ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ശ്രീ ഹരിവംശ് ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ജി, വിവിധ സംസ്ഥാന അസംബ്ലികളില്‍ നിന്നുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍,
മഹതികളെ മാന്യവ്യക്തികളേ,
അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ സമ്മേളനത്തിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ഊഷ്മളമായ സ്വാഗതം! ഈ സമ്മേളനത്തിന് ഇത്തവണ പ്രത്യേക പ്രാധാന്യമുണ്ട്. 75-ാം റിപ്പബ്ലിക് ദിനത്തിന് തൊട്ടുപിന്നാലെയാണ് ഇത് നടക്കുന്നത്. ജനുവരി 26ന് നമ്മുടെ ഭരണഘടന നിലവില്‍ വന്ന് 75 വര്‍ഷം തികയുയാണ്. നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് വേണ്ടി ഞാന്‍ ഭരണഘടനാ നിര്‍മ്മാണസഭയിലെ എല്ലാ അംഗങ്ങള്‍ക്കും ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ,
പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഈ സമ്മേളനത്തിന് നമ്മുടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്ന് വളരെയധികം പഠിക്കാനുണ്ട്. വിവിധ ആശയങ്ങള്‍, വിഷയങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവയ്ക്കിടയില്‍ ഒരു സമവായം രൂപീകരിക്കാനുള്ള ഉത്തരവാദിത്തം ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങള്‍ക്കായിരുന്നു. അവര്‍ അത് പ്രശംസനീയമായ രീതിയില്‍ ചെയ്തു. ഈ സമ്മേളനം എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഭരണഘടനാ അസംബ്ലിയുടെ ആദര്‍ശങ്ങളില്‍ നിന്ന് വീണ്ടും പ്രചോദനം ഉള്‍ക്കൊള്ളാനുള്ള അവസരം നല്‍കുന്നു. ഭാവി തലമുറയ്ക്ക് പൈതൃകമായി മാറാന്‍ കഴിയുന്ന ഇത്തരം ശ്രമങ്ങള്‍ നിങ്ങളുടെ ഭരണകാലത്ത് നിങ്ങള്‍ എല്ലാവരും ചെയ്യണം.
സുഹൃത്തുക്കളേ,
നിയമസഭകളുടേയും സമിതികളുടേയും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലാണ് ഇത്തവണ പ്രാഥമിക ശ്രദ്ധയെന്നാണ് എന്നെ അറിയിച്ചിരിക്കുന്നത്. ഇവ നിര്‍ണായക വിഷയങ്ങളാണ്. ഇന്ന്, രാജ്യത്തെ ജനങ്ങള്‍ ഓരോ പ്രതിനിധിയെയും ജാഗ്രതയോടെ പരിശോധിക്കുന്നതിനാല്‍, അത്തരം അവലോകനങ്ങളും ചര്‍ച്ചകളും വളരെയധികം ഗുണം ചെയ്യും. നിയമസഭയിലെ പ്രതിനിധികളുടെ പെരുമാറ്റം രാജ്യത്തിന്റെ പാര്‍ലമെന്ററി സംവിധാനം രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നു. സഭയിലെ പ്രതിനിധികളുടെ സ്ഥിരമായ പോസിറ്റീവ് പെരുമാറ്റം എങ്ങനെ നിലനിര്‍ത്താമെന്നും സഭയുടെ ഉത്പ്പാദനക്ഷമത എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നും ഈ കോണ്‍ഫറന്‍സില്‍ നിന്ന് ഉയര്‍ന്നുവരുന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ വളരെ സഹായകമാകും.
സുഹൃത്തുക്കളേ,
ഒരു അംഗം സഭയില്‍ മര്യാദ ലംഘിക്കുകയും ചട്ടങ്ങള്‍ക്കനുസൃതമായി നടപടി സ്വീകരിക്കുകയും ചെയ്താല്‍, അത്തരം തെറ്റുകള്‍ തടയാനും ഭാവിയില്‍ സഭയുടെ മര്യാദ ലംഘിക്കാതിരിക്കാനും സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ ആ അംഗത്തിന് ഉപദേശം നല്‍കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നിരുന്നാലും, ഇന്നത്തെ കാലത്ത്, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരം അംഗങ്ങളുടെ തെറ്റുകളെ പ്രതിരോധിക്കാന്‍ തുടങ്ങുന്നത് ഞങ്ങള്‍ നിരീക്ഷിച്ചു. ഈ സാഹചര്യം പാര്‍ലമെന്റായാലും നിയമസഭയായാലും അംഗീകരിക്കാനാവില്ല. സഭയുടെ അലങ്കാരം എങ്ങനെ നിലനിറുത്താമെന്ന് ഈ ഫോറത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് നിര്‍ണായകമാണ്.
