നമസ്‌കാരം!
അസാധാരണമായ സാഹചര്യങ്ങള്‍ക്കിടയിലാണ് 2021 ലെ ബജറ്റ് അവതരിപ്പിച്ചത്. യാഥാര്‍ത്ഥ്യബോധവും വികസനത്തിന്റെ ആത്മവിശ്വാസവും അതിലുണ്ട്. കൊറോണ ലോകത്തു സൃഷ്ടിച്ച ആഘാതം മുഴുവന്‍ മനുഷ്യരാശിയെയും നടുക്കി. ഈ സാഹചര്യങ്ങള്‍ക്കിടയില്‍, ഇന്നത്തെ ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നത്. അതേസമയം, ഇത് ലോകത്തിനും പുതിയ ആത്മവിശ്വാസം പകരും.
ഇന്നത്തെ ബജറ്റില്‍ സ്വയംപര്യാപ്തത എന്ന കാഴ്ചപ്പാടും, ഒപ്പം ഓരോ വ്യക്തിക്കും സമൂഹത്തിനുമുള്ള ഉള്‍പ്പെടുത്തലുകളും അടങ്ങിയിരിക്കുന്നു. വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍, പുതിയ അവസരങ്ങളുടെ വിപുലീകരണം, യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കല്‍, മാനവ വിഭവശേഷിക്ക് പുതിയ മാനം, അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള പുതിയ മേഖലകളുടെ വികസനം, ആധുനികതയിലേക്കുള്ള പ്രയാണം, പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കല്‍ തുടങ്ങിയ നയങ്ങള്‍ ബജറ്റിലുണ്ട്.
സുഹൃത്തുക്കളേ,
നിയമങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നു. വ്യക്തികള്‍, നിക്ഷേപകര്‍, വ്യവസായം, അടിസ്ഥാന സൗകര്യ മേഖല എന്നിവയ്ക്ക് ഈ ബജറ്റ് അനുകൂലമായ നിരവധി മാറ്റങ്ങള്‍ വരുത്തും. ഇക്കാര്യത്തില്‍ രാജ്യത്തെ ധനമന്ത്രി നിര്‍മ്മല ജിയെയും അവരുടെ സഹപ്രവര്‍ത്തകന്‍ അനുരാഗ് ജിയെയും അവരുടെ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
1-2 മണിക്കൂറിനുള്ളില്‍ വിദഗ്ധരില്‍ നിന്ന് അനേകം നല്ല പ്രതികരണങ്ങള്‍ നേടിയ അപൂര്‍വ ബജറ്റ് പ്രസംഗങ്ങളില്‍ ഒന്നാണിത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സാധാരണ പൗരന്മാര്‍ക്കുള്ള ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പല വിദഗ്ധരും ധരിച്ചിരുന്നു. എന്നാല്‍ ധനസ്ഥിരതയ്ക്കുള്ള ഉത്തരവാദിത്വങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ബജറ്റ് വലിപ്പം വര്‍ദ്ധിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കി. ബജറ്റ് സുതാര്യമാകുന്നതിന് നമ്മുടെ സര്‍ക്കാര്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തി. ഈ ബജറ്റിലെ സുതാര്യതയെ നിരവധി വിദഗ്ധര്‍ അഭിനന്ദിച്ചതില്‍ എനിക്ക് ആഹ്ലാദമുണ്ട്.
