നമസ്‌കാരം!
ദേശീയ തലത്തിലുള്ള ഈ 'തൊഴില്‍മേളകള്‍' എന്‍ഡിഎയുടെയും ബിജെപി ഗവണ്‍മെന്റിന്റെയും പുതിയ സവിശേഷതയായി മാറിയിരിക്കുന്നു. ഇന്ന് വീണ്ടും എഴുപതിനായിരത്തിലധികം യുവാക്കള്‍ക്ക് നിയമന കത്തുകള്‍ ലഭിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളും ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കാലാകാലങ്ങളില്‍ ഇത്തരം റോസ്ഗാര്‍ മേളകള്‍ സംഘടിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇക്കാലത്ത് ഗവണ്‍മെന്റ് ജോലി ലഭിക്കുന്നവര്‍ക്ക് ഇത് വളരെ നിര്‍ണായക സമയമാണ്.
'സ്വാതന്ത്ര്യത്തിന്റെ അമൃതകാല'ത്തിന്റെ' വേള ആരംഭിച്ചിരിക്കുന്നു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് നിങ്ങളുടെ ലക്ഷ്യം. വര്‍ത്തമാനകാലത്തിന് മാത്രമല്ല, രാജ്യത്തിന്റെ ശോഭനമായ ഭാവിക്കും വേണ്ടി നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം. ഇന്ന് നിയമന കത്തുകള്‍ ലഭിച്ച എല്ലാ യുവാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഇന്ത്യയില്‍ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും പുതിയ തൊഴിലവസരങ്ങള്‍ നിരന്തരം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ യുവാക്കളില്‍ വലിയൊരു വിഭാഗം സ്വയം തൊഴില്‍ സാധ്യതകള്‍ തേടുകയാണ്. ബാങ്ക് ഗ്യാരണ്ടി ഇല്ലാതെ സാമ്പത്തിക സഹായം നല്‍കുന്ന മുദ്ര യോജന കോടിക്കണക്കിന് യുവാക്കളെ സഹായിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ പ്രചാരണപരിപാടികള്‍ യുവാക്കളുടെ സാധ്യതകള്‍ കൂടുതല്‍ വര്‍ധിപ്പിച്ചു. ഗവണ്‍മെന്റില്‍ നിന്ന് സഹായം ലഭിച്ച ഈ ചെറുപ്പക്കാര്‍ ഇപ്പോള്‍ തന്നെ നിരവധി യുവാക്കള്‍ക്ക് ജോലി നല്‍കുന്നുണ്ട്.
ഈ പ്രചാരണത്തിനു കീഴില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ യുവാക്കള്‍ക്ക് വന്‍തോതില്‍ ഗവണ്‍മെന്റ് ജോലികള്‍ നല്‍കിയ രീതിയും അഭൂതപൂര്‍വമാണ്. രാജ്യത്തെ എസ്എസ്സി, യുപിഎസ്സി, ആര്‍ആര്‍ബി തുടങ്ങിയ ഗവണ്‍മെന്റ് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ ഈ ക്രമീകരണങ്ങളിലൂടെ മുമ്പെന്നത്തേക്കാളും കൂടുതല്‍ യുവാക്കള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. കൂടാതെ അല്‍പസമയം മുമ്പ് പ്രദര്‍ശിപ്പിച്ച വീഡിയോയിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.
പരീക്ഷാ പ്രക്രിയ സുതാര്യവും വ്യവസ്ഥാപിതവും ലളിതവുമാക്കുന്നതിലും ഈ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. നേരത്തെ, പരീക്ഷകളിലൂടെ റിക്രൂട്ട്മെന്റ് പ്രക്രിയയുടെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമോ ഒന്നര വര്‍ഷമോ എടുത്തിരുന്നു, കോടതിയില്‍ കേസുണ്ടായാല്‍ രണ്ടോ അഞ്ചോ വര്‍ഷം പോലും ഈ പ്രക്രിയയില്‍ പാഴായിപ്പോകും. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ ഘട്ടങ്ങളും എല്ലാ പ്രക്രിയകളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സുതാര്യമായ രീതിയില്‍ പൂര്‍ത്തിയാകുകയാണ്.
