ലോകബാങ്ക് പ്രസിഡന്റ്, ആദരണീയനായ മൊറോക്കോയുടെ ഊര്‍ജ പരിവര്‍ത്തന, സുസ്ഥിര വികസന മന്ത്രി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തക നിര്‍മ്മല സീതാരാമന്‍ ജി, ലോര്‍ഡ് നിക്കോളാസ് സ്‌റ്റേണ്‍, പ്രൊഫസര്‍ സണ്‍സ്റ്റീന്‍, മറ്റ് വിശിഷ്ടാതിഥികളെ
നമസ്‌കാരം!
കാലാവസ്ഥാ വ്യതിയാനത്തിലെ പെരുമാറ്റ വ്യതിയാനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ലോക ബാങ്ക് ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു പ്രശ്‌നമാണ് ഇത്, അത് ഒരു ആഗോള പ്രസ്ഥാനമായി മാറുന്നുവെന്ന് കാണുന്നതില്‍ സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
മഹാനായ ഒരു ഇന്ത്യന്‍ തത്ത്വചിന്തകനായിരുന്ന ചാണക്യന്‍ രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് എഴുതിയിട്ടുണ്ട്: जल बिन्दु निपातेन क्रमशः पूर्यते घटः| स हेतुः सर्व विद्यानां धर्मस्य च धनस्य च | ചെറുതുള്ളി വെള്ളം ഒരുമിച്ചു ചേരുമ്പോള്‍ അത് ഒരു പാത്രം നിറയ്ക്കും. അതുപോലെ, അറിവ്, നല്ല പ്രവൃത്തികള്‍ അല്ലെങ്കില്‍ സമ്പത്ത്, എന്നിവ ക്രമേണയായിരിക്കും കൂട്ടിച്ചേര്‍ക്കപ്പെടുക എന്ന്. ഇത് നമുക്കുള്ള ഒരു സന്ദേശമാണ്. ഒറ്റയ്ക്ക് ഓരോ തുള്ളി വെള്ളവും അധികമാണെന്ന് തോന്നില്ല. എന്നാല്‍ മറ്റ് പല തുള്ളികളോടൊപ്പം അതു വരുമ്പോള്‍, അത് ശക്തിയായ സ്വാധീനമുണ്ടാക്കുന്നു. ഗ്രഹത്തിന് വേണ്ടിയുള്ള ഓരോ നല്ല പ്രവൃത്തിയും ഒറ്റയ്ക്ക് നിസ്സാരമായി തോന്നിയേക്കാം. എന്നാല്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അത് ഒന്നിച്ച് ചെയ്യുമ്പോള്‍, അതിന്റെ സ്വാധീനം വളരെ വലുതാകും. നമ്മുടെ ഗ്രഹത്തിനായി ശരിയായ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തികള്‍ ഗ്രഹത്തിനായുള്ള നമ്മുടെ പോരാട്ടത്തില്‍ പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതാണ് മിഷന്‍ ലൈഫിന്റെ കാതല്‍.
സുഹൃത്തുക്കളെ,
ഈ പ്രസ്ഥാനത്തിന്റെ വിത്ത് വളരെക്കാലങ്ങള്‍ക്ക് മുന്‍പ് തന്നെ വിതച്ചതാണ്. ഐക്യരാഷ്്രടസഭയുടെ പൊതുസഭയില്‍ 2015-ല്‍ തന്നെ, പെരുമാറ്റവ്യതിയാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. അതിനു ശേഷം നമ്മള്‍ വളരെയധികം മുന്നോട്ട് പോയി. 2022 ഒകേ്ടാബറില്‍ യു.എന്‍ സെക്രട്ടറി ജനറലും ഞാനും ചേര്‍ന്ന് മിഷന്‍ ലൈഫിന് തുടക്കവും കുറിച്ചു. സി.ഒ.പി-27 ന്റെ ഫലരേഖയുടെ ആമുഖം തന്നെ സുസ്ഥിരമായ ജീവിതശൈലിയെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാന രംഗത്തെ വിദഗ്ധരും ഈ മന്ത്രം സ്വീകരിച്ചിരിക്കുന്നുവെന്നത് ഉല്‍കൃഷ്ടകരമാണ്.
