നമസ്‌കാരം സുഹൃത്തുക്കളെ!
ഇന്ന് 70,000-ത്തിലധികം യുവാക്കള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ ജോലിക്കായി നിയമന കത്തുകള്‍ ലഭിക്കുകയാണ്. നിങ്ങളെല്ലാവരും കഠിനാധ്വാനത്തിലൂടെയാണ് ഈ വിജയം നേടിയത്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഗുജറാത്തില്‍ സമാനമായ ഒരു തൊഴില്‍ മേള സംഘടിപ്പിച്ചു; അതില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കി. ഈ മാസം അസമില്‍ ഒരു പ്രധാന തൊഴില്‍ മേളയും സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റും ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളും സംഘടിപ്പിക്കുന്ന ഇത്തരം തൊഴില്‍ മേളകള്‍ യുവജനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഗവണ്‍മെന്റ് നിയമന പ്രക്രിയ വേഗമേറിയതും സുതാര്യവും നീതിയുക്തവുമാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് മുന്‍ഗണന നല്‍കിയിട്ടുണ്ട്. നേരത്തെ, സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഏകദേശം 15 മുതല്‍ 18 മാസം വരെ എടുത്തിരുന്നു, അതായത് ഏകദേശം ഒന്നര വര്‍ഷം. ഇന്ന് ഈ പ്രക്രിയ ആറ് മുതല്‍ എട്ട് മാസം കൊണ്ട് പൂര്‍ത്തിയാകും. നേരത്തെ ഗവണ്‍മെന്റ് ജോലിക്ക് അപേക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അപേക്ഷാഫോറം വാങ്ങാനും രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ഗസറ്റഡ് ഓഫീസര്‍മാരെ കണ്ടെത്താനും തപാല്‍ വഴി അപേക്ഷ അയക്കാനും മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. മാത്രമല്ല, അപേക്ഷ കൃത്യസമയത്ത് എത്തിയോ ഇല്ലയോ, പ്രധാനമായും, കിട്ടേണ്ട വകുപ്പില്‍ത്തന്നെ എത്തിയോ ഇല്ലയോ എന്നതും ഉറപ്പില്ലായിരുന്നു. ഇന്ന് അപേക്ഷിക്കുന്നത് മുതല്‍ ഫലം ലഭിക്കുന്നതുവരെയുള്ള മുഴുവന്‍ നടപടികളും ഓണ്‍ലൈനായി. ഇന്ന് രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായുള്ള ഇന്റര്‍വ്യൂ അവസാനിപ്പിച്ചു. അഴിമതിയുടെയോ സ്വജനപക്ഷപാതത്തിന്റെയോ സാധ്യതകള്‍ അവസാനിച്ചു എന്നതാണ് ഈ ശ്രമങ്ങളുടെയെല്ലാം ഏറ്റവും വലിയ നേട്ടം.
സുഹൃത്തുക്കളേ,
മറ്റൊരു കാരണത്താല്‍ ഇന്ന് വളരെ പ്രത്യേകതയുള്ളതാണ്. ഒമ്പത് വര്‍ഷം മുമ്പ് മെയ് 16ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നു. രാജ്യം മുഴുവന്‍ ആവേശവും ആഹ്ലാദവും വിശ്വാസവും നിറഞ്ഞു. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്' എന്ന മന്ത്രവുമായി മുന്നേറുന്ന ഇന്ത്യ ഇന്ന് വികസിത ഇന്ത്യയാകാന്‍ പരിശ്രമിക്കുകയാണ്. ഒമ്പത് വര്‍ഷം മുമ്പ് മെയ് 16 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതുപോലെ, ഇന്ന് മറ്റൊരു സുപ്രധാന ദിനമാണ്. ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നായ സിക്കിമിന്റെ സ്ഥാപക ദിനം കൂടിയാണ് ഇന്ന്.
