നമസ്‌തേ ഓസ്‌ട്രേലിയ!
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും എന്റെ പ്രിയ സുഹൃത്തുമായ അന്തോണി അല്‍ബനീസ്, ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി, സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയില്‍സ് പ്രധാനമന്ത്രി ക്രിസ് മിന്‍സ്, വിദേശകാര്യ മന്ത്രി പെന്നി വോങ്, വാര്‍ത്താവിനിമയ മന്ത്രി മിഷേല്‍ റൗളണ്ട്, ഊര്‍ജ മന്ത്രി ക്രിസ് ബോവന്‍, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഉപ വിദേശകാര്യ മന്ത്രി ടിം വാട്ട്സ്, ന്യൂ സൗത്ത് വെയില്‍സ് മന്ത്രിസഭയിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, പരമറ്റയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഡോ. ആന്‍ഡ്രൂ ചാള്‍ട്ടണ്‍, ഓസ്ട്രേലിയയില്‍ നിുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഇന്ന് ഇവിടെ വലിയ തോതില്‍ ഒത്തുകൂടിയ ഓസ്‌ട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍!

ഒന്നാമതായി, നാം ഇന്ന് ഇവിടെ കണ്ടുമുട്ടുന്ന ദേശങ്ങളുടെ പരമ്പരാഗത സംരക്ഷകരെ ഞാന്‍ അംഗീകരിക്കുന്നു. മുതിര്‍ന്നവരോട് ഞാന്‍ ആദരവ് അര്‍പ്പിക്കുന്നു. ഇന്ന് നമ്മോടൊപ്പമുണ്ടായേക്കാവുന്ന എല്ലാ ആദ്യ ജനതകളെയും ഞാന്‍ ആഘോഷിക്കുന്നു.

സുഹൃത്തുക്കളെ,
2014ല്‍ ഇവിടെ വന്നപ്പോള്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു, ഇനി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും വേണ്ടി നിങ്ങള്‍ 28 വര്‍ഷം കാത്തിരിക്കേണ്ടി വരില്ല എന്ന്. അതിനാല്‍ ഇവിടെ സിഡ്നിയിലെ ഈ ഭാഗത്ത്, ഞാന്‍ ഒരിക്കല്‍ കൂടി എത്തിയിരിക്കുകയാണ്. അതാകട്ടെ, ഒറ്റയ്ക്കല്ല. പ്രധാനമന്ത്രി അല്‍ബനീസും എനിക്കൊപ്പം വന്നിട്ടുണ്ട്. മിസ്റ്റര്‍ പ്രധാനമന്ത്രി, അങ്ങേയറ്റം തിരക്കു ണ്ടായിരുന്നിട്ടും നിങ്ങള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സമയം നീക്കിവച്ചു. ഇന്ത്യക്കാരായ ഞങ്ങളോടുള്ള നിങ്ങളുടെ വാത്സല്യം ഇത് പ്രകടമാക്കുന്നത്. ഇന്ത്യയോടുള്ള ഓസ്ട്രേലിയയുടെ സ്നേഹമാണ് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്. ഈ വര്‍ഷം അഹമ്മദാബാദിലെ ഇന്ത്യന്‍ മണ്ണില്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ എനിക്കും അവസരം ലഭിച്ചു. ഇന്ന്, ഇവിടെ ലിറ്റില്‍ ഇന്ത്യയുടെ ശിലാഫലകം അനാച്ഛാദനം ചെയ്യുമ്പോള്‍ അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു! നന്ദി, സുഹൃത്തേ, അന്തോണി! ഓസ്ട്രേലിയയുടെ വികസനത്തിന് ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ ലിറ്റില്‍ ഇന്ത്യ. ഈ പ്രത്യേക ബഹുമതിക്ക് ന്യൂ സൗത്ത് വെയില്‍സിലെ പ്രധാനമന്ത്രി, മേയര്‍, ഡെപ്യൂട്ടി മേയര്‍, പരമാറ്റ സിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവരോട് ഞാന്‍ നന്ദി പറയുന്നു. 

സുഹൃത്തുക്കളെ,
ന്യൂ സൗത്ത് വെയില്‍സിലെ ഇന്ത്യന്‍ വംശജരില്‍പ്പെട്ട നിരവധി ആളുകള്‍ പൊതുജീവിതത്തില്‍ സജീവമായി പങ്കെടുക്കുകയും അവര്‍ക്കായി ഒരു ഇടം നേടുകയും ചെയ്യുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിലവിലെ ന്യൂ സൗത്ത് വെയില്‍സ് ഗവണ്‍മെന്റിന്റെ ഉപ തലവന്‍ പ്രൂ കാര്‍, ട്രഷറര്‍ ഡാനിയല്‍ മുഖേ എന്നിവര്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കുന്നു. ഇന്നലെ സമീര്‍ പാണ്ഡെ പരമറ്റയിലെ ലോര്‍ഡ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഞാന്‍ എല്ലാവരേയും അഭിനന്ദിക്കുന്നു! എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!

