നമസ്‌കാരം ജി!
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ് ജി, സംസ്ഥാന മന്ത്രിമാരേ, എംഎൽഎമാരേ, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളേ, ജയ്-ജോഹാർ (ആശംസകൾ)!
മാ ദന്തേശ്വരി, മാ ബംലേശ്വരി, മാ മഹാമായ എന്നിവരെ ഞാൻ ആദരപൂർവം വണങ്ങുന്നു. ഛത്തീസ്ഗഢിലെ അമ്മമാർക്കും സഹോദരിമാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. രണ്ടാഴ്ച മുമ്പ് ഛത്തീസ്ഗഢിൽ 35,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഞാൻ നിർവഹിച്ചു. ഇന്ന്, സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി മഹ്താരി വന്ദൻ യോജന ആരംഭിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. മഹ്താരി വന്ദൻ യോജനയ്ക്ക് കീഴിൽ, ഛത്തീസ്ഗഢിലെ 70 ലക്ഷത്തിലധികം അമ്മമാർക്കും സഹോദരിമാർക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് പ്രതിജ്ഞയെടുത്തു. ഈ വാഗ്ദാനമാണ് ബിജെപി ഗവണ്മെന്റ് നിറവേറ്റിയത്. ഇന്ന് മഹ്താരി വന്ദൻ യോജനയുടെ ആദ്യ ഗഡുവായി 655 കോടി രൂപ വിതരണം ചെയ്തു. സ്‌ക്രീനിൽ നിരവധി സഹോദരിമാരെ ഞാൻ കാണുന്നു! സഹോദരിമാരേ, നിങ്ങളുടെ അനുഗ്രഹങ്ങൾ ചൊരിഞ്ഞ്, വിവിധ സ്ഥലങ്ങളിൽ ഇത്രയധികംപേർ ഒത്തുകൂടിയതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് തീർച്ചയായും ഞങ്ങളുടെ ഭാഗ്യമാണ്. ഇന്നത്തെ പരിപാടിയുടെ പ്രാധാന്യം വളരെ വലുതാണ്, ഛത്തീസ്ഗഢിൽ നിങ്ങളുടെ ഇടയിൽ ഇന്നു ഞാൻ ഉണ്ടാകേണ്ടതായിരുന്നു. എന്നിരുന്നാലും, മുൻനിശ്ചയിച്ച പരിപാടികൾ കാരണം ഞാൻ ഇപ്പോൾ ഉത്തർപ്രദേശിലാണ്. അമ്മമാരേ, സഹോദരിമാരേ, ഞാൻ ഇപ്പോൾ കാശിയിൽ നിന്നാണ് നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇന്നലെ രാത്രി, ഞാൻ ബാബ വിശ്വനാഥിന്റെ പാദങ്ങളിൽ സ്വയം സമർപ്പിച്ചു. എന്റെ നാട്ടുകാരുടെ ക്ഷേമത്തിനായി പ്രാർത്ഥിച്ചു, അദ്ദേഹത്തെ ആരാധിച്ചു. ഇന്ന്, ബാബ വിശ്വനാഥന്റെ നാട്ടിൽനിന്ന്, പുണ്യനഗരമായ കാശിയിൽനിന്ന് നിങ്ങളുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിനാൽ, ഞാൻ എന്റെ അഭിനന്ദനങ്ങൾ മാത്രമല്ല, ബാബ വിശ്വനാഥിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് അയയ്ക്കുന്നു. രണ്ട് ദിവസം മുമ്പ് ശിവരാത്രി ആയിരുന്നു, ശിവരാത്രി ആയതിനാൽ മാർച്ച് 8ന് വനിതാ ദിനത്തിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത് പ്രായോഗികമായിരുന്നില്ല. അതിനാൽ, ഒരുതരത്തിൽ, മാർച്ച് 8ന്, ശിവരാത്രിയോട് ചേർന്ന് വനിതാ ദിനം വന്നു, ഇന്ന്, നിങ്ങൾ 1000 രൂപയാൽ അനുഗ്രഹിക്കപ്പെടുന്നു. അതേ സമയം നിങ്ങൾക്ക് കൂടുതൽ ശക്തമായ വിധത്തിൽ ബാബ ഭോലെയുടെ നഗരത്തിൽ നിന്ന് ബാബ ഭോലെയിൽ നിന്നുള്ള അനുഗ്രഹം ലഭിക്കുന്നു. ഈ പണം ഇനി എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് യാതൊരു അസൗകര്യവും കൂടാതെ എത്തുമെന്ന് ഓരോ മഹ്താരി(അമ്മ)ക്കും ഞാൻ ഉറപ്പ് നൽകുന്നു. ഛത്തീസ്ഗഢിലെ ബിജെപി ഗവണ്മെന്റിനെ എനിക്കു വിശ്വാസമാണ്. അതിനാൽ ഞാൻ ഈ ഉറപ്പ് നൽകുന്നു.