സുഹൃത്തുക്കളേ,
വികസനത്തിലേക്കുള്ള നമ്മുടെ യാത്രയില്‍ ഇന്ന് ലോകം മുഴുവന്‍ നമ്മോടൊപ്പം നടക്കാന്‍ തയ്യാറാണ്. ഇന്ത്യയില്‍ ഇത്രയും വിശ്വാസവും നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ഇത്രയും വിശ്വാസവും മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഒരു വശത്ത് ആഗോള മാന്ദ്യവും ലോകമെമ്പാടും കൊറോണ പോലെയുള്ള കടുത്ത പകര്‍ച്ചവ്യാധിയും ഉണ്ടെന്നും മറുവശത്ത് യുദ്ധം കാരണം ആഗോള വിതരണ ശൃംഖല തകരുകയാണെന്നും നിങ്ങള്‍ക്ക് ഇതിനകം തന്നെ അറിയാം. ലോകമെമ്പാടും നിരവധി വെല്ലുവിളികള്‍ ദൃശ്യമാണ്. എന്റെ യുവസുഹൃത്തുക്കളേ, നിങ്ങള്‍ ഇത് ശ്രദ്ധിക്കണം - ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, ഇന്ത്യ അതിന്റെ സമ്പദ്വ്യവസ്ഥയെ പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകുന്നു.
ഇന്ന് ലോകത്തെ മുന്‍നിര കമ്പനികള്‍ നിര്‍മ്മാണത്തിനായി ഇന്ത്യയിലെത്തുന്നു. ഇന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റെക്കോര്‍ഡ് നിലവാരത്തിലാണ്. ഇത്രയും വലിയ അളവില്‍ വിദേശ നിക്ഷേപം ഒഴുകുമ്പോള്‍, ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നു, വ്യവസായങ്ങള്‍ വികസിക്കുന്നു, പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കപ്പെടുന്നു, കയറ്റുമതി ഉയരുന്നു; സ്വാഭാവികമായും പുതിയ ചെറുപ്പക്കാരില്ലാതെ ഈ ജോലി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് തൊഴിലവസരങ്ങള്‍ വളരെ വേഗത്തില്‍ വളരുന്നത്.
നമ്മുടെ ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ സ്വകാര്യമേഖലയില്‍ ലക്ഷക്കണക്കിന് പുതിയ അവസരങ്ങള്‍ എങ്ങനെ സൃഷ്ടിച്ചു എന്നതിനെക്കുറിച്ച് വളരെ കൃത്യവും വിശദവുമായ ഒരു കുറിപ്പ് കുറച്ചുമുമ്പ് ഡോ. ജിതേന്ദ്ര സിംഗ് ജി നല്‍കിയിരുന്നു. എന്നാല്‍ ഓട്ടോമൊബൈല്‍ മേഖലയുടെ ഒരു ഉദാഹരണം നിങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ജിഡിപിയില്‍ ഈ മേഖലയുടെ സംഭാവന 6.5 ശതമാനത്തിലധികമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായം ഒരു വലിയ കുതിച്ചുചാട്ടം നടത്തി.
ഇന്ന്, ഇന്ത്യയില്‍ നിന്ന് ലോകത്തിലെ പല രാജ്യങ്ങളിലേക്കും യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും കയറ്റുമതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, നമ്മുടെ മുച്ചക്ര-ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയും ഗണ്യമായി വര്‍ദ്ധിക്കുന്നു. 10 വര്‍ഷം മുമ്പ് ഈ വ്യവസായം ഏകദേശം 5 ലക്ഷം കോടി രൂപയുടേതായിരുന്നു. ഇന്ന് ഈ വ്യവസായം 5 ലക്ഷം കോടിയില്‍ നിന്ന് 12 ലക്ഷം കോടിയിലേറെയായി കുതിച്ചുയര്‍ന്നു. ഇന്ത്യയിലും ഇലക്ട്രിക് വാഹനങ്ങള്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ പിഎല്‍ഐ പദ്ധതിയിലൂടെ ഓട്ടോമൊബൈല്‍ മേഖലയും ശക്തമായ ഉത്തേജനം നേടുകയാണ്. അതിവേഗത്തില്‍ മുന്നേറുന്ന ഇത്തരം മേഖലകള്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്.
