നമസ്‌കാരം!
ഒരു വര്‍ഷം മുമ്പാണ് ആചാര്യ ശ്രീ എസ് എന്‍ ഗോയങ്ക ജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഈ കാലയളവില്‍,' ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുമ്പോള്‍, കല്യാണ്‍മിത്ര ഗോയങ്ക ജി വാദിച്ച തത്വങ്ങളാണ് രാഷ്ട്രം പ്രതിഫലിപ്പിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടടുക്കുമ്പോള്‍, വികസിത ഭാരതത്തിന്റെ സാക്ഷാത്കാരത്തിലേക്ക് രാജ്യം അതിവേഗം മുന്നേറുകയാണ്. ഈ യാത്രയില്‍, എസ് എന്‍ ഗോയങ്ക ജിയുടെ ചിന്തകളില്‍ നിന്നും സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയില്‍ നിന്നും ഉരുത്തിരിഞ്ഞ ഉപദേശങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ജനങ്ങള്‍ ഒരുമിച്ച് ധ്യാനിക്കുമ്പോള്‍ ശക്തമായ ഫലങ്ങള്‍ ലഭിക്കുമെന്ന് qസൂചിപ്പിക്കുന്ന ''സമഗ്ഗ-നാം തപോസുഖോ'' എന്ന ബുദ്ധമന്ത്രം ഗുരുജി പലപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഭാരതത്തിനെ ഒരു വികസിത രാഷ്ട്രമാക്കുന്നതിനുള്ള ഒരു അടിസ്ഥാന മൂലശിലയാണ് ഈ ഐക്യ മനോഭാവം. ഈ ശതാബ്ദി ആഘോഷത്തിലുടനീളം, നിങ്ങള്‍ എല്ലാവരും ഈ മന്ത്രം പ്രചരിപ്പിച്ചിട്ടുണ്ടാകും, എല്ലാവര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളെ,
ആചാര്യ എസ്.എന്‍ ഗോയങ്കജിയുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. ഐക്യരാഷ്ട്രസഭയിലെ ലോക മത സമ്മേളനത്തില്‍ വച്ചാണ് അദ്ദേഹത്തെ ഞാന്‍ ആദ്യമായി കണ്ടത്. പിന്നീട് ഗുജറാത്തില്‍ ഞങ്ങള്‍ പലതവണ മുഖാമുഖം കണ്ടിട്ടുണ്ട്. അവസാനമായി ഒരിക്കല്‍ കൂടി അദ്ദേഹത്തെ കാണാന്‍ അവസരം കിട്ടിയത് എന്റെ ഭാഗ്യമായിരുന്നു. ഞങ്ങളുടെ ബന്ധത്തിന് സവിശേഷമായ ഒരു അടുപ്പമുണ്ടായിരുന്നു, അദ്ദേഹത്തെ അടുത്ത് നിരീക്ഷിക്കാനുള്ള വിശേഷഭാഗ്യവും എനിക്കു ലഭിച്ചു. അദ്ദേഹം വിപാസനയെ എത്ര ആഴത്തില്‍ ആശ്ലേഷിച്ചുവെന്നതിന് ഞാന്‍ സാക്ഷിയാണ്-വ്യക്തിപരമായ അഭിലാഷങ്ങളൊന്നുമുണ്ടായിരുന്നില്ല, തികച്ചും ശാന്തവും ഗൗരവമുള്ളതുമായിരുന്ന, അദ്ദേഹത്തിന്റെ വ്യക്തിത്വം തെളിഞ്ഞ വെള്ളത്തോട് സാമ്യമുള്ളതായിരുന്നു. പോകുന്നിടത്തെല്ലാം ഒരു നിശ്ശബ്ദ സേവകനെപ്പോലെ, അദ്ദേഹം ഒരു പുണ്യാന്തരീക്ഷം പ്രസരിപ്പിക്കുമായിരുന്നു. 'ഒരു ജീവിതം, ഒരു ദൗത്യം' എന്നതിന്റെ ആള്‍രൂപമെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഏക ലക്ഷ്യം വിപാസനയായിരുന്നു. മനുഷ്യരാശിക്കും മുഴുവന്‍ ലോകത്തിനും സംഭാവന ചെയ്തുകൊണ്ട് തന്റെ വിപാസന അറിവിന്റെ നേട്ടങ്ങള്‍ എല്ലാവരുമായും അദ്ദേഹം പങ്കുവച്ചു,.
