ന്യൂഡല്‍ഹി, ഓഗസ്റ്റ് 2023:
ശ്രേഷ്ഠരേ,
മഹതികളെ മാന്യന്മാരെ,
നമസ്‌കാരം!
ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ ഇന്ത്യയിലേക്കും എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്കും വളരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. നിങ്ങളെ സ്വാഗതം ചെയ്യാന്‍ എന്നോടൊപ്പം ചേരുന്നത് 2.4 ദശലക്ഷം ഡോക്ടര്‍മാരും 3.5 ദശലക്ഷം നഴ്‌സുമാരും 1.3 ദശലക്ഷം പാരാമെഡിക്കല്‍ ജീവനക്കാരും 1.6 ദശലക്ഷം ഫാര്‍മസിസ്റ്റുകളും കൂടാതെ ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുമാണ്.
സുഹൃത്തുക്കളേ,
ഗാന്ധിജി ആരോഗ്യത്തെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി കണക്കാക്കി, ഈ വിഷയത്തില്‍ അദ്ദേഹം 'ആരോഗ്യത്തിന്റെ താക്കോല്‍' എന്ന പേരില്‍ ഒരു പുസ്തകം എഴുതി. മനസ്സും ശരീരവും ഇണങ്ങുകയും സന്തുലിതാവസ്ഥയിലായിരിക്കുകയും ചെയ്യുമ്പോഴാണ് ആരോഗ്യമുള്ളവരായിരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും, ആരോഗ്യമാണ് ജീവിതത്തിന്റെ അടിസ്ഥാനം. സംസ്‌കൃതത്തില്‍ ഒരു ചൊല്ലുണ്ട്:
''ആരോഗ്യം പരമം ഭാഗ്യം സ്വാസ്ഥ്യം സര്‍വ്വാര്‍ത്ഥസാധനം''
അതായത്, ''ആരോഗ്യമാണ് പരമമായ സമ്പത്ത്, നല്ല ആരോഗ്യമുണ്ടെങ്കില്‍ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയും''.
സുഹൃത്തുക്കളേ,
നമ്മുടെ തീരുമാനങ്ങളുടെ കേന്ദ്രബിന്ദു ആരോഗ്യം ആയിരിക്കണമെന്ന് കോവിഡ്-19 മഹാമാരി നമ്മെ ഓര്‍മ്മിപ്പിച്ചു. മരുന്ന്, വാക്സിന്‍ വിതരണം, അല്ലെങ്കില്‍ നമ്മുടെ ആളുകളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നത് തുടങ്ങി ഏതിലും അന്താരാഷ്ട്ര സഹകരണത്തിന്റെ മൂല്യവും ഇത് നമുക്കു കാണിച്ചുതന്നു. വാക്‌സിന്‍ മൈത്രി സംരംഭത്തിന് കീഴില്‍, ദക്ഷിണ ലോകത്ത് ഉള്‍പ്പെടെ 100 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ 300 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. ഈ കാലത്തെ ഏറ്റവും വലിയ പഠനങ്ങളിലൊന്നായി പ്രതിരോധശേഷി മാറിയിരിക്കുന്നു. ആഗോള ആരോഗ്യ സംവിധാനങ്ങളും പ്രതിരോധശേഷിയുള്ളതായിരിക്കണം. അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ പ്രതിരോധിക്കാനും തയ്യാറാക്കാനും പ്രതികരിക്കാനും നാം തയ്യാറായിരിക്കണം. പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത് ഇത് വളരെ പ്രധാനമാണ്. മഹാമാരിക്കാലത്ത് നമ്മള്‍ കണ്ടതുപോലെ, ലോകത്തിന്റെ ഒരു ഭാഗത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളെയും ബാധിക്കും.
സുഹൃത്തുക്കളേ,
ഇന്ത്യയില്‍, ഞങ്ങള്‍ സമഗ്രവും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമീപനമാണ് പിന്തുടരുന്നത്. ഞങ്ങള്‍ ആരോഗ്യ അടിസ്ഥാനസൗകര്യം വിപുലീകരിക്കുന്നു, പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, ചെലവു കുറഞ്ഞ ആരോഗ്യ പരിരക്ഷ നല്‍കുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആഗോള ആഘോഷം സമഗ്രമായ ആരോഗ്യത്തിനായുള്ള സാര്‍വത്രിക ആഗ്രഹത്തിന്റെ തെളിവാണ്. ഈ വര്‍ഷം 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നു. ഇന്ത്യയില്‍ അറിയപ്പെടുന്ന മില്ലറ്റ് അല്ലെങ്കില്‍ ശ്രീഅന്നയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. സമഗ്രമായ ആരോഗ്യവും ക്ഷേമവും എല്ലാവരുടെയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഗുജറാത്തിലെ ജാംനഗറില്‍ ലോകാരോഗ്യ സംഘടനപരമ്പരാഗത ഔഷധങ്ങള്‍ക്കായുള്ള ആഗോള കേന്ദ്രം സ്ഥാപിക്കുന്നത് ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. കൂടാതെ, ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തോടൊപ്പം പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള ഉച്ചകോടി നടത്തുന്നത് അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ തീവ്രമാക്കും. പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ആഗോള ശേഖരം നിര്‍മ്മിക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമമായിരിക്കണം അത്.