സുഹൃത്തുക്കളേ,
ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സുസ്ഥിരവും കൂടുതല്‍ സുരക്ഷിതവും ശക്തവുമായ രാജ്യമാണ് ഇന്ത്യ ഇന്ന്. രാഷ്ട്രീയ അഴിമതി, പദ്ധതികളിലെ ക്രമക്കേടുകള്‍, പൊതുപണം ദുരുപയോഗം എന്നിവ മുന്‍ ഗവണ്‍മെന്റുകളുടെയെല്ലാം മുഖമുദ്രയായി മാറിയിരുന്നു. ഇന്ന് ഇന്ത്യ അതിന്റെ രാഷ്ട്രീയ സ്ഥിരതയ്ക്ക് പേരുകേട്ടതാണ്. ലോകത്ത് രാഷ്ട്രീയ സ്ഥിരത വളരെ പ്രധാനമാണ്.
ധീരമായ തീരുമാനങ്ങളിലൂടെയാണ് ഇന്ന് ഇന്ത്യയിലെ ഗവണ്‍മെന്റ് തിരിച്ചറിയപ്പെടുന്നത്; ഒരു ഇഛാശക്തിയുള്ള ഗവണ്‍മെന്റ്. സാമ്പത്തികവും പുരോഗമനപരവുമായ സാമൂഹിക പരിഷ്‌കരണങ്ങളുടെ പേരില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇന്ന് അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഹൈവേയുടെയോ റെയില്‍വേയുടെയോ നിര്‍മ്മാണമോ, ജീവിക്കാനുള്ള സൗകര്യമോ വ്യവസായം ചെയ്യാനുള്ള എളുപ്പമോ ആകട്ടെ, ഇന്ത്യ ഇന്ന് മുന്‍ ഗവണ്‍മെന്റുകളുടെ കാലത്തേക്കാള്‍ വളരെ മെച്ചമാണെന്ന് ആഗോള ഏജന്‍സികള്‍ നിരന്തരം പ്രഖ്യാപിക്കുകയും പ്രവചിക്കുകയും ആത്മവിശ്വാസത്തോടെ പറയുകയും ചെയ്യുന്നു.
മുന്‍ ഗവണ്‍മെന്റുകളേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. വര്‍ഷങ്ങളായി, ഇന്ത്യ അതിന്റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലും സാമൂഹിക അടിസ്ഥാന സൗകര്യങ്ങളിലും ലക്ഷക്കണക്കിന് കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് കോടി രൂപയുടെ ഈ നിക്ഷേപം കോടിക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഇനി നമ്മുടെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട വിഷയമായ സാമൂഹിക അടിസ്ഥാനസൗകര്യത്തിന്റെ ഒരു ഉദാഹരണം പറയാം; അതും വെള്ളത്തിന്റെ ഉദാഹരണം. വെള്ളത്തിനായി ഞങ്ങള്‍ ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചു. ജല്‍ ജീവന്‍ മിഷനായി ഏകദേശം 4 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഈ ദൗത്യം ആരംഭിക്കുമ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ 100 വീടുകളില്‍ 15 വീടുകളില്‍ മാത്രമാണ് പൈപ്പ് ജലവിതരണം നടത്തിയിരുന്നത്. ഇതൊരു ശരാശരി കണക്കാണ്. 100 വീടുകളില്‍ 15 വീടുകളിലാണ് പൈപ്പ് വെള്ളമാണ് ലഭിച്ചിരുന്നത്. ഇന്ന്, ജല്‍ ജീവന്‍ മിഷന്‍ കാരണം, ഓരോ 100 വീടുകളിലും അറുപത്തിരണ്ട് (62) വീടുകളില്‍ പൈപ്പ് ജലവിതരണം ലഭ്യമാണ്, ജോലി ഇപ്പോഴും ദ്രുതഗതിയില്‍ നടക്കുന്നു. ഇന്ന്, രാജ്യത്തെ 130 ജില്ലകളില്‍ എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും പൈപ്പ് വെള്ളം ലഭ്യമാണ്, അത് ഒരു ചെറിയ വിസ്തൃതിയല്ല.
