ഇവിടെ സന്നിഹിതരായ ബഹുമാന്യ കേന്ദ്രമന്ത്രിമാരേ, സ്ത്രീകളേ മാന്യവ്യക്തികളേ!
ധീരനായ സാഹിബ്സാദാസിന്റെ അജയ്യമായ ചൈതന്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ സ്ഥായിയായ ത്യാഗത്തെ രാഷ്ട്രം ഇന്ന് സ്മരിക്കുന്നു. 'ആസാദി കാ അമൃത്കാലില്‍' വീര്‍ ബാല്‍ ദിവസ് എന്ന പേരില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26-ന് രാജ്യം ആദ്യമായി വീര്‍ ബാല്‍ ദിവസിന്റെ ഉദ്ഘാടന ആഘോഷം നടത്തി. അന്ന് രാജ്യം മുഴുവന്‍ സാഹിബ്‌സാദാസിന്റെ വീരഗാഥകള്‍ വളരെ വികാരഭരിതമായി ശ്രവിച്ചു ഭാരതീയതയുടെ അന്തസത്ത സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് വീര്‍ ബല്‍ ദിവസ്. ധീരതയുടെ ഉന്നതിയില്‍ ചെറുപ്പം പരിമതിയല്ലെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മഹത്തായ പൈതൃകത്തിന്റെ ഈ ഉത്സവത്തില്‍ ഗുരു പറഞ്ഞിരുന്നത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു - सूरा सो पहचानिए, जो लरै दीन के हेत, पुरजा-पुरजा कट मरै, कबहू ना छाडे खेत! മാതാ ഗുജ്രിയുടെയും ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും അവരുടെ നാല് സാഹിബ്സാദമാരുടെയും ധീരതയും ആദര്‍ശങ്ങളും ഓരോ ഇന്ത്യക്കാരനും ശക്തി പകരുന്നു. ഈ യഥാര്‍ത്ഥ വീരന്മാരുടെയും അവര്‍ക്ക് ജന്‍മം നല്‍കിയ അമ്മമാരുടെയും സമാനതകളില്ലാത്ത ധീരതയ്ക്കുള്ള രാജ്യത്തിന്റെ യഥാര്‍ത്ഥ ആദരവാണ് വീര്‍ ബാല്‍ ദിവസ്. ഇന്ന്, ബാബ മോത്തി റാം മെഹ്റയുടെയും കുടുംബത്തിന്റെയും രക്തസാക്ഷിത്വവും ദിവാന്‍ തോഡര്‍ മാളിന്റെ സമര്‍പ്പണത്തെയും ഞാന്‍ ഭക്തിപൂര്‍വം സ്്മരിക്കുകയും ആദരം അര്‍പ്പിക്കുകയും ചെയ്യുന്നു. ദേശസ്നേഹത്തിന്റെ ചൈതന്യം ജ്വലിപ്പിക്കുന്ന നമ്മുടെ ഗുരുക്കളോടുള്ള അഗാധമായ ഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍.
എന്റെ കുടുംബാംഗങ്ങളേ,
വീര്‍ ബാല്‍ ദിവസ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും ആഘോഷിക്കപ്പെടുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഈ വര്‍ഷം, അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യു എ ഇ, ഗ്രീസ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ വീര്‍ ബല്‍ ദിവസുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ആഗോള സമൂഹം ഭാരതത്തിലെ ധീരരായ സാഹിബ്സാദകളെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടുകയും അവരുടെ ശ്രേഷ്ഠമായ പ്രവൃത്തികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യും. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചാംകൗര്‍, സിര്‍ഹിന്ദ് യുദ്ധങ്ങളിലെ സംഭവങ്ങള്‍ മായാത്ത ചരിത്രത്തില്‍ പതിഞ്ഞിട്ടുണ്ട് - മറക്കാന്‍ പാടില്ലാത്ത ഒരു സമാനതകളില്ലാത്ത ആഖ്യാനം. ഈ ചരിത്രത്തിന്റെ ഭാവി തലമുറയെ ഓര്‍മ്മിപ്പിക്കേണ്ടത് നിര്‍ണായകമാണ്. അനീതിയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരുണ്ട കാലഘട്ടത്തില്‍ പോലും, ഇന്ത്യക്കാരെന്ന നിലയില്‍ നാം നിരാശയ്ക്ക് കീഴടങ്ങാന്‍ വിസമ്മതിച്ചു. ഓരോ കാലഘട്ടത്തിലെയും നമ്മുടെ പൂര്‍വ്വികര്‍ പരമമായ ത്യാഗം ചെയ്തു, തങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നതിനുപകരം ഈ മണ്ണിന് വേണ്ടി മരിക്കാന്‍ തീരുമാനിച്ചു.
