ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, പാര്‍ലമെന്റിലെ എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകനും ഈ മണ്ണിന്റെ മകനുമായ ഗുലാം അലി ജി, ജമ്മു കശ്മീരിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാര്‍രെ!
എന്റെ കശ്മീരി സഹോദരങ്ങളെ, പ്രകൃതിയുടെ സമാനതകളില്ലാത്ത ഈ സൗന്ദര്യം അനുഭവിച്ചറിഞ്ഞുകൊണ്ടും, ഈ ശുദ്ധവായു ശ്വസിച്ചുകൊണ്ടും, നിങ്ങളുടെ ഊഷ്മള സ്‌നേഹത്തിന്റെ ആശ്ലേഷിത്തോടെയും ഭൂമിയിലെ ഈ പറുദീസിലായിക്കുന്നതിന്റെ, വികാരം ഉള്‍ക്കൊള്ളാന്‍ വാക്കുകള്‍ക്ക് കഴിയുന്നില്ല!
ജമ്മു കശ്മീരിലെമ്പാടുമുള്ള ജനങ്ങള്‍ സേ്റ്റഡിയത്തിന് പുറത്ത് ഒത്തുകൂടിയിട്ടുണ്ടെന്നും 285 ബ്ലോക്കുകളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം ആളുകള്‍ സാങ്കേതികവിദ്യയിലൂടെ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ സാഹിബ് പരാമര്‍ശിച്ചിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ന്, ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. പതിറ്റാണ്ടുകളായി നമ്മള്‍ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ ജമ്മു കശ്മീരാണിത്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തന്റെ ജീവന്‍ ത്യാഗംചെയ്ത പുതിയ ജമ്മു കാശ്മീരാണിത്. ഈ പുതിയ ജമ്മു കശ്മീരിന്റെ ഭാവി ശോഭനമാണ്; ഈ പുതിയ ജമ്മു കശ്മീരിന് വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ട്. നിങ്ങളുടെ ചിരിക്കുന്ന മുഖങ്ങള്‍ക്ക് രാജ്യം മുഴുവന്‍ സാക്ഷിയാണ്, ഇന്ന് 140 കോടി രാജ്യവാസികള്‍ക്കും ആശ്വാസം തോന്നുന്നു.
സുഹൃത്തുക്കളെ,
മനോജ് സിന്‍ഹ ജിയുടെ പ്രസംഗം നാം ഇപ്പോള്‍ ശ്രവിച്ചതാണ്. വികസനകാര്യങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രസംഗങ്ങള്‍ ആവശ്യമില്ലാത്തത്ര വാചാലതയോടും വിശദാംശങ്ങളോടും കൂടി അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നിരുന്നാലും, സ്‌നേഹവും സാന്നിദ്ധ്യവും കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ ഇവിടെ ഒത്തുചേര്‍ന്നത് എന്നില്‍ തുല്യ സന്തോഷവും നന്ദിയും നിറയ്ക്കുന്നു. സ്‌നേഹത്തിന്റെ ഈ കടം വീട്ടാനുളള ഒരു അവസരവും മോദി നഷ്ടപ്പെടുത്തില്ല. 2014 മുതലുള്ള എന്റെ എല്ലാ സന്ദര്‍ശനങ്ങളിലും, നിങ്ങളുടെ ഹൃദയങ്ങളെ കീഴടക്കാനുള്ള എന്റെ പ്രതിബദ്ധത ഞാന്‍ സ്ഥിരമായി പ്രകടിപ്പിക്കുകയും, ആ ലക്ഷ്യം കൈവരിക്കുന്നതിലെ പുരോഗതി എനിക്ക് അനുദിനം കാണാനകയും ചെയ്യുന്നുണ്ട്. ഭാവിയിലും നിങ്ങളുടെ ഹൃദയം കൈയടക്കുന്നതിനുള്ള എന്റെ പരിശ്രമം ഞാന്‍ തുടരുക തന്നെ ചെയ്യും. 'ഇതാണ് മോദിയുടെ ഉറപ്പ്'! നിങ്ങള്‍ക്കറിയാവുന്നതുപോലെ, മോദിയുടെ ഉറപ്പ് എന്നത് അര്‍ത്ഥമാക്കുന്നത് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉറപ്പാണെന്നതാണ്.