സുഹൃത്തുക്കളേ,
ശുദ്ധമായ കുടിവെള്ളം ഇപ്പോള്‍ എത്തുന്നതിനാല്‍ ജനങ്ങളുടെ സമയവും ലാഭിച്ചു. അതിലും പ്രധാനമായി, അവര്‍ ഇപ്പോള്‍ ഗുരുതരമായ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നു. നല്ല ആരോഗ്യം ഉറപ്പാക്കാനുള്ള മികച്ച ഔഷധം പോലെയാണ് കുടിവെള്ളം. എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിത്തുടങ്ങിയപ്പോള്‍ വയറിളക്കം മൂലമുള്ള 4 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാനാകുമെന്നും അല്ലെങ്കില്‍ 4 ലക്ഷം ജീവന്‍ രക്ഷിക്കാനായെന്നും ഒരു പഠനം വെളിപ്പെടുത്തി. അതായത് ജല്‍ ജീവന്‍ മിഷന്‍ 4 ലക്ഷം ആളുകളുടെ ജീവന്‍ രക്ഷിച്ചു.
എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് 8 ലക്ഷം കോടിയിലധികം രൂപ ലാഭിക്കാനാകുമെന്നും ഈ പഠനം പറയുന്നു. അതായത് പാവപ്പെട്ടവരുടെയും ഇടത്തരം കുടുംബങ്ങളുടെയും പണം ലാഭിക്കുന്നു. നേരത്തെ ജലവിതരണത്തിനും ജലജന്യ രോഗങ്ങളുടെ ചികിത്സയ്ക്കുമായി ഈ പണം ചെലവഴിക്കേണ്ടി വന്നിരുന്നു. ജല്‍ ജീവന്റെ മറ്റൊരു പ്രധാന നേട്ടം സ്ത്രീകള്‍ക്ക് ധാരാളം സമയം ലാഭിക്കുമെന്നതാണ്.
ഈ 'റോസ്ഗാര്‍ മേള'യില്‍ ജോലി ലഭിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും, ഗവണ്‍മെന്റ് ആവിഷ്‌കരിച്ചിട്ടുള്ള ഓരോ പദ്ധതിക്കും വലിയ ഗുണനഫലം ഉണ്ടെന്ന്. ജല്‍-ജീവന്‍ ദൗത്യത്തിന്റെ ഉദാഹരണം ഞാന്‍ നിങ്ങളുടെ മുന്നില്‍ വെച്ചിട്ടുണ്ട്. അതുപോലെ, നിങ്ങള്‍ ഇപ്പോള്‍ ഗവണ്‍മെന്റ് സംവിധാനത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ വകുപ്പിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് നിങ്ങള്‍ കഠിനമായി പരിശ്രമിക്കുകയും എല്ലാ ഗവണ്‍മെന്റ് പദ്ധതികളും അതിവേഗം വിജയിപ്പിക്കുകയും ചെയ്യും. നിങ്ങളിലുള്ള എന്റെ വിശ്വാസവും നിങ്ങളില്‍ നിന്നുള്ള എന്റെ പ്രതീക്ഷയും ഇതാണ്.
സുഹൃത്തുക്കളേ,
രാജ്യത്ത് നടക്കുന്ന ഈ തൊഴില്‍ മേളകള്‍ സുതാര്യതയുടെയും സദ്ഭരണത്തിന്റെയും തെളിവാണ്. നമ്മുടെ രാജ്യത്തെ രാജവംശ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാ വ്യവസ്ഥിതിയിലും സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നത് നമ്മള്‍ എല്ലാവരും കണ്ടതാണ്. ഗവണ്‍മെന്റ് ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഈ രാജവംശ പാര്‍ട്ടികള്‍ സ്വജനപക്ഷപാതവും പ്രീണനവും അഴിമതിയും പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഈ രാജവംശ പാര്‍ട്ടികള്‍ രാജ്യത്തെ കോടിക്കണക്കിന് യുവാക്കളെ വഞ്ചിച്ചു.
