നമസ്‌കാരം!
ആശംസകള്‍! ഉത്തരായനം, മകരസംക്രാന്തി, പൊങ്കല്‍, ബിഹു തുടങ്ങിയ ആഘോഷങ്ങളാല്‍ രാജ്യം മുഴുവന്‍ ഇപ്പോള്‍ ഉത്സവാന്തരീക്ഷം വ്യാപിച്ചിരിക്കുന്നു. ഒട്ടനവധി ഉത്സവങ്ങളുടെ ആവേശം നമ്മെ പൊതിയുന്നു. ഇന്നത്തെ പരിപാടി ഈ ആവേശത്തിന് പ്രൗഢിയുടെയും ചടുലതയുടെയും ഒരു അധിക തലം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഈ അവസരത്തില്‍ നിങ്ങളോട് സംവദിക്കുന്നത് എനിക്ക് ഒരു ആഘോഷത്തിന് തുല്യമാണ്. നിലവില്‍, അയോധ്യയില്‍ ആഘോഷങ്ങള്‍ അരങ്ങേറുകയാണ്. അതേസമയം, എന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഒരു ലക്ഷം പിന്നാക്കക്കാരായ ആദിവാസി സഹോദരീസഹോദരന്മാര്‍ അവരുടെ വീടുകളില്‍ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഇത് എനിക്ക് അളവറ്റ സന്തോഷം നല്‍കുന്നു. അവരുടെ നല്ല വീടുകളുടെ നിര്‍മാണത്തിനുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്നു മാറ്റുകയാണ്. ഈ കുടുംബങ്ങള്‍ക്കെല്ലാം ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ നേരുകയും അവര്‍ക്ക് സന്തോഷകരമായ മകരസംക്രാന്തി ആശംസിക്കുകയും ചെയ്യുന്നു! ഈ മഹത്തായ ഉദ്യമത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അവസരം ലഭിച്ചത് എന്റെ ജീവിതത്തില്‍ വലിയ സന്തോഷം നല്‍കുന്നു.
സുഹൃത്തുക്കളെ,
ഇന്നു നിങ്ങളുടെ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷത്തെ ദീപാവലി നിങ്ങളുടെ പുതിയ വീടുകളില്‍ ആഘോഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും വരാനിരിക്കുന്ന മഴക്കാലത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുക. ഇത്തവണ നിങ്ങള്‍ ദീപാവലി ആഘോഷിക്കുന്നത് നിങ്ങളുടെ പുതിയ നല്ല വീടുകളിലാണെന്ന് ഉറപ്പാക്കുക. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ജനുവരി 22ന്, അദ്ദേഹത്തിന്റെ മഹത്തായതും ദിവ്യവുമായ ക്ഷേത്രത്തില്‍ ശ്രീരാമന്റെ ദര്‍ശനം നേടാനുള്ള ഭാഗ്യം നമുക്ക് ലഭിക്കും എന്നത് ശ്രദ്ധേയമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ (പ്രാണപ്രതിഷ്ഠ) ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ് ഈ ഭാഗ്യം എനിക്ക് ലഭിച്ചത്. ഈ സുപ്രധാന ദൗത്യത്തിന്റെ പ്രാധാന്യവും എന്നെ ഏല്‍പ്പിച്ചിരിക്കുന്ന പ്രധാന ഉത്തരവാദിത്തവും കണക്കിലെടുത്ത്, ഞാന്‍ ഒരു ഉപവാസം ആചരിക്കാന്‍ തീരുമാനിക്കുകയും ചടങ്ങിന് മുന്നോടിയായി 11 ദിവസത്തെ പ്രത്യേക 'അനുഷ്ഠാനം' ആരംഭിക്കുകയും ചെയ്തു. ശ്രീരാമനെ സ്മരിക്കുമ്പോള്‍ സ്വാഭാവികമായും ശബരി മാതാ മനസ്സിലേക്ക് വരുന്നു.