സുഹൃത്തുക്കളെ,
വളരെകാലത്തിന് മുന്‍പല്ലാതെ ഞാന്‍ ജമ്മു സന്ദര്‍ശിച്ചിരുന്നു, അവിടെ 3അടിസ്ഥാന സൗകര്യവികസനവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 2,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഞാന്‍ സമാരംഭം കുറിച്ചിരുന്നു. ഇന്ന്, ചുരുങ്ങിയ സമയത്തിനുള്ളില്‍, നിങ്ങളെ എല്ലാവരെയും കാണാന്‍ ശ്രീനഗറിലെത്താനുള്ള വിശേഷാവസരവും എനിക്കുണ്ടായി. വിനോദസഞ്ചാരത്തിനും വികസനത്തിനും ഊന്നല്‍ നല്‍കുന്ന നിരവധി പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഇവിടെ, നിര്‍വഹിക്കാനുള്ള ബഹുമതിയും എനിക്കുണ്ടായി. അതിനുമപ്പുറത്തായി, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നമ്മുടെ കര്‍ഷകര്‍ക്കായി സമര്‍പ്പിക്കുകയും 1000 യുവജനങ്ങള്‍ക്ക് ഗവണ്‍മെന്റ് ജോലികള്‍ക്കുള്ള നിയമന കത്തുകള്‍ ലഭിക്കുകയും ചെയ്തു. വികസനത്തിന്റെ ശേഷി, ടൂറിസത്തിന്റെ സാദ്ധ്യതകള്‍, നമ്മുടെ കര്‍ഷകരുടെ കഴിവുകള്‍, ജമ്മു കശ്മീരിലെ യുവജനങ്ങളുടെ നേതൃത്വം എന്നിവയെല്ലാം ഒരു വികസിത ജമ്മു കശ്മീര്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമാണ്. ജമ്മു കാശ്മീര്‍ ഒരു ഭൂമിശാസ്ത്രപരമായ പ്രദേശത്തിനുമപ്പുറമാണ്; അത് ഭാരതത്തിന്റെ തലയെ പ്രതിനിധീകരിക്കുന്നു, ഭാരതത്തിന്റെ അന്തസ്സിന്റെ പ്രതീകമാകുന്നു. തല ഉയര്‍ന്നിരിക്കുന്നത് പുരോഗതിയെയും ബഹുമാനത്തെയും സൂചിപ്പിക്കുന്നു. അതുകൊണ്ട്, വികസിത ഭാരതം കൈവരിക്കുന്നതിന് വികസിത ജമ്മു കശ്മീര്‍ പരമപ്രധാനമാണ്.
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബാധകമായ നിയമങ്ങള്‍ ജമ്മു കശ്മീരിലേക്ക് നീട്ടി ഉപയോഗിക്കാന്‍ കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുപോലെ, രാജ്യവ്യാപകമായി പാവപ്പെട്ടവര്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കുമ്പോള്‍, ജമ്മു കശ്മീരിലെ എന്റെ സഹോദരീസഹോദരന്മാരിലേയ്ക്ക് ആ ആനുകൂല്യങ്ങള്‍ പലപ്പോഴും എത്തിയില്ല. എന്നാല്‍, കാലം ഗണ്യമായി മാറി. ഇന്ന്, ഇവിടെ ശ്രീനഗറില്‍ സമാരംഭംകുറിയ്ക്കുന്ന മുന്‍കൈകള്‍ പ്രദേശവാസികള്‍ക്ക് മാത്രമല്ല, രാജ്യത്തിന് മുഴുവനും പ്രയോജനപ്പെടുന്നവയായി മാറി. ശ്രീനഗര്‍ പുതിയ ടൂറിസം മുന്‍കൈകളിലേക്ക് മുന്നേറുകയാണ്, ജമ്മുകാശ്മീര്‍ മാത്രമല്ല, രാജ്യമാകെ തന്നെ. അതിനാല്‍, ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പുറമെ, രാജ്യത്തെ 50-ലധികം നഗരങ്ങളില്‍ നിന്നുള്ളവരും ഇന്ന് നമ്മളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, രാഷ്ട്രം ശ്രീനഗറുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തിനൊപ്പം ആറ് പദ്ധതികളും ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതിന് കീഴില്‍ ജമ്മു കശ്മീരിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കുമായി 