നമസ്‌കാരം!
അന്താരാഷ്ട്ര യോഗ ദിനത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ആശംസകള്‍! എല്ലാ വര്‍ഷവും യോഗാ ദിനത്തോടനുബന്ധിച്ച് നിങ്ങളെല്ലാവരും സംബന്ധിക്കുന്ന ഏതെങ്കിലും പരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. നിങ്ങള്‍ എല്ലാവരുമായും ചേര്‍ന്നു യോഗ ചെയ്യുന്നത് പ്രത്യേകിച്ചും സന്തോഷകരമാണ്. ആ നിമിഷങ്ങള്‍ ശരിക്കും അവിസ്മരണീയമാണ്. എന്നിരുന്നാലും, ഇത്തവണ, വിവിധ ചുമതലകള്‍ കാരണം ഞാന്‍ ഇപ്പോള്‍ അമേരിക്കയിലാണ്. അതിനാല്‍, ഈ വീഡിയോ സന്ദേശത്തിലൂടെ ഞാന്‍ നിങ്ങളെല്ലാവരുമായും ബന്ധപ്പെടുകയാണ്.
സുഹൃത്തുക്കളെ,
നിങ്ങളോടൊപ്പം യോഗ അഭ്യസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും യോഗാ പരിപാടികളില്‍ നിന്ന് ഞാന്‍ ഒളിച്ചോടുന്നില്ലെന്നും അറിയിക്കട്ടെ. ഇന്ന് ഞാന്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5:30ന് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഒരു യോഗാ പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് 180-ലധികം രാജ്യങ്ങള്‍ ഒത്തുചേരുന്നത് ചരിത്രപരവും അഭൂതപൂര്‍വവുമാണ്. 2014ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അന്താരാഷ്ട്ര യോഗാദിന നിര്‍ദ്ദേശം അവതരിപ്പിച്ചപ്പോള്‍ റെക്കോര്‍ഡ് എണ്ണം രാജ്യങ്ങള്‍ അതിനെ പിന്തുണച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. അതിനുശേഷം, അന്താരാഷ്ട്ര യോഗ ദിനം വഴി, യോഗ ഒരു ആഗോള പ്രസ്ഥാനമായി, ആഗോള ചൈതന്യത്തിന്റെ പ്രതീകമായി മാറി.
സുഹൃത്തുക്കളെ,
'ഓഷ്യന്‍ റിംഗ് ഓഫ് യോഗ' പദ്ധതിയിലൂടെ ഈ വര്‍ഷത്തെ യോഗ ദിന പരിപാടികള്‍ കൂടുതല്‍ സവിശേഷമാക്കിയിട്ടുണ്ട്. യോഗയുടെ തത്ത്വചിന്തയും സമുദ്രങ്ങളുടെ വിശാലതയും തമ്മിലുള്ള പരസ്പര ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് 'ഓഷ്യന്‍ റിംഗ് ഓഫ് യോഗ' എന്ന ആശയം. നമ്മുടെ സൈനികര്‍ നമ്മുടെ ജലാശയങ്ങള്‍ ഉപയോഗിച്ച് 'യോഗ ഭാരതമാല', 'യോഗ സാഗര്‍മാല' എന്നിവയും സൃഷ്ടിച്ചു. അതുപോലെ, ആര്‍ട്ടിക് മുതല്‍ അന്റാര്‍ട്ടിക്ക വരെയുള്ള ഇന്ത്യയുടെ രണ്ട് ഗവേഷണ കേന്ദ്രങ്ങളും യോഗയുമായി ബന്ധപ്പെട്ടിരിക്കുന്നു. യോഗയുടെ ഈ അതുല്യമായ ആഘോഷത്തില്‍ ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുനിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തം യോഗയുടെ സത്തയെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
സഹോദരീ സഹോദരന്മാരേ,
യോഗയെ നമ്മുടെ ഋഷിമാര്‍ നിര്‍വചിച്ചിരിക്കുന്നത് 'യുജ്യതേ ഏതദ് ഇതി യോഗഃ' എന്നാണ്, അതിനര്‍ത്ഥം 'ഒന്നിപ്പിക്കുന്നത് യോഗയാണ്'എന്നാണ്. അതിനാല്‍, യോഗയുടെ വികാസം ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി ഉള്‍ക്കൊള്ളുന്ന ആശയത്തിന്റെ വിപുലീകരണമാണ്. യോഗയുടെ വികാസം 'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ആശയത്തിന്റെ വികാസത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ഈ വര്‍ഷം ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ പ്രമേയം 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നാക്കിയത്. ഇന്ന്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ 'വസുധൈവ കുടുംബകത്തിനായി യോഗ' എന്ന പ്രമേയവുമായി ഒരുമിച്ച് യോഗ പരിശീലിക്കുന്നു.
