നമസ്‌കാരം!
140 കോടി ഇന്ത്യക്കാർക്ക് വേണ്ടി, ജി-20 പാർലമെന്ററി സ്പീക്കർമാരുടെ ഉച്ചകോടിയിൽ ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ ഉച്ചകോടി, ഒരു തരത്തിൽ, ലോകമെമ്പാടുമുള്ള വിവിധ പാർലമെന്ററി സമ്പ്രദായങ്ങളുടെ ഒരു 'മഹാകുംഭ്' അല്ലെങ്കിൽ ഒരു മഹാ സമ്മേളനമാണ്. നിങ്ങളെപ്പോലുള്ള എല്ലാ പ്രതിനിധികളും വിവിധ പാർലമെന്റുകളുടെ പ്രവർത്തന ശൈലിയിൽ പരിചയസമ്പന്നരാണ്. അത്തരം സമ്പന്നമായ ജനാധിപത്യ അനുഭവങ്ങളുള്ള നിങ്ങളുടെ ഭാരത സന്ദർശനം ഞങ്ങൾക്കെല്ലാം വലിയ സന്തോഷം നൽകുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തിൽ ഇത് ഉത്സവകാലമാണ്. ഈ ദിവസങ്ങളിൽ ഭാരതത്തിലുടനീളം നിരവധി ആഘോഷ പരിപാടികൾ നടക്കുന്നു. എന്നാൽ ജി20 ഇത്തവണ വർഷം മുഴുവൻ ഉത്സവകാലത്തിന്റെ ആവേശം നിലനിർത്തി. വർഷം മുഴുവനും ഭാരതത്തിന്റെ വിവിധ നഗരങ്ങളിൽ ഞങ്ങൾ ജി20 പ്രതിനിധികൾക്ക് ആതിഥേയത്വം വഹിച്ചു. തൽഫലമായി, ആ നഗരങ്ങളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനുശേഷം ഭാരതം ചന്ദ്രനിൽ ഇറങ്ങി. ഇത് രാജ്യത്തുടനീളം ആഘോഷങ്ങൾ കൂടുതൽ വർധിപ്പിച്ചു. തുടർന്ന്, ഞങ്ങൾ വിജയകരമായ ജി20 ഉച്ചകോടി ഇവിടെ ഡൽഹിയിൽ നടത്തി. ഇപ്പോൾ ഈ പി20 ഉച്ചകോടി ഇവിടെ നടക്കുന്നു. ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ ശക്തി അവിടുത്തെ ജനങ്ങളാണ്; അവിടുത്തെ ജനങ്ങളുടെ ഇച്ഛാശക്തി. ഇന്ന്, ഈ ഉച്ചകോടി ജനങ്ങളുടെ ഈ ശക്തി ആഘോഷിക്കാനുള്ള ഒരു കാരണമായി മാറിയിരിക്കുന്നു.
സുഹൃത്തുക്കളേ,
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ, ജനാധിപത്യത്തിന്റെ മാതാവായ ഭാരതത്തിലാണ് പി20 ഉച്ചകോടി നടക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ പാര്‍ലമെന്റുകളുടെ പ്രതിനിധികള്‍ എന്ന നിലയില്‍, പാര്‍ലമെന്റുകള്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള പ്രധാന സ്ഥലങ്ങളാണെന്ന് നിങ്ങള്‍ക്ക് അറിയാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നടന്ന സംവാദങ്ങളുടെയും ആലോചനകളുടെയും മികച്ച ഉദാഹരണങ്ങള്‍ നമുക്കുണ്ട്. 5000 വര്‍ഷത്തിലേറെ പഴക്കമുള്ള ഞങ്ങളുടെ വേദങ്ങളില്‍ യോഗങ്ങളെയും സമിതികളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. അവിടെ സമൂഹത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി കൂട്ടായ തീരുമാനങ്ങളെടുത്തു. ഞങ്ങളുടെ ഏറ്റവും പഴയ വേദമായ ഋഗ്വേദത്തിലും ഇത് പറയുന്നുണ്ട് - സങ്കച്ഛ-ധ്വം സംവദ-ധ്വം സം, വോ മനസ്സി ജാനതാം. അതിനര്‍ത്ഥം നമ്മള്‍ ഒരുമിച്ച് നടക്കുന്നു, ഒരുമിച്ച് സംസാരിക്കുന്നു, നമ്മുടെ മനസ്സ് ഒന്നാണ്. അക്കാലത്തും ഗ്രാമങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഗ്രാമസഭകളില്‍ സംവാദത്തിലൂടെയാണ് എടുത്തിരുന്നത്.
