പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ സി.വി. ആനന്ദ ബോസ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ നിസിത് പ്രമാണിക് ജി, ജോണ്‍ ബര്‍ല ജി, പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ, സുകാന്ത മജുംദാര്‍ ജി, കുമാരി ദേബശ്രീ ചൗധരി ജി, ഖഗെന്‍ മുര്‍മു ജി, രാജു ബിസ്ത ജി, ഡോ. ജയന്ത കുമാര്‍ റോയ് ജി, എം.എല്‍.എമാരെ, വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ.
വടക്കന്‍ ബംഗാളിലെ പ്രകൃതി ഭംഗിയും പ്രശസ്തമായ തേയിലത്തോട്ടങ്ങളുമുള്ള ഈ നാട്ടിലേക്ക് വരുന്നത് എനിക്ക് ആനന്ദദായകമായ അനുഭവമാണ്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് ഇവിടെ നടന്നു. വികസിത് ബംഗാളിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പാണിത്. ഈ വികസന മുന്‍കൈകള്‍ക്ക് ബംഗാളിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വടക്കന്‍ ബംഗാളിലെ ജനങ്ങള്‍ക്ക് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളെ,
വടക്കന്‍ ബംഗാളിലെ ഈ മേഖല നമ്മുടെ വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള കവാടമായി വര്‍ത്തിക്കുക, മാത്രമല്ല ഇത് അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര പാതകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ബംഗാളിന്റെ, പ്രത്യേകിച്ച് വടക്കന്‍ ബംഗാളിന്റെ വികസനം, കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങളുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണ്. വടക്കന്‍ ബംഗാളിന്റെ ദ്രുതഗതിയിലുള്ള വികസനം ത്വരിതപ്പെടുത്തുന്നതിന്, ഈ പ്രദേശത്ത് 21-ാം നൂറ്റാണ്ടിലെ റെയില്‍, റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാടോടെയാണ്, ഏകലാഖി മുതല്‍ ബാലൂര്‍ഘട്ട് വരെയും, സിലിഗുരി മുതല്‍ അലുബാരിവരെയും, റാണിനഗര്‍-ജല്‍പായ്ഗുരി-ഹല്‍ദിബാരി എന്നിവയ്ക്കിടയിലുമുള്ള റെയില്‍വേ പാതകളുടെ വൈദ്യുതീകരണ ജോലികള്‍ ഇന്ന് പൂര്‍ത്തിയായത്. ഇത് ഉത്തര്‍ ദിനാജ്പൂര്‍, ദക്ഷിണ ദിനാജ്പൂര്‍, കൂച്ച് ബെഹാര്‍, ജല്‍പായ്ഗുരി തുടങ്ങിയ ജില്ലകളിലൂടെയുള്ള ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കും. സിലിഗുരി-സമുക്തല പാതയുടെ വൈദ്യുതീകരണം ചുറ്റുമുള്ള വനങ്ങളിലും വന്യജീവി ആവാസ വ്യവസ്ഥകളിലുമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ സഹായിക്കും. ഇന്ന്, ബര്‍സോയ്-രാധികപൂര്‍ സെക്ഷന്റെ വൈദ്യുതീകരണവും പൂര്‍ത്തിയായി, ഇത് പശ്ചിമ ബംഗാളിന് മാത്രമല്ല, ബീഹാറിലെ ജനങ്ങള്‍ക്കും പ്രയോജനകരമാകും. രാധികാപൂരിനും സിലിഗുരിക്കുമിടയില്‍ പുതിയ ട്രെയിന്‍ സര്‍വീസും ആരംഭിച്ചു. ബംഗാളിലെ ഈ ശക്തമായ റെയില്‍ അടിസ്ഥാന സൗകര്യം പുതിയ വികസന അവസരങ്ങള്‍ക്ക് വഴിയൊരുക്കുകയും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
സുഹൃത്തുക്കളെ,
വടക്കുകിഴക്ക് ഭാഗത്തേക്ക് പോകുമ്പോള്‍ ട്രെയിനുകളുടെ വേഗത കുറയുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തുടനീളം ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതുപോലെ വടക്കന്‍ ബംഗാളിലും വര്‍ന്ധിപ്പിക്കാനാണ് ഞങ്ങളുടെ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇപ്പോള്‍, വടക്കന്‍ ബംഗാളില്‍ നിന്ന് ബംഗ്ലാദേശിലേക്കും റെയില്‍വേ ബന്ധിപ്പിക്കലിന് തുടക്കം കുറിച്ചു. ന്യൂ ജല്‍പായ്ഗുരിയില്‍ നിന്ന് ധാക്ക കന്റോണ്‍മെന്റിലേക്കാണ് മിതാലി