ആദരണീയരെ,
ജി20 ധനമന്ത്രിമാരെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരെയും ഇന്ത്യയിലേക്ക് ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷത്തിന് കീഴിലുള്ള ആദ്യത്തെ മന്ത്രിതല സംഭാഷണത്തെ നിങ്ങളുടെ യോഗം അടയാളപ്പെടുത്തുന്നു. ഗുണപരമായഫലങ്ങള്‍ ഉണ്ടാക്കുന്ന ഒരു യോഗത്തിന് നിങ്ങള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുമ്പോഴും, നിങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എനിക്ക് ബോദ്ധ്യമുണ്ട്. ലോകം ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഒരു കാലത്ത് ആഗോള സാമ്പത്തിക, സമ്പദ്‌വ്യവസ്ഥയുടെ നേതൃത്വത്തെ പ്രതിനിധീകരിക്കുന്നവരാണ് നിങ്ങള്‍. കോവിഡ് മഹാമാരി നൂറ്റാണ്ടിലൊരിക്കലുണ്ടാകുന്ന പ്രഹരമാണ് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ചിരിക്കുന്നത്. പല രാജ്യങ്ങളും, പ്രത്യേകിച്ച് വികസ്വര സമ്പദ്‌വ്യവസ്ഥകള്‍, അതിന്റെ അനന്തരഫലങ്ങളെ ഇപ്പോഴും നേരിടുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും നാം സാക്ഷ്യം വഹിക്കുന്നു. ആഗോള വിതരണ ശൃംഖലയില്‍ തടസ്സങ്ങളുമുണ്ട്. വിലക്കയറ്റം മൂലം പല സമൂഹങ്ങളും ദുരിതത്തിലുമാണ്. മാത്രമല്ല, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ ലോകമെമ്പാടുമുള്ള പ്രധാന ആശങ്കകളായി മാറിയുമിരിക്കുന്നു. സുസ്ഥിരമല്ലാത്ത കടബാദ്ധ്യത മൂലം പല രാജ്യങ്ങളുടെയും സാമ്പത്തിക ക്ഷമതപോലും ഭീഷണിയിലുമാണ്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം നശിച്ചു. സ്വയം പരിഷ്‌കരിക്കുന്നതില്‍ അവര്‍ കാലതാമസം കാണിച്ചത് ഭാഗീകമായി ഇതിനുള്ള കാരണമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരതയും ആത്മവിശ്വാസവും വളര്‍ച്ചയും തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിതം ഇനി ലോകത്തെ മുന്‍നിര സമ്പദ്‌വ്യവസ്ഥകളുടെയും ധനവ്യവസ്ഥകളുടെയും സംരക്ഷകരായ നിങ്ങളുടേതാണ്. അത് അത്ര എളുപ്പമുള്ള കാര്യവുമല്ല.
എന്നിരുന്നാലും, നിങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഊര്‍ജ്ജസ്വലതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളും ഉല്‍പ്പാദകരും ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമുള്ളവരാണ്. ആഗോള സമ്പദ്‌വ്യവസ്ഥയിലേക്കും ഇതേ സകാരാത്മകമായ ഊര്‍ജ്ജം പകരാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചര്‍ച്ചകള്‍ ലോകത്തിലെ ഏറ്റവും ദുര്‍ബലരായ പൗരന്മാരെ കേന്ദ്രീകരിച്ചാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരേയും ഉള്‍ച്ചേര്‍ക്കുന്ന ഒരു അജന്‍ണ്ട ഉണ്ടാക്കിയാല്‍ മാത്രമേ ആഗോള സാമ്പത്തിക നേതൃത്വത്തിന് ലോകത്തിന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കാനാകൂ. ഞങ്ങളുടെ ജി20 ആദ്ധ്യക്ഷതയുടെ ആശയം തന്നെ ഈ ഉള്‍ച്ചേര്‍ക്കല്‍ വീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന ''ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി'' എന്നതാണ്.
