Inaugurates High-Performance Computing (HPC) system tailored for weather and climate research
“With Param Rudra Supercomputers and HPC system, India takes significant step towards self-reliance in computing and driving innovation in science and technology”
“Three supercomputers will help in advanced research from Physics to Earth Science and Cosmology”
“Today in this era of digital revolution, computing capacity is becoming synonymous with national capability”
“Self-reliance through research, Science for Self-Reliance has become our mantra”
“Significance of science is not only in invention and development, but also in fulfilling the aspirations of the last person”

നമസ്‌കാരം!

ബഹുമാനപ്പെട്ട ഇലക്ട്രോണിക്സ് & ഐ ടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, രാജ്യത്തുടനീളമുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ  ഡയറക്ടർമാർ, വിശിഷ്ടരായ മുതിർന്ന ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ, മറ്റ് വിശിഷ്ട വ്യക്തികളേ, മാന്യവ്യക്തിത്വങ്ങളേ!

ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ന് ഭാരതം കൈവരിച്ചിരിക്കുന്നത് സുപ്രധാനമായ നേട്ടമാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകി 21-ാം നൂറ്റാണ്ടിലെ ഭാരതം എങ്ങനെ മുന്നേറുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. അനന്തമായ സാധ്യതകളിൽ ഭാരതം ഇന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും മൂന്ന് 'പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ' വിജയകരമായി നിർമ്മിച്ചു. ഡൽഹി, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, രണ്ട് ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളായ അർക്ക, അരുണിക എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തെ ശാസ്ത്ര സമൂഹത്തിനും എഞ്ചിനീയർമാർക്കും എല്ലാ പൗരന്മാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

എന്റെ മൂന്നാം ടേമിന്റെ തുടക്കത്തിൽ, നിലവിലുള്ള 100 ദിവസത്തെ ചട്ടക്കൂടിനപ്പുറം യുവാക്കൾക്ക് 25 ദിവസം കൂടി നൽകുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തു. ആ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഇന്നത്തെ നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്കായി ഈ സൂപ്പർ കമ്പ്യൂട്ടറുകൾ സമർപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഭാരതത്തിന്റെ യുവ ശാസ്ത്രജ്ഞർക്ക് അവരുടെ സ്വന്തം രാജ്യത്ത് തന്നെ അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഈ നൂതന സംവിധാനങ്ങൾ നിർണായക പങ്ക് വഹിക്കും. ഇന്ന് സമാരംഭിച്ച മൂന്ന് സൂപ്പർ കമ്പ്യൂട്ടറുകൾ ആഗോള തലത്തിൽ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാവി രൂപപ്പെടുത്തുന്ന മേഖലകളായ ഭൗതികശാസ്ത്രം, ഭൗമശാസ്ത്രം, പ്രപഞ്ചശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളം വിപുലമായ ഗവേഷണം സുഗമമാക്കും.

 

സുഹൃത്തുക്കളേ,

ഡിജിറ്റൽ വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ, കമ്പ്യൂട്ടിംഗ് പവർ ദേശീയ ശക്തിയുടെ പര്യായമായി മാറിയിരിക്കുന്നു. ശാസ്ത്ര-സാങ്കേതിക രംഗത്തെ ഗവേഷണ അവസരങ്ങൾ, സാമ്പത്തിക വളർച്ച, ദേശീയ തന്ത്രപരമായ കഴിവ്, ദുരന്തനിവാരണം, ജീവിത സൗകര്യം, അല്ലെങ്കിൽ ബിസിനസ്സ് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സാങ്കേതിക വിദ്യയും കമ്പ്യൂട്ടിംഗ് ശേഷിയും സ്പർശിക്കാത്ത മേഖലകളില്ല. ഇൻഡസ്ട്രി 4.0യിലെ ഭാരതത്തിന്റെ വിജയത്തിന്റെ അടിത്തറ ഇതാണ്. ഈ വിപ്ലവത്തിലേക്കുള്ള നമ്മുടെ സംഭാവന കേവലം ബിറ്റുകളിലും ബൈറ്റുകളിലും ആയിരിക്കരുത്, മറിച്ച് ടെറാബൈറ്റുകളിലും പെറ്റാബൈറ്റുകളിലും ആയിരിക്കണം. നാം ശരിയായ ദിശയിലും ശരിയായ വേഗത്തിലും മുന്നേറുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ നേട്ടം.

