നമസ്‌കാരം! റാം റാം.
ഇന്ന്, ശ്രീരാമമന്ദിറിന്റെ പ്രതിഷ്ഠാ (പ്രാണപ്രതിഷ്ഠ) ചടങ്ങുമായി ബന്ധപ്പെട്ട മറ്റൊരു ശ്രദ്ധേയമായ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്. ലോകത്താകമാനംനിന്നായി ഭഗവാന്‍ ശ്രീരാമനും സമര്‍പ്പിക്കപ്പെട്ട തപാല്‍ സ്റ്റാംപുകളഉടെ ആല്‍ബത്തിനൊപ്പം ശ്രീരാമ ജന്‍മഭൂമി ക്ഷേത്രത്തിനു സമര്‍പ്പിച്ച ആറു പ്രത്യേക തപാല്‍സ്റ്റാംപുകള്‍ പ്രകാശിപ്പിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും എല്ലാ പൗരന്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
കത്തുകളോ സന്ദേശങ്ങളോ പ്രധാനപ്പെട്ട രേഖകളോ അയയ്ക്കുന്നതിനുള്ള എന്‍വലപ്പുകളില്‍ അവയെ ഒട്ടിക്കുകയെന്ന തപാല്‍ സ്റ്റാംപുകളുടെ പ്രാഥമിക ധര്‍മം നമുക്ക് പരിചിതമാണെങ്കിലും അവയുടെ രണ്ടാമതുള്ള പങ്ക് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. തപാല്‍ സ്റ്റാംപുകള്‍ ആശയങ്ങളും ചരിത്രവും സുപ്രധാന സംഭവങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുള്ള ഒരു മാധ്യമമായി പ്രവര്‍ത്തിക്കുന്നു. ഒരു തപാല്‍ സ്റ്റാംപ് പുറത്തിറക്കി ആര്‍ക്കെങ്കിലും അയയ്ക്കുമ്പോള്‍, അത് ആശയവിനിമയത്തിനുള്ള ഉപാധി എന്നതിലുപരിയായി മാറുന്നു; അത് ചരിത്രപരമായ അറിവിന്റെ വിനിമയമായിത്തീരുന്നു. ഈ സ്റ്റാംപുകള്‍ വെറും കടലാസോ കലയോ അല്ല; ചരിത്ര പുസ്തകങ്ങള്‍, പുരാവസ്തുക്കള്‍, ചരിത്രപരമായ സ്ഥലങ്ങള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയുടെ ഏറ്റവും ചെറിയ രൂപങ്ങളാണ് അവ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇവ ചില പ്രധാന ഗ്രന്ഥങ്ങളുടെയും ആശയങ്ങളുടെയും ചെറു പതിപ്പുകളാണ്. ഇന്ന് പുറത്തിറക്കിയ സ്മരണിക തപാല്‍ സ്റ്റാംപുകള്‍ നമ്മുടെ യുവതലമുറയ്ക്ക് വിലപ്പെട്ട ഉള്‍ക്കാഴ്ചകളും പഠനത്തിനുള്ള അവസരങ്ങളും പ്രദാനം ചെയ്യുമെന്നതില്‍ സംശയമില്ല.
രാമഭക്തിയുടെ ആവേശം കലയുടെ പ്രകാശനത്തിലൂടെയോ ജനപ്രിയ വരികളായ 'മംഗള്‍ ഭവാന്‍ അമംഗള്‍ ഹരി' വഴി രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതിലൂടെയോ ഈ സ്റ്റാംപുകള്‍ രാമക്ഷേത്രത്തിന്റെ ഉജ്വല ചിത്രത്തെ അവതരിപ്പിക്കുന്നു.
രാജ്യത്ത് നവ വെളിച്ചത്തിന്റെ സന്ദേശം പകരുന്ന സൂര്യവംശി റാമിന്റെ പ്രതീകമായ സൂര്യന്റെ ചിത്രവും അവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, രാമന്റെ അനുഗ്രഹത്താല്‍ രാജ്യം എപ്പോഴും അഭിവൃദ്ധി പ്രാപിക്കുമെന്നതിന്റെ പ്രതീകമായ സരയൂ നദിയുടെ ചിത്രീകരണമുണ്ട്. ക്ഷേത്രത്തിന്റെ അകത്തള വാസ്തുവിദ്യയുടെ സങ്കീര്‍ണ്ണമായ സൗന്ദര്യം ഈ തപാല്‍ സ്റ്റാംപുകളില്‍ സൂക്ഷ്മമായി പകര്‍ത്തിയിട്ടുണ്ട്. പഞ്ചഭൂതങ്ങള്‍ സംബന്ധിച്ച നമ്മുടെ തത്വചിന്തയുടെ ലഘുവായ അവതരണം ശ്രീരാമനിലൂടെ നിര്‍വഹിച്ചതായും എനിക്ക് അറിയാന്‍ കഴിഞ്ഞു. ഈ ഉദ്യമത്തില്‍ തപാല്‍ വകുപ്പിന് സന്യാസിമാരില്‍ നിന്നും രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റില്‍ നിന്നും മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടുണ്ട്. വിലപ്പെട്ട സംഭാവനകള്‍ക്ക് അവരെ ഞാന്‍ അവരെ അഭിവാദ്യം ചെയ്യുന്നു.