സുഹൃത്തുക്കളെ,
മാതാ ശബരിയെ ഉള്‍പ്പെടുത്താതെ ശ്രീരാമനെക്കുറിച്ചുള്ള വിശദീകരണം പൂര്‍ത്തിയാവില്ല. രാമന്‍ അയോധ്യയില്‍ നിന്ന് പോയതിനാല്‍, രാമന്‍ രാജകുമാരന്‍ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ മാതാ ശബരിയുടെ മാര്‍ഗനിര്‍ദേശവും കേവത്, നിഷാദ് രാജ് തുടങ്ങി നിരവധി പേരുടെ പിന്തുണയും സഹകരണവുമാണ് അദ്ദേഹത്തെ മര്യാദാ പുരുഷോത്തമനായ രാമനായി രൂപാന്തരപ്പെടുത്തിയത്. ഈ വ്യക്തികളുടെ കൂട്ടായ്മയിലാണ് രാമരാജകുമാരന്‍ ശ്രീരാമനായി പരിണമിച്ചത്. ദശരഥന്റെ മകന്‍ രാമനില്‍ നിന്ന് ദീനബന്ധു രാമനിലേക്കുള്ള (നിര്‍ധനരായവരുടെ, അനുകമ്പയുള്ള സുഹൃത്ത്) രൂപാന്തരം സംഭവിച്ചത് ഗോത്രവര്‍ഗ മാതാവായ ശബരി വിളമ്പിയ പഴങ്ങള്‍ കഴിച്ചപ്പോഴാണ്. ഇത് രാമചരിതമാനസത്തില്‍ പറയുന്നു - कह रघुपति सुनु भामिनि बाता। मानउँ एक भगति कर नाता॥ അതായത്, ഭഗവാന്‍ ശ്രീരാമന്‍ തന്റെ ഭക്തരുമായുള്ള ഭക്തിപൂര്‍ണമായ ബന്ധത്തെ പരമപ്രധാനമായി കണക്കാക്കുന്നു. ത്രേതായുഗത്തിലെ രാജാറാമിന്റെ കഥയോ സമകാലികമായ 'രാജ് കഥയോ' ആകട്ടെ, അത് ദരിദ്രരുടെയും വനങ്ങളില്‍ വസിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെയും ജീവിതസാഹചര്യത്തില്‍ നിന്ന് വേര്‍തിരിക്കാനാവാത്തതാണ്. നമ്മുടെ ശ്രമങ്ങള്‍ എപ്പോഴും ഈ ധാര്‍മ്മികതയുമായി ചേര്‍ന്നുള്ളതാണ്. ദരിദ്രരുടെ ക്ഷേമത്തിനായി പത്ത് വര്‍ഷം ഞങ്ങള്‍ നീക്കിവച്ചു. ദരിദ്രര്‍ക്കായി ഈ ദശാബ്ദത്തിനിടയില്‍ 4 കോടി രൂപയുടെ നല്ല വീടുകള്‍ ഞങ്ങള്‍ നിര്‍മിച്ചു നല്‍കി. ഏറെക്കാലമായി അവഗണിക്കപ്പെട്ടവരെയാണ് ഇന്ന് മോദി ആദരിക്കുന്നത്.