30 പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചു. കൂടാതെ, പ്രസാദ് യോജനയ്ക്ക് കീഴില്‍ മൂന്ന് പദ്ധതികളും ആരംഭിച്ചിട്ടുണ്ട്, അതിനോട്‌ചേര്‍ന്ന് 14 അധിക പദ്ധതികള്‍ കൂടിയുണ്ട്. പരിശുദ്ധ ഹസ്രത്ബാല്‍ ദര്‍ഗയിലെ വികസന മുന്‍കൈകളും ജനങ്ങളുടെ സൗകര്യത്തിനനുസരിച്ച് പൂര്‍ത്തിയായി. മാത്രമല്ല, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ടൂറിസ്റ്റ് ലക്ഷ്യകേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള 40 ലധികം സ്ഥലങ്ങളും ഗവണ്‍മെന്റ് കണ്ടെത്തിയിട്ടുണ്ട്. 'ദേഖോ അപ്നാ ദേശ് പീപ്പിള്‍സ് ചോയ്‌സ്' എന്ന ഒരു സവിശേഷ സംഘടിതപ്രവര്‍ത്തനവും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് അതിലൂടെ ഓണ്‍ലൈനായി പോയി സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യാം. തീരുമാനമെടുക്കല്‍ പ്രക്രിയയിലെ പൊതുജന പങ്കാളിത്തത്തോടെ ഏറ്റവും ജനപ്രിയമായ സ്ഥലങ്ങള്‍ ടൂറിസ്റ്റ് ആകര്‍ഷണങ്ങളായി ഗവണ്‍മെന്റ് കൂടുതല്‍ വികസിപ്പിക്കും. ചലോ ഇന്ത്യ സംഘടിതപ്രവര്‍ത്തനത്തിലൂടെ ഇന്ത്യയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ന് മുതല്‍,ആരംഭം കുറിയ്ക്കുകയാണ്. ഭാരതം സന്ദര്‍ശിക്കാന്‍ കുറഞ്ഞത് ഇന്ത്യക്കാരല്ലാത്ത അഞ്ച് കുടുംബങ്ങളെയെങ്കിലും ക്ഷണിക്കണമെന്ന് എന്‍.ആര്‍.ഐകളോട് അഭ്യര്‍ത്ഥിക്കുന്നു. അതിനുപുറമെ, ചലോ ഇന്ത്യ സംഘടിതപ്രവര്‍ത്തനത്തിന് കീഴില്‍, വിദേശത്ത് താമസിക്കുന്നവരെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ഒരു വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതികളില്‍ നിന്നും സംഘടിതപ്രവര്‍ത്തനങ്ങളില്‍ നിന്നും ജമ്മു കശ്മീരിലെ ജനങ്ങള്‍ കാര്യമായ നേട്ടങ്ങള്‍ കൊയ്യാന്‍ ഒരുങ്ങുകയാണ്. കൂടാതെ, ഞാന്‍ മറ്റൊരു ലക്ഷ്യത്തിനായും പ്രവര്‍ത്തിക്കുന്നുണ്ട്: ഇന്ത്യന്‍ വിനോദസഞ്ചാരികളെ അവരുടെ യാത്രയ്ക്കിടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന്. വിനോദസഞ്ചാരികള്‍ അവരുടെ മൊത്തം യാത്രാ ബജറ്റിന്റെ 5-10% എങ്കിലും അവര്‍ എവിടെ പോയാലും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി നീക്കിവയ്ക്കാന്‍ ഞാന്‍ ഉപദേശിക്കുന്നു. ഇത് പ്രാദേശിക വരുമാനവും തൊഴിലും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സുസ്ഥിര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് വെറും സന്ദര്‍ശനത്തെക്കുറിച്ച് മാത്രമല്ല; ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചാണ്. ഇന്നത്തെ ശ്രീനഗര്‍ സന്ദര്‍ശന വേളയില്‍ ഞാനും ഈ സമ്പ്രദായം പിന്തുടര്‍ന്നു. ഞാന്‍ ചില നല്ല കാര്യങ്ങള്‍ കണ്ടു, അത് വാങ്ങാന്‍ തീരുമാനിച്ചു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ഈ മുന്‍കൈ ലക്ഷ്യമിടുന്നത്.
