒറ്റപ്പെടുത്തി കാണുന്നതിനു പകരം മൊത്തത്തിൽ കാണണം. ആയുർവേദത്തിന്റെ ഈ സമഗ്രമായ കാഴ്ചപ്പാട് ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ജീവിതരീതിയുടെയും ഭാഗമാണ്. ഗോവയിൽ നടക്കുന്ന ഈ ലോക ആയുർവേദ കോൺഗ്രസിൽ അത്തരം എല്ലാ വശങ്ങളും വിശദമായി ചർച്ച ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആയുർവേദത്തെയും ആയുഷിനെയും എങ്ങനെ സമഗ്രമായി മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ഒരു റോഡ്മാപ്പ് തയ്യാറാക്കണം. ഈ ദിശയിൽ നിങ്ങളുടെ ശ്രമങ്ങൾ തീർച്ചയായും ഫലപ്രദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെ, നിങ്ങൾക്കെല്ലാവർക്കും ഒരുപാട് നന്ദി! ഒപ്പം ആയുഷിനും ആയുർവേദത്തിനും ഒരുപാട് ആശംസകൾ.