സുഹൃത്തുക്കളെ,
ഇന്ന്, ഈ സംഭവവികാസങ്ങള്‍ പാരമറ്റയില്‍ നടക്കുമ്പോള്‍, പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് നഗരത്തിലെ സൈലാനി അവന്യൂവിന് പേരു നല്‍കിയത് ഇന്ത്യന്‍ സൈനികന്‍ നൈന്‍ സിംഗ് സൈലാനിയുടെ ഓര്‍മയ്ക്കാണെന്ന് അറിയാന്‍ കഴിഞ്ഞു. ഒന്നാം ലോകമഹായുദ്ധസമയത്ത് ഓസ്ട്രേലിയന്‍ സൈന്യത്തിന് വേണ്ടി പോരാടുന്നതിനിടെയാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. ഈ ബഹുമതിക്ക് പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ നേതൃത്വത്തെ അങ്ങേയറ്റം ബഹുമാനത്തോടെ ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തെ മൂന്നു 'സി'കള്‍ നിര്‍വചിക്കുന്നു എന്ന് പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. എന്താണ് ഈ മൂന്നു 'സി'കള്‍? അവ - കോമണ്‍വെല്‍ത്ത്, ക്രിക്കറ്റ്, കറി എന്നിവയാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം 3 ഡി, അതായത് ജനാധിപത്യം, ഡയസ്പോറ, ദോസ്തി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പിന്നീട് പറഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ ബന്ധം 3 ഇ അല്ലെങ്കില്‍ ഊര്‍ജ്ജം, സാമ്പത്തികം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ചിലര്‍ പറഞ്ഞു. അതിനര്‍ത്ഥം, ഇത് ചിലപ്പോള്‍ സി, ചിലപ്പോള്‍ ഡി, ചിലപ്പോള്‍ ഇ എന്നിവയായിരുന്നു എന്നേ ഉള്ളൂ. ഇത് വ്യത്യസ്ത കാലഘട്ടങ്ങളില്‍ സത്യമായിരുന്നിരിക്കുകയും ചെയ്യാം. എന്നാല്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ വ്യാപ്തി ഇതിനെക്കാള്‍ വളരെ വലുതാണ്, ഈ ബന്ധങ്ങളുടെയെല്ലാം ഏറ്റവും വലിയ അടിത്തറ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? പരസ്പര വിശ്വാസവും പരസ്പര ബഹുമാനവുമാണ് ഏറ്റവും വലിയ അടിത്തറ! ഈ പരസ്പര വിശ്വാസവും പരസ്പര ബഹുമാനവും ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും നയതന്ത്ര ബന്ധത്തില്‍ നിന്ന് മാത്രമല്ല വളര്‍ന്നത്. യഥാര്‍ത്ഥ കാരണവും അതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തിയും നിങ്ങളാണ്, ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഓരോ ഇന്ത്യക്കാരനും! നിങ്ങളാണ് അതിന്റെ യഥാര്‍ത്ഥ ശക്തി. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം, ഓസ്ട്രേലിയയിലെ 2.5 കോടിയിലധികം പൗരന്മാരാണ്.

സുഹൃത്തുക്കളെ,
നമുക്കിടയില്‍ തീര്‍ച്ചയായും ഭൂമിശാസ്ത്രപരമായ അകലമുണ്ട്, പക്ഷേ ഇന്ത്യന്‍ മഹാസമുദ്രം നമ്മെ ബന്ധിപ്പിക്കുന്നു. നമ്മുടെ ജീവിതരീതികള്‍ വ്യത്യസ്തമാണെങ്കിലും യോഗ ഇപ്പോള്‍ നമ്മെ ബന്ധിപ്പിക്കുന്നു. നാം ക്രിക്കറ്റുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നാല്‍ ഇപ്പോള്‍ ടെന്നീസും സിനിമകളും പോലും നമ്മെ ബന്ധിപ്പിക്കുന്നു. നമുക്ക് വ്യത്യസ്തമായ പാചകരീതികള്‍ ഉണ്ടായിരിക്കാം, എന്നാല്‍ ഇപ്പോള്‍ മാസ്റ്റര്‍ഷെഫ് നമ്മെ ഒന്നിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് ഉത്സവങ്ങള്‍ വ്യത്യസ്തമായി ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും, ദീപാവലിയുടെ ദീപങ്ങള്‍ വഴിയും വൈശാഖി ആഘോഷത്തിലൂടെയും നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. രണ്ട് രാജ്യങ്ങളിലും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാം, പക്ഷേ ഇവിടെ മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി, ഹിന്ദി ഭാഷകള്‍ പഠിപ്പിക്കുന്ന ധാരാളം സ്‌കൂളുകള്‍ നമുക്കുണ്ട്. 

