എല്ലാ സഹവാസികള്‍ക്കും എന്റെ ആദരപൂര്‍വമായ ആശംസകള്‍!
വികസിത് ഭാരത് സങ്കല്‍പ് യാത്ര 50 ദിവസം പൂര്‍ത്തിയാക്കിയത് 2-3 ദിവസം മുമ്പാണ്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ 11 കോടി ജനങ്ങള്‍ ഈ യാത്രയില്‍ പങ്കെടുത്തത് അഭൂതപൂര്‍വമാണ്. സമൂഹത്തിന്റെ അവസാന ശ്രേണിയില്‍ നില്‍ക്കുന്ന ജനങ്ങളിലേക്കാണ് സര്‍ക്കാര്‍ പദ്ധതികള്‍ എത്തിക്കുന്നത്. വികസിത് ഭാരത് സങ്കല്‍പ് യാത്ര സര്‍ക്കാരിന്റെ വെറും യാത്രയല്ല; ഇത് രാജ്യത്തിന്റെ യാത്രയായി, സ്വപ്നങ്ങളുടെയും തീരുമാനങ്ങളുടേയും വിശ്വാസത്തിന്റെയും യാത്രയായി മാറിയിരിക്കുന്നു, അതുകൊണ്ടാണ് രാജ്യത്തെ ഓരോ പ്രദേശവും ഓരോ കുടുംബവും 'മോദിയുടെ ഗ്യാരൻ്റി' വാഹനത്തെ മികച്ച ഭാവിയുടെ പ്രതീക്ഷയായി കാണുന്നത്. അത് ഗ്രാമമായാലും നഗരമായാലും, ഈ യാത്രയെക്കുറിച്ച് എല്ലായിടത്തും ആവേശവും വിശ്വാസവുമുണ്ട്. മുംബൈ മഹാനഗരം മുതല്‍ മിസോറാമിലെ വിദൂര ഗ്രാമങ്ങള്‍ വരെ, കാര്‍ഗില്‍ മലനിരകള്‍ മുതല്‍ കന്യാകുമാരിയുടെ തീരദേശ വരെ, 'മോദിയുടെ ഗ്യാരൻ്റി'വാഹനം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുകയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്കായി ജീവിതം കഴിച്ചുകൂട്ടിയ പാവപ്പെട്ടവര്‍ ഇപ്പോള്‍ അര്‍ത്ഥവത്തായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പാവപ്പെട്ടവരുടെ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കുമെന്ന് ആരാണ് കരുതിയിരുന്നത്? എന്നാല്‍ അത് സംഭവിക്കുകയും ഏറ്റവും സത്യസന്ധതയോടെ നടക്കുകയുമാണ്. 'മോദിയുടെ ഗ്യാരൻ്റി' വാഹനത്തിനൊപ്പം സര്ക്കാര് ജീവനക്കാരും ജനപ്രതിനിധികളും ജനങ്ങളുടെ ഗ്രാമങ്ങളിലും അയല്‍പക്കങ്ങളിലും എത്തുന്നുണ്ട്. ഞാന്‍ സംസാരിച്ചവരുടെ സംതൃപ്തി അവരുടെ മുഖത്ത് പ്രകടമാണ്.