2014ല്‍ നമ്മുടെ ഗവണ്‍മെന്റ് രൂപീകരിച്ചതിന് ശേഷം റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ സുതാര്യതയുണ്ടായി, സ്വജനപക്ഷപാതവും അവസാനിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിലെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിലെ അഭിമുഖം നിര്‍ത്തലാക്കിയതിലൂടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് നേട്ടമുണ്ടായി. ഒരു വശത്ത് നമ്മുടെ ഗവണ്‍മെന്റിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് സ്വജനപക്ഷപാതമുണ്ട്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ പുറത്തേക്ക് വരുന്നതിനാല്‍ എന്റെ ചെറുപ്പക്കാര്‍ ഇത് പൂര്‍ണ്ണമായും മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഒന്നോ രണ്ടോ ദിവസം മുമ്പുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ കണ്ടിരിക്കണം; പത്രങ്ങളിലും ടിവിയിലും ധാരാളം കണ്ടു. സംസ്ഥാനങ്ങളിലൊന്നില്‍, 'ജോലി കിട്ടാന്‍ പണം' എന്നതുമായി ബന്ധപ്പെട്ട അഴിമതി എന്റെ രാജ്യത്തെ യുവാക്കളില്‍ വളരെയധികം ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അപ്പോള്‍, ആ സംസ്ഥാനത്തെ വ്യവസ്ഥിതി എന്താണ്? ഗവണ്‍മെന്റ് ജോലി മേഖലയില്‍ എല്ലാ തസ്തികകള്‍ക്കും 'നിരക്കു കാര്‍ഡുകള്‍' ഉണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ ഭക്ഷണത്തിനായി ഒരു ഹോട്ടലില്‍ പോകുമ്പോള്‍, ഒരു നിരക്കു കാര്‍ഡ് ഉണ്ട്, അതുപോലെ എല്ലാ നിയമനങ്ങള്‍ക്കും ഒരു 'നിരക്കു കാര്‍ഡ്' ഉണ്ട്. ഈ സംവിധാനത്തിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുകയും ചെയ്യുന്നു. പിന്നെ എങ്ങനെയുണ്ട്? നിങ്ങള്‍ക്ക് ഒരു തൂപ്പു ജോലി വേണമെങ്കില്‍, ആ ജോലി ലഭിക്കുന്നതിന് നിങ്ങള്‍ ഈ പ്രത്യേക നിരക്ക് കൈക്കൂലിയായി നല്‍കേണ്ടിവരും. നിങ്ങള്‍ക്ക് ഒരു ഡ്രൈവര്‍ ജോലി വേണമെങ്കില്‍ ഡ്രൈവറുടെ ജോലി ലഭിക്കാന്‍ ഈ നിരക്ക് ബാധകമായിരിക്കും; നിങ്ങള്‍ക്ക് ഒരു ഗുമസ്തന്റെ ജോലിയോ അദ്ധ്യാപകന്റെ ജോലിയോ ഒരു നഴ്സിന്റെ ജോലിയോ വേണമെങ്കില്‍, നിങ്ങള്‍ക്ക് പ്രത്യേക നിരക്കുകള്‍ ബാധകമാണ്. ഒന്നു ചിന്തിച്ചു നോക്കു! എല്ലാ തസ്തികകള്‍ക്കും ആ സംസ്ഥാനത്ത് 'നിരക്കു കാര്‍ഡ്' ഉപയോഗിക്കുന്നു, കൈക്കൂലി പണം അവിടെ വ്യാപകമാണ്. രാജ്യത്തെ യുവാക്കള്‍ എങ്ങോട്ട് പോകും? ഈ സ്വാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ ജോലിക്ക് 'നിരക്കു കാര്‍ഡുകള്‍' ഉണ്ടാക്കുന്നു.
ഇപ്പോഴിതാ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു കേസ് കൂടി പുറത്തുവന്നു. ഒരു റെയില്‍വേ മന്ത്രി പാവപ്പെട്ട കര്‍ഷകര്‍ക്ക് ജോലി നല്‍കുന്നതിന് പകരം അവരുടെ ഭൂമി എഴുതിവാങ്ങി. അതായത് 'ജോലിക്ക് ഭൂമി' എന്ന സംവിധാനം. ഈ കേസും സിബിഐ അന്വേഷിക്കുന്നുണ്ട്. അത് കോടതിയില്‍ നടക്കുകയാണ്.
സഹോദരീ സഹോദരന്മാരേ,
രണ്ട് കാര്യങ്ങളാണ് നിങ്ങളുടെ മുന്നിലുള്ളത് - ഒരു വശത്ത് രാജവംശ കക്ഷികള്‍, സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടികള്‍, അഴിമതിയിലൂടെ തൊഴില്‍ നല്‍കാനെന്ന പേരില്‍ രാജ്യത്തെ യുവാക്കളെ കൊള്ളയടിക്കുന്ന പാര്‍ട്ടികള്‍, ജോലിക്കു കൈക്കുലി നിരക്കു കാര്‍ഡുള്ള പാര്‍ട്ടികള്‍. എല്ലാത്തിനും റേറ്റ് കാര്‍ഡുകള്‍, കൈക്കൂലിപ്പണം വാങ്ങുന്നു; മറുവശത്ത്, യുവാക്കളുടെ ശോഭനമായ ഭാവി സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നിരക്കു കാര്‍ഡുകള്‍ നിങ്ങളുടെ കഴിവുകളെയും നിങ്ങളുടെ സാധ്യതകളെയും നിങ്ങളുടെ സ്വപ്നങ്ങളെയും തകര്‍ക്കുന്നു. നിങ്ങളെ സംരക്ഷിക്കാനും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി ജീവിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ തീരുമാനങ്ങള്‍ നിറവേറ്റുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ കുടുംബങ്ങളുടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും അഭിലാഷങ്ങളും അഭിലാഷങ്ങളും സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ യുവാക്കളുടെ ഭാവി റേറ്റ് കാര്‍ഡുകളെ ആശ്രയിച്ചിരിക്കുമോ അതോ സുരക്ഷാ സംവിധാനത്തിന് കീഴില്‍ സുരക്ഷിതമായി തഴച്ചുവളരുമോ എന്ന് ഇപ്പോള്‍ രാജ്യം തീരുമാനിക്കും.
സുഹൃത്തുക്കളേ,
ഒരു വശത്ത്, ഈ രാജവംശ പാര്‍ട്ടികള്‍ രാജ്യത്തെ സാധാരണക്കാരില്‍ നിന്ന് വളര്‍ച്ചയുടെയും പുരോഗതിയുടെയും അവസരങ്ങള്‍ തട്ടിയെടുക്കുന്നു; മറുവശത്ത്, രാജ്യത്തെ സാധാരണക്കാര്‍ക്ക് ഞങ്ങള്‍ ദിവസവും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ നാട്ടിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ പരസ്പരം പോരടിക്കാനും നാടിനെ തകര്‍ക്കാനും ഭാഷയെ ആയുധമാക്കിയിട്ടുണ്ട്, എന്നാല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും അവരെ ശാക്തീകരിക്കാനും ഞങ്ങള്‍ ഭാഷയെ മാധ്യമമാക്കുകയാണ്. ആരെങ്കിലും തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു ഭാഷയും അവന് തടസ്സമാകരുതെന്ന് നമ്മുടെ ഗവണ്‍മെന്റ് ഉറപ്പാക്കുന്നു. റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്കും പ്രവേശന പരീക്ഷകള്‍ക്കും മാതൃഭാഷ ഉപയോഗിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നു. അതുകൊണ്ട്, എന്റെ നാട്ടിലെ മക്കളും പുത്രിമാരും നമ്മുടെ യുവാക്കളും അതിന്റെ പരമാവധി നേട്ടം കൊയ്യുന്നു. പ്രാദേശിക ഭാഷയില്‍ പരീക്ഷ നടത്തുന്നതിലൂടെ യുവാക്കള്‍ക്ക് തങ്ങളുടെ കഴിവ് അനായാസം തെളിയിക്കാനുള്ള അവസരമാണ് ലഭിച്ചത്.