സുഹൃത്തുക്കളെ,
ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ ഈ മേഖലയിലെ ടൂറിസം വ്യവസായം പുഷ്ടിപ്പെടുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ വികസന ശ്രമങ്ങള്‍ക്ക് ജമ്മു കശ്മീരിലെ എന്റെ സഹോദരീ സഹോദരന്മാര്‍ക്ക് ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇപ്പോള്‍, ഒരു പുതിയ മുന്‍കൈ നിങ്ങളെ പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെക്കാലമായി ഈ പ്രദേശം സിനിമാ ഷൂട്ടിങ്ങുകള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഭാരതത്തില്‍ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് എന്റെ അടുത്ത ദൗത്യം. വിവാഹം വിദേശത്തുവച്ച് കഴിക്കുന്നതിനായി ജനങ്ങള്‍ പലപ്പോഴും ഗണ്യമായ തുക ചെലവഴിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന 'ഇന്ത്യയില്‍ വെഡ്' എന്ന ആശയം ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ജമ്മു കശ്മീരില്‍ വിവാഹങ്ങള്‍ നടത്താനുള്ള ആഗ്രഹം ജനങ്ങളില്‍ വളരണം. ഇവിടെ വിവാഹങ്ങള്‍ നടത്തുന്നതിലൂടെ, കുടുംബങ്ങള്‍ക്ക് മൂന്നോ നാലോ ദിവസം ആഡംബര ആഘോഷങ്ങള്‍ ആസ്വദിക്കാനാകും, ഇത് പ്രദേശവാസികള്‍ക്ക് ഉപജീവന അവസരങ്ങളും നല്‍കും. ഈ സംഘടിതപ്രവര്‍ത്തനത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.
മാത്രമല്ല സുഹൃത്തുക്കളെ,
ശുദ്ധമായ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പ്രതിബദ്ധതയുമുള്ളപ്പോള്‍, ഫലങ്ങള്‍ പിന്തുടരുന്നത് അനിവാര്യമാകും. ജമ്മു കശ്മീരില്‍ ജി-20 ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കുന്നതിന് ലോകം സാക്ഷിയായി. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജമ്മു കശ്മീരിന്റെ സാധ്യതകളെക്കുറിച്ച് മുമ്പ് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇന്ന്, ഈ മേഖലയില്‍ എല്ലാ ടൂറിസം റെക്കോര്‍ഡുകളും തകര്‍ക്കപ്പെട്ടിരിക്കുന്നു. 2023ല്‍ മാത്രം 2 കോടിയിലധികം സഞ്ചാരികള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദശകത്തിലെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ പങ്കെടുത്ത അമര്‍നാഥ് യാത്രയായിരുന്നു. മുന്‍പൊന്നുമില്ലാത്ത തരത്തിലെ എണ്ണത്തില്‍ വൈഷ്‌ണോദേവിയിലേക്ക് ഭക്തര്‍ ഒഴുകിയെത്തുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും ഇരട്ടിയായി. പ്രമുഖ വ്യക്തികളും വിദേശ പ്രമുഖരും പോലും കാശ്മീരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു, അതിന്റെ താഴ്‌വരകളുടെ ഭംഗി വീഡിയോകളിലും റീലുകളിലും പകര്‍ത്തുന്നു, അത് പിന്നീട് വൈറലാകുന്നു.