സുഹൃത്തുക്കളെ,
പ്രധാനമന്ത്രി ജന്‍മന്‍ മഹാ-അഭിയാന്റെ പ്രാഥമിക ലക്ഷ്യം നിങ്ങള്‍ക്ക് ഗവണ്‍മെന്റിന്റെ ലഭ്യത ഉറപ്പാക്കുക, എന്റെ അങ്ങേയറ്റം പിന്നോക്കം നില്‍ക്കുന്ന ആദിവാസി സഹോദരങ്ങള്‍ക്കായി ഗവണ്‍മെന്റ് പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുക എന്നിവയാണ്. രണ്ട് മാസത്തിനുള്ളില്‍, പ്രധാനമന്ത്രി ജന്‍മന്‍ മഹാ-അഭിയാന്‍ കാര്യമായ പുരോഗതി കൈവരിച്ചു, മുമ്പ് നേടിയിട്ടില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ചു. കൃത്യം രണ്ട് മാസം മുമ്പ് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഈ പ്രചരണം ആരംഭിച്ചത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു, കാരണം നമുക്കെല്ലാവര്‍ക്കും മുന്നില്‍ ഒരു വലിയ വെല്ലുവിളി ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി വികസനം കാത്തിരിക്കുന്ന വിദൂര വനങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും വികസനത്തിനായി കാത്തിരിക്കുന്ന വിദൂര വനങ്ങളിലും ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലും താമസിക്കുന്ന, എന്റെ വളരെ പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ സുഹൃത്തുക്കളെ പോലെയുള്ള വ്യക്തികളിലേക്ക് നമ്മുടെ ഗവണ്‍മെന്റ് ഈ വിപുലമായ പ്രചരണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ ദര്‍ശനത്തിനായുള്ള അവരുടെ നിശ്ചയദാര്‍ഢ്യവും പിന്തുണയുമാണ് 75 വര്‍ഷമായി അകറ്റിനിര്‍ത്തപ്പെട്ടിരുന്ന പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രാപ്തമാക്കിയത് എന്നതിനാല്‍ ജില്ലാതലങ്ങളിലെയും സംസ്ഥാനതലങ്ങളിലെയും എല്ലാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഈ സഹോദരീസഹോദരന്മാര്‍ ജീവിക്കുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ രാജ്യത്തെ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ല. ശുദ്ധജലത്തിന്റെ അഭാവം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു, പ്രത്യേകിച്ച് കുട്ടികളെ ബാധിക്കുന്നു. വൈദ്യുതിയുടെ അഭാവം പാമ്പുകളില്‍ നിന്നും മറ്റ് വന്യജീവികളില്‍ നിന്നുമുള്ള ആക്രമണത്തിനു വഴിവെക്കുന്നു. അതേസമയം ഗ്യാസ് കണക്ഷന്റെ അഭാവം അടുക്കളകളിലെ ഇതര ഇന്ധനത്തില്‍ നിന്ന് ഉണ്ടാവുന്ന പുക ആളുകളുടെ ആരോഗ്യം അപകടത്തിലാക്കുന്നു. അപര്യാപ്തമായ റോഡ് അടിസ്ഥാനസൗകര്യം ഗ്രാമങ്ങളിലെ യാത്രാ വെല്ലുവിളികള്‍ വര്‍ധിപ്പിച്ചു. ദരിദ്രരായ എന്റെ ആദിവാസി സഹോദരങ്ങളെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കേണ്ടത് എന്റെ കടമയാണ്. നിങ്ങളുടെ മാതാപിതാക്കളും പൂര്‍വ്വികരും അത്തരം പ്രയാസകരമായ അവസ്ഥകള്‍ സഹിച്ചിട്ടുണ്ടെങ്കിലും, നിങ്ങളെയും ഭാവി തലമുറകളെയും ഇത് സഹിക്കുന്നതില്‍ നിന്ന് തടയാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എന്തുകൊണ്ടാണ് ഈ പ്രചരണത്തിന്‍ ജന്‍ മന്‍ എന്ന് പേരിട്ടതെന്ന് നിങ്ങള്‍ക്കറിയാമോ? 'ജന്‍' എന്നത് നിങ്ങളെയെല്ലാം, ജനങ്ങളെ, ദൈവത്തിന്റെ ഒരു രൂപമായി സൂചിപ്പിക്കുന്നു, 'മന്‍' എന്നത് നിങ്ങളുടെ ചിന്തകളെ സൂചിപ്പിക്കുന്നു. ഇനി നിങ്ങള്‍ നിരാശരായി ജീവിക്കേണ്ടതില്ല; ഇപ്പോള്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും, അതിനായി ഗവണ്‍മെന്റ് ദൃഢനിശ്ചയത്തോടെ സജ്ജവുമാണ്. അതിനാല്‍, പധാനമന്ത്രി-ജന്‍മന്‍ മഹാ-അഭിയാന് ഗവണ്‍മെന്റ് 23,000 കോടിയിലധികം രൂപ നീക്കിവയ്ക്കുന്നു.