സുഹൃത്തുക്കളെ,
ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ധാരാളം കേള്‍ക്കുന്നുണ്ട്. തങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നറിയാതെ അവരില്‍ പലരും വളരെയധികം ഉല്‍കണ്ഠാകുലരുമാണ്. ഗവണ്‍മെന്റുകള്‍ക്കോ ആഗോള സ്ഥാപനങ്ങള്‍ക്കോ മാത്രമേ ഇതില്‍ ഒരു പങ്കുള്ളു എന്ന് അവരെ നിരന്തരം തോന്നിപ്പിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്കും സംഭാവന ചെയ്യാന്‍ കഴിയുമെന്ന് അവര്‍ മനസ്സിലാക്കിയാല്‍, അവരുടെ ഉത്കണ്ഠ കര്‍മ്മത്തിലേക്ക് മാറും.
സുഹൃത്തുക്കളെ,
ചര്‍ച്ചാ മേശകളില്‍ നിന്ന് മാത്രം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനാവില്ല. എല്ലാ വീട്ടിലേയും തീന്‍ മേശകളില്‍ നിന്ന് ഇതിനെതിരെ പോരാടേണ്ടതുണ്ട്. ഒരു ആശയം ചര്‍ച്ചാ മേശകളില്‍ നിന്ന് തീന്‍മേശകളിലേക്ക് മാറുമ്പോള്‍ അത് ഒരു ബഹുജന പ്രസ്ഥാനമായി മാറുന്നു. അവരുടെ തെരഞ്ഞെടുപ്പുകള്‍ ഗ്രഹത്തിന് വളര്‍ച്ചയും വേഗതയും നല്‍കാന്‍ സഹായിക്കുമെന്ന് ഓരോ കുടുംബത്തേയും ഓരോ വ്യക്തിയേയും ബോധവാന്മാരാക്കണം. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ളതാണ് മിഷന്‍ ലൈഫ്. ദൈനംദിന ജീവിതത്തിലെ ലളിതമായ പ്രവൃത്തികള്‍ കരുത്തുറ്റതാണെന്ന ബോദ്ധ്യം ജനങ്ങള്‍ക്കുണ്ടാകുമ്പോള്‍, പരിസ്ഥിതിയിലും വളരെ ഗുണപരമായ സ്വാധീനം ഉണ്ടാകും.
സുഹൃത്തുക്കളെ,
ഈ ബഹുജന പ്രസ്ഥാനങ്ങളുടെയും പെരുമാറ്റ പരിവര്‍ത്തനത്തിന്റെയും കാര്യത്തില്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിന് ജനങ്ങള്‍ നയിക്കുന്ന പരിശ്രമങ്ങള്‍ ഉണ്ടായി. വലിയൊരു ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കിയതും ജനങ്ങളായിരുന്നു. നദികളോ കടല്‍തീരങ്ങളോ റോഡുകളോ എന്തോ ആകട്ടെ, പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാണെന്ന് അവര്‍ ഉറപ്പാക്കുന്നു. അതോടൊപ്പം എല്‍.ഇ.ഡി ബള്‍ബുകളിലേക്കുള്ള മാറ്റം വിജയിപ്പിച്ചതും ജനങ്ങളാണ്. ഏകദേശം 370 ദശലക്ഷം എല്‍.ഇ.ഡി ബള്‍ബുകള്‍ ഇന്ത്യയില്‍ വിറ്റു. പ്രതിവര്‍ഷം 39 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. ഏകദേശം ഏഴുലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ സൂക്ഷ്മ ജലസേചനത്തിന്റെ കവറേജ് ഇന്ത്യയിലെ കര്‍ഷകര്‍ ഉറപ്പാക്കി. ഓരോ തുള്ളിയിലും അധികം വിള (പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്) എന്ന മന്ത്രം അവര്‍ നിറവേറ്റി, ഇത് വലിയ തോതില്‍ വെള്ളം ലാഭിച്ചു. ഇത്തരം ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.