സുഹൃത്തുക്കളെ,
ഗോയങ്ക ജിയുടെ ജീവിതം നമുക്കെല്ലാവര്‍ക്കും പ്രചോദനത്തിന്റെ അഗാധമായ ഉറവിടമായി വര്‍ത്തിക്കുന്നു. പ്രാചീന ഭാരതീയ ജീവിതരീതിയില്‍ നിന്ന് ലോകത്തിനാകെ സമ്മാനിച്ച വിപാസന, നമ്മുടെ പൈതൃകത്തിനുള്ളില്‍ തന്നെ വിസ്മരിക്കപ്പെട്ടിരിക്കുകയായിരുന്നു. വിപാസന പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമുള്ള കല ക്രമേണ മങ്ങിപ്പോയ ഒരു നീണ്ട കാലഘട്ടം ഭാരതത്തിലുണ്ടായിരുന്നു. മ്യാന്‍മറിലെ 14 വര്‍ഷത്തെ തപസ്സിനു ശേഷം ഈ പുരാതന മഹത്വത്തെ ഭാരതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഗോയങ്ക ജി മുന്‍കൈയെടുത്തു. സ്വയം നിരീക്ഷണത്തിലൂടെയുള്ള സ്വയം പരിവര്‍ത്തനത്തിന്റെ പാതയായ വിപാസന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്ഭവിച്ചപ്പോഴും സവിശേഷമായിരുന്ന അതിന്റെ പ്രസക്തി ഇന്നത്തെ ജീവിതത്തില്‍ വളരുകയായിരുന്നു. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള വിശേഷ ശക്തി വിപാസനയ്ക്കുണ്ട്. ഗുരുജിയുടെ ശ്രമങ്ങള്‍ക്ക് നന്ദി, ലോകമെമ്പാടുമുള്ള 80-ലധികം രാജ്യങ്ങള്‍ ധ്യാനത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും അത് ആശ്ലേഷിക്കുകയും ചെയ്തു. വിപാസനയുടെ ആഗോള സ്വത്വം പുനഃസ്ഥാപിച്ച ശ്രദ്ധേയരായ വ്യക്തികള്‍ക്കൊപ്പം ആചാര്യ ശ്രീ ഗോയങ്ക ജിയും നിലകൊള്ളുകയാണ്. ഈ ദൃഢനിശ്ചയം ഇന്ന് ഭാരതം ശക്തമായി വിപുലപ്പെടുത്തുകയാണ്. അന്താരാഷ്ട്ര യോഗ ദിനം അംഗീകരിക്കാനുള്ള നിര്‍ദ്ദേശം ഞങ്ങള്‍ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ വയ്ക്കുകയും 190 ലധികം രാജ്യങ്ങളുടെ പിന്തുണ അതിന് ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ ആഗോളതലത്തില്‍ യോഗ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
സുഹൃത്തുക്കളെ,
വിപാസന പോലുള്ള യോഗാഭ്യാസങ്ങളെക്കുറിച്ച് നമ്മുടെ പൂര്‍വികര്‍ ഗവേഷണം നടത്തിയിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, തുടര്‍ന്നുള്ള തലമുറകള്‍ അതിന്റെ പ്രാധാന്യവും ഉപയോഗവും മറന്നു. വിപാസന, ധ്യാനം, ധാരണ എന്നിവയെ പരിത്യാഗത്തിന്റെ വിഷയങ്ങളായി കണക്കാക്കിയിരുന്നുവെങ്കിലും അവയുടെ യഥാര്‍ത്ഥ പങ്കുകള്‍ മറക്കുകയും ചെയ്തു. ആചാര്യ ശ്രീ എസ് എന്‍ ഗോയങ്കജിയെപ്പോലുള്ള പ്രമുഖര്‍ ഈ പൊതു തെറ്റിദ്ധാരണ തിരുത്തി. ''ആരോഗ്യകരമായ ജീവിതം നമ്മോടു തന്നെയുള്ള ഒരു പ്രധാന ഉത്തരവാദിത്തമാണ്'' എന്ന് ഗുരുജി പറയാറുണ്ടായിരുന്നു. പെരുമാറ്റം രൂപപ്പെടുത്തുന്നത് മുതല്‍ വ്യക്തിത്വം കെട്ടിപ്പടുക്കുന്നത് വരെ എല്ലാത്തിന്റെയും ഫലപ്രദമായ ഒരു മാധ്യമമായി ഇന്ന് വിപാസന മാറിയിരിക്കുന്നു. ആധുനിക കാലത്തെ വെല്ലുവിളികള്‍ വിപാസനയുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. തൊഴില്‍-ജീവിത അസന്തുലിതാവസ്ഥയും ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സമ്മര്‍ദ്ദവും ദുരിതവും യുവജനങ്ങളിലും പ്രായമായവരിലും ബാധിക്കുന്നത് സാധാരണമാക്കിരിക്കുന്നു. വിപാസന അവര്‍ക്ക് ഒരു പരിഹാരമാകാന്‍ കഴിയും. അതുപോലെ, സൂക്ഷ്മ കുടുംബങ്ങളും അണുകുടുംബങ്ങളും കാരണം, വീട്ടിലെ പ്രായമായ മാതാപിതാക്കളും വളരെയധികം സമ്മര്‍ദ്ദത്തിലാണ്. വിരമിക്കല്‍ പ്രായം പിന്നിട്ട പ്രായമായ പരമാവധി ആളുകളെ ഇതുമായി ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
ഓരോ വ്യക്തിയും സന്തോഷകരമായ ജീവിതം നയിക്കണമെന്നും സമാധാനപരമായ മനസ്സ് സ്വന്തമാക്കണമെന്നും ആഗോള ഐക്യത്തിന് സംഭാവന നല്‍കണമെന്നുമുള്ള അഭിലാഷമാണ് എസ്.എന്‍ ഗോയങ്കജിയുടെ എല്ലാ ശ്രമങ്ങളേയും നയിച്ചത് . തന്റെ സംഘടിതപ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ ഭാവി തലമുറകളിലേക്ക് ഒഴുകുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതുകൊണ്ട്, അദ്ദേഹം തന്റെ അറിവ് വിപുലീകരിച്ചു. വിപാസന പ്രചരിപ്പിക്കുന്നതിനു പുറമേ, പരിശീലനത്തിന് വിദഗ്ധരായ അദ്ധ്യാപകരെ വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തു. ആത്മാവിലേക്കുള്ള ഒരു യാത്രയായ വിപാസന, തങ്ങളെ സ്വയം ആഴത്തില്‍ തിരയുന്നതിനുള്ള പരമമായ മാര്‍ഗ്ഗവുമാണ്. ഇത് കേവലം ഒരു ആചാരമല്ല; ഇത് ഒരു ശാസ്ത്രവുമാണ്. ഈ ശാസ്ത്രത്തിന്റെ ഫലങ്ങള്‍ നമുക്ക് പരിചിതമാണെങ്കിലും, ആധുനിക നിലവാരത്തിലും ആധുനിക ശാസ്ത്രത്തിന്റെ ഭാഷയിലും അതിന്റെ തെളിവുകള്‍ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ദിശയിലുള്ള ആഗോള ശ്രമങ്ങളില്‍ ഇന്ന് നാം അഭിമാനിക്കുന്നു. എന്നിരുന്നാലും, ഭാരതം നേതൃത്വം ഏറ്റെടുക്കുകയും അത് മുന്നോട്ട് കൊണ്ടുപോകുകയും വേണം, എന്തെന്നാല്‍ പൈതൃകവും ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധവും നമ്മുടെ അധീനതയില്‍ ഉണ്ട്. പുതിയ ഗവേഷണം അതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും ലോകത്തിന് കൂടുതല്‍ ക്ഷേമം നല്‍കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ആചാര്യ എസ്.എന്‍ ഗോയങ്ക ജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഈ വര്‍ഷം നമുക്കെല്ലാവര്‍ക്കും പ്രചോദനാത്മകമായ സമയമാണ്. മനുഷ്യ സേവനത്തിനായുള്ള അദ്ദേഹത്തിന്റെ മുന്‍കൈകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് നാം സ്ഥിരോത്സാഹം കാണിക്കണം. ഒരിക്കല്‍ കൂടി, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസകള്‍. വളരെ നന്ദി!