സുഹൃത്തുക്കളെ,
വിനോദസഞ്ചാരത്തിനു പുറമേ കൃഷിയും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ജമ്മു കശ്മീരില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ കുങ്കുമം, ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്‌സ്, ചെറി എന്നിവ ഇതിനെ ഒരു പ്രമുഖ ബ്രാന്‍ഡായി സ്ഥാപിച്ചിട്ടുണ്ട്. 5,000 കോടി രൂപ മുതല്‍മുടക്കിലുള്ള കാര്‍ഷിക വികസന പരിപാടികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും, പ്രത്യേകിച്ച് ഹോര്‍ട്ടികള്‍ച്ചറിനും കന്നുകാലിവളര്‍ത്തലിനും പ്രയോജനം ചെയ്യും. സഹോദരി, ഹമീദയുമായി സമീപകാലത്ത് ഞാന്‍ നടത്തിയ സംഭാഷണത്തിനിടെ, പുതിയ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ സംരംഭത്തില്‍ നിന്ന് മൃഗസംരക്ഷണത്തിന് ലഭിക്കാവുന്ന ഉത്തേജനത്തെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലൂടെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഏകദേശം 3,000 കോടി രൂപ കേന്ദ്രഗവണ്‍മെന്റ് ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതിക്കുള്ള സമീപകാല സമാരംഭം ഉള്‍പ്പെടെ, ജമ്മു കശ്മീരിലെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍, ദീര്‍ഘകാലത്തേക്ക് പഴങ്ങളും പച്ചക്കറികളും സംരക്ഷിക്കുന്നതിന് സംഭാവന നല്‍കും. ഈ മുന്‍കൈയുടെ ഭാഗമായി മേഖലയില്‍ നിരവധി പുതിയ വെയര്‍ഹൗസുകളും നിര്‍മ്മിക്കപ്പെടും.
സുഹൃത്തുക്കളെ,
ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നേറുകയാണ്. ഈ മേഖലയില്‍ ഉടന്‍ ഒന്നല്ല, രണ്ട് എയിംസ് സൗകര്യങ്ങള്‍ ഉണ്ടാകും, ഇതിനകം ഉദ്ഘാടനം ചെയ്യപ്പെട്ട എയിംസ് ജമ്മുവും ദ്രുതഗതിയില്‍ പണി പുരോഗമിക്കുന്ന എയിംസ് കശ്മീരും. അതിനുപുറമെ, ഏഴ് പുതിയ മെഡിക്കല്‍ കോളേജുകളും രണ്ട് പ്രധാന കാന്‍സര്‍ ആശുപത്രികളും സ്ഥാപിച്ചു. ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടു, രണ്ട് വന്ദേ ഭാരത് ട്രെയിനുകളും ഇപ്പോള്‍ ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീനഗറില്‍ നിന്ന് സംഗല്‍ദാനിലേക്കും സംഗല്‍ദാനില്‍ നിന്ന് ബാരാമുള്ളയിലേക്കും ട്രെയിന്‍ സര്‍വീസുസളും ആരംഭിച്ചു. വിപുലീകരിച്ച ബന്ധിപ്പിക്കല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കി, പുതിയ അടിസ്ഥാനസൗകര്യ പദ്ധതികളിലൂടെ ജമ്മുവിനെയും ശ്രീനഗറിനെയും സ്മാര്‍ട്ട് സിറ്റികളാക്കി വികസിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ജമ്മു കശ്മീരിന്റെ വിജയഗാഥ ആഗോള ശ്രദ്ധയാകര്‍ഷിക്കും. എന്റെ മന്‍ കി ബാത്ത് പരിപാടിയില്‍ ഞാന്‍ പലപ്പോഴും ജമ്മു കശ്മീരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് നിങ്ങള്‍ റേഡിയോയില്‍ കേട്ടിട്ടുണ്ടാകും, ശുചിത്വ സംഘടിതപ്രവര്‍ത്തനങ്ങളും പ്രദേശത്തെ സമ്പന്നമായ കരകൗശല വസ്തുക്കളും കരകൗശല നൈപുണ്യവും പോലുള്ള സംരംഭങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഉദാഹരണത്തിന്, ഒരിക്കല്‍ ഞാന്‍ മന്‍ കി ബാത്തിന്റെ ഒരു ഭാഗം നദ്രുവിന്റെ അല്ലെങ്കില്‍ താമരയുടെ തണ്ടിന്റെ സങ്കീര്‍ണതകള്‍ക്കായാണ് സമര്‍പ്പിച്ചത്. ബി.ജെ.പിയുടെ ചിഹ്‌നം കൂടിയായ താമരയെ ഇവിടുത്തെ തടാകങ്ങളില്‍ എല്ലായിടത്തും കാണാനാകും. താമര ജമ്മു കശ്മീരില്‍ കാര്യമായ സാന്നിദ്ധ്യം പുലര്‍ത്തുന്നു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ലോഗോ പോലും അലങ്കരിക്കുന്നുണ്ട്, ഇതൊക്കെ ഈ പ്രദേശവും താമരയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കുന്നു.