സുഹൃത്തുക്കളേ,

വികസനത്തിലും സാങ്കേതികവിദ്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി മത്സരിക്കുന്നതിൽ മാത്രം തൃപ്തമല്ല ഇന്നത്തെ നവ ഇന്ത്യ. ശാസ്ത്രീയ ഗവേഷണത്തിലൂടെ മനുഷ്യരാശിയെ സേവിക്കുക എന്നത് ഒരു ഉത്തരവാദിത്തമായി ഈ പുതിയ ഇന്ത്യ കരുതുന്നു. ഇതാണ് നമ്മുടെ കടമ: 'ഗവേഷണത്തിലൂടെ സ്വാശ്രയത്വം'. സ്വാശ്രയത്വത്തിനായുള്ള ശാസ്ത്രം നമ്മുടെ മാർഗനിർദേശ മന്ത്രമായി മാറിയിരിക്കുന്നു. ഇതിനായി, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ നിരവധി ചരിത്ര സംരംഭങ്ങൾ ഞങ്ങൾ ആരംഭിച്ചു. ഭാരതത്തിന്റെ ഭാവി തലമുറകളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി പതിനായിരത്തിലധികം അടൽ ടിങ്കറിംഗ് ലാബുകൾ സ്‌കൂളുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ, STEM വിഷയങ്ങളിലെ വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പുകൾ ഗണ്യമായി വർദ്ധിപ്പിച്ചു. ഈ വർഷത്തെ ബജറ്റിൽ ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ ഫണ്ടും പ്രഖ്യാപിച്ചു. 21-ാം നൂറ്റാണ്ടിലെ ലോകത്തെ അതിന്റെ നവീനതകളാൽ ശാക്തീകരിക്കാനും ആഗോള സമൂഹത്തെ ശക്തിപ്പെടുത്താനും ഭാരതത്തെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

സുഹൃത്തുക്കളേ,

ഭാരതം പുതിയ തീരുമാനങ്ങൾ എടുക്കുകയോ പുതിയ നയങ്ങൾ രൂപീകരിക്കുകയോ ചെയ്യാത്ത ഒരു മേഖലയും ഇന്നില്ല. ബഹിരാകാശ പര്യവേക്ഷണത്തിലെ ഒരു പ്രധാന ശക്തിയായി ഇപ്പോൾ ബഹിരാകാശ ഭാരതം ഉയർന്നുവന്നു എന്നതാണ് ഇതിന്റെ പ്രധാന ഉദാഹരണം. കോടിക്കണക്കിന് ഡോളർ കൊണ്ട് മറ്റ് രാജ്യങ്ങൾ നേടിയത് പരിമിതമായ വിഭവങ്ങൾ കൊണ്ട് നമ്മുടെ ശാസ്ത്രജ്ഞർ നേടിയെടുത്തു. ഈ നിശ്ചയദാർഢ്യത്താൽ ഭാരതം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി. അതേ ദൃഢനിശ്ചയത്തോടെ ഭാരതം ഇപ്പോൾ മിഷൻ ഗഗൻയാനിനായി ഒരുങ്ങുകയാണ്. 'ഭാരതത്തിന്റെ ദൗത്യം ഗഗൻയാൻ ബഹിരാകാശത്ത് എത്തുക മാത്രമല്ല, നമ്മുടെ ശാസ്ത്ര അഭിലാഷങ്ങളുടെ അതിരുകളില്ലാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയുമാണ്.' നിങ്ങൾക്കറിയാവുന്നതുപോലെ, 2035-ഓടെ ഭാരതം സ്വന്തമായി ഒരു ബഹിരാകാശ നിലയം നിർമ്മിക്കുക എന്ന ലക്ഷ്യം വെച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ മഹത്തായ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ​ഗവൺമെന്റ് അംഗീകാരം നൽകി.

 

സുഹൃത്തുക്കളേ,
സെമികണ്ടക്ടറുകളും ആധുനിക വികസനത്തിന്റെ നിർണായക ഘടകമായി മാറിയിരിക്കുന്നു. ഇതിന് മറുപടിയായി ഇന്ത്യാ ഗവൺമെന്റ് 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ' എന്ന സുപ്രധാന സംരംഭം ആരംഭിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ഞങ്ങൾ ഇതിനകം നല്ല ഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ആഗോള വിതരണ ശൃംഖലയുടെ സുപ്രധാന ഭാഗമാകുന്ന സ്വന്തം സെമികണ്ടക്ടർ ഇക്കോസിസ്റ്റം ഭാരതം വികസിപ്പിക്കുന്നു. മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകളാൽ ഭാരതത്തിന്റെ ബഹുമുഖ ശാസ്ത്ര മുന്നേറ്റങ്ങൾ ഇന്ന് കൂടുതൽ ശക്തിപ്പെടുത്തും.