സുഹൃത്തുക്കളെ,
ശ്രീരാമന്റെയും സീതാ മാതാവിന്റെയും രാമായണത്തിന്റെയും കഥകള്‍ സമയം, സമൂഹം, ജാതി, മതം, പ്രദേശം എന്നിവയുടെ പരിധികള്‍ മറികടന്ന് ഓരോ വ്യക്തിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ത്യാഗത്തിന്റെയും ഐക്യത്തിന്റെയും ധീരതയുടെയും പ്രതീകമായ രാമായണം, മനുഷ്യത്വവുമായി സാര്‍വത്രിക ബന്ധം സ്ഥാപിക്കുന്ന നിരവധി പ്രയാസങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെ വിജയം പഠിപ്പിക്കുന്നു. രാമായണം ലോകമെമ്പാടും വിവിധ രാജ്യങ്ങളിലും സംസ്‌കാരങ്ങളിലും ആവേശം ജനിപ്പിക്കുന്ന ഒരു കേന്ദ്രബിന്ദുവായി തുടരുന്നതിന്റെ കാരണം ഈ വ്യാപകമായ ആകര്‍ഷണമാണ്. ഇന്ന് അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങള്‍ ഈ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ശ്രീരാമന്‍, സീതാ മാതാവ് എന്നിവരോടും രാമായണത്തോടുമുള്ള ആഗോള ആരാധനയെ ചിത്രീകരിക്കുന്നു. വിവിധ രാജ്യങ്ങള്‍ ശ്രീരാമനെ ചിത്രീകരിച്ച് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയതെങ്ങനെയെന്ന് അന്വേഷിക്കുന്നത് ഇപ്പോഴത്തെ യുവാക്കള്‍ക്ക് കൗതുകകരമായിരിക്കും. അമേരിക്ക, ഓസ്ട്രേലിയ, കംബോഡിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫിജി, ഇന്തോനേഷ്യ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, തായ്ലന്‍ഡ്, ഗയാന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ തപാല്‍ സ്റ്റാമ്പുകള്‍ മുഖേന ശ്രീരാമന്റെ ജീവിതകഥയെ ആദരിച്ചു, ആദരവും വാത്സല്യവും പ്രകടിപ്പിച്ചു. ഈ ആല്‍ബം ഭരതത്തിനപ്പുറം ഒരു മാതൃകാപുരുഷനായി ശ്രീരാമന്‍ എങ്ങനെ ബഹുമാനിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള നാഗരികതകളില്‍ ശ്രീരാമന്റെയും രാമായണത്തിന്റെയും അഗാധമായ സ്വാധീനവും പരിശോധിക്കുന്നു. ആധുനിക കാലത്ത് പോലും രാഷ്ട്രങ്ങള്‍ രാമന്റെ സ്വഭാവത്തെ എങ്ങനെ വിലമതിച്ചു എന്നതിലേക്ക് ഇത് വെളിച്ചം വീശുന്നു. കൂടാതെ, ഈ ആല്‍ബം ശ്രീരാമന്റെയും ജാനകി മാതാവിന്റെയും കഥകളുടെയുള്ള യാത്ര വാഗ്ദാനം ചെയ്യുന്നു. അതു മഹര്‍ഷി വാല്മീകിയുടെ ശാശ്വതമായ വാക്കുകള്‍ക്ക് അടിവരയിടുന്നു:
യാവത് സ്ഥാസ്യന്തി ഗിരിയഃ,
സരിതശ്ച മഹിതലേ.
താവത് രാമായണകഥ,
ലോകേഷു പ്രചരിഷ്യതി?
അതായത് ഭൂമിയില്‍ മലകളും നദികളും ഉള്ളിടത്തോളം കാലം രാമായണ ഇതിഹാസവും ശ്രീരാമന്റെ വ്യക്തിത്വവും ജനങ്ങള്‍ക്കിടയില്‍ പ്രചരിതമായിക്കൊണ്ടിരിക്കും.
ഈ പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയതിന് ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും അതോടൊപ്പം നമ്മുടെ സഹപൗരന്‍മാര്‍ക്കും അഭിനന്ദനങ്ങള്‍.
നന്ദി! റാം റാം.