സുഹൃത്തുക്കളേ,
ആരോഗ്യവും പരിസ്ഥിതിയും ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നു. ശുദ്ധവായു, സുരക്ഷിതമായ കുടിവെള്ളം, മതിയായ പോഷകാഹാരം, സുരക്ഷിതമായ പാര്‍പ്പിടം എന്നിവ ആരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളാണ്. കാലാവസ്ഥാ ആരോഗ്യ സംരംഭം ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. സൂക്ഷ്മജീവികള്‍ക്കെതിരായ പ്രതിരോധം (എഎംആര്‍) എന്ന ഭീഷണി നേരിടാന്‍ സ്വീകരിച്ച നടപടികളും പ്രശംസനീയമാണ്. ആഗോള പൊതുജനാരോഗ്യത്തിനും ഇതുവരെയുള്ള എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ മുന്നേറ്റങ്ങള്‍ക്കും എഎംആര്‍ ഒരു വലിയ അപകടമാണ്. ജി20 ആരോഗ്യ പ്രവൃത്തി ഗ്രൂപ്പ് '' വണ്‍ ഹെല്‍ത്ത്'' എന്നതിന് മുന്‍ഗണന നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്. '' ഒരു ഭൂമി, ഒരു ആരോഗ്യം'' എന്ന ഞങ്ങളുടെ കാഴ്ചപ്പാട് മുഴുവന്‍ ആവാസവ്യവസ്ഥയ്ക്കും - മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും പരിസ്ഥിതിക്കും നല്ല ആരോഗ്യം വിഭാവനം ചെയ്യുന്നു. ഈ സംയോജിത വീക്ഷണം ഗാന്ധിജിയുടെ സന്ദേശമാണ് ; ആരെയും പിന്നിലാക്കരുത്.
സുഹൃത്തുക്കളേ,
പൊതുജനപങ്കാളിത്തമാണ് ആരോഗ്യസംരംഭങ്ങളുടെ വിജയത്തിലെ പ്രധാന ഘടകം. നമ്മുടെ കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞത്തിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു അത്. ക്ഷയരോഗ നിര്‍മാര്‍ജനത്തെക്കുറിച്ചുള്ള ഞങ്ങളുടെ പ്രതീക്ഷയോടെയുള്ള പരിപാടി പൊതുജന പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നി-ക്ഷയ മിത്ര, അല്ലെങ്കില്‍ ''ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സുഹൃത്തുക്കള്‍'' ആകാന്‍ ഞങ്ങള്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് കീഴില്‍, ഏകദേശം 1 ദശലക്ഷം രോഗികളെ പൗരന്മാര്‍ ദത്തെടുത്തിട്ടുണ്ട്. ഇപ്പോള്‍, 2030-ലെ ആഗോള ലക്ഷ്യത്തേക്കാള്‍ വളരെ മുമ്പേ ഞങ്ങള്‍ ക്ഷയരോഗ നിര്‍മാര്‍ജനം നേടാനുള്ള യാത്രയിലാണ്.
സുഹൃത്തുക്കളേ,
ഡിജിറ്റല്‍ പരിഹാരങ്ങളും നവീനാശയങ്ങളും ഞങ്ങളുടെ ശ്രമങ്ങള്‍ തുല്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഉപകാരപ്രദമായ മാര്‍ഗമാക്കി. ടെലി മെഡിസിന്‍ വഴി ദൂരദേശങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം ലഭിക്കും. ഇന്ത്യയുടെ ദേശീയ പ്ലാറ്റ്ഫോമായ ഇ-സഞ്ജീവനി ഇന്നുവരെ 140 ദശലക്ഷം ടെലി-ഹെല്‍ത്ത് ചികില്‍സകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ കൊവിന്‍ പ്ലാറ്റ്‌ഫോം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ രോഗപ്രതിരോധ കുത്തിവയ്ര് യജ്ഞത്തിനു വിജയകരമായി സഹായിച്ചു. 2.4 ശതകോടിയിലധികം വാക്സിന്‍ ഡോസുകളുടെ വിതരണവും ആഗോളതലത്തില്‍ മൂല്യമുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ തത്സമയ ലഭ്യതയും ഇത് കൈകാര്യം ചെയ്തു. ഡിജിറ്റല്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോള സംരംഭം വിവിധ ഡിജിറ്റല്‍ ആരോഗ്യ സംരംഭങ്ങളെ ഒരു പൊതു പ്ലാറ്റ്ഫോമില്‍ ഒരുമിച്ച് കൊണ്ടുവരും. പൊതുനന്മയ്ക്കായി നമ്മുടെ നൂതനാശയങ്ങള്‍ തുറക്കാം. പണച്ചെലവിന്റെ ഇരട്ടിപ്പ് നമുക്ക് ഒഴിവാക്കാം. സാങ്കേതികവിദ്യയുടെ തുല്യമായ ലഭ്യത നമുക്ക് സുഗമമാക്കാം. ഈ സംരംഭം ലോകത്തിന്റെ ദക്ഷിണ ഭാഗത്തെ രാജ്യങ്ങളെ ആരോഗ്യ പരിപാലന വിതരണത്തിലെ വിടവ് നികത്താന്‍ അനുവദിക്കും. ആഗോള ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യത്തിലേക്ക് ഇത് നമ്മെ ഒരു പടി കൂടി അടുപ്പിക്കും.
സുഹൃത്തുക്കളേ,
മനുഷ്യത്വത്തിനായുള്ള ഒരു പുരാതന ഇന്ത്യന്‍ ഇഛയോടെ ഞാന്‍ ഉപസംഹരിക്കുന്നു: സര്‍വേ ഭവന്തു സുഖിനഃ, സര്‍വേ സന്തു നിരാമയഃ അതായത്, 'എല്ലാവരും സന്തോഷമുള്ളവരായിരിക്കട്ടെ, എല്ലാവരും രോഗങ്ങളില്‍ നിന്ന് സ്വതന്ത്രരായിരിക്കട്ടെ''.
നിങ്ങളുടെ ആലോചനകള്‍ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
നന്ദി!