സുഹൃത്തുക്കളേ,

ധീരവും ഉന്നതവുമായ ലക്ഷ്യങ്ങൾ സ്ഥാപിക്കുമ്പോൾ ഒരു രാജ്യം മികച്ച വിജയം കൈവരിക്കുന്നു. സൂപ്പർ കമ്പ്യൂട്ടറുകളിൽ നിന്ന് ക്വാണ്ടം കമ്പ്യൂട്ടിംഗിലേക്കുള്ള ഭാരതത്തിന്റെ യാത്ര ഈ ദർശനപരമായ സമീപനത്തിന്റെ തെളിവാണ്. തിരഞ്ഞെടുത്ത ചുരുക്കം ചില രാജ്യങ്ങളുടെ മാത്രം മേഖലയായി സൂപ്പർ കമ്പ്യൂട്ടറുകളെ കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നിരുന്നാലും, 2015-ൽ ഞങ്ങൾ ദേശീയ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ ആരംഭിച്ചു, ഇന്ന് ഇന്ത്യ സൂപ്പർ കമ്പ്യൂട്ടറുകളുടെ മേഖലയിൽ ലോകത്തെ മുൻനിര രാജ്യങ്ങളുമായി മത്സരിക്കുകയാണ്. എന്നാൽ ഞങ്ങൾ ഇവിടെ നിർത്തില്ല. ക്വാണ്ടം കമ്പ്യൂട്ടിംഗ് പോലുള്ള സാങ്കേതിക വിദ്യകളിൽ ഭാരതം മുൻപന്തിയിലാണ്. ക്വാണ്ടം കമ്പ്യൂട്ടിംഗിൽ ഭാരതത്തിന്റെ കഴിവുകൾ വികസിപ്പിക്കുന്നതിൽ നമ്മുടെ ദേശീയ ക്വാണ്ടം മിഷൻ നിർണായക പങ്ക് വഹിക്കും. ഈ വിപ്ലവകരമായ സാങ്കേതികവിദ്യ സമീപഭാവിയിൽ ലോകത്തെ അടിമുടി മാറ്റും, ഐടി, ഉത്പാദനം, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ അഭൂതപൂർവമായ മാറ്റങ്ങൾ വരുത്തുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഭാരതം നേതൃത്വം വഹിക്കാനും ലോകത്തിന് പുതിയ ദിശാബോധം നൽകാനും തീരുമാനിച്ചു. സുഹൃത്തുക്കളേ, 'ശാസ്ത്രത്തിന്റെ യഥാർത്ഥ പ്രാധാന്യം കണ്ടുപിടുത്തത്തിലും വികസനത്തിലും മാത്രമല്ല, ഏറ്റവും പിന്നാക്കം നിൽക്കുന്നവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിലുമാണ്.'

ഞങ്ങൾ ഹൈടെക് മുന്നേറ്റങ്ങൾ സ്വീകരിക്കുമ്പോൾ, ഈ സാങ്കേതികവിദ്യകൾ പാവപ്പെട്ടവരുടെ ശാക്തീകരണത്തിന്റെ ഉറവിടമായി മാറുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. നമ്മുടെ യുപിഐ സംവിധാനം ഭാരതത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ഉജ്ജ്വല ഉദാഹരണമാണ്. ഈയിടെ, ഭാരതത്തെ കാലാവസ്ഥാ സജ്ജവും കാലാവസ്ഥാ സ്മാർട്ടും ആക്കുക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ടുള്ള 'മിഷൻ മൗസം' ഞങ്ങൾ ആരംഭിച്ചു. ഇന്ന് നമ്മൾ ആഘോഷിക്കുന്ന നേട്ടങ്ങൾ, സൂപ്പർ കമ്പ്യൂട്ടറുകൾ, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്റ്റം (HPC) എന്നിവ ആത്യന്തികമായി നമ്മുടെ രാജ്യത്തെ പാവപ്പെട്ടവർക്കും ഗ്രാമപ്രദേശങ്ങൾക്കും സേവനം നൽകും. എച്ച്പിസി സംവിധാനങ്ങൾ നിലവിൽ വരുന്നതോടെ കാലാവസ്ഥ പ്രവചിക്കാനുള്ള രാജ്യത്തിന്റെ ശാസ്ത്രീയ ശേഷി വളരെയധികം വർധിക്കും. ഹൈപ്പർ-ലോക്കൽ തലത്തിൽ കൂടുതൽ കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ നൽകാൻ ഞങ്ങൾക്ക് ഇപ്പോൾ കഴിയും, അതായത് ഓരോ ഗ്രാമങ്ങൾക്കും പോലും കൃത്യമായ പ്രവചനങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയും. ഒരു സൂപ്പർ കമ്പ്യൂട്ടർ ഒരു വിദൂര ഗ്രാമത്തിലെ കാലാവസ്ഥയും മണ്ണിന്റെ അവസ്ഥയും വിശകലനം ചെയ്യുമ്പോൾ, അത് കേവലം ഒരു ശാസ്ത്ര നേട്ടമല്ല, മറിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഒരു പരിവർത്തനാത്മക മാറ്റമാണ്. ലോകത്തിലെ ഏറ്റവും നൂതനമായ അറിവുകൾ ചെറുകിട കർഷകർക്ക് പോലും ലഭ്യമാകുമെന്ന് സൂപ്പർ കമ്പ്യൂട്ടർ ഉറപ്പാക്കും.

