ഗായത്രി പരിവാറിന്റെ മുഴുവന്‍ ഭക്തര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സത്യാന്വേഷികള്‍, മഹതികളേ, മാന്യരേ,
ഗായത്രി പരിവാര്‍ സംഘടിപ്പിക്കുന്ന ഏതൊരു പരിപാടിയും വിശുദ്ധിയുടെ ആഴത്തില്‍ വേരൂന്നിയതാണ്, അതില്‍ പങ്കെടുക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. ഇന്ന് ദേവ സംസ്‌കൃതി വിശ്വവിദ്യാലയം സംഘടിപ്പിക്കുന്ന അശ്വമേധ യാഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ അശ്വമേധ യാഗത്തില്‍ പങ്കെടുക്കാന്‍ ഗായത്രി പരിവാറിന്റെ ക്ഷണം ലഭിച്ചപ്പോള്‍ സമയക്കുറവ് കാരണം എനിക്ക് ഒരു വിഷമം നേരിട്ടു. വീഡിയോ വഴി ഈ പരിപാടിയുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ചും ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒരു സാധാരണക്കാരന്‍ അശ്വമേധയാഗത്തെ അധികാരത്തിന്റെ വിപുലീകരണമായി കാണുന്നു എന്നതായിരുന്നു പ്രശ്‌നം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അശ്വമേധയാഗം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ അശ്വമേധയാഗം ആചാര്യനായ ശ്രീറാം ശര്‍മ്മയുടെ ചൈതന്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അശ്വമേധയാഗത്തെ പുനര്‍നിര്‍വചിക്കുകയാണെന്നും ഞാന്‍ കണ്ടെത്തി, അതിനാല്‍ എന്റെ എല്ലാ ആശയക്കുഴപ്പങ്ങളും അപ്രത്യക്ഷമായി.
ഗായത്രി പരിവാര്‍ നടത്തുന്ന അശ്വമേധ യാഗം ഇന്ന് സാമൂഹിക ദൃഢനിശ്ചയത്തിനുള്ള ഒരു വലിയ പ്രചാരണമായി മാറിയിരിക്കുന്നു. ഈ പ്രചാരണ പരിപാടിയിലൂടെ ദശലക്ഷക്കണക്കിന് യുവാക്കളെ ആസക്തിയുടെയും ദുഷ്പ്രവൃത്തികളുടെയും നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷിക്കുകയും അവരുടെ അതിരുകളില്ലാത്ത ഊര്‍ജ്ജം രാഷ്ട്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുകയും ചെയ്യും. യുവാക്കള്‍ തീര്‍ച്ചയായും നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. യുവാക്കളുടെ വികസനമാണ് രാജ്യത്തിന്റെ ഭാവിയുടെ വികസനം. 'അമൃതകാല' ഘട്ടത്തില്‍ ഭാരതം വികസിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഈ യാഗത്തിന് ഞാന്‍ ഗായത്രി പരിവാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. ഗായത്രി പരിവാറിലെ നൂറുകണക്കിന് അംഗങ്ങളെ എനിക്ക് നേരിട്ട് അറിയാം. നിങ്ങള്‍ എല്ലാവരും സമൂഹത്തെ ഭക്തിയോടെ ശാക്തീകരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ശ്രീറാം ശര്‍മ്മ ജിയുടെ യുക്തി, വസ്തുതകള്‍, തിന്മകള്‍ക്കെതിരെ പോരാടാനുള്ള ധൈര്യം, വ്യക്തിജീവിതത്തിലെ വിശുദ്ധി, എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. ആചാര്യ ശ്രീറാം ശര്‍മ്മ ജിയുടെയും മാതാ ഭഗവതി ജിയുടെയും ദൃഢനിശ്ചയം നിങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന രീതി തീര്‍ച്ചയായും പ്രശംസനീയമാണ്.