അമ്മമാരേ സഹോദരിമാരേ,
അമ്മമാരും സഹോദരിമാരും ശാക്തീകരിക്കപ്പെടുമ്പോൾ, കുടുംബം മുഴുവൻ ശക്തി പ്രാപിക്കുന്നു. അതിനാൽ, ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ പ്രഥമ പരിഗണന നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ക്ഷേമത്തിനാണ്. ഇന്ന്, കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിക്കുന്നു - അതും സ്ത്രീകളുടെ പേരിലാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്! താങ്ങാനാകുന്ന വിലയിൽ ഉജ്വല ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാണ് – അതും സ്ത്രീകളുടെ പേരിലാണ്! ജൻധൻ അക്കൗണ്ടുകളുടെ 50 ശതമാനത്തിലധികം നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പേരിലാണ്!
വിതരണം ചെയ്യപ്പെടുന്ന മുദ്രാ വായ്പകളിൽ 65 ശതമാനത്തിലേറെയും നമ്മുടെ സ്ത്രീകൾക്കാണു നൽകുന്നത്. നമ്മുടെ സഹോദരിമാർ, അമ്മമാർ, പ്രത്യേകിച്ച് ചെറിയ പെൺമക്കൾ എന്നിവർ ഈ വായ്പകൾ ഉപയോഗിച്ച് നിർണ്ണായക ചുവടുകൾ എടുത്ത് അവരുടെ സംരംഭങ്ങൾ ആരംഭിച്ചു! കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ, നമ്മുടെ ഗവണ്മെന്റ് 10 കോടിയിലധികം സ്വയംസഹായസംഘങ്ങളിലെ സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചു. ഞങ്ങളുടെ ഗവൺമെന്റിന്റെ സംരംഭങ്ങളുടെ ഫലമായി രാജ്യത്തുടനീളം ഒരുകോടിയിലധികം “ലഖ്പതി ദീദിമാർ” ഉയർന്നുവന്നു. എല്ലാ ഗ്രാമങ്ങളിലും ഒരു പ്രധാന സാമ്പത്തിക ശക്തിയെ ഇതു പ്രതിനിധാനം ചെയ്യുന്നു. ഈ വിജയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തെ മൂന്നു കോടി സ്ത്രീകളെ “ലഖ്പതി ദീദിമാരാ”യി ശാക്തീകരിക്കുക എന്ന മഹത്തായ ലക്ഷ്യം ഞങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. നമോ ഡ്രോൺ ദീദി പദ്ധതി സ്ത്രീശാക്തീകരണത്തിന് പുതിയ വഴിയൊരുക്കി. നാളെ, നമോ ഡ്രോൺ ദീദിക്കായി ഞാൻ പ്രധാന പരിപാടി സംഘടിപ്പിക്കുകയാണ്. നമോ ഡ്രോൺ ദീദി ഏറ്റെടുക്കുന്ന