എന്റെ കുടുംബാംഗങ്ങളേ,
ഇന്ന്, 'മോദിയുടെ ഗ്യാരൻ്റി' രാജ്യത്തിനകത്ത് മാത്രമല്ല, ആഗോളതലത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ 'മോദിയുടെ ഗ്യാരൻ്റി' എന്താണ് അര്‍ത്ഥമാക്കുന്നത്? എന്തുകൊണ്ടാണ് ഈ മിഷന്‍ മോഡില്‍ എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിക്കാന്‍ ഗവണ്‍മെന്റ് ഇത്രയധികം പരിശ്രമിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങളുടെ ക്ഷേമത്തിനായി ഗവണ്‍മെന്റ് രാവും പകലും പ്രവര്‍ത്തിക്കുന്നത്? ഗവണ്‍മെന്റ് പദ്ധതികളുടെ പരിപൂര്‍ണതയും 'വികസിത് ഭാരത്' എന്ന പ്രമേയവും തമ്മിലുള്ള ബന്ധം എന്താണ്? നമ്മുടെ നാട്ടിലെ പല തലമുറകളും ദാരിദ്ര്യത്തിലാണ് ജീവിച്ചത്. അവര്‍ ദൗര്‍ലഭ്യത്തെ തങ്ങളുടെ വിധിയായി കണക്കാക്കുകയും അതിനോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ചെറിയ ആവശ്യങ്ങള്‍ക്കായുള്ള സമരം ഏറ്റവും തീവ്രമായത് നമ്മുടെ രാജ്യത്തെ ദരിദ്രര്‍, കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്കിടയിലാണ്. നിങ്ങളുടെ പൂര്‍വ്വികര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍, മുതിര്‍ന്നവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍, നിലവിലുള്ളവരും വരുന്ന തലമുറകളും അനുഭവിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് രാജ്യത്തെ വലിയ ജനസംഖ്യ നേരിടുന്ന ഏറ്റവും ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ദൈനംദിന സമരങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നമുക്ക് രാജ്യത്തെ ഏറ്റവും വലിയ നാല് ജാതികള്‍ ഇവയാണ്. ദരിദ്രര്‍, കര്‍ഷകര്‍, സ്ത്രീകള്‍, യുവജനങ്ങള്‍ - എനിക്ക് വളരെ പ്രിയപ്പെട്ട നാല് ജാതികള്‍ - ഇവര്‍ ശാക്തീകരിക്കപ്പെടുകയും ശക്തരാകുകയും ചെയ്യുമ്പോള്‍, ഭാരതം നിസ്സംശയമായും ശക്തമാകും. അതുകൊണ്ടാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര ആരംഭിച്ച് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നത്.
സുഹൃത്തുക്കളേ,
അര്‍ഹരായ ഒരു വ്യക്തിക്കും സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടരുത് എന്നതാണ് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ പ്രധാന ലക്ഷ്യം. ബോധവല്‍ക്കരണത്തിന്റെ അഭാവത്താലോ മറ്റ് പല കാരണങ്ങളാലോ പലപ്പോഴും ചിലര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കാതെ പോകുന്നു. ഇത്തരക്കാരിലേക്ക് എത്തിക്കുക എന്നത് സര്‍ക്കാര്‍ കടമയായി കാണുന്നു. അതുകൊണ്ടാണ് മോദിയുടെ ഉറപ്പുള്ള വാഹനം ഗ്രാമം തോറും പോകുന്നത്. ഈ യാത്രയുടെ തുടക്കം മുതല്‍ ഏകദേശം 12 ലക്ഷം പുതിയ ഗുണഭോക്താക്കള്‍ ഉജ്ജ്വല സ്‌കീമിന് കീഴില്‍ സൗജന്യ എല്‍ പി ജി കണക്ഷനായി അപേക്ഷിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഞാന്‍ അയോധ്യയില്‍ ആയിരുന്നപ്പോള്‍ ഉജ്ജ്വലയുടെ 100 ദശലക്ഷം ഗുണഭോക്താവിന്റെ വീട് സന്ദര്‍ശിച്ചു. ഇതുകൂടാതെ, ഈ യാത്രയില്‍ സുരക്ഷാ ബീമാ യോജന, ജീവന്‍ ജ്യോതി ബീമ യോജന, പിഎം സ്വനിധി തുടങ്ങിയ പദ്ധതികള്‍ക്കായി ഗണ്യമായ എണ്ണം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കേളേ,
വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ രണ്ട് കോടിയിലധികം ദരിദ്രരായ വ്യക്തികള്‍ക്കായി ആരോഗ്യ പരിശോധന നടത്തി. അതേസമയം, ഒരു കോടി ആളുകള്‍ക്ക് ക്ഷയരോഗ പരിശോധന നടത്തുകയും 22 ലക്ഷം പേര്‍ക്ക് സിക്കിള്‍ സെല്‍ അനീമിയ പരിശോധന നടത്തുകയും ചെയ്തു. എല്ലാത്തിനുമുപരി, ആരാണ് ഈ ഗുണഭോക്താക്കള്‍, ഈ സഹോദരീസഹോദരന്മാര്‍? ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍, ദരിദ്രര്‍, ദലിതര്‍, പിന്നോക്ക വിഭാഗങ്ങള്‍, ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് അവര്‍. മുന്‍ സര്‍ക്കാരുകളില്‍ ഡോക്ടറെ സമീപിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇന്ന്, ഡോക്ടര്‍മാര്‍ അവരുടെ സ്ഥലത്ത് പരിശോധന നടത്തുന്നു. പ്രാരംഭ സ്‌ക്രീനിംഗ് നടത്തിക്കഴിഞ്ഞാല്‍, ആയുഷ്മാന്‍ യോജനയ്ക്ക് കീഴില്‍ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുണ്ട്. വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യവും ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മിതമായ നിരക്കില്‍ മരുന്നുകളും ലഭ്യമാണ്. രാജ്യത്തുടനീളം സ്ഥാപിക്കുന്ന ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ ഗ്രാമങ്ങളുടെയും പാവപ്പെട്ടവരുടെയും പ്രധാന ആരോഗ്യ കേന്ദ്രങ്ങളായി മാറുകയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വികസിത് ഭാരത് സങ്കല്‍പ് യാത്ര പാവപ്പെട്ടവരുടെ ആരോഗ്യത്തിനും ഒരു അനുഗ്രഹമാണെന്ന് തെളിയിച്ചു.