സുഹൃത്തുക്കളെ,
സമൂഹത്തില്‍ ആരും പിന്നോക്കം പോകാതിരിക്കുകയും ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ എല്ലാവരിലും എത്തുകയും ചെയ്യുമ്പോള്‍ മാത്രമേ നമ്മുടെ രാജ്യത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയൂ. രാജ്യത്തെ ഏകദേശം 190 ജില്ലകളില്‍ അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ സമുദായങ്ങളില്‍ നിന്നുള്ള നമ്മുടെ സഹോദരീസഹോദരന്മാരാണ്. വെറും രണ്ട് മാസത്തിനുള്ളില്‍, 80,000 ത്തിലധികം പിന്നാക്ക ആദിവാസി വ്യക്തികളെ കണ്ടെത്തി ഗവണ്‍മെന്റ് അവര്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകള്‍ നല്‍കി. കൂടാതെ, ഈ സമൂഹത്തില്‍ നിന്നുള്ള ഏകദേശം 30,000 കര്‍ഷകരെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമാക്കി. ഈ പ്രചാരണത്തിനിടെ ഇതുവരെ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 40,000 സുഹൃത്തുക്കളെ കണ്ടെത്തി. ഇപ്പോള്‍ ഗവണ്‍മെന്റ് അവരുടെ ബാങ്ക് അക്കൗണ്ടുകളും തുറന്നിട്ടുണ്ട്. കൂടാതെ, 30,000-ത്തിലധികം ആളുകള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചു. ഏകദേശം 11,000 പേര്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി പട്ടയം ലഭിക്കുകയും ചെയ്തു. ഈ കണക്കുകള്‍ കഴിഞ്ഞ രണ്ട് മാസത്തേതാണ്. ദിനംപ്രതി സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. എല്ലാ ഗവണ്‍മെന്റ് പദ്ധതികളും നമ്മുടെ അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന ആദിവാസി സഹോദരീസഹോദരന്മാരിലേക്ക് എത്രയും വേഗം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ പ്രതിബദ്ധതയെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, ഇത് മോദിയുടെ ഉറപ്പാണ്. മോദിയുടെ ഉറപ്പ് യാഥാര്‍ഥ്യമാകുമെന്ന് നിങ്ങള്‍ക്ക് അറിയാം.
സുഹൃത്തുക്കളെ,
ഈ പശ്ചാത്തലത്തില്‍, ഏറ്റവും പിന്നാക്കം നില്‍ക്കുന്ന എല്ലാ ആദിവാസി സഹോദരങ്ങള്‍ക്കും നല്ല വീടുകള്‍ നല്‍കുന്നതിന് ഇന്ന് തുടക്കം കുറിക്കുന്നു. ഒരു ലക്ഷം ആദിവാസി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറിക്കൊണ്ട് ഓരോ വീടിനും ഏകദേശം 2.5 ലക്ഷം രൂപ വീതം നല്‍കും. നിങ്ങള്‍ക്ക് ഒരു വീട് മാത്രമല്ല, വൈദ്യുതി കണക്ഷനും ലഭിക്കും. അതുവഴി നിങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാനും അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാനും കഴിയുമെന്ന് ഉറപ്പാക്കുന്നു. ഒരു രോഗവും ബാധിക്കാതിരിക്കാന്‍ നിങ്ങളുടെ പുതിയ വീട്ടില്‍ ശുദ്ധജലം സൗജന്യമായി നല്‍കും. അമ്മമാരും സഹോദരിമാരും മലമൂത്ര വിസര്‍ജനത്തിനായി തുറസ്സായ സ്ഥലങ്ങളില്‍ ഇറങ്ങേണ്ട അവസ്ഥയാണ്. ഒന്നാശ്വസിക്കാന്‍ ഇരുട്ടാകുന്നതുവരെ കാത്തിരിക്കേണ്ടിവരുന്നത് അവര്‍ക്ക് വളരെ വേദനാജനകമാണ്. ഇത് അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു. എന്റെ എല്ലാ അമ്മമാരുടെയും സഹോദരിമാരുടെയും ബഹുമാനം സംരക്ഷിക്കപ്പെടാന്‍ എല്ലാ വീട്ടിലും ഒരു കക്കൂസ് ഉണ്ടായിരിക്കും. പാചകത്തിന് എല്‍പിജി കണക്ഷനും ഉണ്ടാകും. അതിനാല്‍, നിങ്ങള്‍ക്ക് ഈ വീട് മാത്രമല്ല, അതിനോടൊപ്പം ഈ ക്രമീകരണങ്ങളും ലഭിക്കും. എന്റെ അമ്മമാരേ, സഹോദരിമാരേ, കേള്‍ക്കൂ, ഇത് ഒരു തുടക്കം മാത്രമാണ്. ഇന്ന് ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് അവരുടെ വീടുകള്‍ക്കുള്ള ഫണ്ട് ലഭിച്ചു. നമ്മുടെ ഗവണ്‍മെന്റ് തീര്‍ച്ചയായും ഓരോ ഗുണഭോക്താക്കളിലേക്കും അവര്‍ എത്ര ദൂരെയാണെങ്കിലും എത്തും. ഞാന്‍ ഇത് പറയുമ്പോള്‍, ഇത് മോദിയുടെ ഉറപ്പാണെന്ന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളോട് പറയുന്നു. ഇന്ന് ഈ പരിപാടിയിലൂടെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും, അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന ഓരോ ആദിവാസി ഗുണഭോക്താവിനും മറ്റൊരു ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വീട് പണിയുന്നതിന് നിങ്ങള്‍ ആര്‍ക്കും ഒരു രൂപ പോലും ചെലവാക്കേണ്ടതില്ല. കേന്ദ്രഗവണ്‍മെന്റാണ് ഫണ്ട് നല്‍കുന്നത്, ആരെങ്കിലും വിഹിതം ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ഒരു പൈസ പോലും നല്‍കരുത്.
എന്റെ സഹോദരീ സഹോദരന്മാരേ,
ഈ പണത്തിന്മേല്‍ നിങ്ങള്‍ക്ക് പൂര്‍ണ അവകാശമുണ്ട്; ഒരു ഇടനിലക്കാരനും അതില്‍ അവകാശവാദമില്ല. എന്റെ ആദിവാസി സഹോദരീ സഹോദരന്മാരേ, എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം നിങ്ങള്‍ക്കിടയില്‍ ചെലവഴിച്ചതിനാല്‍, മുഖ്യധാരാ സമൂഹത്തില്‍ നിന്ന് അകന്ന് ജീവിക്കുന്ന നിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഈ അനുഭവങ്ങള്‍ പ്രധാനമന്ത്രി ജന്‍മന്‍ മഹാ അഭിയാന്‍ ആരംഭിക്കുന്നതിന് എന്നെ വളരെയധികം സഹായിച്ചു. മാത്രമല്ല, ഈ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ എനിക്ക് നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രപതി, ബഹുമാനപ്പെട്ട ദ്രൗപതി മുര്‍മു ജിയില്‍ നിന്ന് മികച്ച മാര്‍ഗനിര്‍ദേശം ലഭിച്ചു. നമ്മുടെ രാഷ്ട്രപതി, ബഹുമാനപ്പെട്ട ദ്രൗപതി മുര്‍മു ജി ആദിവാസി വിഭാഗത്തില്‍ പെട്ടയാളാണ്. അവര്‍ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്കിടയില്‍ ചെലവഴിച്ചു. അരെ കാണുമ്പോള്‍ അവര്‍ പലപ്പോഴും നിങ്ങളെക്കുറിച്ച് വിശദമായി എന്നോട് പറയുമായിരുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രി ജന്‍മന്‍ മഹാ അഭിയാന്‍ ആരംഭിച്ച് എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ മോചിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