സുഹൃത്തുക്കളെ,
ഓസ്ട്രേലിയയിലെ ജനങ്ങള്‍ക്ക്, ഇവിടെ താമസിക്കുന്നവര്‍ക്ക് ദയയുള്ള ഹൃദയമുണ്ട്. അവര്‍ വളരെ നല്ലവരും ഹൃദയശുദ്ധിയുള്ളവരുമാണ്, അവര്‍ ഇന്ത്യയുടെ ഈ വൈവിധ്യത്തെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു, അതുകൊണ്ടാണ് പരമാറ്റ ചത്വരം ചിലര്‍ക്ക് 'പരമാത്മാവ്' (ദിവ്യ) ചതുരമായി മാറുന്നത്; വിഗ്രം സ്ട്രീറ്റ് വിക്രം സ്ട്രീറ്റ് എന്നറിയപ്പെടുന്നു, ഹാരിസ് പാര്‍ക്ക് നിരവധി ആളുകള്‍ക്ക് ഹരീഷ് പാര്‍ക്കായി മാറുന്നു. ഹാരിസ് പാര്‍ക്കിലെ ചാറ്റ്കാസിന്റെ ചാട്ടും ജയ്പൂര്‍ മധുരപലഹാരങ്ങളിലെ ജിലേബിയും ആര്‍ക്കും വെല്ലാന്‍ കഴിയില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എല്ലാവരോടും എനിക്ക് ഒരു അപേക്ഷയുണ്ട്. ദയവായി എന്റെ സുഹൃത്ത് പ്രധാനമന്ത്രി അല്‍ബനീസിനെയും ഈ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകൂ. പിന്നെ സുഹൃത്തുക്കളേ, ഭക്ഷണത്തിന്റെയും ചാറ്റിന്റെയും കാര്യം വരുമ്പോള്‍ ലഖ്നൗ പരാമര്‍ശിക്കപ്പെടുന്നത് സ്വാഭാവികമാണ്. സിഡ്നിക്കടുത്ത് ലഖ്നൗ എന്നൊരു സ്ഥലമുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ അവിടെയും ചാറ്റ് ലഭ്യമാണോ എന്നറിയില്ല. ശരി, ഇവിടെയും ലഖ്നൗവിനടുത്ത് ഡല്‍ഹി ഉണ്ടായിരിക്കണം, അല്ലേ? തീര്‍ച്ചയായും, ഡല്‍ഹി സ്ട്രീറ്റ്, ബോംബെ സ്ട്രീറ്റ്, കശ്മീര്‍ അവന്യൂ, മലബാര്‍ അവന്യൂ തുടങ്ങി ഓസ്‌ട്രേലിയയില്‍ നിങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന നിരവധി തെരുവുകളുണ്ട്. ഇപ്പോള്‍ ഗ്രേറ്റര്‍ സിഡ്നിയില്‍ ഇന്ത്യ പരേഡും തുടങ്ങാന്‍ പോകുന്നുവെന്ന് എന്നോട് പറഞ്ഞു. ഇവിടെ നിങ്ങളെല്ലാവരും 'ആസാദി കാ അമൃത് മഹോത്സവം' ഗംഭീരമായി ആഘോഷിച്ചു എന്നറിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇവിടുത്തെ വിവിധ നഗരസഭകളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സിഡ്നി ഓപ്പറ ഹൗസ് ത്രിവര്‍ണ്ണ പതാകയാല്‍ തിളങ്ങുമ്പോള്‍ ഭാരതീയ മനസ്സുകള്‍ ആഹ്ലാദിക്കുന്നു. എന്നു മാത്രമല്ല, ഇന്ത്യയും ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. അതിനാല്‍ ന്യൂ സൗത്ത് വെയില്‍സ് ഗവണ്‍മെന്റിനോട് ഞാന്‍ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ ക്രിക്കറ്റ് ബന്ധത്തിന് 75 വര്‍ഷം പൂര്‍ത്തിയായി. ക്രിക്കറ്റ് മൈതാനത്ത് ആവേശം കൂടുന്തോറും മൈതാനത്തിന് പുറത്തുള്ള നമ്മുടെ സൗഹൃദം കൂടുതല്‍ ആഴത്തിലാകുന്നു. ഇത്തവണ, ഓസ്ട്രേലിയയില്‍ നിന്നുള്ള നിരവധി വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ ആദ്യമായി ഇന്ത്യയിലെത്തി, സുഹൃത്തുക്കളെ, നാം നല്ല കാലത്തു മാത്രം സൗഹൃദം നിലനിര്‍ത്തുന്നവരല്ല. ഒരു നല്ല സുഹൃത്ത് നല്ല സമയങ്ങളില്‍ മാത്രമല്ല, ദുഃഖമുള്ള സമയത്തും കൂട്ടുകാരനാണ്. കഴിഞ്ഞ വര്‍ഷം ഷെയ്ന്‍ വോണ്‍ അന്തരിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്കൊപ്പം കോടിക്കണക്കിന് ഇന്ത്യക്കാരും വിലപിച്ചിരുന്നു. ഞങ്ങള്‍ക്ക് ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ടതുപോലെയായിരുന്നു അത്. 