സുഹൃത്തുക്കളേ,
നിയന്ത്രിച്ചില്ലെങ്കില്‍ ഒരു വ്യക്തിയുടെ മുഴുവന്‍ ജീവിതത്തെയും നശിപ്പിക്കാന്‍ കഴിയുന്ന ഒരു ശീലമാണ് ആസക്തി. ഇത് സമൂഹത്തിനും രാജ്യത്തിനും വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. അതിനാല്‍, നമ്മുടെ ഗവണ്‍മെന്റ് 3-4 വര്‍ഷം മുമ്പ് മയക്കുമരുന്ന് വിമുക്ത ഭാരതത്തിനായി രാജ്യവ്യാപകമായി പ്രചാരണം ആരംഭിച്ചു. 'മന്‍ കി ബാത്ത്' പരിപാടിയിലും ഞാന്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ഇതുവരെ, 11 കോടിയിലധികം ആളുകള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ പ്രചാരണ പരിപാ
ടിയില്‍ ചേര്‍ന്നു. ബൈക്ക് റാലികളും സത്യപ്രതിജ്ഞാ പരിപാടികളും തെരുവുനാടകങ്ങളും നടത്തി ജനങ്ങളെ ബോധവല്‍ക്കരിച്ചു. സാമൂഹിക സംഘടനകളും മതസ്ഥാപനങ്ങളും സര്‍ക്കാരിന്റെ ഈ പ്രചാരണത്തില്‍ പങ്കാളികളായി. ഗായത്രി പരിവാര്‍ തന്നെ സര്‍ക്കാരിനൊപ്പം ഈ പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ലഹരിക്കെതിരെയുള്ള സന്ദേശം രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കാനാണ് ശ്രമം. ഉണങ്ങിയ പുല്‍കൂമ്പാരത്തില്‍ തീ പടര്‍ന്നാല്‍ ആളുകള്‍ വെള്ളം കോരിയൊഴിക്കുന്നതും മണ്ണു വാരി എറിയുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. കൂടുതല്‍ ബുദ്ധിയുള്ളവര്‍ തീയില്‍ നിന്ന് സുരക്ഷിതമാക്കി പുല്ല് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നത്തെ കാലത്ത്, ഗായത്രി പരിവാറിന്റെ ഈ അശ്വമേധയാഗം ഈ ചൈതന്യത്തിന് സമര്‍പ്പിക്കുകയാണ്. നമ്മുടെ യുവാക്കളെ ആസക്തിയില്‍ നിന്ന് സംരക്ഷിക്കുകയും ആസക്തിയുടെ പിടിയില്‍ അകപ്പെട്ടവരെ മോചിപ്പിക്കുകയും വേണം.
സുഹൃത്തുക്കളേ,
നമ്മുടെ രാജ്യത്തെ യുവാക്കളെ വലിയ ലക്ഷ്യങ്ങളുമായി നാം എത്രത്തോളം ബന്ധിപ്പിക്കുന്നുവോ അത്രയധികം അവര്‍ ചെറിയ തെറ്റുകള്‍ ഒഴിവാക്കും. ഇന്ന് രാജ്യം 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയാണ്. ഇന്ന് രാജ്യം 'ആത്മനിര്‍ഭര' (സ്വാശ്രിതം) എന്ന ലക്ഷ്യത്തിലേക്കാണ് പ്രവര്‍ത്തിക്കുന്നത്. ഭാരതത്തിന്റെ നേതൃത്വത്തില്‍ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയത്തില്‍ ജി-20 ഉച്ചകോടി സംഘടിപ്പിച്ചത് നിങ്ങള്‍ കണ്ടു. ഇന്ന്, 'ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്' പോലുള്ള പങ്കിട്ട പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ ലോകം തയ്യാറാണ്. 'ഒരു ലോകം, ഒരു ആരോഗ്യം' പോലെയുള്ള ദൗത്യങ്ങള്‍ നമ്മുടെ പങ്കിട്ട മനുഷ്യവികാരങ്ങള്‍ക്കും ദൃഢനിശ്ചയങ്ങള്‍ക്കും സാക്ഷികളായി മാറുകയാണ്. ദേശീയവും ആഗോളവുമായ ഇത്തരം പ്രചാരണങ്ങളില്‍ രാജ്യത്തെ യുവാക്കളെ നാം എത്രത്തോളം ഉള്‍പ്പെടുത്തുന്നുവോ അത്രയധികം അവര്‍ തെറ്റായ ദിശയിലേക്ക് നീങ്ങുന്നതില്‍ നിന്ന് രക്ഷിക്കപ്പെടും. ഇന്ന് സ്‌പോര്‍ട്‌സിനെ ഗവണ്‍മെന്റ് വളരെയധികം പ്രോത്സാഹിപ്പിക്കുന്നു...