എക്‌സ്പ്രസ് ഓടുന്നത്. ബംഗ്ലാദേശ് ഗവണ്‍മെന്റുമായി സഹകരിച്ച് രാധികാപൂര്‍ സ്‌റ്റേഷന്‍ വരെയുള്ള ബന്ധിപ്പിക്കല്‍ ഞങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഈ ശൃംഖല ശക്തിപ്പെടുത്തുന്നതോടെ ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാകുകയും ഈ മേഖലയിലെ ടൂറിസത്തിന് കാര്യമായ ഉത്തേജനം ലഭിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യാനന്തരം, കിഴക്കന്‍ ഇന്ത്യയുടെ വികസനവും അതിന്റെ താല്‍പ്പര്യങ്ങളും വളരെക്കാലം പലപ്പോഴും അവഗണിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, കിഴക്കന്‍ ഇന്ത്യയെ രാജ്യത്തിന്റെ വികസനത്തിന്റെ വളര്‍ച്ചാ യന്ത്രമായാണ് ഞങ്ങളുടെ ഗവണ്‍മെന്റ് കണക്കാക്കുന്നത്. അതുകൊണ്ട്, ബന്ധിപ്പിക്കലില്‍ മുന്‍പൊന്നുമിലലാത്ത തരത്തിലെ നിക്ഷേപം ഈ മേഖലയില്‍ നടക്കുന്നു. 2014-ന് മുമ്പ് ഏകദേശം 4,000 കോടി രൂപയായിരുന്ന ബംഗാളിന്റെ ശരാശരി റെയില്‍വേ ബജറ്റ് ഇപ്പോള്‍ 14,000 കോടി രൂപയായി ഉയര്‍ന്നു. ഇന്ന്, അര്‍ദ്ധ അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് വടക്കന്‍ ബംഗാളില്‍ നിന്ന് ഗുവാഹത്തിയിലേക്കും ഹൗറയിലേക്കും ഓടുന്നു. 500 ലധികം സ്‌റ്റേഷനുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിടുന്ന അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍ സിലിഗുരി സ്‌റ്റേഷനും ഉള്‍പ്പെടുന്നു. ഈ 10 വര്‍ഷം കൊണ്ട് ബംഗാളിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും റെയില്‍ വികസനം പാസഞ്ചറില്‍ നിന്ന് എക്‌സ്പ്രസ് വേഗതയിലേക്ക് ഞങ്ങള്‍ കൊണ്ടുവന്നു. ഞങ്ങളുടെ മൂന്നാം ടേമില്‍, ഇത് അതിവേഗത്തില്‍ പുരോഗമിക്കും.
സുഹൃത്തുക്കളെ,
വടക്കന്‍ ബംഗാളില്‍ ഇന്ന്, 3,000 കോടിയിലധികം രൂപയുടെ റോഡ് പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെട്ടു. നാലുവരിപ്പാതയായ ഘോഷ്പുക്കൂര്‍-ധുപ്ഗുരി സെക്ഷന്റെ തുടക്കവും ഇസ്ലാംപൂര്‍ ബൈപാസും പല ജില്ലകളിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. ജല്‍പായ്ഗുരി, സിലിഗുരി, മെയ്‌നാഗുരി ടൗണ്‍ തുടങ്ങിയ നഗരപ്രദേശങ്ങള്‍ ഗതാഗതക്കുരുക്കില്‍ നിന്ന് മോചനം നേടും. ഇത് മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടെ വടക്കന്‍ ബംഗാളിലെ സിലിഗുരി, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍ ജില്ലകളിലേക്ക് മികച്ച റോഡ് ബന്ധിപ്പിക്കലും നല്‍കും. ഡോര്‍സ്, ഡാര്‍ജിലിംഗ്, ഗാംഗ്‌ടോക്ക്, മിറിക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതും ഇത് സുഗമമാക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വിനോദസഞ്ചാരം അഭിവൃദ്ധിപ്പെടും, വ്യവസായങ്ങള്‍ വളരും, ഈ മേഖലയിലെ തേയില കര്‍ഷകര്‍ക്കു മുഴുവനും പ്രയോജനപ്പെടും.
സുഹൃത്തുക്കളെ,
പശ്ചിമ ബംഗാളിന്റെ വികസനത്തിന് സാദ്ധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്നുണ്ട്. വികസന പദ്ധതികള്‍ക്ക് ഒരിക്കല്‍ കൂടി എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. വളരെയധികം നന്ദി. ഒരു പരിപാടി ഇവിടെ അവസാനിക്കുമ്പോഴും, എന്റെ പ്രസംഗം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. എന്റെ പ്രസംഗം തുടരും, അതിനാല്‍, ഇവിടെ നിന്ന് നമ്മള്‍ തുറന്ന മൈതാനത്തേക്ക് നീങ്ങും. നിങ്ങളെ എല്ലാവരെയും ഞാന്‍ അവിടെ കാണുകയും സ്വതന്ത്രമായി സംസാരിക്കുകയും ചെയ്യും.
വളരെയധികം നന്ദി.