സുഹൃത്തുക്കളെ,
നിങ്ങള്‍ എല്ലാവരും ഇവിടത്തെ വികസനം വിലയിരുത്തി ഇവിടെ ഓസ്ട്രേലിയയിലാണ്. നമ്മുടെ ഇന്ത്യയും ഒരു വികസിത രാഷ്ട്രമായി മാറണമെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സ്വപ്നം ഉണ്ടല്ലോ. അത് നിങ്ങളുടെ സ്വപ്നമല്ലേ? അത് നിങ്ങളുടെ സ്വപ്നമല്ലേ? അത് നിങ്ങളുടെ സ്വപ്നമല്ലേ? നിങ്ങളുടെ ഹൃദയത്തിലുള്ള സ്വപ്നം എന്റെ ഹൃദയത്തിലും ഉണ്ട്. ഇത് എന്റെയും സ്വപ്നമാണ്. 140 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണിത്.

സുഹൃത്തുക്കളെ,
ഇന്ത്യക്കു സാാധ്യതകള്‍ കുറവല്ല. ഇന്ത്യക്കു വിഭവങ്ങളുടെ കുറവുമില്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും പ്രായം കുറഞ്ഞതുമായ പ്രതിഭാശാലയുള്ള രാജ്യം ഇന്ത്യയാണ്. നിങ്ങള്‍ പറഞ്ഞത് ശരിയാണ്, അതാണ് ഇന്ത്യ. ഞാന്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. ഇന്ന്, ലോകത്തിലെ ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ ടാലന്റ് ഫാക്ടറിയുള്ള രാജ്യം ഇന്ത്യയാണ്! ഇത് ഇന്ത്യയാണ്! ഇത് ഇന്ത്യയാണ്! ഇനി ഞാന്‍ ചില വസ്തുതകള്‍ നിങ്ങളുടെ മുന്നില്‍ വയ്ക്കാം. നിങ്ങളില്‍ നിന്ന് ശരിയായ ഉത്തരം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തയ്യാറാണോ? ഈ കൊറോണ മഹാവ്യാധി സമയത്ത്, ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ച രാജ്യം ;ആ രാജ്യം ഇന്ത്യയാണ്, ആ രാജ്യം? അതെ, ഇന്ത്യയാണ്! ആ രാജ്യം ഇന്ത്യയാണ്! ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ആ രാജ്യം ഇന്ത്യയാണ്! ആ രാജ്യം ഇന്ത്യയാണ്! ഇന്ന് ലോകത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ ഡാറ്റ ഉപഭോക്താവ് ഇന്ത്യയാണ്! ആ രാജ്യം ഇന്ത്യയാണ്! ആ രാജ്യം ഇന്ത്യയാണ്! ഇന്ന് ഫിന്‍ടെക് ദത്തെടുക്കല്‍ നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഇന്ത്യയാണ്! ആ രാജ്യം ഇന്ത്യയാണ്! ആ രാജ്യം ഇന്ത്യയാണ്! ഇന്ന് പാല്‍ ഉല്‍പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം ഇന്ത്യയാണ്! ആ രാജ്യം ഇന്ത്യയാണ്! ആ രാജ്യം ഇന്ത്യയാണ്! ഇന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം ഇതാണ്: ഇന്ത്യ! അതാണ് ഇന്ത്യ! ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ നിര്‍മ്മാതാക്കളായ രാജ്യം, ആ രാജ്യം ഇന്ത്യയാണ്! ആ രാജ്യം ഇന്ത്യയാണ്! ഇന്ന്, അരി, ഗോതമ്പ്, കരിമ്പ് ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം ഇതാണ്: ഇന്ത്യ, അതാണ് ഇന്ത്യ! ഇന്ന് ലോകത്ത് പഴം, പച്ചക്കറി ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യം ഇന്ത്യയാണ്, അതാണ് ഇന്ത്യ! ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമുള്ള രാജ്യം ഇന്ത്യയാണ്, അതാണ് ഇന്ത്യ! ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഇന്ത്യ എന്ന് വിളിക്കുന്നു, ആ രാജ്യം ഇന്ത്യയാണ്! ലോകത്തിലെ മൂന്നാമത്തെ വലിയ വിമാനയാത്രാ വിപണിയുള്ള രാജ്യം ഇന്ത്യയാണ്, ആ രാജ്യം ഇന്ത്യയാണ്, ഇപ്പോള്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന രാജ്യം ഇന്ത്യയാണ്, ആ രാജ്യം ഇന്ത്യയാണ്!