ശ്രദ്ധേയമായ പ്രവർത്തനത്തിന് സാക്ഷ്യം വഹിക്കാൻ രാവിലെ 10-11 മണിയോടെ നിങ്ങളുടെ ടിവി കാണാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. നിങ്ങൾക്ക് അത് നേരിട്ട് കാണുനാകും. ഭാവിയിൽ ആവേശത്തോടെ പങ്കെടുക്കാൻ പ്രചോദനം നൽകും. ഈ പദ്ധതിക്ക് കീഴിൽ, ബിജെപി ഗവണ്മെന്റ് സ്ത്രീകൾക്ക് ഡ്രോണുകൾ നൽകുകയും ഡ്രോൺ പൈലറ്റുമാരാകാൻ അവരെ സഹായിക്കുന്നതിന് പരിശീലനം നൽകുകയും ചെയ്യും. “എനിക്ക് സൈക്കിൾ ഓടിക്കാൻ പോലും അറിയില്ലായിരുന്നു, ഇന്ന് ഞാൻ ഒരു ഡ്രോൺ ദീദി പൈലറ്റാണ്” എന്ന് പറഞ്ഞ ഒരു സ്ത്രീയുമായുള്ള അഭിമുഖം ഞാൻ ഓർക്കുന്നു. ഈ സംരംഭം കൃഷിയെ നവീകരിക്കുകയും സ്ത്രീകൾക്ക് അധിക വരുമാനം സൃഷ്ടിക്കുകയും ചെയ്യും. ഞാൻ ഈ പദ്ധതി നാളെ ഡൽഹിയിൽ നിന്ന് ആരംഭിക്കുകയാണ്. ഒരിക്കൽ കൂടി എന്നോടൊപ്പം ചേരാൻ നിങ്ങളെ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു.
അമ്മമാരേ സഹോദരിമാരേ,
ഒരു കുടുംബം അഭിവൃദ്ധി പ്രാപിക്കുന്നത് അതിലെ അംഗങ്ങൾ ആരോഗ്യമുള്ളവരായിരിക്കുമ്പോഴാണ്. കുടുംബത്തിന്റെ ക്ഷേമം അതിലെ സ്ത്രീകളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. മുമ്പ്, ഗർഭകാലത്തെ മാതൃ-ശിശു മരണനിരക്ക് ആശങ്കാജനകമായിരുന്നു. ഇത് പരിഹരിക്കുന്നതിനായി ഞങ്ങൾ സൗജന്യ പ്രതിരോധകുത്തിവയ്പു പരിപാടി നടപ്പിലാക്കുകയും ഗർഭിണികൾക്ക് 5000 രൂപ സഹായം നൽകുകയും ചെയ്തു. കൂടാതെ, ആശാ, അങ്കണവാടി പ്രവർത്തകർക്ക് അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ഇപ്പോൾ ലഭ്യമാണ്. മുമ്പ്, വീടുകളിൽ കക്കൂസില്ലാത്തത് നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും വലിയ ദുരിതവും അപമാനവും സൃഷ്ടിച്ചിരുന്നു. ഇന്ന്, എല്ലാ വീട്ടിലും സ്ത്രീകൾക്കായി ‘ഇസ്സത്ഘർ’ അഥവാ ശൗചാലയമുണ്ട്. ഇത് അവരുടെ ബുദ്ധിമുട്ടുകൾ ഗണ്യമായി കുറയ്ക്കുകയും ആരോഗ്യപ്രശ്‌നങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു.