സുഹൃത്തുക്കളേ,
ഇന്ന് നമ്മള്‍ മറ്റൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. മുമ്പ്, സഭയിലെ ഏതെങ്കിലും അംഗത്തിനെതിരെ അഴിമതി ആരോപണമുണ്ടായാല്‍, എല്ലാവരും അദ്ദേഹവുമായി പൊതുജീവിതത്തില്‍ അകലം പാലിക്കുമായിരുന്നു. പക്ഷേ, ഇന്ന് കോടതി ശിക്ഷിച്ച അഴിമതിക്കാരെ പരസ്യമായി ആദരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇത് എക്‌സിക്യൂട്ടീവിനോടുള്ള അനാദരവാണ്, ജുഡീഷ്യറിയോടുള്ള അനാദരവാണ്, കൂടാതെ ഭാരതത്തിന്റെ മഹത്തായ ഭരണഘടനയോടുള്ള അനാദരവുമാണ്. ഈ സമ്മേളനത്തിലെ ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയും ഉറച്ച നിര്‍ദ്ദേശങ്ങളും ഭാവിയിലേക്കുള്ള ഒരു പുതിയ റോഡ്മാപ്പ് സൃഷ്ടിക്കാന്‍ സഹായിക്കും.
സുഹൃത്തുക്കളേ,
ഈ 'അമൃത് കാലില്‍' രാജ്യം ഉറപ്പിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഓരോ സംസ്ഥാന സര്‍ക്കാരിന്റെയും അതിന്റെ നിയമസഭയുടെയും പങ്ക് വളരെ പ്രധാനമാണ്. നമ്മുടെ സംസ്ഥാനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മാത്രമേ ഭാരതത്തിന്റെ പുരോഗതി ഉണ്ടാകൂ. സംസ്ഥാനങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ നിര്‍വചിക്കാന്‍ അവരുടെ ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ സംസ്ഥാനങ്ങളുടെ പുരോഗതി ഉണ്ടാകൂ. സംസ്ഥാനത്തിന് വേണ്ടിയുള്ള അത്തരം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി നിയമസഭ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു, സംസ്ഥാനം കൂടുതല്‍ പുരോഗമിക്കും. അതിനാല്‍, നിങ്ങളുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സമിതികളുടെ ശാക്തീകരണവും നിര്‍ണായകമാണ്.
സുഹൃത്തുക്കളേ,
ഒരു പ്രധാന വിഷയം അനാവശ്യ നിയമങ്ങളുടെ അവസാനം കൂടിയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, നമ്മുടെ സംവിധാനത്തിന് ഹാനികരമായ 2000-ലധികം നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. അവ ഒരു തരത്തില്‍ ഒരു ഭാരമായി മാറിയിരുന്നു. നിയമവ്യവസ്ഥയുടെ ഈ ലഘൂകരണം സാധാരണക്കാരന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയും ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ എന്ന നിലയില്‍, നിങ്ങള്‍ അത്തരം നിയമങ്ങളെക്കുറിച്ച് പഠനം നടത്തുകയും പട്ടികകള്‍ തയ്യാറാക്കുകയും നിങ്ങളുടെ അതാത് സര്‍ക്കാരുകളുടെയും നിയമസഭാംഗങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്താല്‍, കൂടുതല്‍ ആവേശത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരാന്‍ സാധ്യതയുണ്ട്. ഇത് പൗരന്മാരുടെ ജീവിതത്തില്‍ കാര്യമായ ഗുണപരമായ സ്വാധീനം ചെലുത്തും.
സുഹൃത്തുക്കളേ,
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് നാരീ ശക്തി വന്ദന്‍ അധീനിയം അംഗീകരിച്ചത് നിങ്ങള്‍ക്കറിയാം. ഈ സമ്മേളനത്തില്‍, സ്ത്രീ ശാക്തീകരണത്തിനായുള്ള ശ്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകണം. ഭാരതം പോലൊരു യുവരാജ്യത്ത്, കമ്മിറ്റികളില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ യുവ പ്രതിനിധികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക മാത്രമല്ല, സഭയില്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും നയരൂപീകരണത്തില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കുകയും വേണം.
സുഹൃത്തുക്കളേ,
2021-ലെ ഞങ്ങളുടെ ചര്‍ച്ചയ്ക്കിടെ, ഒരു രാജ്യം-ഒരു നിയമനിര്‍മ്മാണ പ്ലാറ്റ്ഫോം ഞാന്‍ പരാമര്‍ശിച്ചു. ഇ-വിധാന്‍, ഡിജിറ്റല്‍ സന്‍സദ് പ്ലാറ്റ്‌ഫോമുകളിലൂടെ നമ്മുടെ പാര്‍ലമെന്റും നമ്മുടെ സംസ്ഥാന നിയമസഭകളും ഇപ്പോള്‍ ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ അവസരത്തിലേക്ക് എന്നെ ക്ഷണിച്ചതിന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി പറയുന്നു. ഈ സമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിന് എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. വളരെ നന്ദി.