സുഹൃത്തുക്കളേ,
കൊറോണ കാലഘട്ടത്തില്‍ കൈക്കൊണ്ട പരിഷ്‌കാരങ്ങളാകട്ടെ, അല്ലെങ്കില്‍ ആത്മനിര്‍ഭര്‍ ഭാരതമെന്ന ലക്ഷ്യമാകട്ടെ, കൊറോണയ്ക്കെതിരായ ഈ പോരാട്ടത്തില്‍ പ്രതികരണങ്ങള്‍ക്കപ്പുറം ഇന്ത്യ എല്ലായ്പ്പോഴും വിവിധ കാര്യങ്ങള്‍ മുന്‍കൈയെടുത്തു ചെയ്യുകയാണ്. ഈ സജീവത നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന്, ഇന്നത്തെ ബജറ്റില്‍ പ്രതിസന്ധികളില്ല. അതേസമയം, നാം ഒരിടത്തും തളച്ചിടപ്പെടുന്നില്ല. മാത്രമല്ല സജീവമായ ബജറ്റ് നല്‍കിക്കൊണ്ട് ഞങ്ങള്‍ രാജ്യത്തിന് അനുകൂലമായ സന്ദേശം നല്‍കി. ഈ ബജറ്റ് സമ്പത്തിനും ക്ഷേമത്തിനും പ്രചോദനമേകുന്ന മേഖലകളില്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു ജീവിതമുണ്ടെങ്കില്‍ ഒരു ലോകവുമുണ്ടാകും. ഇത് എംഎസ്എംഇകളിലും അടിസ്ഥാന സൗകര്യങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുപോലെ, ഈ ബജറ്റ് ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയും അഭൂതപൂര്‍വമാണ്. രാജ്യത്തിന്റെ എല്ലാ മേഖലകളിലെയും വികസനത്തെക്കുറിച്ച് ബജറ്റ് സംസാരിക്കുന്നു. അതായത്, സമഗ്ര വികസനം. പ്രത്യേകിച്ചും, നമ്മുടെ തെക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്ക് ലേ-ലഡാക്ക് പോലുള്ള പ്രദേശങ്ങളിലും വികസനത്തിന് ഈ ബജറ്റ് പ്രത്യേക ശ്രദ്ധ നല്‍കിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളായ തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍ എന്നിവയെ വ്യവസായ ശക്തികേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രധാന പടിയാണ് ഈ ബജറ്റ്. അസം പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇനിയും കണ്ടെത്താത്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഈ ബജറ്റ് വലിയ സഹായമാകും. ബജറ്റില്‍ ഗവേഷണ-നവീകരണ പരിസ്ഥിതി വ്യവസ്ഥയ്ക്ക് പ്രാധാന്യം നല്‍കിയ രീതിയും നടപ്പിലാക്കുന്ന വ്യവസ്ഥകളും നമ്മുടെ യുവാക്കള്‍ക്ക് കരുത്ത് പകരും; ശോഭനമായ ഭാവിക്കായി ഇന്ത്യ കരുത്തുറ്റ നടപടികളും കൈക്കൊള്ളും.
സുഹൃത്തുക്കളേ,
ആരോഗ്യസമത്വം, ശുചിത്വം, പോഷകാഹാരം, ശുദ്ധജലം, രാജ്യത്തെ സാധാരണക്കാരുടെയും സ്ത്രീകളുടെയും ജീവിതം സുഗമമാക്കുന്നതിനുള്ള അവസരങ്ങള്‍ എന്നിവയ്ക്ക് ഈ ബജറ്റ് പ്രത്യേക ഊന്നല്‍ നല്‍കി. അടിസ്ഥാന സൗകര്യ ചെലവുകളില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനയ്‌ക്കൊപ്പം ബജറ്റ് നിരവധി വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങള്‍ വരുത്തി. ഇത് രാജ്യത്തെ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കും ഏറെ ഗുണം ചെയ്യും. രാജ്യത്തെ കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതിനായി ബജറ്റില്‍ നിരവധി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ എളുപ്പത്തില്‍ ലഭിക്കും. കാര്‍ഷിക അടിസ്ഥാന സൗകര്യ നിധി വഴി രാജ്യത്തെ എപിഎംസികളെ സഹായിക്കാനും ശാക്തീകരിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ തീരുമാനങ്ങളെല്ലാം കാണിക്കുന്നത് ഗ്രാമങ്ങളും നമ്മുടെ കര്‍ഷകരും ഈ ബജറ്റിന്റെ ഹൃദയത്തിലാണെന്നാണ്. എംഎസ്എംഇ മേഖലയെ ഉയര്‍ത്തുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ എംഎസ്എംഇ മേഖലയ്ക്കുള്ള ബജറ്റ് ഇരട്ടിയാക്കി.
സുഹൃത്തുക്കളേ,
രാജ്യത്തെ ഓരോ പൗരന്റെയും പുരോഗതി ഉള്‍ക്കൊള്ളുന്ന സ്വയംപര്യാപ്തതയുടെ പാതയിലാണ് ബജറ്റ് മുന്നോട്ട് പോയത്. ഈ ദശകത്തിന്റെ തുടക്കത്തില്‍ കരുത്തുറ്റ അടിത്തറ പാകാന്‍ പോകുകയാണ് ഈ ബജറ്റ്. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഈ സുപ്രധാന ബജറ്റിന് നമ്മുടെ എല്ലാ നാട്ടുകാര്‍ക്കും എന്റെ ആശംസകള്‍ അറിയിക്കുന്നു. ഒരിക്കല്‍ കൂടി ഞാന്‍ ധനമന്ത്രിയേയും അവരുടെ സംഘത്തേയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.