സുഹൃത്തുക്കളെ,
ജമ്മു കശ്മീരിലെ യുവജനങ്ങളെ എല്ലാ മേഖലകളിലും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഞങ്ങളുടെ ഗവണ്‍മെന്റ് ഉറച്ചുനില്‍ക്കുകയാണ്. നൈപുണ്യ വികസനം മുതല്‍ കായികരംഗത്തു വരെ യുവജനങ്ങള്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. നിലവില്‍ ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും ആധുനിക കായിക സൗകര്യങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. 17 ജില്ലകളിലും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി, ജമ്മു കശ്മീര്‍ നിരവധി ദേശീയ കായിക ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍, രാജ്യത്തിന്റെ ശൈത്യകാല കായിക തലസ്ഥാനമായി ഇത് ഉയര്‍ന്നുവരികയാണ് - ഇതാണ് ഞാന്‍ വിഭാവനം ചെയ്യുന്ന ജമ്മു കശ്മീര്‍. അടുത്തിടെ, നടന്ന ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസില്‍ രാജ്യത്തുടനീളമുള്ള ഏകദേശം 1000 കളിക്കാര്‍ പങ്കെടുത്തു.
സുഹൃത്തുക്കളെ,
ഇന്ന് സ്വതന്ത്രമായി ശ്വസിക്കാനാകുന്നതിനാല്‍ ജമ്മു കശ്മീര്‍ വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. അനുച്‌ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ നിന്നുള്ള ഈ മോചനമുണ്ടായത്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളും രാഷ്ട്രീയ നേട്ടത്തിനായി അനുച്‌ഛേദം 370 ന്റെ പേരില്‍ ജമ്മു കശ്മീരിലെയും രാജ്യത്തെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അനുച്‌ഛേദം 370-ല്‍ നിന്ന് ജമ്മു കശ്മീരിന് ശരിക്കും പ്രയോജനം ലഭിച്ചോ അതോ അത് ചില രാഷ്ട്രീയ കുടുംബങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണോ സേവിച്ചത്, ജമ്മു കശ്മീരിലെ ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു - അവര്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. തെരഞ്ഞെടുത്ത ഏതാനും കുടുംബങ്ങള്‍ക്ക് വേണ്ടി അനുച്‌ഛേദം 370 ജമ്മു കശ്മീരിന് വിലങ്ങുതടിയായി. ഇന്ന്, അതിന്റെ അസാധുവാക്കലിലൂടെ, ജമ്മു കശ്മീരിലെ യുവജനങ്ങളുടെ കഴിവുകള്‍ യഥാവിധി അംഗീകരിക്കപ്പെടുകയും അവര്‍ക്ക് പുതിയ അവസരങ്ങള്‍ സമ്മാനിക്കപ്പെടുകയും ചെയ്യുന്നു. തുല്യ അവകാശങ്ങളും അവസരങ്ങളും ഇപ്പോള്‍ എല്ലാവര്‍ക്കും പ്രാപ്യമാണ്. 70 വര്‍ഷമായി വോട്ടവകാശം നിഷേധിക്കപ്പെട്ട പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍, വാല്‍മീകി സമുദായാംഗങ്ങള്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയ മുമ്പ് അവകാശമില്ലാതിരുന്ന ഗ്രൂപ്പുകള്‍ ഇപ്പോള്‍ അത് ആസ്വദിക്കുന്നു. പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന വാല്‍മീകി സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ഥ്യമായി. അതിനുപുറമെ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി നിയമസഭയില്‍ സീറ്റുകള്‍ സംവരണം ചെയ്തു. കൂടാതെ, പദ്ദാരി ഗോത്രം, പഹാരി വംശീയ സംഘം, ഗദ്ദ ബ്രാഹ്‌മണന്‍, കോലി തുടങ്ങിയ സമുദായങ്ങളെയും പട്ടികവര്‍ഗ്ഗങ്ങളായി അംഗീകരിച്ചു. നമ്മുടെ ഗവണ്‍മെന്റ് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കിയിട്ടുണ്ട്. പര്‍വിവര്‍വാദി (കുടുംബ) പാര്‍ട്ടികള്‍ പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനങ്ങളുടെ ഈ അവകാശങ്ങള്‍ നഷ്ടപ്പെടുത്തി. ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗത്തിനും അവരുടെ അവകാശങ്ങള്‍ തിരിച്ചുകിട്ടുന്നു.