സുഹൃത്തുക്കളെ,
തദ്ദേശ സ്ഥാപനങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുക, ജലം ലാഭിക്കുക, ഊര്‍ജം സംരക്ഷിക്കുക, മാലിന്യവും ഇ-മാലിന്യവും കുറയ്ക്കുക, ആരോഗ്യകരമായ ജീവിതശൈലികള്‍ സ്വീകരിക്കുക, പ്രകൃതി കൃഷി ഉള്‍ക്കൊള്ളുക, ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ നിരവധി മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് മിഷന്‍ ലൈഫിന് കീഴിലുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍.
ഈ പരിശ്രമങ്ങള്‍
-ഇരുപത്തി രണ്ട് ദശലക്ഷം യൂണിറ്റിലധികം ഊര്‍ജ്ജം ലാഭിക്കും,
- ഒന്‍പത് ട്രില്യണ്‍ ലിറ്റര്‍ വെള്ളം ലാഭിക്കും,
- മാലിന്യം മുന്നൂറ്റി എഴുപത്തിയഞ്ച് ദശലക്ഷം ടണ്ണായി കുറയ്ക്കും,
- ഏകദേശം ഒരു ദശലക്ഷം ടണ്‍ ഇ-മാലിന്യം പുനര്‍ചാക്രീകരണം ചെയ്യുകയും, 2030-ഓടെ ഏകദേശം നൂറ്റി എഴുപത് ദശലക്ഷം ഡോളര്‍ അധിക ചെലവ് ലാഭിക്കുകയും ചെയ്യും.
അതിനപ്പുറത്ത്, പതിനഞ്ച് ബില്യണ്‍ ടണ്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും ഇത് നമ്മെ സഹായിക്കും. ഇത് എത്ര വലുതാണെന്ന് മനസിലാക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു താരതമ്യം നല്‍കാം. എഫ്.എ.ഒ (ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) കണക്കുകള്‍ അനുസരിച്ച് 2020-ലെ ആഗോള പ്രാഥമിക വിള ഉല്‍പ്പാദനം ഏകദേശം ഒമ്പത് ബില്യണ്‍ ടണ്‍ ആയിരുന്നു!
സുഹൃത്തുക്കളെ,
ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ആഗോള സ്ഥാപനങ്ങള്‍ക്ക് ഒരു പ്രധാന പങ്കുവഹിക്കാനുണ്ട്. മൊത്തം ധനസഹായത്തിന്റെ ഒരു വിഹിതമായി കാലാവസ്ഥാ ധനസഹായം 26% ല്‍ നിന്ന് 35% ആയി ഉയര്‍ത്താന്‍ ലോകബാങ്ക് ഗ്രൂപ്പ് ശ്രമിക്കുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. സാധാരണയായി പരമ്പരാഗത വശങ്ങളിലാണ് ഈ കാലാവസ്ഥാ ധനകാര്യത്തിന്റെ ശ്രദ്ധ. പെരുമാറ്റ മുന്‍കൈകള്‍ക്കും മതിയായ ധനസഹായ രീതികള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. മിഷന്‍ ലൈഫ് പോലുള്ള പെരുമാറ്റ മുന്‍കൈകള്‍ക്കുള്ള ലോകബാങ്ക് പിന്തുണ ഒരു ഗുണിത ഫലമുണ്ടാക്കും.
സുഹൃത്തുക്കളെ,
ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന ലോകബാങ്ക് ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. മാത്രമല്ല, ഈ യോഗങ്ങള്‍ വ്യക്തികളെ പെരുമാറ്റ പരിവര്‍ത്തനത്തിലേക്ക് നയിക്കുന്നതിനുള്ള പരിഹാരങ്ങളുമായി വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വളരെയധികം നന്ദി.