അമ്മമാരേ സഹോദരിമാരേ,
പല രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പിന് മുമ്പ് വലിയ വാഗ്ദാനങ്ങൾ നൽകുന്നു. അവർ ആകാശത്തുനിന്ന് നക്ഷത്രങ്ങളെ കൊണ്ടുവന്ന് നിങ്ങളുടെ കാൽക്കൽ സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്നു. എന്നിരുന്നാലും, ബിജെപിയെപ്പോലെ വ്യക്തമായ ഉദ്ദേശ്യങ്ങളുള്ള രാഷ്ട്രീയകക്ഷി മാത്രമേ വാഗ്ദാനങ്ങൾ നിറവേറ്റൂ. അതുകൊണ്ടാണ് ബിജെപി ഗവണ്മെന്റ് രൂപീകരിച്ച് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ മഹ്താരി വന്ദൻ യോജന എന്ന വാഗ്ദാനവും നിറവേറ്റപ്പെട്ടത്. ഈ നേട്ടത്തിന് നമ്മുടെ മുഖ്യമന്ത്രി വിഷ്ണു ദേവ് ജിക്കും അദ്ദേഹത്തിന്റെ സംഘത്തിനാകെയും ഛത്തീസ്ഗഢ് ഗവണ്മെന്റിനും ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അതുകൊണ്ടാണ് ജനങ്ങൾ പറയുന്നത് – “മോദിയുടെ ഉറപ്പ് എന്നാൽ പൂർത്തീകരണത്തിന്റെ ഉറപ്പാണ്” എന്ന്. തിരഞ്ഞെടുപ്പ് കാലത്ത് ഛത്തീസ്ഗഢിന്റെ വികസനത്തിനായി നൽകിയ പ്രതിബദ്ധതകൾ നിറവേറ്റാൻ ബിജെപി ഗവണ്മെന്റ് ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നു. ഛത്തീസ്ഗഢിൽ 18 ലക്ഷം അടച്ചുറപ്പുള്ള വീടുകൾ നിർമിക്കുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനമോ ഉറപ്പോ നൽകിയിട്ടുണ്ട്. ഗവണ്മെന്റ് രൂപീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ വിഷ്ണു ദേവ് സായ് ജിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും ഛത്തീസ്ഗഢ് ഗവണ്മെന്റും നടപടിയെടുക്കുകയും പദ്ധതി ആരംഭിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ നെൽകർഷകർക്ക് രണ്ട് വർഷത്തെ കുടിശ്ശിക ബോണസ് നൽകുമെന്ന് ഞാൻ ഉറപ്പ് നൽകി. അടൽജിയുടെ ജന്മദിനത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് ഛത്തീസ്ഗഢ് ഗവണ്മെന്റ് 3,700 കോടി രൂപ ബോണസായി നിക്ഷേപിച്ചു. നമ്മുടെ ഗവണ്മെന്റ് ഇവിടെ ക്വിന്റലിന് 3100 രൂപയ്ക്ക് നെല്ല് വാങ്ങുമെന്ന് ഞാൻ വാഗ്ദാനം ചെയ്തു. ഞങ്ങളുടെ ഗവണ്മെന്റ് ഈ വാഗ്ദാനം പാലിക്കുകയും 145 ലക്ഷം ടൺ നെല്ല് സംഭരിച്ച് പുതിയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്‌തതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ, കൃഷക് ഉന്നതി യോജന ആരംഭിച്ചു. ഈ വർഷം വാങ്ങിയ നെല്ലിൽ വ്യത്യാസംവന്ന തുക കർഷക സഹോദരങ്ങൾക്ക് ഉടൻ വിതരണം ചെയ്യും. എല്ലാ അമ്മമാരുടെയും സഹോദരിമാരുടെയും ഗണ്യമായ പങ്കാളിത്തത്തോടെ ഈ ക്ഷേമ സംരംഭങ്ങൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നിർണായകമായി മുന്നോട്ട് കൊണ്ടുപോകും. ഛത്തീസ്ഗഢിലെ ഇരട്ട എൻജിൻ ഗവൺമെന്റ് ഈ രീതിയിൽ നിങ്ങളെ സേവിക്കുന്നത് തുടരുമെന്നും അതിന്റെ എല്ലാ പ്രതിബദ്ധതകളും (ഉറപ്പുകൾ) നിറവേറ്റുമെന്നും എനിക്ക് ഉറപ്പുണ്ട്. എനിക്ക് മുന്നിൽ ലക്ഷക്കണക്കിന് സഹോദരിമാരെ ഞാൻ കാണുന്നു. ഈ കാഴ്ച അഭൂതപൂർവവും അവിസ്മരണീയവുമാണ്. ഇന്ന് ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ എന്നോട് ക്ഷമിക്കൂ. ബാബ വിശ്വനാഥിന്റെ സ്ഥലത്ത് നിന്ന്, കാശിയിൽ നിന്ന് ഞാൻ സംസാരിക്കുമ്പോൾ, ബാബയുടെ അനുഗ്രഹം ഞാൻ നിങ്ങളെയെല്ലാവരെയും അറിയിക്കുന്നു. വളരെ നന്ദി. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.