ഗ്രീക്ക് അംബാസഡര്‍ മെഗസ്തനീസ് ഭാരതത്തില്‍ ഇത്തരമൊരു സംവിധാനം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന ഈ സമ്പ്രദായത്തെക്കുറിച്ച് അദ്ദേഹം വിശദമായി എഴുതിയിരുന്നു. ഒന്‍പതാം നൂറ്റാണ്ടിലെ ഒരു ശിലാലിഖിതം തമിഴ്നാട്ടില്‍ ഉണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. അതില്‍ ഗ്രാമീണ നിയമനിര്‍മാണ സഭയുടെ നിയമങ്ങളും നടപടികളും പരാമര്‍ശിക്കുന്നു. 1200 വര്‍ഷം പഴക്കമുള്ള ആ ലിഖിതത്തില്‍, ഏത് അംഗത്തെ അയോഗ്യരാക്കാമെന്നും, ഏത് കാരണത്താല്‍, ഏത് സാഹചര്യത്തില്‍ എന്ന് പോലും എഴുതിയിട്ടുണ്ടെന്ന് അറിയുന്നത് നിങ്ങള്‍ക്ക് വളരെ രസകരമായിരിക്കും. 1200 വര്‍ഷം മുമ്പത്തെ കാര്യമാണു ഞാന്‍ പറയുന്നത്. അനുഭവ മണ്ഡപത്തെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. മാഗ്‌നകാര്‍ട്ടയ്ക്ക് മുമ്പുതന്നെ, പന്ത്രണ്ടാം നൂറ്റാണ്ടില്‍ 'അനുഭവ മണ്ഡപ'ത്തിന്റെ ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഇതിലും സംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കപ്പെട്ടു. ഓരോ വര്‍ഗത്തിലും, എല്ലാ ജാതിയിലും, എല്ലാ സമുദായത്തിലും പെട്ട ആളുകള്‍ 'അനുഭവ മണ്ഡപത്തില്‍' അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവിടെ പോകാറുണ്ടായിരുന്നു. ജഗദ്ഗുരു ബസവേശ്വരയുടെ ഈ സമ്മാനം ഇന്നും ഭാരതത്തിന് അഭിമാനമാണ്. 5000 വര്‍ഷം പഴക്കമുള്ള വേദങ്ങളില്‍ നിന്ന് ഇന്നുവരെയുള്ള ഈ യാത്ര, പാര്‍ലമെന്ററി പാരമ്പര്യങ്ങളുടെ ഈ വികാസം നമ്മുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ പൈതൃകമാണ്.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ പാര്‍ലമെന്ററി പ്രക്രിയകള്‍ കാലക്രമേണ തുടര്‍ച്ചയായി മെച്ചപ്പെടുകയും കൂടുതല്‍ ശക്തമാവുകയും ചെയ്തു. ഭാരതത്തില്‍ പൊതുതിരഞ്ഞെടുപ്പിനെ ഏറ്റവും വലിയ ഉത്സവമായാണ് നാം കാണുന്നത്. 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 17 പൊതുതെരഞ്ഞെടുപ്പുകളും 300-ലധികം സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പുകളും ഭാരതത്തില്‍ നടന്നിട്ടുണ്ട്. ഭാരതം ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടത്തുക മാത്രമല്ല, അതിലെ ജനങ്ങളുടെ പങ്കാളിത്തം തുടര്‍ച്ചയായി വര്‍ധിച്ചുവരികയുമാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എന്റെ പാര്‍ട്ടിയെ തുടര്‍ച്ചയായി രണ്ടാം തവണയും വിജയത്തിലെത്തിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രയോഗമായിരുന്നു. 