സുഹൃത്തുക്കളേ,
ഈ ഒമ്പത് വര്‍ഷത്തിനിടയില്‍, പുതിയ തൊഴില്‍ സാധ്യതകള്‍ കേന്ദ്രത്തില്‍ നിലനിറുത്തിക്കൊണ്ടാണ് ഗവണ്മെന്റിന്റെ നയങ്ങള്‍ രൂപീകരിച്ചത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണമോ, ഗ്രാമീണ മേഖലകളുടെ വികസനമോ, അതിജീവനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെ വിപുലീകരണമോ ആകട്ടെ, കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികളും നയങ്ങളും യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള മൂലധനച്ചെലവുകള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് ചെലവഴിച്ചത് ഏകദേശം 34 ലക്ഷം കോടി രൂപയാണ്. ഈ വര്‍ഷത്തെ ബജറ്റിലും മൂലധനച്ചെലവിനായി 10 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച്, പുതിയ ഹൈവേകളും വിമാനത്താവളങ്ങളും റെയില്‍ പാതകളും പാലങ്ങളും നിര്‍മ്മിക്കുകയും ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുകയും ചെയ്തു. 75 വര്‍ഷത്തെ സ്വാതന്ത്ര്യ ചരിത്രത്തിലെ മുമ്പില്ലാത്ത വേഗത്തിലും വ്യാപ്തിയിലും ഇന്ന് ഇന്ത്യ പ്രവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള 70 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏകദേശം 20,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ മാത്രമാണ് വൈദ്യുതീകരിച്ചത്. മറുവശത്ത്, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ നമ്മുടെ ഗവണ്‍മെന്റിന്റെ കീഴില്‍ ഇന്ത്യയില്‍ ഏകദേശം 40,000 കിലോമീറ്റര്‍ റെയില്‍ പാതകള്‍ വൈദ്യുതീകരിച്ചു. അതായത് ഇരട്ടി. 2014 ന് മുമ്പ്, നമ്മുടെ രാജ്യത്ത് എല്ലാ മാസവും 600 മീറ്റര്‍ പുതിയ മെട്രോ ലൈനുകള്‍ മാത്രമാണ് സ്ഥാപിച്ചിരുന്നത്. ഇന്നത് മാസത്തില്‍ ശരാശരി ആറ് കിലോമീറ്ററാണ്. നേരത്തെ മീറ്ററിലായിരുന്നു നിര്‍മാണത്തിന്റെ വേഗതയെങ്കില്‍, ഇപ്പോള്‍ കിലോമീറ്ററിലാണ്. ഇപ്പോള്‍ മാസാടിസ്ഥാനത്തില്‍ ആറ് കിലോമീറ്റര്‍ പുതിയ മെട്രോ ലൈനുകള്‍ സ്ഥാപിക്കുന്നു.
2014ന് മുമ്പ് രാജ്യത്ത് 4 ലക്ഷം കിലോമീറ്ററില്‍ താഴെ ഗ്രാമീണ റോഡുകളാണുണ്ടായിരുന്നത്. ഇന്ന് രാജ്യത്ത് 7.25 ലക്ഷം കിലോമീറ്ററിലധികം ഗ്രാമീണ റോഡുകളുണ്ട്. ഇതും ഏതാണ്ട് ഇരട്ടിയാണ്. 2014ന് മുമ്പ് രാജ്യത്ത് 74 വിമാനത്താവളങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഏകദേശം 150ല്‍ എത്തിനില്‍ക്കുന്നു. ഇതിലും ഇത് ഇരട്ടിയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചത് നാല് കോടി കെട്ടുറപ്പുള്ള വീടുകള്‍. നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഓരോ ഗ്രാമത്തിലും അഞ്ച് ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ തുറക്കുകയും ഗ്രാമതലത്തില്‍ യുവാക്കളെ സംരംഭകരാക്കുന്നതിനൊപ്പം വലിയ തൊഴില്‍ സ്രോതസ്സായി അവ മാറുകയും ചെയ്തു. ഗ്രാമങ്ങളില്‍ 30,000-ലധികം 'പഞ്ചായത്ത് ഭവനുകള്‍' നിര്‍മിച്ചതിലാകട്ടെ, ഒമ്പത് കോടി വീടുകളെ ജല കണക്ഷനുമായി ബന്ധിപ്പിച്ചതാകട്ടെ, ഇതെല്ലാം വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. രാജ്യത്തേക്കുള്ള വിദേശ നിക്ഷേപമായാലും ഇന്ത്യയില്‍ നിന്നുള്ള റെക്കോര്‍ഡ് കയറ്റുമതിയായാലും അത് രാജ്യത്തിന്റെ മുക്കിലും മൂലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ജോലിയുടെ സ്വഭാവവും വളരെ വേഗത്തില്‍ മാറിയിട്ടുണ്ട്. ഈ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുവാക്കള്‍ക്കായി പുതിയ മേഖലകള്‍ ഉയര്‍ന്നുവന്നു. ഈ പുതിയ മേഖലകള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് തുടര്‍ച്ചയായി പിന്തുണ നല്‍കുന്നുണ്ട്. ഈ ഒമ്പത് വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട്ട്-അപ്പ് സംസ്‌കാരത്തില്‍ ഒരു പുതിയ വിപ്ലവത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 2014-ല്‍ രാജ്യത്ത് നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അതിന്റെ എണ്ണം ഒരു ലക്ഷത്തിനടുത്താണ്. ഈ സ്റ്റാര്‍ട്ടപ്പുകള്‍ കുറഞ്ഞത് 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്.
സുഹൃത്തുക്കളേ,
ഈ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ക്യാബ് അഗ്രിഗേറ്ററിലൂടെ അതായത് ആപ്പിലൂടെ ടാക്‌സികള്‍ ഇന്ത്യന്‍ നഗരങ്ങളുടെ പുതിയ ജീവനാഡിയായി മാറുന്നത് രാജ്യം കണ്ടു. അതേ കാലയളവില്‍, ഓണ്‍ലൈന്‍ ഡെലിവറിയുടെ ഒരു പുതിയ സംവിധാനം സൃഷ്ടിച്ചു, ഇത് ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കി. ഈ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഡ്രോണ്‍ മേഖലയില്‍ ഒരു പുതിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. രാസവളം തളിക്കുന്നത് മുതല്‍ മരുന്ന് വിതരണത്തില്‍ വരെ ഡ്രോണുകളുടെ ഉപയോഗം വര്‍ധിക്കുകയാണ്. ഈ ഒമ്പത് വര്‍ഷത്തിനുള്ളില്‍, വാതക വിതരണ സംവിധാനം 60 നഗരങ്ങളില്‍ നിന്ന് 600 ലധികം നഗരങ്ങളിലേക്ക് വ്യാപിച്ചു.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ മുദ്ര യോജനയ്ക്ക് കീഴില്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക് 23 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ചിലര്‍ ഈ തുക ഉപയോഗിച്ച് അവരുടെ പുതിയ വ്യവസായം ആരംഭിച്ചു, ചിലര്‍ ടാക്‌സി വാങ്ങി, ചിലര്‍ അവരുടെ കട വിപുലീകരിച്ചു. അവരുടെ എണ്ണം ലക്ഷങ്ങളിലില്ല, ഇന്ന് കോടികളിലാണെന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു. മുദ്ര യോജനയുടെ സഹായത്തോടെ ആദ്യമായി സ്വതന്ത്രമായ പ്രവര്‍ത്തനം ആരംഭിച്ച ഏകദേശം എട്ട് മുതല്‍ ഒമ്പത് കോടി വരെ ആളുകള്‍ ഉണ്ട്. നിലവില്‍ നടക്കുന്ന 'ആത്മനിര്‍ഭര്‍ ഭാരത്' പ്രചാരണ പരിപാടിയും രാജ്യത്ത് ഉല്‍പ്പാദനത്തിലൂടെ തൊഴില്‍ സൃഷ്ടിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പിഎല്‍ഐ പദ്ധതി പ്രകാരം ഉല്‍പ്പാദനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് രണ്ടുലക്ഷം കോടി രൂപയുടെ സഹായം നല്‍കുന്നുണ്ട്. ഇന്ത്യയെ ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും ഈ തുക സഹായിക്കും.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ യുവാക്കള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുകള്‍ വികസിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൈപുണ്യ വികസന സ്ഥാപനങ്ങള്‍ എന്നിവയും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്. 