സുഹൃത്തുക്കളെ,
ഇന്ന് ആഗോള സമ്പദ്വ്യവസ്ഥയില്‍ തിളക്കമുള്ള ഇടമായി ഇന്ത്യയെ ഐഎംഎഫ് കണക്കാക്കുന്നു, ആരെങ്കിലും ആഗോള സാഹചര്യത്തെ വെല്ലുവിളിക്കുന്നുവെങ്കില്‍ അത് ഇന്ത്യയാണെന്ന് ലോക ബാങ്ക് വിശ്വസിക്കുന്നു. ഇന്ന്, ലോകത്തിലെ പല രാജ്യങ്ങളിലും ബാങ്കിങ് സംവിധാനത്തില്‍ ഒരു പ്രതിസന്ധിയുണ്ട്, എന്നാല്‍ മറുവശത്ത്, ഇന്ത്യന്‍ ബാങ്കുകളുടെ ശക്തി എല്ലായിടത്തും പ്രശംസിക്കപ്പെടുന്നു. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ നടുവിലും, കഴിഞ്ഞ വര്‍ഷം ഇന്ത്യ റെക്കോര്‍ഡ് കയറ്റുമതി നടത്തി. ഇന്ന് നമ്മുടെ ഫോറെക്‌സ് റിസര്‍വ് പുതിയ ഉയരങ്ങള്‍ തൊടുകയാണ്. 

സുഹൃത്തുക്കളെ,

ആഗോള നന്മയ്ക്കായി ഇന്ത്യ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് നമ്മുടെ ഡിജിറ്റല്‍ രംഗം. ഇന്ത്യയുടെ ഫിന്‍ടെക് വിപ്ലവത്തെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം നന്നായി അറിയാം. 2014ല്‍ ഞാന്‍ ഇവിടെ വന്നപ്പോള്‍ ഒരു സ്വപ്നം പങ്കുവെച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഇന്ത്യയിലെ പാവപ്പെട്ടവരില്‍ ഏറ്റവും ദരിദ്രരായ ആളുകള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്നത് എന്റെ സ്വപ്നമായിരുന്നു. നിങ്ങള്‍ക്ക് അഭിമാനം തോന്നും സുഹൃത്തുക്കളേ; കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍, നാം ഏകദേശം 50 കോടി ഇന്ത്യക്കാരുടെ, അതായത് ഏകദേശം 500 ദശലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതില്‍ നിങ്ങള്‍ അഭിമാനിക്കും. നമ്മുടെ വിജയം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. നാം അവിടെ നിന്നില്ല. ഇത് ഇന്ത്യയിലെ പൊതു സേവന വിതരണത്തിന്റെ മുഴുവന്‍ ആവാസവ്യവസ്ഥയെയും മാറ്റിമറിച്ചു. ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍, ആധാര്‍ ഐഡി എന്നിവയുടെ ഒരു ജാം ത്രിത്വം നാം സൃഷ്ടിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ ഒരു ക്ലിക്കിലൂടെ കോടിക്കണക്കിന് രാജ്യക്കാര്‍ക്ക് നേരിട്ടുള്ള ആനുകൂല്യ വിതരണം സാധ്യമാക്കി. നിങ്ങള്‍ക്ക് വളരെയധികം സന്തോഷം പകരുന്ന മറ്റൊരു കണക്കു പറയാം. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ 28 ലക്ഷം കോടി രൂപ, അതായത് 500 ബില്യണിലധികം ഓസ്ട്രേലിയന്‍ ഡോളര്‍, ആവശ്യമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയച്ചിട്ടുണ്ട്. കൊറോണ കാലഘട്ടത്തില്‍, പല രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് പണം അയയ്ക്കാന്‍ ബുദ്ധിമുട്ടി, എന്നാല്‍ ഒറ്റ ക്ലിക്കില്‍ കണ്ണിമവെട്ടുന്ന ഈ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യൂണിവേഴ്‌സല്‍ പബ്ലിക് ഇന്റര്‍ഫേസ് അതായത് യുപിഐ ഇന്ത്യയില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പുതിയ ഉയരത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഇന്ന് ലോകത്തെ തത്സമയ ഡിജിറ്റല്‍ പണമിടപാടുകളില്‍ 40 ശതമാനവും ഇന്ത്യയില്‍ മാത്രമാണ് നടക്കുന്നത്. നിങ്ങള്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍, അത് പഴങ്ങളോ പച്ചക്കറികളോ പാനി പൂരി വണ്ടികളോ ചായക്കടകളോ ആകട്ടെ, എല്ലായിടത്തും ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നത് നിങ്ങള്‍ കണ്ടിരിക്കണം.

