





ആദരണീയരേ, ബഹുമാന്യരേ, മഹതികളേ, നമസ്‌കാരം!
ഏവരേയും ഞാന്‍ വിസ്മയകരമായ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ആഗോളതലത്തില്‍ രണ്ട് ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള വിനോദസഞ്ചാരമേഖല കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ എന്ന നിലയില്‍ സ്വയം ഒരു വിനോദസഞ്ചാരിയാകാനുള്ള അവസരം വളരെ വിരളമായി മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. പക്ഷേ നിങ്ങള്‍ ഇപ്പോഴുള്ളത് ഇന്ത്യയില്‍ വിനോദ സഞ്ചാരികളെ വളരെ അധികം ആകര്‍ഷിക്കുന്ന ഗോവയിലാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ തിരക്കേറിയ ചർച്ചകള്‍ക്കിടയില്‍ നിന്ന് അല്‍പ്പ നേരം മാറ്റിവച്ച് ഗോവയുടെ പ്രകൃതി മനോഹാരിതയും ആത്മീയതയും ആസ്വദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.
'അതിഥിയാണ് ദൈവം' എന്ന് അര്‍ഥം വരുന്ന 'അതിഥി ദേവോ ഭവ' എന്നൊരു ചൊല്ല് പ്രാചീന കാലം മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഇത് തന്നെയാണ് വിനോദസഞ്ചാര മേഖലയിലെ ഞങ്ങളുടെ തത്വവും. സ്ഥലങ്ങള്‍ കാണുക എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഞങ്ങളുടെ വിനോദസഞ്ചാരമെന്ന കാഴ്ചപ്പാട്. അതൊരു ആഴത്തിലുള്ള അനുഭവമാണ്. സംഗീതം, ഭക്ഷണം, കലാരൂപങ്ങള്‍, സംസ്‌കാരം തുടങ്ങിയവയില്‍ ഇന്ത്യയുടെ വൈവിധ്യം മഹത്തരമാണ്. ഉയര്‍ന്ന ഹിമാലയം മുതല്‍ ഇടതൂര്‍ന്ന വനങ്ങള്‍, വരണ്ട മരുഭൂമികള്‍, മനോഹരമായ കടലോരങ്ങൾ, സാഹസിക കായിക വിനോദങ്ങള്‍, ധ്യാന പുനരവലോകനങ്ങള്‍ വരെ, ഇന്ത്യയില്‍ എല്ലാവര്‍ക്കുമായി എന്തെങ്കിലും ഉണ്ട്. ഇന്ത്യയുടെ ജി-20 അധ്യക്ഷതയുടെ കാലത്ത്, ഇന്ത്യയിലുടനീളമുള്ള 100 വ്യത്യസ്ത സ്ഥലങ്ങളിലായി ഏകദേശം 200 യോഗങ്ങളാണു സംഘടിപ്പിക്കുന്നത്. യോഗങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശിച്ച നിങ്ങളുടെ സുഹൃത്തുക്കളോട് നിങ്ങള്‍ ചോദിച്ചാല്‍, ഓരോ അനുഭവവും വ്യത്യസ്തതരത്തിലായിരിക്കുമെന്ന് അവർ പറയുമെന്ന് എനിക്കുറപ്പുണ്ട്.
സമ്പന്നമായ പാരമ്പര്യത്തെ സംരക്ഷിക്കുക ഒപ്പം അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുകയെന്നതിലാണ് ഇന്ത്യയിലെ ടൂറിസം മേഖല ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആത്മീയതയിലൂന്നിയ ടൂറിസം വളര്‍ത്തുകയെന്നതിലാണ് ഞങ്ങള്‍ പ്രധാനമായും ശ്രദ്ധ നല്‍കിയിട്ടുള്ളത്. ലോകത്തിലെ വിവിധ മതങ്ങളിലുള്ള തീർഥാടകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണത്തിന് ശേഷം, പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായ വാരാണസി 70 ദശലക്ഷം തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു - മുമ്പത്തേതിനേക്കാള്‍ പത്തിരട്ടിയുടെ വര്‍ധന. ഏകതാപ്രതിമ പോലുള്ള പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ത്യ സൃഷ്ടിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന നിലയില്‍, ഇത് നിര്‍മ്മിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 2.7 ദശലക്ഷം പേരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍, അതിഥിസൽക്കാര മേഖല, നൈപുണ്യ വികസനം എന്നിവയിലും വിസ സംവിധാനങ്ങളില്‍ പോലും വിനോദസഞ്ചാര മേഖലയെ നമ്മുടെ പരിഷ്‌കാരങ്ങളുടെ മര്‍മപ്രധാന കേന്ദ്രമായി നിലനിര്‍ത്താന്‍ കഴിഞ്ഞു. അതിഥിസൽക്കാരമേഖലയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹിക ഉള്‍പ്പെടുത്തലിനും സാമ്പത്തിക പുരോഗതിക്കും വലിയ സാധ്യതകളുണ്ട്. മറ്റു പല മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍ നല്‍കുന്നുവെന്ന പ്രത്യേകതയും വിനോദസഞ്ചാര മേഖലയ്ക്കുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കുന്നതിന് വിനോദസഞ്ചാര മേഖലയുടെ പ്രസക്തിയും തിരിച്ചറിയുന്നതില്‍ വ്യക്തിപരമായി എനിക്ക് സന്തോഷമുണ്ട്.
ഹരിത ടൂറിസം, ഡിജിറ്റൽ വൽക്കരണം , നൈപുണ്യ വികസനം, ടൂറിസം എംഎസ്എംഇകള്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് എന്നീ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന അഞ്ച് മുന്‍ഗണനാ മേഖലകളിലാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മുന്‍ഗണനകള്‍ ഇന്ത്യന്‍, ഗ്ലോബല്‍ സൗത്തിന്റെ മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്നു. നിർമിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍ നാം നവീകരണത്തിന് കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയില്‍ സംസാരിക്കുന്ന വിവിധ ഭാഷകളുടെ തത്സമയ വിവര്‍ത്തനം പ്രാപ്തമാക്കുന്നതിന് നിർമിതബുദ്ധി ഉപയോഗിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രാദേശിക സര്‍ക്കാരുകള്‍, സംരംഭകര്‍, നിക്ഷേപകര്‍, അക്കാദമിക് മേഖല എന്നിവയ്ക്കിടയിലുള്ള സഹകരണം ടൂറിസത്തില്‍ അത്തരം സാങ്കേതിക വിദ്യ നടപ്പിലാക്കുന്നത് വേഗത്തിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ വിനോദസഞ്ചാര കമ്പനികളെ അവരുടെ സാമ്പത്തിക സൗകര്യം വര്‍ധിപ്പിച്ച് വ്യാവസായിക നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും നൈപുണ്യ വികസനത്തില്‍ നിക്ഷേപിക്കുന്നതിനും സഹായിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഭീകരവാദം മനുഷ്യരെ വിഭജിക്കുന്നുവെന്ന് പറയപ്പെടുന്ന. പക്ഷേ വിനോദസഞ്ചാരം വിഭജനമേതുമില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുന്നു. തീര്‍ച്ചയായും, വിനോദസഞ്ചാരത്തിന് ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവരെ ഒന്നിപ്പിക്കാനും യോജിപ്പിച്ചുള്ള ഒരു സമൂഹം സൃഷ്ടിക്കാനും കഴിയും. UNWTO-യുടെ പങ്കാളിത്തത്തോടെ ഒരു ജി20 വിനോദസഞ്ചാര ഡാഷ്ബോര്‍ഡ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നത് സന്തോഷം പകരുന്നു. ഇത് മികച്ച സമ്പ്രദായങ്ങളും, പഠനങ്ങളും, പ്രചോദനപരമായ ഗാഥകളും ഒരുമിച്ചുകൊണ്ടുവരും. ഇത് ഇത്തരത്തിലുള്ള ആദ്യത്തെ വേദിയായിരിക്കും. നിങ്ങളുടെ ചര്‍ച്ചകളും ''ഗോവ റോഡ്മാപ്പും'' ടൂറിസത്തിന്റെ പരിവര്‍ത്തന ശക്തി തിരിച്ചറിയാനുള്ള നമ്മുടെ കൂട്ടായ ശ്രമങ്ങളെ വര്‍ധപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ജി20 പ്രസിഡന്‍സിയുടെ മുദ്രാവാക്യം, ''വസുധൈവ കുടുംബകം''- ''ലോകം ഒരു കുടുംബം,'' എന്നത് ആഗോളതലത്തില്‍ വിനോദസഞ്ചാരത്തിന്റെ മുദ്രാവാക്യമാകാം.
ഇന്ത്യയെന്നത് ഉത്സവങ്ങളുടെ നാടാണ്. ഞങ്ങളുടെ രാജ്യത്തുടനീളം വര്‍ഷം മുഴുവനും ഉത്സവങ്ങളുണ്ട്. ഗോവയില്‍ സാവോ ജോവോ മേള ഉടന്‍ വരുന്നു. പക്ഷേ, നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരു ഉത്സവമുണ്ട്. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയില്‍ നടക്കുന്ന ജനാധിപത്യത്തിന്റെ ഉത്സവം. 2024ല്‍ ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കും. ഒരു മാസത്തിലധികം നീണ്ട് നില്‍ക്കുന്ന പ്രക്രിയയില്‍ ഏകദേശം ഒരു ബില്യണ്‍ വോട്ടര്‍മാര്‍ ഈ ഉത്സവം ആഘോഷിക്കും, ഇത് ജനാധിപത്യ മൂല്യങ്ങളിലുള്ള അവരുടെ വിശ്വാസം വീണ്ടും ഉറപ്പിക്കും. ഒരു ദശലക്ഷത്തിലധികം വോട്ടിംഗ് ബൂത്തുകളുള്ളാണ് സജ്ജീകരിക്കുകയെന്നതുകൊണ്ട് തന്നെ ഈ ഉത്സവത്തെ അതിന്റെ എല്ലാ വൈവിധ്യത്തോടുകൂടിയും സാക്ഷ്യം വഹിക്കാന്‍ നിങ്ങള്‍ക്ക് ഇടങ്ങൾക്കു കുറവുണ്ടാകില്ല. ആഗോള ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. അതോടൊപ്പം നിങ്ങളുടെ ചര്‍ച്ചകള്‍ക്ക് എല്ലവിധ വിജയവും ഞാന്‍ ആശംസിക്കുന്നു.
നന്ദി!