2014 നും 2022 നും ഇടയില്‍ എല്ലാ വര്‍ഷവും ഒരു പുതിയ ഐഐടിയും ഐഐഎമ്മും ഉയര്‍ന്നുവരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഓരോ ആഴ്ചയും ശരാശരി ഒരു സര്‍വകലാശാലയും എല്ലാ ദിവസവും രണ്ട് കോളേജുകളും തുറന്നിട്ടുണ്ട്. നമ്മുടെ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് മുമ്പ് രാജ്യത്ത് ഏകദേശം 720 സര്‍വ്വകലാശാലകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അവയുടെ എണ്ണം 1100-ലധികമായി ഉയര്‍ന്നു. ഏഴു പതിറ്റാണ്ടിനിടെ ഏഴ് എയിംസുകള്‍ മാത്രമാണ് രാജ്യത്ത് നിര്‍മ്മിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ 15 പുതിയ എയിംസ് നിര്‍മ്മിക്കുന്നതിലേക്ക് ഞങ്ങള്‍ നീങ്ങി. ഈ ആശുപത്രികളില്‍ പലതും അവയുടെ സേവനങ്ങള്‍ നല്‍കാനും തുടങ്ങി. 2014-ലെ കണക്കനുസരിച്ച് രാജ്യത്തുടനീളം 400-ല്‍ താഴെ മെഡിക്കല്‍ കോളേജുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവയുടെ എണ്ണം ഏകദേശം 700 ആയി ഉയര്‍ന്നു. കോളേജുകളുടെ എണ്ണം കൂടിയപ്പോള്‍ സ്വാഭാവികമായും സീറ്റുകളുടെ എണ്ണവും വര്‍ദ്ധിക്കുകയും യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും വര്‍ദ്ധിക്കുകയും ചെയ്തു. 2014ന് മുമ്പ് 80,000 ത്തോളം എംബിബിഎസ്, എംഡി സീറ്റുകള്‍ മാത്രമാണ് നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ രാജ്യത്തെ എംബിബിഎസ്, എംഡി സീറ്റുകള്‍ 1.70 ലക്ഷത്തിലേറെയായി ഉയര്‍ന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ഐടിഐകളും കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യത്ത് എല്ലാ ദിവസവും ഏതാണ്ട് ഒരു പുതിയ ഐ.ടി.ഐ. ഇന്ന് 15,000 ത്തോളം ഐടിഐകളില്‍ രാജ്യത്തിന്റെ പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നു. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ 1.25 കോടി യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനവും നല്‍കിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഗവണ്‍മെന്റിന്റെ ഈ ശ്രമങ്ങള്‍ മൂലം പല പുതിയ മേഖലകളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇപിഎഫ്ഒയുടെ ഒരു ഉദാഹരണം നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2018-19 ന് ശേഷമുള്ള ഇപിഎഫ്ഒയുടെ മൊത്തം ശമ്പള കണക്കുകള്‍ പരിശോധിച്ചാല്‍, നാലര കോടിയിലധികം ആളുകള്‍ക്ക് ഔപചാരിക ജോലി ലഭിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പേറോള്‍ ഡാറ്റ ഇന്ത്യയില്‍ ഔപചാരിക ജോലികളില്‍ തുടര്‍ച്ചയായ വര്‍ദ്ധനവുണ്ടെന്ന് വ്യക്തമായി കാണിക്കുന്നു. ഔപചാരിക ജോലികളിലെ ഈ വര്‍ധനയ്ക്കൊപ്പം, സ്വയം തൊഴിലവസരങ്ങളും രാജ്യത്ത് തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഏതാനും ആഴ്ചകളിലെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വ്യവസായത്തെയും നിക്ഷേപത്തെയും സംബന്ധിച്ച് അഭൂതപൂര്‍വമായ പ്രത്യാശ ഉണ്ടായിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ വാള്‍മാര്‍ട്ട് സിഇഒയെ കണ്ടു. അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ തന്റെ കമ്പനി ഇന്ത്യയില്‍ നിന്ന് 80,000 കോടി രൂപയുടെ സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചരക്കുഗതാഗതം, വിതരണ ശൃംഖല മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കള്‍ക്ക് ഇതൊരു വലിയ വാര്‍ത്തയാണ്. ഇന്ത്യയില്‍ നിര്‍മ്മിച്ച 8,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് തന്റെ കമ്പനി ലക്ഷ്യമിടുന്നതെന്ന് സിസ്‌കോയുടെ സിഇഒയും ഇന്ത്യാ സന്ദര്‍ശന വേളയില്‍ എന്നോട് പറഞ്ഞു. ആപ്പിളിന്റെ സിഇഒയും ഏതാനും ദിവസം മുമ്പ് ഇന്ത്യയിലെത്തി. ഇന്ത്യയുടെ ശോഭനമായ ഭാവിയെക്കുറിച്ചും പ്രത്യേകിച്ച് മൊബൈല്‍ നിര്‍മ്മാണത്തെക്കുറിച്ചും അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു. ലോകത്തെ പ്രശസ്തമായ അര്‍ദ്ധചാലക കമ്പനിയായ എന്‍എക്‌സ്പിയുടെ ഉന്നത ഉദ്യോഗസ്ഥരും ഈയിടെ എന്നെ കണ്ടിരുന്നു. ഇന്ത്യയുടെ അര്‍ദ്ധചാലക ആവാസവ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അവര്‍ വളരെ പ്രത്യാശയിലാണ്. ഇന്ത്യയിലെ നിരവധി പദ്ധതികളിലായി ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഫോക്സ്‌കോണ്‍ ആരംഭിച്ചിട്ടുണ്ട്.
അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പല സിഇഒമാരെയും ഞാന്‍ ഒരിക്കല്‍ കൂടി കാണാന്‍ പോകുന്നു. ഇവരെല്ലാം ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ആവേശത്തിലാണ്. ഇന്ത്യയിലെ വിവിധ മേഖലകളില്‍ എത്ര വേഗത്തിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് ഈ സംഭവവികാസങ്ങളും ശ്രമങ്ങളും കാണിക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വികസനത്തിന്റെ ഈ 'മഹായജ്ഞ' ത്തിലെ അത്തരം സുപ്രധാന മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ നേരിട്ട് പങ്കുണ്ട്. നിങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത ഇന്ത്യയുടെ ദൃഢനിശ്ചയങ്ങള്‍ സാക്ഷാത്കരിക്കുകയും വേണം. ഈ അവസരം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇന്ന് മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ പഠന ഘട്ടം ആരംഭിക്കുകയാണ്. ജീവനക്കാരുടെ പുതിയ നൈപുണ്യ വികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, ഒരു ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോം, ഐജിഒടി കര്‍മ്മയോഗി ആരംഭിച്ചു. ഈ പ്ലാറ്റ്ഫോമില്‍ നിരവധി തരം കോഴ്സുകള്‍ ലഭ്യമാണ്. അവ പൂര്‍ണമായി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ കഴിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച്, നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ നല്ല ഫലം ദൃശ്യമാകും. കഴിവുള്ള ആളുകള്‍ കാരണം ജോലിയില്‍ ഉണ്ടാകുന്ന നല്ല ഫലം രാജ്യത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഗുണഫലം വേഗത്തിലാക്കുന്നു. ഇന്ന്, ഈ സുപ്രധാന അവസരത്തില്‍ നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടത്തില്‍ നിങ്ങളുടെ പുതിയ യാത്രയെ ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ എല്ലാ ആശംസകളും നേരുന്നു, കാരണം അവര്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രതീക്ഷയോടെയും പ്രത്യാശയോടെയും ഉത്സാഹത്തോടെയും ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ ശോഭനമായ ഭാവിക്കായി പ്രാര്‍ത്ഥിക്കുന്നു, ഒരിക്കല്‍ കൂടി ഞാന്‍ വളരെ നന്ദി അറിയിക്കുന്നു.