ഇന്ന് ഗവണ്‍മെന്റ് ശാസ്ത്രത്തെയും ഗവേഷണത്തെയും വളരെയധികം പ്രോത്സാഹിപ്പിക്കുന്നു... ചന്ദ്രയാനിന്റെ വിജയം യുവാക്കളില്‍ സാങ്കേതികവിദ്യയോട് ഒരു പുതിയ ആവേശം സൃഷ്ടിച്ചതെങ്ങനെയെന്ന് നിങ്ങള്‍ കണ്ടു. അത്തരം പ്രചാരണം, രാജ്യത്തെ യുവാക്കളെ അവരുടെ ഊര്‍ജ്ജത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പ്രചോദിപ്പിക്കുന്നു. അത് ഫിറ്റ് ഇന്ത്യ മൂവ്മെന്റായാലും ഖേലോ ഇന്ത്യ മത്സരമായാലും... ഈ ശ്രമങ്ങളും പ്രചാരണങ്ങളും രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കുന്നു. പ്രചോദിതരായ യുവജനങ്ങള്‍ക്ക് ആസക്തിയിലേക്ക് തിരിയാന്‍ കഴിയില്ല. രാജ്യത്തെ യുവാക്കളുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനായി 'മേരാ യുവ ഭാരത്' എന്ന പേരില്‍ ഒരു വലിയ സംഘടനയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഏകദേശം 1.5 കോടി യുവാക്കള്‍ ഈ സംഘടനയില്‍ ചേര്‍ന്നു. 'വികസിത ഭാരതം' എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് യുവശക്തിയുടെ ശരിയായ ഉപയോഗം ഇത് ഉറപ്പാക്കും.
സുഹൃത്തുക്കളേ,
ഈ ആസക്തിയുടെ പ്രശ്‌നത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതില്‍ കുടുംബത്തിന്റെയും നമ്മുടെ കുടുംബ മൂല്യങ്ങളുടെയും പങ്ക് വളരെ പ്രധാനമാണ്. ആസക്തിയില്‍ നിന്നുള്ള സ്വാതന്ത്ര്യം ശകലങ്ങളില്‍ നമുക്ക് കാണാന്‍ കഴിയില്ല. ഒരു കുടുംബം ഒരു സ്ഥാപനമെന്ന നിലയില്‍ ദുര്‍ബലമാകുമ്പോള്‍, കുടുംബം ഒരു സ്ഥാപനമെന്ന നിലയില്‍ തളര്‍ന്നുപോകുമ്പോള്‍, കുടുംബ മൂല്യങ്ങളില്‍ ഇടിവ് സംഭവിക്കുമ്പോള്‍, അതിന്റെ ആഘാതം എല്ലായിടത്തും പ്രകടമാണ്. കുടുംബത്തില്‍ കൂട്ടായ വികാരങ്ങള്‍ ഇല്ലാതാകുമ്പോള്‍... കുടുംബാംഗങ്ങള്‍ പല ദിവസങ്ങളിലും പരസ്പരം കാണാതെ വരുമ്പോള്‍, ഒരുമിച്ച് ഇരിക്കാതെ വരുമ്പോള്‍, സന്തോഷവും സങ്കടവും പങ്കുവെക്കാതെ വരുമ്പോള്‍... അത്തരം അപകടസാധ്യതകള്‍ക്കു സാധ്യതകള്‍ ഏറെയാണ്. കുടുംബത്തിലെ ഓരോ അംഗവും സ്വന്തം മൊബൈല്‍ ഫോണില്‍ മാത്രം മുഴുകിയാല്‍, അവരുടെ സ്വന്തം ലോകം വളരെ ചെറുതാകും. അതിനാല്‍, രാജ്യത്തെ ആസക്തി മുക്തമാക്കുന്നതിനുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ കുടുംബം ശക്തമാകേണ്ടത് ഒരുപോലെ പ്രധാനമാണ്.
സുഹൃത്തുക്കളേ,
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍, ഭാരതത്തിനായുള്ള ആയിരം വര്‍ഷത്തെ പുതിയ യാത്ര ആരംഭിക്കുകയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാലത്തില്‍' ആ നവയുഗത്തിന്റെ ഉദയത്തിനാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്. വ്യക്തിഗത വികസനത്തിലൂടെയുള്ള രാഷ്ട്രനിര്‍മ്മാണത്തിന്റെ ഈ മെഗാ പ്രചാരണ പരിപാടിയില്‍ നമ്മള്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ ദൃഢനിശ്ചയത്തോടെ, ഗായത്രി പരിവാറിന് ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
എല്ലാവര്‍ക്കും വളരെ നന്ദി!