എന്റെ കുടുംബാംഗങ്ങളെ,
എന്റെ പാവപ്പെട്ട സഹോദരീസഹോദരന്മാര്‍ക്കും വിദൂര വനങ്ങളില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്ന ഒരു ഗവണ്‍മെന്റാണ് ഇന്ന് രാജ്യത്തുള്ളത്. പാവപ്പെട്ടവരെ അവരുടെ പ്രശ്നങ്ങളില്‍ നിന്ന് മോചിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ് ഇന്ന് രാജ്യത്തുള്ളത്. ഒന്നാമതായി, നിരാലംബരെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്; പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് മോദി നിലകൊള്ളുന്നത്. നേരത്തെ, ഗവണ്‍മെന്റ് പദ്ധതികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വളരെ സങ്കീര്‍ണ്ണമായിരുന്നു. പദ്ധതികളുടെ പണവും ആനുകൂല്യങ്ങളും നിങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ഈ പദ്ധതി കടലാസിലൊതുങ്ങിയ യഥാര്‍ത്ഥ ഗുണഭോക്താവിന് ഇത്തരമൊരു പദ്ധതി ുള്ളതായിപ്പോലും അറിയില്ലായിരുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. പദ്ധതിയെക്കുറിച്ച് ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍പ്പോലും, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. അതില്‍ ധാരാളം കടലാസുപണികളും ഔപചാരികതകളും ചുവപ്പുനാടയും ഉള്‍പ്പെടുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി ജന്‍മന്‍ മഹാ അഭിയാന്റെ കീഴില്‍, നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന അത്തരം നിയമങ്ങളെല്ലാം ഞങ്ങളുടെ ഗവണ്‍മെന്റ് പരിഷ്‌കരിച്ചിരിക്കുന്നു. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ നിയമങ്ങളില്‍ മാറ്റം വരുത്തി ആദിവാസി ഊരുകളില്‍ റോഡുകള്‍ എളുപ്പത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അസുഖം കാരണം ആശുപത്രിയില്‍ എത്തേണ്ടി വന്നാല്‍, ശരിയായ റോഡുകള്‍ നിങ്ങളുടെ ജീവന്‍ രക്ഷിക്കും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും ഗവണ്‍മെന്റ് പരിഷ്‌കരിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങളിലേക്കും വൈദ്യുതി എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ അവര്‍ക്ക് സൗരോര്‍ജ കണക്ഷനുകള്‍ നല്‍കുന്നുണ്ട്. യുവാക്കള്‍ക്കും മറ്റുള്ളവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നൂറുകണക്കിന് പുതിയ മൊബൈല്‍ ടവറുകള്‍ നിങ്ങളുടെ പ്രദേശത്ത് സ്ഥാപിക്കുന്നു.