ആദരണീയരെ,
ലോകജനസംഖ്യ 8 ബില്യണ്‍ കടന്നിരിക്കെ, സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതി മന്ദഗതിയിലാണെന്ന് തോന്നുന്നു. കാലാവസ്ഥാ വ്യതിയാനം, ഉയര്‍ന്ന കടബാദ്ധ്യത തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാന്‍ ബഹുമുഖ വികസന ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന് നാം കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ആദരണീയരെ,
ധനകാര്യത്തിന്റെ ലോകത്ത്, സാങ്കേതികവിദ്യ കൂടുതല്‍ പ്രബലമാകുകയാണ്. മഹാമാരിയുടെ കാലത്ത്, സമ്പര്‍ക്കരഹിതവും തടസ്സമില്ലാത്തതുമായ ഇടപാടുകള്‍ സാദ്ധ്യമാക്കിയത് ഡിജിറ്റല്‍ ഇടപാടുകളാണ്. എന്നിരുന്നാലും, ഡിജിറ്റല്‍ ധനകാര്യത്തിലെ ചില സമീപകാല നൂതനാശയങ്ങള്‍ അസ്ഥിരതയും ദുരുപയോഗവും അപകടസാദ്ധ്യതകളും സൃഷ്ടിക്കുന്നുണ്ട്. സാദ്ധ്യമായ അപകടസാദ്ധ്യതകള്‍ നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍, സാങ്കേതികവിദ്യയുടെ ശക്തി എങ്ങനെ നന്മയ്ക്കായി ഉപയോഗിക്കാമെന്നതും നിങ്ങള്‍ പര്യവേക്ഷണം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സ്വന്തം അനുഭവത്തെ മാതൃകയാക്കാനും കഴിയും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഞങ്ങള്‍ വളരെ സുരക്ഷിതവും ഉയര്‍ന്ന വിശ്വാസ്യതയുള്ളതും ഉയര്‍ന്ന കാര്യക്ഷമതയുള്ളതുമായ ഒരു പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഡിജിറ്റല്‍ ഇടപാട് പരിസ്ഥിതി സംവിധാനം ഒരു സൗജന്യ പൊതു നന്മയായാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് ഇന്ത്യയിലെ ഭരണനിര്‍വഹണം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ജീവിതം സുഗമമാക്കല്‍ എന്നിവയെ അടിമുടി പരിവര്‍ത്തനപ്പെടുത്തി. ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവില്‍ നിങ്ങള്‍ യോഗം ചേരുമ്പോള്‍, ഡിജിറ്റല്‍ ഇടപാടുകളെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ എങ്ങനെ സ്വീകരിച്ചുവെന്നതിന്റെ നേരിട്ടുള്ള പ്രാഥമികമായ അനുഭവം നിങ്ങള്‍ക്ക് ലഭിക്കും. വാസ്തവത്തില്‍, ഞങ്ങളുടെ ജി20 ആദ്ധ്യക്ഷ കാലത്ത് ഞങ്ങള്‍ ഒരു പുതിയ സംവിധാനം സൃഷ്ടിച്ചു. ഇന്ത്യയുടെ വഴികാട്ടിയായ ഡിജിറ്റല്‍ ഇടപാട് വേദിയായ യു.പി.ഐ ഉപയോഗിക്കാന്‍ ഞങ്ങളുടെ ജി20 അതിഥികളെയും അനുവദിക്കുന്നു. നിങ്ങള്‍ ഇത് ഉപയോഗിക്കുകയും അത് ഉപയോഗിക്കുന്നതിലുള്ള ലാളിത്യം അനുഭവിക്കുകയും ചെയ്യുമ്പോള്‍, എന്തുകൊണ്ടാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ വലിയ മനസ്സോടെ ഇത് സ്വീകരിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. യു.പി.ഐ പോലുള്ള ഉദാഹരണങ്ങള്‍ മറ്റ് പല രാജ്യങ്ങള്‍ക്കും കല്ലില്‍തീര്‍ത്ത രൂപരേഖകളാകാം. ഞങ്ങളുടെ അനുഭവം ലോകവുമായി പങ്കുവയ്ക്കുന്നതില്‍ നാം സന്തോഷിക്കും. മാത്രമല്ല, ജി 20 ഇതിന് ഒരു വാഹനവുമാകാം.
ആദരണീയരെ,
ഈ സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയുന്നു. വളരെ ഫലപ്രദവും വിജയകരവുമായ ചര്‍ച്ചകള്‍ക്ക് നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.