മുതിര്‍ന്ന ഉദ്യോഗസ്ഥരേ, എന്റെ കുടുംബാംഗങ്ങളേ!
ആശംസകള്‍!
ലക്ഷദ്വീപിന് അപാരമായ സാധ്യതകളാണുള്ളത്, എന്നിരുന്നാലും സ്വാതന്ത്ര്യാനന്തരമുള്ള ഒരു സുപ്രധാന കാലഘട്ടത്തില്‍, പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഷിപ്പിംഗ് ഒരു നിര്‍ണായക ജീവിതമാര്‍ഗമായിരുന്നിട്ടും, തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ അവികസിതമായി തുടര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി പെട്രോളിന്റെയും ഡീസലിന്റെയും ലഭ്യത വരെയുള്ള വിവിധ മേഖലകളില്‍ വെല്ലുവിളികള്‍ പ്രകടമായിരുന്നു. നമ്മുടെ ഗവണ്‍മെന്റ് ഇപ്പോള്‍ ഈ പ്രശ്നങ്ങളെ സജീവമായി അഭിസംബോധന ചെയ്യുന്നു, ഇത് ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു. ലക്ഷദ്വീപിലെ ആദ്യത്തെ പിഒഎല്‍ ബള്‍ക്ക് സ്റ്റോറേജ് ഫെസിലിറ്റി കവരത്തിയിലും മിനിക്കോയ് ദ്വീപുകളിലും സ്ഥാപിച്ചു. തല്‍ഫലമായി, വിവിധ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
പ്രിയ കുടുംബാംഗങ്ങളേ,
കഴിഞ്ഞ ദശകത്തില്‍ അഗത്തിയില്‍ നിരവധി വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് നമ്മുടെ മൂല്യമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക്. സമുദ്രോത്പന്ന കയറ്റുമതി, സമുദ്രോത്പന്ന സംസ്‌കരണ മേഖലകളിലെ സാധ്യതകള്‍ ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ട് അഗത്തിയില്‍ ഇപ്പോള്‍ ഒരു വിമാനത്താവളവും ഐസ് പ്ലാന്റും ഉണ്ട്. ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഈ മേഖലയില്‍ നിന്ന് ട്യൂണ മത്സ്യം കയറ്റുമതി ചെയ്യാന്‍ ഇത് കാരണമായി.
പ്രിയ കുടുംബാംഗങ്ങളെ,
പ്രദേശത്തിന്റെ വൈദ്യുതി, ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഗണ്യമായ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു വലിയ സോളാര്‍ പ്ലാന്റും വ്യോമയാന ഇന്ധന ഡിപ്പോയും നിര്‍മ്മിച്ചിട്ടുണ്ട്. അഗത്തി ദ്വീപിലെ എല്ലാ വീടുകളിലും ഇപ്പോള്‍ പൈപ്പ് വെള്ളമുണ്ടെന്നറിയുന്നത് സന്തോഷകരമാണ്. അധഃസ്ഥിതര്‍ക്ക് വീട്, ശൗചാലയം, വൈദ്യുതി, ഗ്യാസ്, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അഗത്തി ഉള്‍പ്പെടെയുള്ള ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനായി സമര്‍പ്പിത ഹൃദയത്തോടെ ഇന്ത്യന്‍ സര്‍ക്കാര്‍ നിലകൊള്ളുകയാണ്. നാളെ കവരത്തിയില്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കായി നിരവധി വികസന പദ്ധതികള്‍ ഞാന്‍ സമര്‍പ്പിക്കും. ഈ പദ്ധതികള്‍ ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് ലഭ്യത വര്‍ദ്ധിപ്പിക്കുകയും പ്രാദേശിക ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ രാത്രി ഞാന്‍ ലക്ഷദ്വീപില്‍ ചെലവഴിക്കും, നാളെ രാവിലെ ലക്ഷദ്വീപിലെ ജനങ്ങളെ കാണാനും അവരുമായി സംവദിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങളുടെ ഊഷ്മളമായ സ്വാഗതത്തിനും ഇത്ര വലിയ ജനാവലി ഏത്തിയതിലും ആത്മാര്‍ത്ഥമായ നന്ദി.