സുഹൃത്തുക്കളെ,
യോഗയെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും പൗരാണിക ഗ്രന്ഥങ്ങളില്‍ വ്യായാമത് ലഭതേ സ്വാസ്ഥ്യം, ദീര്‍ഘായുഷ്യം ബലം സുഖം എന്നു പരാമര്‍ശിച്ചിരിക്കുന്നു! യോഗയിലൂടെ ഒരാള്‍ ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും കരുത്തും നേടുന്നു എന്നര്‍ഥം. അടുത്ത വര്‍ഷങ്ങളില്‍ യോഗ നിത്യേന ചെയ്യുന്ന നമ്മില്‍ പലരും അതിന്റെ ഊര്‍ജം തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യക്തിഗത തലത്തില്‍ മെച്ചപ്പെട്ട ആരോഗ്യത്തിന്റെ പ്രാധാന്യം നാമെല്ലാവരും മനസ്സിലാക്കുന്നു. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കപ്പെടുമ്പോള്‍, നമ്മുടെ കുടുംബങ്ങള്‍ പല പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടുന്നതിനും നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. യോഗ അതിന്റെ സംഭരിത ഊര്‍ജം വഴി ആരോഗ്യകരവും കഴിവുള്ളതുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു. സമീപ വര്‍ഷങ്ങളില്‍, സ്വച്ഛ് ഭാരത് പോലുള്ള പ്രമേയങ്ങള്‍ മുതല്‍ സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ പോലുള്ള കാമ്പെയ്നുകള്‍ വരെ, 'ആത്മനിര്‍ഭര്‍ ഭാരത്' (സ്വാശ്രയ ഇന്ത്യ) കെട്ടിപ്പടുക്കുന്നത് മുതല്‍ സാംസ്‌കാരിക ഇന്ത്യയുടെ പുനര്‍നിര്‍മ്മാണം വരെ എല്ലാറ്റിലും രാജ്യത്ത് അസാധാരണ വേഗം പ്രകടമാണ്. ഇന്ത്യയിലെ യുവതയിലും വേഗം പ്രകടമാണ്. ഇതിനു കാരണം യോഗയുടെ ഊര്‍ജമാണ്. രാജ്യത്തിന്റെ മനോനില മാറുകയും അതുവഴി ജനങ്ങളും ജീവിതവും ഗണ്യമായ പരിവര്‍ത്തനത്തിനു വിധേയമാവുകയും ചെയ്തു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ സംസ്‌കാരമോ സാമൂഹിക ഘടനയോ ആവട്ടെ, ഇന്ത്യയുടെ ആത്മീയതയോ ആദര്‍ശങ്ങളോ ആവട്ടെ, ഇന്ത്യയുടെ തത്ത്വചിന്തയോ ദര്‍ശനമോ ആകട്ടെ, നാം എക്കാലവും ഐക്യം, സമന്വയം, സ്വീകാര്യത എന്നിവയുടെ പാരമ്പര്യങ്ങളെ പരിപോഷിപ്പിച്ചിട്ടുണ്ട്. നാം പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുകയും അവയെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നാം വൈവിധ്യത്തെ സമ്പന്നമാക്കുകയും അത് ആഘോഷിക്കുകയും ചെയ്തു. അത്തരം എല്ലാ വികാരങ്ങളെയും യോഗ വളരെ തീവ്രതയോടെ ശക്തിപ്പെടുത്തുന്നു. യോഗ നമ്മുടെ ആന്തരിക ദര്‍ശനത്തെ വികസിപ്പിക്കുന്നു. അസ്തിത്വത്തിനപ്പുറം സ്‌നേഹത്തിന്റെ അടിത്തറ പ്രദാനം ചെയ്യുന്ന എല്ലാ ജീവജാലങ്ങളുടെയും ഐക്യം സാക്ഷാത്കരിക്കുന്ന ആ ബോധത്തിലേക്ക് യോഗ നമ്മെ ബന്ധിപ്പിക്കുന്നു. അതുകൊണ്ട് നമ്മുടെ ആന്തരിക സംഘര്‍ഷങ്ങളെ യോഗയിലൂടെ ഇല്ലാതാക്കണം. യോഗയിലൂടെ നമ്മുടെ പ്രതിബന്ധങ്ങളെയും പ്രതിരോധങ്ങളെയും മറികടക്കണം. 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ആശയം നാം ലോകത്തിനു മുന്നില്‍ മാതൃകയായി അവതരിപ്പിക്കണം.
സഹോദരീ സഹോദരന്മാരേ,
യോഗയെക്കുറിച്ച് പറയുന്നു, 'യോഗഃ കര്‍മ്മസു കൗശലം', അതായത് പ്രവര്‍ത്തനത്തിലെ പ്രാവീണ്യമാണു യോഗ എന്നാണ്. സ്വാതന്ത്ര്യത്തിന്റെ 'അമൃതകാല'ത്ത് ഈ മന്ത്രത്തിന് നമ്മെയെല്ലാം സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്. നാം നമ്മുടെ കര്‍ത്തവ്യങ്ങളില്‍ അര്‍പ്പണബോധമുള്ളവരാകുമ്പോള്‍, നാം യോഗയുടെ നേട്ടം കൈവരിക്കുന്നു. യോഗയിലൂടെ, നാം നിസ്വാര്‍ത്ഥമായ പ്രവൃത്തി മനസ്സിലാക്കുന്നു, കര്‍മ്മത്തില്‍ നിന്ന് കര്‍മ്മ യോഗത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു. യോഗയിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല, ഈ ദൃഢനിശ്ചയങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ സഹായകമാവുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ശാരീരിക ശക്തിയും മാനസിക വികാസവും ബോധവും കൂട്ടായ ഊര്‍ജ്ജവും ഒരു വികസിത ഇന്ത്യയുടെ അടിത്തറയാകും. ഈ ദൃഢനിശ്ചയത്തോടെ ഒരിക്കല്‍ കൂടി അന്താരാഷ്ട്ര യോഗ ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു!
നന്ദി!