സുഹൃത്തുക്കളേ,
നമ്മുടെ പൈതൃകത്തോട് നാം ആദരവ് കാണിക്കുന്നത് വരെ, നമ്മുടെ പൈതൃകത്തോട് ലോകം വിലമതിപ്പ് കാണിച്ചിരുന്നില്ല. ഇന്ന്, നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുമ്പോള്‍, ലോകത്തിന്റെ കാഴ്ചപ്പാടും മാറി. അടിമ മാനസികാവസ്ഥയില്‍ നിന്ന് ഭാരതം പുറത്തുവരുന്നു. ഇന്നത്തെ ഭാരതം അതിന്റെ ആളുകളിലും കഴിവുകളിലും പ്രചോദനത്തിലും സമ്പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നു. സാഹിബ്സാദമാരുടെ ത്യാഗം സമകാലിക ഭാരതത്തിന് ദേശീയ പ്രചോദനമായി വര്‍ത്തിക്കുന്നു. ഭഗവാന്‍ ബിര്‍സ മുണ്ടയുടെയും ഗോവിന്ദ് ഗുരുവിന്റെയും ത്യാഗങ്ങള്‍ രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിക്കുന്നു. ഒരു രാജ്യം അതിന്റെ പൈതൃകത്തില്‍ അഭിമാനത്തോടെ മുന്നേറുമ്പോള്‍ ലോകം അതിനെ ആദരവോടെയാണ് കാണുന്നത്.
സുഹൃത്തുക്കളേ,
ലോകം ഇപ്പോള്‍ ഭാരതത്തെ അവസരങ്ങളുടെ നാടായി അംഗീകരിക്കുന്നു. വലിയ ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് സജീവമായി സംഭാവന ചെയ്യുന്ന ഘട്ടത്തിലാണ് ഭാരതം ഇപ്പോള്‍. സമ്പദ്വ്യവസ്ഥ, ശാസ്ത്രം, ഗവേഷണം, കായികം, നയതന്ത്രം തുടങ്ങിയ മേഖലകളില്‍ ഭാരതം പുതിയ ഉയരങ്ങളിലെത്തുകയാണ്. ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ പ്രഖ്യാപിച്ചതുപോലെ - ഇതാണ് സമയം; ഇതാണ് ശരിയായ സമയം. ഇത് ഭാരതത്തിന്റെ സമയമാണ്. അടുത്ത 25 വര്‍ഷം ഭാരതത്തിന്റെ സാധ്യതകളുടെ പാരമ്യത പ്രദര്‍ശിപ്പിക്കും. ഇത് നേടുന്നതിന്, നാം അഞ്ച് തത്വങ്ങള്‍ പാലിക്കുകയും നമ്മുടെ ദേശീയ സ്വഭാവം ശക്തിപ്പെടുത്തുകയും വേണം. ഓരോ നിമിഷവും വിലപ്പെട്ടതാണ്, സമയം പാഴാക്കാന്‍ നമുക്ക് കഴിയില്ല. അന്ന് ഗുരുക്കള്‍ ഈ പാഠം നമ്മെ പഠിപ്പിച്ചു, അത് ഇന്നും പ്രസക്തമാണ്. ഈ മണ്ണിന്റെ അഭിമാനത്തിനായി നാം ജീവിക്കണം, നമ്മുടെ നാടിനെ നന്നാക്കാന്‍ പരിശ്രമിക്കണം. ഈ മഹത്തായ രാഷ്ട്രത്തിന്റെ മക്കളെന്ന നിലയില്‍, രാജ്യം വികസിക്കുന്നതിന് നാം ജീവിക്കണം, ഒന്നിച്ച്, പ്രയത്‌നിക്കണം, വിജയിക്കണം.