സുഹൃത്തുക്കളെ,
ജമ്മു കാശ്മീരിലെ സ്വജനപക്ഷപാതവും അഴിമതിയും നമ്മുടെ ജെ ആന്റ് കെ ബാങ്കിനെ വളരെയധികം ബാധിച്ചു. മുന്‍ ഗവണ്‍മെന്റുകള്‍ ഈ ബാങ്കിനെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തിയില്ല, തസ്തികകളില്‍ അവരുടെ ബന്ധുക്കളെയും മരുമക്കളെയും നിയമിച്ചു, ഇത് അതിന്റെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തി. ദുരുപയോഗം ഗണ്യമായ നഷ്ടത്തിലേക്ക് നയിച്ചു, ആയിരക്കണക്കിന് കോടി രൂപ അപകടത്തിലാക്കി - പാവപ്പെട്ടവരുടെ പണം, എന്റെ സഹോദരീ, സഹോദരന്മാരേ, നിങ്ങളുള്‍പ്പെടെയുള്ള കശ്മീരിലെ ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം. ജെ ആന്റ് കെ ബാങ്കിനെ രക്ഷിക്കാന്‍, ഞങ്ങളുടെ ഗവണ്‍മെന്റ് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും 1,000 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. ഇന്നും ഇത്തരം ആയിരക്കണക്കിന് കേസുകളില്‍ നടക്കുന്ന അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണത്തോടൊപ്പം ബാങ്കിലെ തെറ്റായ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ഞങ്ങള്‍ കര്‍ശനമായ നടപടികളും സ്വീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ജമ്മു കശ്മീരിലെ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് സുതാര്യമായ പ്രക്രിയകളിലൂടെ ബാങ്ക് ജോലികള്‍ ലഭ്യമായി. ഗവണ്‍മെന്റിന്റെ നിരന്തര ശ്രമങ്ങള്‍ കാരണം, ഇന്ന് ജെ ആന്റ് കെ ബാങ്ക് അതിന്റെ ശക്തി വീണ്ടെടുത്തു. മോദിയുടെ ഉറപ്പിഴന്റെ തെളിവാണ് ഒരു കാലത്ത് ബുദ്ധിമുട്ടിലായിരുന്ന ഈ ബാങ്കിന്റെ ഇന്നത്തെ ലാഭം ഇപ്പോള്‍ അത് 1700 കോടി രൂപയിലെത്തി. ഇത് നിങ്ങളുടെ പണമാണ്, തീര്‍ച്ചയായും നിങ്ങളുടേത്, അതിന് മോദി ഒരു കാവല്‍ക്കാരനെപ്പോലെ കാവല്‍ നില്‍ക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് ബാങ്കിന്റെ മൊത്തം ബിസിനസ് വെറും 1.25 ലക്ഷം കോടി രൂപയായി ചുരുങ്ങി. നിലവില്‍, ഇത് 2.25 ലക്ഷം കോടി കവിഞ്ഞു, അതിന്റെ വലുപ്പം ഇരട്ടിയായി. അതുപോലെ, അഞ്ച് വര്‍ഷം മുമ്പ്, നിക്ഷേപങ്ങള്‍ 80,000 കോടി രൂപയായി കുറഞ്ഞിരുന്നു, ഇപ്പോള്‍ അതിന്റെ വലുപ്പം ഇരട്ടിയായി 1.25 ലക്ഷം കോടി രൂപ കവിഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് 11 ശതമാനം കടന്ന ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ) അനുപാതം ഇപ്പോള്‍ 5 ശതമാനത്തില്‍ താഴെയായി കുറഞ്ഞു. മൊത്തത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ജെ ആന്റ് കെ ബാങ്കിന്റെ ഓഹരി വില 12 രൂപയില്‍ നിന്ന് ഏകദേശം പന്ത്രണ്ട് മടങ്ങ് വര്‍ദ്ധിച്ച്,ഏകദേശം 140 രൂപയായി. പൊതുജനക്ഷേമത്തിന് പ്രതിജ്ഞാബദ്ധമായ ഒരു സത്യസന്ധമായ ഗവണ്‍മെന്റിനൊപ്പം, വെല്ലുവിളികളെ അതിജീവിച്ച് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കഴിയും.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിനു ശേഷം ജമ്മു കശ്മീര്‍ വളരെക്കാലം കുടംബാ രാഷ്ട്രീയത്തിയത്തിന്റെ കഷ്ടത അനുഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും വികസനത്തില്‍ അതൃപ്തിയുള്ളവര്‍ എനിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുകയാണ്. മോദിക്ക് കുടുംബമില്ലെന്ന് അവര്‍ അവകാശപ്പെടുന്നു, എന്നാല്‍ രാജ്യം അവര്‍ക്ക് ഉചിതമായ മറുപടിയാണ് നല്‍കുന്നത്.''ഞാന്‍ മോദിയുടെ കുടുംബമാണ''്! എന്ന് രാജ്യത്തുടനീളം ജനങ്ങള്‍ പ്രഖ്യാപിക്കുന്നു, എപ്പോഴും ജമ്മു കശ്മീരിനെ ഞാന്‍ എന്റെ കുടുംബമായാണ് കണക്കാക്കുന്നത് - ഹൃദയത്തിലും മനസ്സിലും കുടികൊള്ളുന്ന കുടുംബം. അതുകൊണ്ടാണ് കശ്മീരികള്‍ - ''ഞാന്‍ മോദിയുടെ കുടുംബമാണ്'' '' ഞാന്‍ മോദിയുടെ കുടുംബമാണ്''എന്ന ഈ വികാരം പങ്കുവെക്കുന്നത്. ജമ്മു കശ്മീരിന്റെ വികസന പ്രയാണം വിശ്രമമില്ലാതെ തുടരുമെന്ന ഉറപ്പാണ് മോദി കുടുംബത്തിന് നല്‍കുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ കൂടുതല്‍ വേഗത്തില്‍ വികസിക്കും.
സുഹൃത്തുക്കളെ,
സമാധാനത്തിന്റെയും ഭക്തിയുടെയും മാസമായ റമദാന്‍ ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ഈ പുണ്യമാസത്തോട് അടുക്കുമ്പോള്‍ ജമ്മു കശ്മീരിന്റെ ഈ മണ്ണില്‍ നിന്ന് രാജ്യത്തിനു മുഴുവനും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. റമദാന്‍ ഉള്‍ക്കൊള്ളുന്ന സമാധാനത്തിന്റെയും ഐക്യത്തിന്റെയും സത്ത എല്ലാവരിലും പ്രതിധ്വനിക്കട്ടെ.
ഒപ്പം എന്റെ സുഹൃത്തുക്കളും,
ആദിശങ്കരാചാര്യരുടെ കാല്‍പ്പാടുകളാല്‍ വിശുദ്ധമാക്കപ്പെട്ട നാടാണിത്. നാളെ മഹാശിവരാത്രിയുടെ മഹത്തായ അവസരമാണ്, ഈ മഹത്തായ ഉത്സവത്തില്‍ നിങ്ങള്‍ക്കും നമ്മുടെ എല്ലാ സഹരാജ്യവാസികള്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ ആശംസകള്‍ നേരുന്നു. ഇന്നത്തെ ഈ പദ്ധതികള്‍ക്ക് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. ജമ്മു കാശ്മീരിലെ ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ നിങ്ങളുടെ വാത്സല്യവും അനുഗ്രഹവും ഏറ്റുവാങ്ങി നില്‍ക്കാന്‍ കഴിഞ്ഞത് എനിക്ക് അഭിമാനകരമാണ്.
വളരെയധികം നന്ദി!