60 കോടിയിലധികം അതായത് 600 ദശലക്ഷം വോട്ടര്‍മാര്‍ അതില്‍ പങ്കെടുത്തു. നിങ്ങള്‍ക്ക് ഊഹിക്കാം, അക്കാലത്ത് 91 കോടി അതായത് 910 ദശലക്ഷം വോട്ടര്‍മാരാണ് ഭാരതത്തില്‍ ഉണ്ടായിരുന്നത്. ഇത് യൂറോപ്പിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ഭാരതത്തിലെ മൊത്തം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 70 ശതമാനവും ആളുകള്‍ക്ക് ഭാരതത്തിലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം വിശ്വാസമുണ്ടെന്ന് ഇതു കാണിക്കുന്നു. ഇതില്‍, ഒരു പ്രധാന ഘടകം സ്ത്രീകളുടെ പഉയര്‍ന്ന പങ്കാളിത്തമായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ മുമ്പില്ലാത്തത്ര എണ്ണം സ്ത്രീകള്‍ ഇന്ത്യയില്‍ വോട്ടു ചെയ്തു. സുഹൃത്തുക്കളെ, എണ്ണത്തില്‍ മാത്രമല്ല, രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും, ഭാരതത്തിന്റെ തെരഞ്ഞെടുപ്പുപോലെ മറ്റൊരു ഉദാഹരണവും നിങ്ങള്‍ക്ക് ലോകത്ത് കാണാനാകില്ല. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ 600-ലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു. ഈ തെരഞ്ഞെടുപ്പുകളില്‍, ഒരു കോടിയിലധികം, അതായത് 10 ദശലക്ഷം ഗവണ്‍മെന്റ് ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. തെരഞ്ഞെടുപ്പിനായി രാജ്യത്ത് ഒരു ദശലക്ഷം അഥവാ 10 ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചു.
സുഹൃത്തുക്കളേ,
കാലക്രമേണ, ഭാരതം തെരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ചു. 25 വര്‍ഷമായി ഭാരതം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍-ഇവിഎം ഉപയോഗിക്കുന്നു. ഇവിഎം ഉപയോഗിച്ചതോടെ തെരഞ്ഞെടുപ്പിലെ സുതാര്യതയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ കാര്യക്ഷമതയും വര്‍ധിച്ചു
ഭാരതത്തില്‍ വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് മറ്റൊരു കണക്ക് നല്‍കുകയാണ്: ഇത് കേട്ടാല്‍ നിങ്ങളും അത്ഭുതപ്പെടും. അടുത്ത വര്‍ഷം ഭാരതത്തില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുകതന്നെ വേണം. 100 കോടി വോട്ടര്‍മാര്‍ അതായത് 100 കോടി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് വീക്ഷിക്കുന്നതിനായി പി20 ഉച്ചകോടിയിലെ എല്ലാ പ്രതിനിധികളെയും ഞാന്‍ മുന്‍കൂട്ടി ക്ഷണിക്കുന്നു. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ആതിഥ്യമരുളുന്നതില്‍ ഭാരതം വളരെ സന്തോഷിക്കുന്നു.
സുഹൃത്തുക്കളേ,
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഭാരതത്തിന്റെ പാര്‍ലമെന്റ് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തു. അതിനെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാന്‍ ഭാരതം തീരുമാനിച്ചു. ഭാരതത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏകദേശം 32 ലക്ഷം, അതായത് 3 ദശലക്ഷത്തിലധികം ജനപ്രതിനിധികള്‍ ഉണ്ട്. ഇതില്‍ 50 ശതമാനത്തോളം സ്ത്രീ പ്രതിനിധികളാണ്. ഇന്ന് ഭാരതം എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ്. നമ്മുടെ പാര്‍ലമെന്റ് അടുത്തിടെ എടുത്ത തീരുമാനം നമ്മുടെ പാര്‍ലമെന്ററി പാരമ്പര്യത്തെ കൂടുതല്‍ സമ്പന്നമാക്കും.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ പാര്‍ലമെന്ററി പാരമ്പര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള അചഞ്ചലമായ വിശ്വാസത്തിന് മറ്റൊരു നിര്‍ണായക കാരണമുണ്ട്, അത് നിങ്ങള്‍ക്ക് അറിയാനും മനസ്സിലാക്കിയിരിക്കുക എന്നതും വളരെ പ്രധാനമാണ്. ഞങ്ങളുടെ ശക്തി ഞങ്ങളുടെ വൈവിധ്യത്തിലും ഞങ്ങളുടെ വിശാലതയിലും ഞങ്ങളുടെ ഊര്‍ജ്ജസ്വലതയിലുമാണ്. ഇവിടെ എല്ലാ മതത്തില്‍പ്പെട്ടവരുമുണ്ട്. നൂറുക്കണക്കിന് ഭക്ഷണങ്ങളും നൂറുകണക്കിന് ജീവിതരീതികളും ഞങ്ങളുടെ വ്യക്തിത്വമാണ്. ഭാരതത്തില്‍ നൂറുകണക്കിന് ഭാഷകള്‍ സംസാരിക്കുന്നു; ഞങ്ങള്‍ക്ക് നൂറുകണക്കിന് ഭാഷകളുണ്ട്. ഭാരതത്തില്‍ 900ല്‍ അധികം ടിവി ചാനലുകളുണ്ട്, 28 ഭാഷകളിലായി ജനങ്ങള്‍ക്ക് തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനായി 24x7 അവ പ്രവര്‍ത്തിക്കുന്നു. ഏകദേശം 200 ഭാഷകളിലായി 33000ല്‍ അധികം വ്യത്യസ്ത പത്രങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. വ്യത്യസ്ത സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഞങ്ങള്‍ക്ക് ഏകദേശം 3 ബില്യണ്‍ ഉപയോക്താക്കളുണ്ട്. ഭാരതത്തിലെ വിവരങ്ങളുടെ ഒഴുക്കും സംസാര സ്വാതന്ത്ര്യത്തിന്റെ നിലവാരവും എത്ര വലുതും ശക്തമാണെന്ന് ഇത് കാണിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ഈ ലോകത്ത്, ഭാരതത്തിന്റെ ഈ ചടുലത, നാനാത്വത്തിലെ ഏകത്വം, ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയാണ്. എല്ലാ വെല്ലുവിളികളും നേരിടാനും എല്ലാ പ്രശ്നങ്ങളും ഒരുമിച്ച് പരിഹരിക്കാനും ഈ ചടുലത ഞങ്ങളെ പ്രചോദിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന കാര്യങ്ങളില്‍ ആരും അസ്പൃശ്യരല്ല. സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കാരണം ലോകം ഇന്ന് പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. പ്രതിസന്ധികള്‍ നിറഞ്ഞ ഈ ലോകം ആരുടെയും താല്‍പര്യത്തിന് നിരക്കുന്ന വിധമല്ല. വിഭജിത ലോകത്തിന് മാനവികത നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയില്ല. ഇത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമയമാണ്; ഒരുമിച്ച് നീങ്ങാനുള്ള സമയം; ഒരുമിച്ച് മുന്നോട്ട് പോകേണ്ട സമയം. എല്ലാവരുടെയും വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമുള്ള സമയമാണിത്. ആഗോള വിശ്വാസത്തകര്‍ച്ചയെ അതിജീവിച്ച് മനുഷ്യകേന്ദ്രീകൃതമായ ചിന്താഗതിയില്‍ മുന്നേറണം. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന മനോഭാവത്തിലാണ് നാം ലോകത്തെ നോക്കേണ്ടത്. ലോകവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പങ്കാളിത്തം കൂടുന്തോറും ഫലപ്രാപ്തി വലുതായിരിക്കും. ഈ ആവേശത്തില്‍ ആഫ്രിക്കന്‍ യൂണിയനെ ജി-20-ല്‍ സ്ഥിരാംഗമാക്കാന്‍ ഭാരതം നിര്‍ദ്ദേശിച്ചു. എല്ലാ അംഗരാജ്യങ്ങളും അത് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. ഈ വേദിയിലും പാന്‍ ആഫ്രിക്ക പാര്‍ലമെന്റിന്റെ പങ്കാളിത്തം കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന് വൈകുന്നേരം ഞങ്ങളുടെ സ്പീക്കര്‍ ഓം ബിര്‍ള ജി നിങ്ങളെ ഭാരതത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുപോകുമെന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്. അവിടെ നിങ്ങള്‍ ആദരണീയനായ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും പോകുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, പതിറ്റാണ്ടുകളായി ഭാരതം അതിര്‍ത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ്. ഭാരതത്തില്‍ ആയിരക്കണക്കിന് നിരപരാധികളെ ഭീകരര്‍ കൊന്നൊടുക്കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം നിങ്ങള്‍ക്ക് ഭാരതത്തിന്റെ പഴയ പാര്‍ലമെന്റും കാണാം. ഏകദേശം 20 വര്‍ഷം മുമ്പ് ഞങ്ങളുടെ പാര്‍ലമെന്റും തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നു. ആ സമയത്ത് പാര്‍ലമെന്റ് സമ്മേളനം നടന്നിരുന്നു എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. എംപിമാരെ ബന്ദികളാക്കി കൊലപ്പെടുത്താനാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. ഇത്തരം നിരവധി ഭീകരാക്രമണങ്ങള്‍ കൈകാര്യം ചെയ്താണ് ഭാരതം ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. തീവ്രവാദം ലോകത്തിന് എത്ര വലിയ വെല്ലുവിളിയാണെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിയുന്നു. തീവ്രവാദം എവിടെ ആഞ്ഞടിച്ചാലും എന്ത് കാരണത്താലും ഏത് രൂപത്തിലായാലും അത് മനുഷ്യത്വത്തിന് എതിരാണ്. അത്തരമൊരു സാഹചര്യത്തില്‍, തീവ്രവാദത്തിന്റെ കാര്യത്തില്‍ നാമെല്ലാവരും എല്ലായ്പ്പോഴും അതീവ കര്‍ശനമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇതിന് മറ്റൊരു ആഗോള വശമുണ്ട്. അതിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തീവ്രവാദത്തിന്റെ നിര്‍വചനത്തില്‍ സമവായം ഉണ്ടാകാത്തത് വളരെ സങ്കടകരമാണ്. ഇന്നും തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഐക്യരാഷ്ട്രസഭയില്‍ സമവായത്തിനായി കാത്തിരിക്കുകയാണ്. മനുഷ്യരാശിയുടെ ശത്രുക്കള്‍ ലോകത്തിന്റെ ഈ മനോഭാവം മുതലെടുക്കുന്നു. ലോകമെമ്പാടുമുള്ള പാര്‍ലമെന്റുകളും പ്രതിനിധികളും തീവ്രവാദത്തിനെതിരായ ഈ പോരാട്ടത്തില്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ചിന്തിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പൊതുപങ്കാളിത്തത്തേക്കാള്‍ മികച്ചൊരു മാധ്യമം വേറെയില്ല. ഭൂരിപക്ഷത്തോടെയാണ് ഗവണ്‍മെന്റുകള്‍ രൂപീകരിക്കുന്നത്, എന്നാല്‍ രാജ്യം ഭരിക്കുന്നത് സമവായത്തിലൂടെയാണെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. നമ്മുടെ പാര്‍ലമെന്റുകള്‍ക്കും ഈ പി20 ഫോറത്തിനും ഈ വികാരം ശക്തിപ്പെടുത്താന്‍ കഴിയും. സംവാദങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും ഈ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാനുള്ള നമ്മുടെ ശ്രമങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. ഭാരതത്തിലെ നിങ്ങളുടെ താമസം സുഖകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ഉച്ചകോടിയുടെ വിജയവും ഭാരതത്തില്‍ സുഖകരമായ യാത്രയും ഞാന്‍ ഒരിക്കല്‍ കൂടി ആശംസിക്കുന്നു.
വളരെ നന്ദി.