എന്റെ കുടുംബാംഗങ്ങളേ,
ഇന്ന് ഭാരതം, ഒരു സുപ്രധാന യുഗത്തിലാണ്, ജീവിതത്തിലൊരിക്കലെത്തുന്ന യുഗം! ഈ 'ആസാദി കാ അമൃത്കാല'ത്തില്‍ രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നതിന് വിവിധ ഘടകങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുന്നു. ആഗോളതലത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഭാരതം. സ്വാതന്ത്ര്യ സമര കാലത്തും ഭാരതം അത്ര ചെറുപ്പമായിരുന്നില്ല. സ്വാതന്ത്ര്യം നേടിയതിലെ പങ്കില്‍ പ്രകടമായ ഈ ബൃഹത്തായ യുവശക്തിയുടെ സാധ്യതകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് അതിരുകളില്ലാത്ത സാധ്യതകള്‍ ന്ല്‍കുന്നതാണ്.
ആവേശത്തോടെ അറിവ് തേടുന്ന ഒരു കുട്ടിയായ നചികേതനും, ചെറുപ്രായത്തില്‍ ഭയങ്കരമായ ചക്രവ്യൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അഭിമന്യുവും, കഠിനമായ തപസിന്റെ പ്രതീകമായ ധ്രുവനുമുള്ള സമാനതകളില്ലാത്ത ഒരു നാടാണ് ഭാരതം. ഒരു സാമ്രാജ്യത്തെ നയിക്കാന്‍ യുവ ചന്ദ്രഗുപ്തന്‍ മുന്നോട്ട് പോകുന്ന രാജ്യമാണ് ഭാരതം, ഏകലവ്യനെപ്പോലെയുള്ള ഒരു ശിഷ്യന്‍ തന്റെ ഗുരുവിന് ദക്ഷിണ നല്‍കാന്‍ അസാധാരണമായ കര്‍മ്മങ്ങള്‍ ചെയ്യുന്ന രാജ്യമാണ് ഭാരതം. ഖുദിറാം ബോസ്, ബടുകേശ്വര്‍ ദത്ത്, കനക്ലത ബറുവ, റാണി ഗൈഡിന്‍ലിയു, ബാജി റൗട്ട് തുടങ്ങിയ വീരന്മാര്‍ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ചു, ഏത് ലക്ഷ്യവും നേടാനുള്ള ഒരു രാജ്യത്തിന്റെ കഴിവിന് ഊര്‍ജം പകരുന്ന സമാനതകളില്ലാത്ത പ്രചോദനത്തിന് ഉദാഹരണമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കുട്ടികളിലും ഇന്നത്തെ യുവാക്കളിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അവര്‍ ഭാരതത്തിന്റെ ഭാവി നേതാക്കളുടെ നേതാക്കളാണ്. ഈ പ്രതിഭാധനരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇവിടെ പ്രദര്‍ശിപ്പിച്ച ശ്രദ്ധേയമായ ആയോധനകല വൈദഗ്ധ്യം ഭാരതത്തിന്റെ ധീരരായ യുവത്വത്തിന്റെ അപാരമായ സാധ്യതകളെ അടിവരയിടുന്നു.
എന്റെ കുടുംബാംഗങ്ങളേ,
അടുത്ത 25 വര്‍ഷം നമ്മുടെ ചെറുപ്പക്കാര്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കും. ഏത് പ്രദേശത്തോ സമൂഹത്തിലോ ജനിച്ചാലും ഭാരതത്തിലെ യുവാക്കള്‍ക്ക് അതിരുകളില്ലാത്ത സ്വപ്നങ്ങളുണ്ട്. ഈ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗരേഖയും വ്യക്തമായ കാഴ്ചപ്പാടും വ്യക്തമായ നയവും രൂപപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ ഒരു പോരായ്മയുമില്ല. ഭാരതം ഇന്ന് ആവിഷ്‌കരിച്ച ദേശീയ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടിലെ യുവജനങ്ങളില്‍ പുതിയ കഴിവുകള്‍ വികസിപ്പിക്കും. ഇന്ന്, 10,000 അടല്‍ ടിങ്കറിംഗ് ലാബുകള്‍ നമ്മുടെ വിദ്യാര്‍ത്ഥികളില്‍ നവീകരണത്തിനും ഗവേഷണത്തിനുമുള്ള ഒരു പുതിയ അഭിനിവേശം ജ്വലിപ്പിക്കുന്നു. സ്റ്റാര്‍ട്ട്-അപ്പ് ഭാരത് കാമ്പെയ്നിനെക്കുറിച്ച് പറയുമ്പോള്‍, 2014-ല്‍, നമ്മുടെ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ. ഇന്ന് ഭാരതത്തില്‍ 1.25 ലക്ഷം പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ഈ സ്റ്റാര്‍ട്ടപ്പുകള്‍ യുവാക്കളുടെ സ്വപ്നങ്ങള്‍, പുതുമകള്‍, അഭിനിവേശം എന്നിവ പ്രതിഫലിപ്പിക്കുന്നു. മുദ്ര യോജനയിലൂടെ, ഗ്രാമീണ, ദരിദ്ര, ദലിത്, പിന്നോക്ക, ആദിവാസി, പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 8 കോടിയിലധികം ചെറുപ്പക്കാര്‍ സ്വന്തം ബിസിനസ്സ് ആരംഭിച്ച് അവരുടെ വിധിയെ മാറ്റിമറിച്ചു. ബാങ്കുകള്‍ക്ക് നല്‍കാന്‍ പോലും ഈ ചെറുപ്പക്കാര്‍ക്ക് ഒരു ഗ്യാരണ്ടിയും ഉണ്ടായിരുന്നില്ല. മോദി അവരുടെ ഗ്യാരണ്ടിയായി; ഞങ്ങളുടെ സര്‍ക്കാര്‍ അവരുടെ സഖ്യകക്ഷിയായി. യുവാക്കള്‍ക്ക് നിര്‍ഭയമായി മുദ്ര വായ്പ നല്‍കാന്‍ ഞങ്ങള്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കോടി രൂപയുടെ മുദ്രാ വായ്പകള്‍ സ്വീകരിച്ച് കോടിക്കണക്കിന് യുവാക്കള്‍ തങ്ങളുടെ വിധി മാറ്റിമറിച്ചു.
സുഹൃത്തുക്കളേ,
ഇന്ന് നമ്മുടെ കളിക്കാര്‍ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഈ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും പാവപ്പെട്ട താഴ്ന്ന ഇടത്തരം കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്. ഖേലോ ഭാരത് കാമ്പെയ്നിന് കീഴില്‍ അവര്‍ക്ക് അവരുടെ വീടുകള്‍ക്ക് സമീപം മികച്ച കായിക സൗകര്യങ്ങള്‍ ലഭിക്കുന്നു. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും ആധുനിക പരിശീലനത്തിനും കൃത്യമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. അതുകൊണ്ടുതന്നെ ഗ്രാമത്തിലെ പാവപ്പെട്ടവരുടെ മക്കളും പെണ്‍മക്കളും ത്രിവര്‍ണപതാകയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. യുവാക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് അതിശയകരമായ ഫലങ്ങള്‍ നല്‍കുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനെ കുറിച്ച് ഞാന്‍ പറയുമ്പോള്‍, നമ്മുടെ രാജ്യത്തെ യുവജനങ്ങളായിരിക്കും പ്രാഥമിക ഗുണഭോക്താക്കള്‍. മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്നതു കൊണ്ട് അര്‍ഥമാക്കുന്നത് മെച്ചപ്പെട്ട ആരോഗ്യം, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നതാണ്. മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി എന്നതിനര്‍ത്ഥം കൂടുതല്‍ അവസരങ്ങള്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍, ജീവിത നിലവാരത്തിലും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലും മൊത്തത്തിലുള്ള ഉയര്‍ച്ച എന്നിവയാണ്. 2047-ല്‍ ഒരു വികസിത ഭാരതം എങ്ങനെയായിരിക്കുമെന്നതിന്റെ വിപുലമായ ക്യാന്‍വാസില്‍ നമ്മുടെ യുവാക്കള്‍ ചിത്രം വരയ്ക്കണം. ഒരു സുഹൃത്തും പങ്കാളിയുമായി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള യുവാക്കളുടെ നിര്‍ദേശങ്ങളും പ്രമേയങ്ങളും സംയോജിപ്പിച്ച് രാജ്യവ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. വികസിത ഭാരതവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ MyGov-ല്‍ പങ്കിടാന്‍ എല്ലാ യുവാക്കളോടും ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തെ യുവശക്തിയെ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മറ്റൊരു പ്രധാന പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. 'മേരാ യുവ ഭാരത്' എന്നാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പേര്. അതായത് MY Bharat. ഈ സുപ്രധാന പ്ലാറ്റ്‌ഫോം രാജ്യത്തിന്റെ യുവ പെണ്‍മക്കള്‍ക്കും പുത്രന്മാര്‍ക്കും വേണ്ടിയുള്ള ഒരു വലിയ സംഘടനയായി മാറുകയാണ്. നടന്നുകൊണ്ടിരിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ MY Bharat പ്ലാറ്റ്ഫോമില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുന്നു. എന്റെ ഭാരതത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ യുവാക്കളോടും ഒരിക്കല്‍ കൂടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു
എന്റെ കുടുംബാംഗങ്ങളേ,
വീര്‍ ബാല്‍ ദിവസില്‍, രാജ്യത്തെ എല്ലാ യുവജനങ്ങളോടും അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഫിറ്റായ ഒരു യുവാവ് ജീവിതത്തില്‍ മാത്രമല്ല, കരിയറിലും മികവ് പുലര്‍ത്തും. ഇന്ത്യന്‍ യുവാക്കള്‍ ശാരീരിക വ്യായാമം, ഭക്ഷണത്തില്‍ സൂപ്പര്‍ഫുഡ് മില്ലറ്റുകള്‍ ഉള്‍പ്പെടുത്തല്‍, ഡിജിറ്റല്‍ ഡിറ്റോക്‌സ് സമ്പ്രദായങ്ങള്‍, മാനസിക ഫിറ്റ്‌നസ്, മതിയായ ഉറക്കം എന്നിവയെക്കുറിച്ച് സ്വയം നിയമങ്ങള്‍ സ്ഥാപിക്കണം.
ഇന്നത്തെ യുവതലമുറയ്ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം നിരവധി ചോദ്യങ്ങളുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍, ഒരു സമൂഹമെന്ന നിലയില്‍, നാം ശ്രദ്ധിക്കേണ്ട മറ്റൊരു ഗുരുതരമായ പ്രശ്‌നമുണ്ട്. ആസക്തിയുടെയും മയക്കുമരുന്നിന്റെയും പ്രശ്‌നമാണിത്. അതിന് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. ഈ പ്രശ്‌നത്തില്‍ നിന്ന് ഭാരതത്തിലെ യുവാക്കളെ രക്ഷിക്കേണ്ടതുണ്ട്. ഈ വീര്‍ ബാല്‍ ദിവസില്‍, രാജ്യത്ത് മയക്കുമരുന്നിനെതിരെ ഒരു ബഹുജന പ്രസ്ഥാനം നയിക്കാന്‍ ഞാന്‍ മതനേതാക്കളോടും സാമൂഹിക സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്യുന്നു. നമ്മുടെ ഗുരുക്കന്‍മാര്‍ പഠിപ്പിച്ച പാഠമായ, കഴിവും ശക്തവുമായ ഒരു യുവശക്തിയെ സൃഷ്ടിക്കാന്‍ എല്ലാവരുടെയും സംഭാവന അനിവാര്യമാണ്. 'സബ്കാ പ്രയാസ്' അല്ലെങ്കില്‍ യോജിച്ച പരിശ്രമങ്ങളുടെ ഈ മനോഭാവത്തോടെയാണ് ഭാരതം വികസിക്കപ്പെടുന്നത്. മഹത്തായ ഗുരുപാരമ്പര്യത്തിനും രക്തസാക്ഷിത്വത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തിയ ധീരരായ സാഹിബ്സാദാസിനും പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ഞാന്‍ പ്രസംഗം അവസാനിപ്പിക്കുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍!
വാഹേ ഗുരുജി കാ ഖല്‍സാ! വാഹേ ഗുരുജി കി ഫത്തേ! (ഈശ്വരന്റെ ഐശ്വര്യം, ഈശ്വരന്റെ വിജയം)