 

ഈ മുന്നേറ്റത്തിലൂടെ കർഷകർക്ക് ആഴത്തിലുള്ള നേട്ടങ്ങൾ കരസ്ഥമാകും, പ്രത്യേകിച്ച് ഏറ്റവും വിദൂര പ്രദേശങ്ങളിൽ, അവർക്ക് ലോകോത്തര വിജ്ഞാനത്തിലേക്ക് പ്രവേശനം ലഭിക്കും. കർഷകർക്ക് അവരുടെ വിളകളെക്കുറിച്ച് കൂടുതൽ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയും, കടലിൽ പോകുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിക്കും. കർഷകരുടെ നഷ്ടം കുറയ്ക്കുന്നതിനുള്ള പുതിയ മാർഗങ്ങളും ഞങ്ങൾ കണ്ടെത്തും, ഇൻഷുറൻസ് പദ്ധതികളിലേക്ക് മികച്ച പ്രവേശനം നൽകുന്നതിന് ഇത് സഹായിക്കും. കൂടാതെ, എല്ലാ പങ്കാളികൾക്കും പ്രയോജനം ചെയ്യുന്ന നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് മാതൃകകൾ സൃഷ്ടിക്കാൻ ഈ സാങ്കേതികവിദ്യ ഞങ്ങളെ അനുവദിക്കും. ആഭ്യന്തരമായി സൂപ്പർ കമ്പ്യൂട്ടറുകൾ വികസിപ്പിക്കാനുള്ള ഞങ്ങളുടെ കഴിവ് ദേശീയ അഭിമാനത്തിന്റെ ഉറവിടം മാത്രമല്ല, സമീപഭാവിയിൽ സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കും.


എ ഐ, മെഷീൻ ലേണിംഗ് എന്നിവയുടെ ഈ കാലഘട്ടത്തിൽ, സൂപ്പർ കമ്പ്യൂട്ടറുകൾ നിർണായക പങ്ക് വഹിക്കും. ഭാരതം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 5G നെറ്റ്വർക്ക് വികസിപ്പിച്ചതുപോലെ, പ്രമുഖ കമ്പനികൾ ഇപ്പോൾ ഭാരതത്തിൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നതുപോലെ, ഇത് രാജ്യത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിന് പുതിയ ആക്കം നൽകി. തൽഫലമായി, സാങ്കേതികവിദ്യയുടെ വ്യാപനവും അതിന്റെ നേട്ടങ്ങളും രാജ്യത്തെ ഓരോ പൗരനിലേക്കും വ്യാപിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതുപോലെ, ഭാവിയിലെ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള നമ്മുടെ കഴിവും മേക്ക് ഇൻ ഇന്ത്യയുടെ വിജയവും സാധാരണക്കാരെ ഭാവിയിലേക്ക് സജ്ജരാക്കും. സൂപ്പർ കമ്പ്യൂട്ടറുകൾ എല്ലാ മേഖലകളിലും പുതിയ ഗവേഷണങ്ങൾ നടത്തുകയും പുതിയ സാധ്യതകളും അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യും. പൊതുജനങ്ങൾക്ക് ഇതിൽ നിന്ന് നേരിട്ട് പ്രയോജനം ലഭിക്കും, അവർ പിന്നാക്കം പോകാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്കൊപ്പം പുരോഗതി കൈവരിക്കുമെന്ന് ഉറപ്പാക്കുന്നു.

 

എന്റെ രാജ്യത്തെ യുവാക്കൾക്ക് - ഭാരതം ആഗോളതലത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രമാകുമ്പോൾ - ഭാവിയെ ശാസ്ത്ര സാങ്കേതിക വിദ്യകളാൽ നയിക്കപ്പെടുമെന്നതിനാൽ, എണ്ണമറ്റ പുതിയ അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കുന്ന നിമിഷമാണിത്. ഈ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് യുവാക്കൾക്കും എന്റെ എല്ലാ രാജ്യക്കാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

നമ്മുടെ യുവാക്കളും ഗവേഷകരും ശാസ്ത്രമേഖലയിലെ പുതിയ അതിർത്തികൾ പര്യവേക്ഷണം ചെയ്യാൻ ഈ നൂതന സൗകര്യങ്ങൾ പൂർണ്ണമായി ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.

നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage