ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്ര സര്‍ക്കാരിലെ എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകരേ, ഈ മണ്ണിന്റെ മകന്‍ സുരേഷ് ഗോപി ജി!
ഈ ദുരന്തത്തെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞതു മുതല്‍, ഞാന്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തുകയും, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുമിരുന്നു. ഈ ദുരന്തത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കാലതാമസമില്ലാതെ സജ്ജരാകേണ്ടതും, നാശനഷ്ടം സംഭവിച്ചവരെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളില്‍ നാം ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഇതൊരു സാധാരണ ദുരന്തമല്ല; എണ്ണമറ്റ കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും അത് തകര്‍ത്തു. പ്രകൃതിക്ഷോഭത്തിന്റെ വ്യാപ്തി ഞാന്‍ നേരിട്ട് കണ്ടു, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന നിരവധി ദുരിതബാധിത കുടുംബങ്ങളെ സന്ദര്‍ശിച്ചു, അവരുടെ വേദനാജനകമായ അനുഭവങ്ങളുടെ നേരിട്ടുള്ള വിവരണങ്ങള്‍ ഞാന്‍ കേട്ടു. കൂടാതെ, ഈ ദുരന്തം മൂലമുണ്ടായ പരിക്കുകള്‍ കാരണം കഠിനമായ കഷ്ടപ്പാടുകള്‍ സഹിക്കുന്ന രോഗികളെ ഞാന്‍ ആശുപത്രികളില്‍ കണ്ടു.
പ്രതിസന്ധി ഘട്ടങ്ങളില്‍, നമ്മുടെ കൂട്ടായ പരിശ്രമങ്ങള്‍ അസാമാന്യ ഫലങ്ങള്‍ നല്‍കുന്നു. അന്നു രാവിലെ തന്നെ ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ആവശ്യമായ എല്ലാ വിഭവ സമാഹണവും നടത്തി, കഴിയുന്നത്ര വേഗത്തില്‍ എത്തുമെന്നും ഉറപ്പ് നല്‍കി. ഞാന്‍ ഉടന്‍ തന്നെ നമ്മുടെ ഒരു സഹമന്ത്രിയെ സംഭവസ്ഥലത്തേക്ക് അയച്ചു. ദ്രുതവും ദൃഢവുമായ പ്രതികരണമാണ് വിവിധ സംഘടനകളില്‍ നിന്നും ലഭിച്ചത്. SDRF, NDRF, സായുധ സേന, പോലീസ്, പ്രാദേശിക മെഡിക്കല്‍ സ്റ്റാഫ്, എന്‍ ജി ഒകള്‍ എന്നിവയെല്ലാം ദുരന്തബാധിതരായ വ്യക്തികളെ സഹായിക്കാന്‍ ഉടനടി രംഗത്തെത്തി്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ അനുഭവിക്കുന്ന നഷ്ടം പൂര്‍ണമായി നികത്തുക എന്നത് മനുഷ്യസാധ്യമായതിന് അപ്പുറമാണെങ്കിലും, അവരുടെ ഭാവിയും അവരുടെ സ്വപ്നങ്ങളും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ നിര്‍ണായക സമയത്ത് ഇന്ത്യാ ഗവണ്‍മെന്റും രാഷ്ട്രവും ഇരകള്‍ക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു.
ഇന്നലെ നമ്മുടെ ഒരു മന്ത്രിതല ഏകോപന സംഘത്തെ ഞാന്‍ പ്രദേശത്തേക്ക് അയച്ചു. അവര്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായും പ്രാദേശിക ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം, ഇപ്പോള്‍ വിലയിരുത്തല്‍ പൂര്‍ത്തിയാക്കി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നെ അറിയിച്ചതനുസരിച്ച്, അദ്ദേഹം വിശദമായ മെമ്മോറാണ്ടം നല്‍കും. ഈ കുടുംബങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ദുഃഖത്തിന്റെ ഈ നിമിഷത്തില്‍, സംസ്ഥാന സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും, രാജ്യത്തെ പൗരന്മാരുമെല്ലാവരും നിങ്ങള്‍ക്കുള്ള പിന്തുണയില്‍ ഒറ്റക്കെട്ടാണ്.
ദുരന്തനിവാരണത്തിനായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കീഴില്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു, ബാക്കി തുകയും ഉടന്‍
തന്നെ അനുവദിച്ചു. മെമ്മോറാണ്ടം ലഭിച്ചുകഴിഞ്ഞാല്‍, ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരുമായി ഉദാരമായി സഹകരിക്കും. ഫണ്ടിന്റെ അഭാവം കാര്യങ്ങള്‍ നടത്താന്‍ തടസ്സമാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
ജീവഹാനി സംബന്ധിച്ച്, ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് എല്ലാം നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമേകണം. അവരെ പിന്തുണയ്ക്കാന്‍ ഒരു ദീര്‍ഘകാല പദ്ധതി ആവശ്യമാണ്. ഇതിനായി സംസ്ഥാന ഗവണ്‍മെന്റ് വിശദമായ പദ്ധതി തയ്യാറാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഇതിനാവശ്യമായ എന്ത്് അധിക സഹായവും ഇന്ത്യാ ഗവണ്‍മെന്റ് ഒരുക്കും.
മുഖ്യമന്ത്രി എന്നോട് പങ്കുവെച്ചതുപോലെ, സമാനമായ ഒരു ദുരന്തം ഞാന്‍ അടുത്ത് നിന്ന് അനുഭവിച്ചിട്ടുണ്ട്. 1979ല്‍, ഏകദേശം 4045 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഗുജറാത്തിലെ മോര്‍ബിയില്‍ ഒരു അണക്കെട്ട് ഉണ്ടായിരുന്നു, അത് കനത്ത മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആ തകര്‍ച്ചയുടെ ഫലമായി മൊര്‍ബി നഗരത്തിലേക്ക് വെള്ളമൊഴുകി, നഗരത്തിലുടനീളം ജലനിരപ്പ് 10 മുതല്‍ 12 അടി വരെ ഉയരാന്‍ കാരണമായി. ആ ദുരന്തത്തില്‍ 2,500ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അണക്കെട്ട് മണ്ണുകൊണ്ട് നിര്‍മ്മിച്ചതിനാല്‍ എല്ലാ വീടുകളിലും ചെളി പരന്നു. ഏകദേശം ആറുമാസത്തോളം ഞാന്‍ അവിടെ ഒരു സന്നദ്ധപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു, ചെളി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും അത് സൃഷ്ടിക്കുന്ന വെല്ലുവിളികളും ഞാന്‍ നിരന്തരം നേരിട്ടു. എന്റെ സന്നദ്ധസേവന അനുഭവം ഈ ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ നല്‍കി. അതുകൊണ്ട് തന്നെ, ചെളിയില്‍ കുടുങ്ങിയ കുടുംബങ്ങളുടെ അവസ്ഥ എത്രമാത്രം ദുഷ്‌കരമായിരിക്കുമെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും, അതിജീവിക്കാന്‍ കഴിഞ്ഞവര്‍ യഥാര്‍ത്ഥ ഭാഗ്യവാന്മാരാണെന്ന് തോന്നുന്നു, അവര്‍ ദൈവിക ഇടപെടലിനാല്‍ അനുഗ്രഹിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തു.
സാഹചര്യത്തിന്റെ ഗൗരവം ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുകയും രാജ്യവും ഇന്ത്യാ ഗവണ്‍മെന്റും എല്ലാ സഹായങ്ങളും ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ വിശദാംശങ്ങള്‍ നല്‍കിയാല്‍ ഭവനനിര്‍മ്മാണം, സ്‌കൂളുകളുടെ നിര്‍മ്മാണം, റോഡ് അടിസ്ഥാന സൗകര്യങ്ങള്‍, ഈ കുട്ടികളുടെ ഭാവിയിലേക്കുള്ള ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ച് ഞങ്ങള്‍ കാലതാമസം കൂടാതെ ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുമെന്ന പ്രതിബദ്ധത ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ സന്ദര്‍ശനം തടസ്സമാകുമെന്ന് ഞാന്‍ ആദ്യം ആശങ്കപ്പെട്ടിരുന്നു.
എന്നിരുന്നാലും, ഇന്നത്തെ സ്ഥിതിഗതികള്‍ സമഗ്രമായി വിലയിരുത്തിയ ശേഷം, നേരിട്ടുള്ള വിവരങ്ങള്‍ ഉള്ളത് കൂടുതല്‍ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നുവെന്ന് ഞാന്‍ കണ്ടെത്തി. മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.
നന്ദി!