സുഹൃത്തുക്കളേ,
അതിവേഗം കുതിച്ചുയരുന്ന ഇന്നത്തെ ഇന്ത്യയില്‍ ഗവണ്‍മെന്റ് സംവിധാനങ്ങളും ഗവണ്‍മെന്റ് ജീവനക്കാരുടെ പ്രവര്‍ത്തനരീതിയും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സേവനങ്ങള്‍ ലഭിക്കാന്‍ രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് ഓഫീസുകള്‍ വീണ്ടും വീണ്ടും സന്ദര്‍ശിക്കേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഗവണ്‍മെന്റ് അതിന്റെ എല്ലാ സേവനങ്ങളും രാജ്യത്തെ പൗരന്മാരുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് ജനങ്ങളുടെ പ്രതീക്ഷകളും പ്രദേശങ്ങളുടെ ആവശ്യങ്ങളും മനസ്സിലാക്കി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു. വിവിധ ഗവണ്‍മെന്റ് ഓഫീസുകളും വകുപ്പുകളും പൊതുജനങ്ങളോട് സംവേദനക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന.
നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും ഡിജിറ്റല്‍ സേവനങ്ങളിലൂടെയും ഗവണ്‍മെന്റ് സേവനങ്ങളിലേക്കും സൗകര്യങ്ങളിലേക്കും പ്രവേശനം നേടുന്നത് ഇപ്പോള്‍ വളരെ എളുപ്പമായിരിക്കുന്നു. പൊതു പരാതി സംവിധാനവും തുടര്‍ച്ചയായി ശക്തിപ്പെടുത്തുകയാണ്. ഈ മാറ്റങ്ങള്‍ക്കിടയില്‍, നിങ്ങളും രാജ്യത്തെ പൗരന്മാരോട് പൂര്‍ണ്ണ സംവേദനക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിങ്ങള്‍ ഈ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകണം. ഇതുകൂടാതെ, തുടര്‍ച്ചയായി പുതിയ എന്തെങ്കിലും പഠിക്കാനുള്ള പ്രവണത നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കുക.
ഗവണ്‍മെന്റ് സേവനങ്ങളിലേക്കുള്ള പ്രവേശനം നിങ്ങളുടെ ജീവിതാഭിലാഷങ്ങളുടെ അവസാനമാകില്ല. ഇതിനപ്പുറം പോയി പുതിയ ഉയരങ്ങള്‍ കൈവരിക്കണം. പുതിയ സ്വപ്നങ്ങള്‍, പുതിയ തീരുമാനങ്ങള്‍, പുതിയ സാധ്യതകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉദയം ചെയ്യണം. ഇതിനായി ഐഗോട്ട് ( iGoT) എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഗവണ്‍മെന്റ് പുതിയ സൗകര്യം ഒരുക്കിയിട്ടുണ്ട്. അടുത്തിടെ, അതിന്റെ ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷം കടന്നു.
ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമായ കോഴ്സുകളുടെ പൂര്‍ണ്ണ പ്രയോജനം ലഭ്യമാക്കുക. ഇത് നിങ്ങളുടെ ജോലിക്ക് വളരെ ഉപകാരപ്രദമാകും. കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ നിങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കും. സുഹൃത്തുക്കളേ, എനിക്ക് നിങ്ങളെ ഈ സ്ഥലത്തിനപ്പുറം കാണണം. നിങ്ങള്‍ മുന്നോട്ട് പോയാല്‍ രാജ്യവും മുന്നോട്ട് പോകും. ഈ 25 വര്‍ഷം നിങ്ങളുടെ പുരോഗതിക്കും രാജ്യത്തിന്റെ പുരോഗതിക്കും വേണ്ടിയുള്ളതാണ്.
വരൂ,
അമൃതകാലത്തിന്റെ അടുത്ത 25 വര്‍ഷത്തെ യാത്രയില്‍ നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് നടക്കാം, വികസിത ഇന്ത്യയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള ദിശയില്‍ അതിവേഗം മുന്നേറാം. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അഭിനന്ദിക്കുന്നു.
വളരെ നന്ദി!