സുഹൃത്തുക്കളെ,
ഇന്ത്യയുടെ ഈ ഡിജിറ്റല്‍ വിപ്ലവം ഫിന്‍ടെക്കില്‍ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യ ആധുനിക സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ്. ജനങ്ങളുടെ ജീവിത സൗകര്യം വര്‍ധിച്ചുവരികയാണ്. ഡ്രൈവിങ് ലൈസന്‍സും ബിരുദവും മുതല്‍ ഭൂരേഖകള്‍ വരെ ഗവണ്‍മെന്റ് നല്‍കുന്ന എല്ലാ രേഖകളും സൃഷ്ടിക്കുന്ന ഇന്ത്യയുടെ ഡിജിലോക്കര്‍ ഇതിന് ഉദാഹരണമാണ്. ഏതാണ്ട് നൂറുകണക്കിന് തരം രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ ലഭിക്കുന്നു. നിങ്ങള്‍ ഒരു കടലാസ് പകര്‍പ്പു സൂക്ഷിക്കേണ്ടതില്ല. ഒരു പാസ്വേഡ് മാത്രം മതി. ഇപ്പോള്‍ 15 കോടിയിലധികം, അതായത് 150 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ അതില്‍ ചേര്‍ന്നു. അത്തരം നിരവധി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഇന്ന് ഇന്ത്യക്കാരെ ശക്തരാക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യയുടെ ഓരോ ചുവടും ഓരോ നേട്ടവും അറിയാന്‍ ലോകം ആഗ്രഹിക്കുന്നു. സമകാലിക ലോകം പുരോഗമിക്കുന്ന ലോകക്രമത്തിലേക്ക് നോക്കുന്നതും സാധ്യതകള്‍ തേടുന്നതും തികച്ചും സ്വാഭാവികമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ജീവിക്കുന്ന നാഗരികതയാണ് ഇന്ത്യ. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. കാലത്തിനനുസരിച്ച് നമ്മള്‍ സ്വയം രൂപപ്പെടുത്തിയിട്ടുണ്ട്. പക്ഷേ എല്ലായ്‌പ്പോഴും നമ്മുടെ അടിസ്ഥാന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. നാം രാഷ്ട്രത്തെ ഒരു കുടുംബമായി കാണുന്നു, കൂടാതെ 'വസുധൈവ കുടുംബകം' എന്ന ആശയം മുന്‍നിര്‍ത്തി ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്നു. ഇന്ത്യ ജി-20 അധ്യക്ഷപദവിയില്‍ നടപ്പാക്കുന്ന പ്രമേയം പരിശോധിച്ചാല്‍ ഇന്ത്യ അതിന്റെ ആദര്‍ശങ്ങളനുസരിച്ച് ജീവിക്കുന്നതെങ്ങനെയെന്ന് പ്രതിഫലിച്ചുകാണാം. ജി 20 അധ്യക്ഷത ഏറ്റെടുത്ത ഇന്ത്യ പറയുന്നത് 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നാണ്. പരിസ്ഥിതി സംരക്ഷണത്തിനായി സൗരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബൃഹത്തായ ലക്ഷ്യങ്ങള്‍ വെയ്ക്കുമ്പോള്‍ പറയുന്നത് 'ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്' എന്നാണ്. ആഗോള സമൂഹം ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഇന്ത്യ ആശംസിക്കുമ്പോള്‍, 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്നാണ് ഇന്ത്യ പറയുന്നത്. കൊറോണ കാലത്ത് ലോകത്തെ 150 ലധികം രാജ്യങ്ങളിലേക്ക് മരുന്നുകള്‍ അയച്ച രാജ്യമാണ് ഇന്ത്യ. നൂറിലധികം രാജ്യങ്ങള്‍ക്ക് സൗജന്യ വാക്‌സിനുകള്‍ നല്‍കി കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച രാജ്യമാണ് ഇന്ത്യ. കൊറോണ കാലത്ത് നിങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുകാണിച്ച സേവന മനോഭാവവും നമ്മുടെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ്. അഞ്ചാമത്തെ സിഖ് ഗുരു ശ്രീ ഗുരു അര്‍ജുന്‍ ദേവ് ജിയുടെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. എല്ലാവരെയും സേവിക്കുക എന്ന പാഠമാണ് ഗുരുജിയുടെ ജീവിതം പകര്‍ന്നു നല്‍കിയത്. ഗുരു അര്‍ജുന്‍ ദേവ് ജിയാണ് ദസ്വന്ദ സമ്പ്രദായം ആരംഭിച്ചത്. അവിടെ നിന്ന് പ്രചോദനം തേടി, കൊറോണ സമയത്തു, നിരവധി ഗുരുദ്വാരകളിലെ ലംഗറുകള്‍ ഇവിടെയുള്ള ആളുകളെ സഹായിച്ചു. അക്കാലത്ത് ഇവിടെ ദുരിതബാധിതര്‍ക്കായി നിരവധി ക്ഷേത്രങ്ങളിലെ അടുക്കളകള്‍ തുറന്നുകൊടുത്തു. ഓസ്ട്രേലിയയില്‍ താമസിക്കുന്നവരും പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളും വലിയ തോതില്‍ ആളുകളെ സഹായിക്കാന്‍ മുന്നോട്ട് വന്നു. വിവിധ സാമൂഹിക സംഘടനകളും ഇക്കാലയളവില്‍ ഒട്ടേറെപ്പേരെ സഹായിച്ചു. ഇന്ത്യക്കാര്‍ എവിടെയായിരുന്നാലും അവരുടെ ഉള്ളില്‍ ഒരു മാനുഷിക മനോഭാവം നിലനില്‍ക്കുന്നു.