എന്റെ കുടുംബാംഗങ്ങളേ,
ഗവണ്‍മെന്റിന്റെ ശ്രദ്ധേയമായ ശ്രമങ്ങള്‍ നമ്മുടെ ദശലക്ഷക്കണക്കിന് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പ്രയോജനപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് സ്ത്രീകള്‍ മുന്നേറുകയും പുതിയ നാഴികക്കല്ലുകള്‍ നേടുകയും ചെയ്യുന്നു. പണ്ട് തയ്യല്‍, നെയ്ത്ത് മുതലായവയിൽ വൈദഗ്ധ്യമുള്ള സഹോദരിമാര്‍ ധാരാളം ഉണ്ടായിരുന്നു, എന്നാല്‍ അവര്‍ക്ക് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള കഴിവില്ലായിരുന്നു. മുദ്ര യോജന അവര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ആത്മവിശ്വാസം നല്‍കി; അത് 'മോദിയുടെ ഗ്യാരൻ്റി'. ഇന്ന് ഓരോ ഗ്രാമത്തിലും തൊഴിലിനും സ്വയം തൊഴിലിനുമുള്ള പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇന്ന് അവരില്‍ ചിലര്‍ 'ബാങ്ക് മിത്ര'യോ 'പശു സഖി'യോ ആണ്, മറ്റു ചിലര ആശ-എഎന്‍എം-അങ്കണവാടികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10 കോടി സഹോദരിമാര്‍ വനിതാ സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നു. ഈ സഹോദരിമാര്‍ക്ക് 7.5 ലക്ഷം കോടി രൂപയിലധികം സഹായം നല്‍കിയിട്ടുണ്ട്. അവരില്‍ പലരും വര്‍ഷങ്ങളായി ' ദീദി' ആയി മാറിയിരിക്കുന്നു. ഈ വിജയം കണക്കിലെടുത്ത് രണ്ട് കോടി 'ലാഖ്പതി ദീദികള്‍' ഉണ്ടാക്കാന്‍ ഞാന്‍ വിഭാവനം ചെയ്യുകയും തീരുമാനിക്കുകയും ചെയ്തു. രണ്ട് കോടിയുടെ കണക്ക് വളരെ വലുതാണ്. 'ലാഖ്പതി ദീദി'കളുടെ എണ്ണം രണ്ട് കോടിയില്‍ എത്തുമ്പോഴുള്ള മാറ്റം ഒന്ന് സങ്കല്‍പ്പിക്കുക; അതൊരു വലിയ വിപ്ലവമായിരിക്കും. നമോ ഡ്രോണ്‍ ദീദി യോജനയ്ക്കും സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ ഒരു ലക്ഷത്തോളം ഡ്രോണുകളുടെ പ്രദര്‍ശനം നടന്നതായി എന്നോട് പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഈ മിഷന്‍ മോഡില്‍ സാങ്കേതികവിദ്യയിലൂടെ ജനങ്ങളെ ബന്ധിപ്പിക്കുന്നത്. നിലവില്‍ കാര്‍ഷിക മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നുണ്ട്. എന്നാല്‍ സമീപഭാവിയില്‍ ഇതിന്റെ വ്യാപ്തി മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ,
നമ്മുടെ രാജ്യത്തെ കര്‍ഷകരുമായും കാര്‍ഷിക നയങ്ങളുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്‍ സര്‍ക്കാരുകളില്‍ പരിമിതമായിരുന്നു. കര്‍ഷകരെ ശാക്തീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രഭാഷണം വിളകളുടെ ഉല്‍പാദനത്തിലും വില്‍പ്പനയിലും ഒതുങ്ങി, കര്‍ഷകര്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ വിവിധ വെല്ലുവിളികള്‍ നേരിടുന്നു. അതിനാല്‍, കര്‍ഷകര്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും ലഘൂകരിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ സമഗ്രമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ ഓരോ കര്‍ഷകനും 30,000 രൂപയെങ്കിലും ലഭിച്ചിട്ടുണ്ട്. ചെറുകിട കര്‍ഷകരുടെ സമരങ്ങള്‍ ലഘൂകരിക്കാന്‍ ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക മേഖലയിലെ സഹകരണ സംഘങ്ങളുടെ പ്രോത്സാഹനം ഈ സമീപനത്തിന്റെ ഫലമാണ്. പിഎസിeഎസ് ആയാലും എഫ്പിഒകളായാലും ചെറുകിട കര്‍ഷകര്‍ക്കുള്ള വിവിധ സംഘടനകളായാലും അവ ഇന്ന് കാര്യമായ സാമ്പത്തിക ശക്തികളായി മാറുകയാണ്. സംഭരണ കേന്ദ്രങ്ങള്‍ മുതല്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായം വരെ കര്‍ഷകര്‍ക്കായി ഞങ്ങള്‍ നിരവധി സഹകരണ സംഘടനകളെ മുന്നോട്ട് കൊണ്ടുവരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പയര്‍ കര്‍ഷകര്‍ക്കായി സുപ്രധാനമായ തീരുമാനമെടുത്തത്. ഇപ്പോള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നേരിട്ട് ഓണ്‍ലൈനായി വില്‍ക്കാം. ഇത് പയര്‍ കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പുനല്‍കുക മാത്രമല്ല, വിപണിയില്‍ മികച്ച വില ഉറപ്പാക്കുകയും ചെയ്യും. നിലവില്‍, ഈ സൗകര്യം തുവര വര്‍ഗത്തിലെ പരിപ്പിന് നല്‍കിയിട്ടുണ്ട്, എന്നാല്‍ ഇത് ഭാവിയില്‍ മറ്റ് പയര്‍വര്‍ഗ്ഗങ്ങളിലേക്കും വ്യാപിപ്പിക്കും. വിദേശത്ത് നിന്ന് പയര്‍വര്‍ഗ്ഗങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുന്ന പണം രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
സുഹൃത്തുക്കളേ,
വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ ഈ ജോലി കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരെയും ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. പലയിടത്തും കൊടും തണുപ്പും മഴയും മറ്റ് ബുദ്ധിമുട്ടുകളും അവഗണിച്ച്, ഈ സങ്കല്‍പ യാത്ര പരമാവധി ആളുകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും ജനജീവിതം മെച്ചപ്പെടുത്തുന്നതിനും തദ്ദേശഭരണ ഉദ്യോഗസ്ഥരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തികഞ്ഞ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നു. രാജ്യം വികസിക്കുന്നതിന് നമ്മുടെ കടമകള്‍ നിറവേറ്റിക്കൊണ്ട് നാം മുന്നോട്ട് പോകണം. ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍! വിവിധ വശങ്ങളെ കുറിച്ച് എനിക്ക് ഒരു ധാരണ ലഭിച്ചു, അവരില്‍ ചിലരുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചപ്പോള്‍ അവരുടെ ആത്മവിശ്വാസം പ്രകടമായിരുന്നു. അവരുടെ തീരുമാനങ്ങള്‍ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഭാരതത്തിലെ സാധ്യതകളെ ശരിക്കും പ്രതിഫലിപ്പിക്കുന്നു. 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി ഓരോ പൗരനും പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. നിങ്ങളെ കണ്ടതില്‍ സന്തോഷമുണ്ട്, ഒരിക്കല്‍ കൂടി വികസിത് യാത്രയില്‍ ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ നന്ദി!