സുഹൃത്തുക്കള്‍,
ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുന്നതിന് സൗജന്യ റേഷന്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നീട്ടി നിങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിങ്ങളുടെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടക്കുന്നു, അതുവഴി അവര്‍ക്ക് ചില കഴിവുകള്‍ പഠിക്കാനും ജോലിയിലൂടെ അവരുടെ ജീവിതം മെച്ചപ്പെടുത്താനും കഴിയും. ആദിവാസി മേഖലകളില്‍ ഒരു കെട്ടിടത്തില്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് ഒരുപോലെ പ്രധാനമാണ്. അതിനാല്‍, നിരവധി പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഒരിടത്ത് ലഭിക്കാന്‍ കഴിയുന്ന ആയിരം കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാക്സിനേഷനോ, മരുന്നുകള്‍ വാങ്ങുന്നതിനോ, ഒരു ഡോക്ടറെ സമീപിക്കുന്നതിനോ, തൊഴിലുമായി ബന്ധപ്പെട്ട പരിശീലനമോ, സ്വയം തൊഴിലോ, അംഗന്‍വാടിയോ ആകട്ടെ, സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും അലയേണ്ടിവരില്ല. പിന്നാക്ക വിഭാഗങ്ങളിലെ യുവാക്കള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നു. പിന്നാക്ക ഗോത്രവര്‍ഗക്കാര്‍ക്കായി നൂറുകണക്കിന് പുതിയ വന്‍-ധന്‍ വികാസ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
എന്റെ കുടുംബാംഗങ്ങളെ,
നിലവില്‍, മോദിയുടെ ഗ്യാരന്റിവാഹനം എല്ലാ ഗ്രാമങ്ങളിലും എത്തുന്നതു നിങ്ങള്‍ കാണുന്നുണ്ട്. രാജ്യത്തുടനീളമുള്ള നിങ്ങളെപ്പോലുള്ള വ്യക്തികളെ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനാണ് ഈ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള വികസനം ക3ംക്ഷിക്കുന്ന ജില്ലാ പദ്ധതി പ്രത്യേകിച്ച് നമ്മുടെ ആദിവാസി സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും പ്രയോജനം ചെയ്തിട്ടുണ്ട്. ഈ ആദിവാസി മേഖലകളില്‍ ഞങ്ങള്‍ വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കുകയും റോഡ് ശൃംഖല മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, ആയുഷ്മാന്‍ ഭാരത് യോജന രാജ്യത്ത് എവിടെയും സൗജന്യ ചികിത്സ ഉറപ്പാക്കുന്നു.
സുഹൃത്തുക്കളെ,
ആദിവാസി സമൂഹത്തിലെ തലമുറകളെ ബാധിക്കുന്ന അരിവാള്‍ രോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് നിങ്ങള്‍ വളരെ പരിചിതമാണ്. ഈ പാരമ്പര്യ രോഗത്തെ തുടച്ചുനീക്കാന്‍ ഗവണ്‍മെന്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. ഇതിനായി രാജ്യവ്യാപകമായി പദ്ധതി ആരംഭിച്ചു. വികസിത ഭാരത സങ്കല്‍പ യാത്രയുടെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 40 ലക്ഷത്തിലധികം ആളുകള്‍ അരിവാള്‍ രോഗ പരിശോധനയ്ക്ക് വിധേയരായി.
എന്റെ കുടുംബാംഗങ്ങളെ,
നമ്മുടെ ഗോത്രവര്‍ഗ സഹോദരങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഒരവസരവും നമ്മുടെ ഗവണ്‍മെന്റ് പാഴാക്കുന്നില്ല. നമ്മുടെ ഗവണ്‍മെന്റ് പട്ടികവര്‍ഗവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ബജറ്റ് 5 മടങ്ങ് വര്‍ധിപ്പിച്ചു. നിങ്ങളുടെ കുട്ടികള്‍ക്ക് നേരത്തെ ലഭ്യമായിരുന്ന സ്‌കോളര്‍ഷിപ്പിന്റെ മൊത്തം ബജറ്റ് ഇപ്പോള്‍ 2.5 മടങ്ങ് വര്‍ധിപ്പിച്ചിരിക്കുന്നു. ഒരു ദശാബ്ദം മുമ്പ്, ആദിവാസി കുട്ടികള്‍ക്കായി 90 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ 500-ലധികം പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകളുടെ നിര്‍മ്മാണത്തിന് ഞങ്ങള്‍ തുടക്കമിട്ടു. അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ സ്‌കൂള്‍ പഠനം മാത്രമല്ല, പ്രമുഖ കമ്പനികളില്‍ ജോലിക്ക് ആവശ്യമായ എംഎയും ബിഎയും ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസവും നേടുന്നതിന് സാക്ഷ്യം വഹിക്കുന്നത് നമ്മുടെ കൂട്ടായ സന്തോഷമാണ്. ഇത് സുഗമമാക്കുന്നതിന്, ആദിവാസി മേഖലകളിലെ ക്ലാസുകള്‍ നവീകരിക്കുകയും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
മുഴുവന്‍ ആദിവാസി സമൂഹത്തിന്റെയും വരുമാനം വര്‍ധിപ്പിക്കാന്‍ എല്ലാ തലത്തിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വനോത്പന്നങ്ങള്‍ നമ്മുടെ ആദിവാസി സുഹൃത്തുക്കള്‍ക്ക് ഒരു പ്രധാന സാമ്പത്തിക സ്രോതസ്സായി വര്‍ത്തിക്കുന്നു. 2014-ന് മുമ്പ്, 10 വന ഉല്‍പന്ന ഇനങ്ങള്‍ക്ക് മാത്രമാണ് മിനിമം താങ്ങുവില (എംഎസ്പി) ഉണ്ടായിരുന്നത്. എംഎസ്പി കുടക്കീഴില്‍ ഞങ്ങള്‍ ഇപ്പോള്‍ ഏകദേശം 90 വന ഉല്‍പന്ന ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കുന്നതിനാണ് വന്‍ ധന്‍ യോജന അവതരിപ്പിച്ചത്, ഗുണഭോക്താക്കളില്‍ ഗണ്യമായ എണ്ണം സ്ത്രീകളാണ്. കഴിഞ്ഞ ദശകത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് 23 ലക്ഷം പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദിവാസി സമൂഹത്തിന്റെ ഹാത്ത് ബസാര്‍ ഞങ്ങള്‍ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ഗോത്രവര്‍ഗ സഹോദരന്മാര്‍ക്ക് രാജ്യത്തെ മറ്റ് വിപണികളില്‍ ഇതേ സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ നിരവധി പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
സുഹൃത്തുക്കളെ,
വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവരാണെങ്കിലും നമ്മുടെ ഗോത്രവര്‍ഗ സഹോദരീസഹോദരന്മാര്‍ ശ്രദ്ധേയമായ ദീര്‍ഘവീക്ഷണം പ്രകടിപ്പിക്കുന്നു. നമ്മുടെ സമീപകാല ഇടപെടലുകളില്‍നിന്ന് ഇതു വ്യക്തമാകുന്നുണ്ട്. ഗോത്രവര്‍ഗ സംസ്‌കാരം സംരക്ഷിക്കുന്നതിനും അവരുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നതിനും നമ്മുടെ ഗവണ്മെന്റ് എങ്ങനെ പ്രതിജ്ഞാബദ്ധമാണെന്ന് ആദിവാസി സമൂഹം ഇപ്പോള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ ജന്മവാര്‍ഷികം ഗോത്രവര്‍ഗ അഭിമാന ദിനമായി പ്രഖ്യാപിച്ചു, കൂടാതെ ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന 10 പ്രധാനപ്പെട്ട മ്യൂസിയങ്ങള്‍ രാജ്യവ്യാപകമായി സ്ഥാപിക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് തുടക്കമിടുകയാണ്. നിങ്ങളുടെ അഭിമാനവും ക്ഷേമവും ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ അചഞ്ചലമായ അര്‍പ്പണബോധത്തോടെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. മാതാ ശബരിയുടെ അനുഗ്രഹം ലഭിക്കുന്നതിന് സമാനമായ നിങ്ങളുടെ സാന്നിധ്യത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ അഭിവാദ്യങ്ങള്‍ ഞാന്‍ അര്‍പ്പിക്കുന്നു, നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.
നന്ദി!