സുഹൃത്തുക്കളെ,
മാനവികതയെ മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം ഇന്ത്യയെ ഇന്ന് ആഗോള നന്മയുടെ ശക്തി എന്ന് വിളിക്കുന്നു. എവിടെ ദുരന്തമുണ്ടായാലും സഹായിക്കാന്‍ ഇന്ത്യ എപ്പോഴും തയ്യാറാണ്. എപ്പോള്‍ പ്രതിസന്ധിയുണ്ടായാലും അത് പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാണ്. ഇന്ന്, രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലൂടെ സൗരോര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കണമോ, പരസ്പര സഹകരണത്തിലൂടെ ദുരന്തങ്ങളെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കണമോ, ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സിനെ നയിക്കണമോ എന്തുമാകട്ടെ, ഇന്ത്യ എല്ലായ്പ്പോഴും ഒരുമിപ്പിക്കാനുള്ള ശക്തിയാണ്. അടുത്തിടെ തുര്‍ക്കിയില്‍ ഭൂകമ്പം നാശം വിതച്ചപ്പോള്‍ ഓപ്പറേഷന്‍ ദോസ്ത് വഴി ഇന്ത്യ സഹായഹസ്തം നീട്ടി. എല്ലാവരുടെയും താല്‍പ്പര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇന്ത്യ അവരുടെ താല്‍പ്പര്യങ്ങള്‍ കാണുന്നത്. 'സബ്കാ സത് സബ്കാ വികാസ്, സബ്ക വിശ്വാസ്, സബ്ക പ്രയാസ്' (എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം) എന്നത് നമ്മുടെ ആഭ്യന്തര ഭരണത്തിന്റെ അടിസ്ഥാനം മാത്രമല്ല, ആഗോള ഭരണത്തിനായുള്ള കാഴ്ചപ്പാടും കൂടിയാണ്. 

സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം തുടര്‍ച്ചയായി ആഴത്തില്‍ വളരുകയാണ്. അടുത്തിടെ നാം സാമ്പത്തിക സഹകരണ, വ്യാപാര കരാര്‍ (ഇ സി ടി എ) ഒപ്പുവച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയിലധികം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ നാം ഒരു സമഗ്ര സാമ്പത്തിക സഹകരണ കരാറനുസരിച്ചു പ്രവര്‍ത്തിക്കുകയാണ്. നാം പ്രതിരോധ ശേഷിയുള്ളതും വിശ്വസനീയവുമായ വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നു. ഇത് ഇരു രാജ്യങ്ങളുടെയും ബിസിനസ് വര്‍ധിപ്പിക്കുക മാത്രമല്ല, ലോകത്തിന് പുതിയ ആത്മവിശ്വാസം പകരുകയും ചെയ്യും. ഇന്ന് ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയില്‍ നിരവധി നേരിട്ടുള്ള വിമാനങ്ങളുണ്ട്. വര്‍ഷങ്ങളായി വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. വരും ദിവസങ്ങളില്‍ എണ്ണം കൂടും. ഇരു രാജ്യങ്ങളും പരസ്പരം ബിരുദങ്ങള്‍ അംഗീകരിക്കുന്നതില്‍ മുന്നോട്ട് പോയി. ഇത് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ഗുണം ചെയ്യും. മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കരാറിലും സമവായത്തിലെത്തി. ഇത് നമ്മുടെ അനുഭവജ്ഞരായ തൊഴില്‍വിദഗ്ധര്‍ക്ക് ഓസ്ട്രേലിയയില്‍ വന്ന് ജോലി ചെയ്യുന്നത് എളുപ്പമാക്കും. ഒപ്പം സുഹൃത്തുക്കളെ, ഇവിടെവെച്ചു ഞാന്‍ ഒരു പ്രഖ്യാപനം നടത്താന്‍ പോകുന്നു. ബ്രിസ്‌ബേനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യം ഇനി നിറവേറ്റപ്പെടും. താമസിയാതെ ബ്രിസ്‌ബേനില്‍ പുതിയ കോണ്‍സുലേറ്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിക്കും.

സുഹൃത്തുക്കളെ,
ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ആഴത്തിലുള്ള പങ്കാളിത്തം മാ ഭാരതിയില്‍ വിശ്വാസമുള്ള എല്ലാവരെയും ശാക്തീകരിക്കും. നിങ്ങള്‍ക്ക് കഴിവുണ്ട്, നിങ്ങളുടെ കഴിവുകളുടെ ശക്തിയുണ്ട്, നിങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങളുമുണ്ട്. ഓസ്ട്രേലിയയിലെ ജനങ്ങളുമായി ഇഴുകിച്ചേരാന്‍ നിങ്ങളെ സഹായിക്കുന്നതില്‍ ഈ മൂല്യങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഞാന്‍ ഇന്നലെ പാപ്പുവ ന്യൂ ഗിനിയയില്‍ നിന്ന് വന്നതാണ്. അവിടെ ഞാന്‍ തമിഴ് സാഹിത്യമായ തിരുക്കുറലിന്റെ വിവര്‍ത്തനം പ്രാദേശിക ഭാഷയില്‍ അവതരിപ്പിച്ചു. അവിടെയുള്ള ഇന്ത്യന്‍ വംശജനായ ഒരു പ്രാദേശിക ഗവര്‍ണറായിരുന്നു വിവര്‍ത്തനം ചെയ്തത്. വിദേശത്ത് ജീവിക്കുമ്പോഴും നാം നമ്മുടെ വേരുകളില്‍ അഭിമാനിക്കുകയും വേരുകളോട് ബന്ധം പുലര്‍ത്തുകയും വേണം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്. നിങ്ങള്‍ ഇവിടെ ഓസ്ട്രേലിയയിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സുഗന്ധം പരത്തുകയാണ്. നിങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക അംബാസഡര്‍മാരാണ്, ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്.

സുഹൃത്തുക്കളെ,
അവസാനിപ്പിക്കുന്നതിന് മുമ്പ് നിങ്ങളില്‍ നിന്ന് എന്തെങ്കിലും ആവശ്യപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് തരുമോ? നിങ്ങളുടെ ശബ്ദം അല്‍പ്പം ദുര്‍ബലമാണെന്നു തോന്നുന്നു. എനിക്ക് അതു തരുമോ? ഉറപ്പാണോ? വാഗ്ദാനം ചെയ്യുന്നു? നിങ്ങള്‍ ഇന്ത്യയില്‍ വരുമ്പോഴെല്ലാം, നിങ്ങള്‍ ഇന്ത്യയിലേക്ക് വരുമ്പോഴെല്ലാം, കുറഞ്ഞത് ഒരു ഓസ്ട്രേലിയന്‍ സുഹൃത്തിനെയും അവന്റെ കുടുംബത്തെയും നിങ്ങളോടൊപ്പം കൊണ്ടുവരണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് അവര്‍ക്ക് ഇന്ത്യയെ മനസ്സിലാക്കാനും അറിയാനും മികച്ച അവസരം നല്‍കും. നിങ്ങള്‍ ഇത്രയധികം ആളുകള്‍ വന്നിട്ടുണ്ട്. അതിനാല്‍ വളരെക്കാലത്തിന് ശേഷം നിങ്ങളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. ഞാന്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു! ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!

എന്നോടൊപ്പം പറയൂ - ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വളരെ നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi