നമഃ പാര്‍വതി പതയേ ..., ഹര്‍ ഹര്‍ മഹാദേവ്!
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കാശി വിദ്വത് പരിഷത്ത് അധ്യക്ഷന്‍ പ്രൊഫസര്‍ വസിഷ്ഠ് ത്രിപാഠി ജി, കാശി വിശ്വനാഥ് ന്യാസ് പരിഷത്ത് അധ്യക്ഷന്‍ പ്രൊഫസര്‍ നാഗേന്ദ്ര ജി, സംസ്ഥാന മന്ത്രിമാരെ, മറ്റു വിശിഷ്ട വ്യക്തികളെ, ബഹുമാനപ്പെട്ട പണ്ഡിതരെ, സഹോദരീ സഹോദരന്‍മാരെ,
എല്ലാ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍! എല്ലാ പണ്ഡിതന്മാര്‍ക്കും, പ്രത്യേകിച്ച് യുവ പണ്ഡിതന്മാര്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍, മഹാമനയുടെ ഈ പുണ്യഭൂമിയില്‍ അറിവിന്റെ നദിയില്‍ മുങ്ങിക്കുളിക്കുന്നതുപോലെ തോന്നുന്നു. കാലത്തിനതീതമായ കാശിയെ, പ്രാചീനമെന്നു കരുതുന്ന കാശിയെ, അതിന്റെ സ്വത്വത്തെ, നമ്മുടെ ആധുനിക യുവത്വം വലിയ ഉത്തരവാദിത്തത്തോടെ ശക്തിപ്പെടുത്തുകയാണ്. ഇത് ഹൃദയത്തിന് സംതൃപ്തി നല്‍കുമെന്ന് മാത്രമല്ല, അഭിമാനബോധം വളര്‍ത്തുകയും ചെയ്യുന്നു, കൂടാതെ 'അമൃത കാല'ത്തില്‍ എല്ലാ യുവാക്കളും ഭാവിയില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന വിശ്വാസത്തെ ഇത് വീണ്ടും ഉറപ്പിക്കുന്നു. കാശി എല്ലാ അറിവുകളുടെയും തലസ്ഥാനമാണ്. ഇന്ന് കാശിയുടെ ശക്തിയും സത്തയും ഒരിക്കല്‍ക്കൂടി ശുദ്ധീകരിക്കപ്പെടുകയാണ്. ഇത് ഭാരതത്തിന്റെ മുഴുവന്‍ അഭിമാനപ്രശ്‌നമാണ്. കാശി സന്‍സദ് സംസ്‌കൃത പ്രതിയോഗിത, കാശി സന്‍സദ് ഗ്യാന്‍ പ്രതിയോഗിത, കാശി സന്‍സദ് ഫോട്ടോഗ്രാഫി പ്രതിയോഗിത എന്നിവയിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കാന്‍ എനിക്ക് അവസരമുണ്ട്. എല്ലാ വിജയികളെയും അവരുടെ കഠിനാധ്വാനത്തിന് ഞാന്‍ അഭിനന്ദിക്കുന്നു... അവരുടെ കഴിവുകള്‍ക്ക് അവരുടെ കുടുംബങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ ഉപദേശകരെയും ഞാന്‍ അഭിനന്ദിക്കുന്നു. വിജയത്തിന് ഏതാനും ചുവടുകള്‍ പിന്നില്‍ വീണുപോയവര്‍, ചിലര്‍ നാലാം സ്ഥാനത്ത് എത്തി ഇടറിവീണിട്ടുണ്ടാവാം. അവരെയും ഞാന്‍ അഭിനന്ദിക്കുന്നു. കാശിയുടെ വിജ്ഞാന പാരമ്പര്യത്തിന്റെ ഭാഗമാകുകയും അതിലെ മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതു തന്നെ വലിയ അഭിമാനമാണ്. നിങ്ങളാരും തോറ്റിട്ടില്ല, പിന്നാക്കം പോയിട്ടില്ല. ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ, നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും നിരവധി ചുവടുകള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.
ഈ പരിപാടിക്ക് ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിനും കാശി വിദ്വത് പരിഷത്തിനും പണ്ഡിതന്മാര്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. കാശിയുടെ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ എന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതില്‍ നിങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും അഭൂതപൂര്‍വമായ പിന്തുണ നല്‍കുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കാശിയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ വിവരങ്ങളടങ്ങിയ രണ്ട് പുസ്തകങ്ങളും ഇന്ന് പുറത്തിറക്കി. ഈ കോഫി ടേബിള്‍ പുസ്തകങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷമായി കാശിയില്‍ ആരംഭിച്ച വികസനത്തിന്റെ ഓരോ ഘട്ടവും അതിന്റെ സംസ്‌കാരത്തിന്റെ വിവരണവും പരാമര്‍ശിക്കുന്നു. കൂടാതെ, കാശിയില്‍ നടന്ന എല്ലാ സന്‍സദ് മത്സരങ്ങളിലും ചെറിയ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കാശിയിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.
എന്നാല്‍ സുഹൃത്തുക്കളെ,
ഞങ്ങള്‍ കേവലം ഉപകരണങ്ങള്‍ മാത്രമാണെന്നും നിങ്ങള്‍ക്കറിയാം. കാശിയില്‍ എല്ലാം ചെയ്യുന്നത് ശിവനും ഭക്തരും മാത്രമാണ്. പരമശിവന്റെ കൃപ എവിടെ വീണാലും ആ സ്ഥലം താനേ തഴച്ചുവളരുന്നു. ഈ നിമിഷത്തില്‍, പരമശിവന്‍ അത്യധികമായ ആനന്ദത്തിലാണ്, അത്യധികം സന്തോഷവാനാണ്. അതിനാല്‍, ശിവന്റെ അനുഗ്രഹത്താല്‍, കഴിഞ്ഞ 10 വര്‍ഷമായി കാശിയില്‍ വികസനം എല്ലാ ദിശകളിലും പ്രതിധ്വനിച്ചു. ഇന്ന് വീണ്ടും നമ്മുടെ കാശി കുടുംബത്തിലെ ജനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ശിവരാത്രിക്കും വര്‍ണ്ണാഭമായ ഏകാദശിക്കും മുമ്പായി ഇന്ന് കാശിയില്‍ വികസനത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്. വേദിയിലേക്ക് വരുന്നതിന് മുമ്പ് കാശി സന്‍സദ് ഫോട്ടോഗ്രാഫി പ്രതിയോഗിതയുടെ ഗാലറിയിലേക്ക് നോക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി കാശിയെ പരിപോഷിപ്പിച്ച വികസനത്തിന്റെ ഗംഗ എത്ര പെട്ടെന്നാണു പുരോഗതി സൃഷ്ടിച്ചതെന്നു നിങ്ങള്‍ എല്ലാവരും നേരിട്ട് കണ്ടതാണ്. ഞാന്‍ പറയുന്നത് സത്യമാണോ അല്ലയോ? നിങ്ങള്‍ പറയൂ, ഞാന്‍ പറയുന്നത് സത്യമാണ്. ഒരു മാറ്റമുണ്ടായി; അവിടെ സംതൃപ്തിയുണ്ട്. പക്ഷേ, കൊച്ചുകുട്ടികള്‍ പഴയ കാശി കണ്ടിട്ടുണ്ടാകില്ല. അവര്‍ക്ക് കാശി എന്നും ഇങ്ങനെയായിരുന്നെന്ന് തോന്നാം. ഇതാണ് എന്റെ കാശിയുടെ കഴിവ്, ഇതാണ് കാശിക്കാരുടെ ബഹുമാനം, ഇതാണ് ശിവന്റെ കൃപയുടെ ശക്തി. പരമശിവന്‍ ആഗ്രഹിച്ചാല്‍ എങ്ങനെ തടയാനാകും. അതുകൊണ്ടാണ് വാരാണാസിയല്‍ എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോഴെല്ലാം; ആളുകള്‍ കൈകള്‍ ഉയര്‍ത്തി, 'നമഃ പാര്‍വതി പതയേ, ഹര്‍-ഹര്‍ മഹാദേവ്!' എ്ന്നു പറയുന്നത്.
സുഹൃത്തുക്കളെ,
കാശി നമ്മുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു തീര്‍ത്ഥാടനം മാത്രമല്ല; അത് ഭാരതത്തിന്റെ ശാശ്വതബോധത്തിന്റെ ഉണര്‍വിന്റെ കേന്ദ്രമാണ്. ഭാരതത്തിന്റെ സമൃദ്ധിയുടെ കഥ ലോകമെമ്പാടും പ്രതിധ്വനിച്ച ഒരു കാലമുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഭാരതത്തിന്റെ സാമ്പത്തിക ശക്തി മാത്രമല്ല, നമ്മുടെ സാംസ്‌കാരികവും സാമൂഹികവും ആത്മീയവുമായ അഭിവൃദ്ധി കൂടി ഉണ്ടായിരുന്നു. കാശി പോലുള്ള നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളും വിശ്വനാഥധാം പോലുള്ള ക്ഷേത്രങ്ങളും രാജ്യത്തിന്റെ പുരോഗതിയുടെ യജ്ഞവേദികളായിരുന്നു. ഇവിടെ പണ്ട് ധ്യാനവും തത്ത്വചിന്തയും ഉണ്ടായിരുന്നു. ഇവിടെ സംവാദത്തോടൊപ്പം ഗവേഷണവും ഉണ്ടായിരുന്നു. ഇവിടെ സംസ്‌കാരത്തിന്റെ ഉറവിടങ്ങളും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ധാരകളും ഉണ്ടായിരുന്നു. അതിനാല്‍, ഭാരതം നല്‍കിയ പുതിയ ആശയങ്ങള്‍ എന്തുതന്നെയായാലും, അതുപോലെ ഭാരതം സംഭാവന ചെയ്ത പുതിയ ശാസ്ത്രങ്ങളായാലും, അവയുടെ ഒന്നോ മറ്റേതെങ്കിലുമോ സാംസ്‌കാരിക കേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാം. കാശിയുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. കാശി ശിവന്റെ നഗരമാണ്, അത് ബുദ്ധന്റെ ഉപദേശങ്ങളുടെ നാട് കൂടിയാണ്. ജൈന തീര്‍ത്ഥങ്കരന്മാരുടെ ജന്മസ്ഥലമാണ് കാശി. ശങ്കരാചാര്യര്‍ക്ക് ജ്ഞാനോദയം ലഭിച്ചത് ഇവിടെയാണ്. അറിവും ഗവേഷണവും സമാധാനവും തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ കാശിയിലേക്ക് വരുന്നു. ഓരോ പ്രദേശത്തുനിന്നും ഓരോ ഭാഷയില്‍നിന്നും ഓരോ പാരമ്പര്യത്തില്‍ നിന്നുമുള്ള ആളുകള്‍ കാശിയില്‍ വന്ന് സ്ഥിരതാമസമാക്കുന്നു. അത്തരം വൈവിധ്യമുള്ളിടത്ത് പുതിയ ആശയങ്ങള്‍ ജനിക്കുന്നു. എവിടെ പുതിയ ആശയങ്ങള്‍ തഴച്ചുവളരുന്നുവോ അവിടെ പുരോഗതിയുടെ സാധ്യതകളും വളരുന്നു.
അതിനാല്‍, സഹോദരീ സഹോദരന്മാരേ,
വിശ്വനാഥധാമിന്റെ ഉദ്ഘാടന വേളയില്‍ ഞാന്‍ പറഞ്ഞത് ഓര്‍ക്കുക: ഞാന്‍ പറഞ്ഞിരുന്നു - 'വിശ്വനാഥധാം ഭാരതത്തിന് ഒരു നിര്‍ണായക ദിശ പകരും, അത് ഭാരതത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കും'. ഇന്നത് കണ്ടാലും ഇല്ലെങ്കിലും നടന്നാലും ഇല്ലെങ്കിലും. നിര്‍ണ്ണായകമായ ഒരു ഭാവിയിലേക്ക് ഭാരതത്തെ നയിക്കാന്‍ വിശ്വനാഥ് ധാം അതിന്റെ ശക്തമായ രൂപത്തില്‍ ഒരിക്കല്‍ക്കൂടി അതിന്റെ ദേശീയ റോളിലേക്ക് മടങ്ങുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിത സമ്മേളനങ്ങള്‍ വിശ്വനാഥ് ധാമിന്റെ പരിസരത്ത് നടക്കുന്നു. വിശ്വനാഥ ക്ഷേത്രം ന്യാസ് ശാസ്ത്ര പ്രഭാഷണത്തിന്റെ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുന്നു. പണ്ഡിത പ്രഭാഷണങ്ങളിലൂടെയുള്ള സംവാദങ്ങളും കാശിയില്‍ മുഴങ്ങുന്നു. ഇത് രാജ്യത്തുടനീളമുള്ള പണ്ഡിതന്മാര്‍ക്കിടയില്‍ ആശയ വിനിമയം വര്‍ദ്ധിപ്പിക്കും. ഇത് പുരാതന അറിവുകള്‍ സംരക്ഷിക്കുകയും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. കാശി സന്‍സദ് സംസ്‌കൃത പ്രതിയോഗിത, കാശി സന്‍സദ് ജ്ഞാനപ്രതിയോഗിത എന്നിവയും ഈ ശ്രമത്തിന്റെ ഭാഗമാണ്.
ആയിരക്കണക്കിന് സംസ്‌കൃത പഠിതാക്കള്‍ക്ക് പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, അവശ്യ വിഭവങ്ങള്‍ എന്നിവയ്ക്കൊപ്പം സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. അധ്യാപകരും പിന്തുണക്കുന്നുണ്ട്. ഇത് മാത്രമല്ല, തമിഴ് സംഗമം, ഗംഗാ പുഷ്‌കരലു ഉത്സവം എന്നിവയിലൂടെ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' തുടങ്ങിയ പ്രചാരണങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ് വിശ്വനാഥ് ധാം. ഈ വിശ്വാസ കേന്ദ്രത്തില്‍ നിന്നുള്ള സാമൂഹിക ഉള്‍പ്പെടുത്തലിന്റെ ദൃഢനിശ്ചയം ആദിവാസി സാംസ്‌കാരിക പരിപാടിയിലൂടെ ശക്തിപ്പെടുത്തുന്നു. ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണകോണില്‍നിന്ന് കാശിയിലെ പണ്ഡിതന്മാരില്‍നിന്നും വിദ്വത് പരിഷത്തില്‍നിന്നും പുരാതന വിജ്ഞാനത്തെക്കുറിച്ച് പുതിയ ഗവേഷണങ്ങളും നടക്കുന്നു. ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പലയിടത്തും സൗജന്യ ഭക്ഷണത്തിനുള്ള ക്രമീകരണം ഉടന്‍ ആരംഭിക്കുമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. മാ അന്നപൂര്‍ണ നഗരത്തില്‍ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ക്ഷേത്രം ഉറപ്പാക്കും. വിശ്വാസത്തിന്റെ കേന്ദ്രം എങ്ങനെ സാമൂഹികവും ദേശീയവുമായ ദൃഢനിശ്ചയങ്ങളുടെ ഊര്‍ജ കേന്ദ്രമായി മാറുമെന്നു വെളിപ്പെടുത്തിക്കൊണ്ട് പുതിയ ഭാരതത്തിന്റെ പ്രചോദനമായി പുതിയ കാശി ഉയര്‍ന്നുവന്നിരിക്കുന്നു. ഇവിടെ നിന്ന് കടന്നുപോകുന്ന യുവാക്കള്‍ ലോകമെമ്പാടും ഭാരതീയമായ അറിവിന്റെയും പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പതാകവാഹകരായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ബാബ വിശ്വനാഥിന്റെ ഈ ഭൂമി ആഗോള ക്ഷേമത്തിനായുള്ള ദൃഢനിശ്ചയത്തിന് സാക്ഷിയാകും.
സുഹൃത്തുക്കളെ,
നമ്മുടെ അറിവും ശാസ്ത്രവും ആത്മീയതയും നിരവധി ഭാഷകളാല്‍ സമ്പുഷ്ടമാക്കപ്പെട്ടിട്ടുണ്ട്, അവയില്‍ സംസ്‌കൃതമാണ് പ്രധാനം. ഭാരതം ഒരു ചിന്തയാണ്, സംസ്‌കൃതം അതിന്റെ പ്രാഥമിക പദപ്രയോഗമാണ്. ഭാരതം ഒരു യാത്രയാണ്. സംസ്‌കൃതം അതിന്റെ ചരിത്രത്തിന്റെ പ്രാഥമിക അധ്യായമാണ്. ഭാരതം നാനാത്വത്തില്‍ ഏകത്വത്തിന്റെ നാടാണ്, സംസ്‌കൃതമാണ് അതിന്റെ ഉത്ഭവം. അതിനാല്‍, 'ഭാരതസ്യ പ്രതിഷ്‌ഠേ ദ്വേ സംസ്‌കൃതം സംസ്‌കൃതി-സ്തഥാ' എന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. അതായത്, ഭാരതത്തിന്റെ യശസ്സില്‍ സംസ്‌കൃതത്തിന് ഒരു പ്രധാന പങ്കുണ്ട്. സംസ്‌കൃതം നമ്മുടെ നാട്ടില്‍ ശാസ്ത്രഗവേഷണത്തിന്റെ ഭാഷയായിരുന്ന ഒരു കാലമുണ്ടായിരുന്നു, അത് ക്ലാസിക്കല്‍ വിജ്ഞാനത്തിന്റെ ഭാഷ കൂടിയായിരുന്നു. ജ്യോതിശാസ്ത്രത്തിലെ സൂര്യ സിദ്ധാന്തം, ഗണിതത്തിലെ ആര്യഭടീയം, ലീലാവതി, വൈദ്യശാസ്ത്രത്തിലെ ചരക, സുശ്രുത സംഹിത, അല്ലെങ്കില്‍ ബൃഹത് സംഹിത എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളെല്ലാം സംസ്‌കൃതത്തിലാണ് എഴുതിയത്. ഇതോടൊപ്പം സാഹിത്യം, സംഗീതം, കലകള്‍ എന്നിവയുടെ പല രൂപങ്ങളും സംസ്‌കൃത ഭാഷയില്‍ നിന്നാണ് ഉത്ഭവിച്ചത്. ഈ രൂപങ്ങളിലൂടെയാണ് ഭാരതം തിരിച്ചറിയപ്പെട്ടത്. കാശിയില്‍ ചൊല്ലുന്ന വേദങ്ങള്‍ അതേ സംസ്‌കൃതത്തില്‍ തന്നെ കാഞ്ചിയിലും കേള്‍ക്കണം. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതത്തെ ഒരു രാഷ്ട്രമെന്ന നിലയില്‍ ഏകീകൃതമായി നിലനിര്‍ത്തിയ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിന്റെ ശാശ്വതമായ ശബ്ദങ്ങളാണിവ.
സുഹൃത്തുക്കള്‍,
ഇന്ന് കാശിയെ 'വിരാസത്' (പൈതൃകം) 'വികാസ്' (വികസനം) എന്നിവയുടെ മാതൃകയായാണ് കാണുന്നത്. പാരമ്പര്യങ്ങള്‍ക്കും ആത്മീയതയ്ക്കും ചുറ്റുമുള്ള ആധുനികതയുടെ വികാസത്തിന് ആഗോളതലത്തില്‍ സാക്ഷ്യം വഹിക്കുന്നു. പുതിയ ക്ഷേത്രത്തിലെ രാംലല്ലയുടെ പ്രതിഷ്ഠയ്ക്കുശേഷം അയോധ്യയും സമാനമായ രീതിയില്‍ തഴച്ചുവളരുകയാണ്. രാജ്യത്തുടനീളം ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളും മറ്റു സൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കുശിനഗറില്‍ രാജ്യാന്തര വിമാനത്താവളം നിര്‍മിക്കുന്നത് ഉത്തര്‍പ്രദേശിന് നേട്ടമായി. ഇത്തരം നിരവധി പദ്ധതികളാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, രാഷ്ട്രം അതേ ആത്മവിശ്വാസത്തോടെ വികസനം ത്വരിതപ്പെടുത്തും, വിജയത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. മോദിയുടെ ഗ്യാരന്റി എന്നാല്‍ ഗ്യാരണ്ടിയുടെ പൂര്‍ത്തീകരണമാണെന്ന് നിങ്ങള്‍ക്കറിയാം. ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍, എനിക്കും നിങ്ങള്‍ക്കും വേണ്ടി ഓരോ തവണയും ഞാന്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നു ... നിങ്ങള്‍ അത് ചെയ്യുമോ? ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പരാമര്‍ശിച്ചു, ഇവിടെയുള്ള ആളുകള്‍ അത് വളരെ അത്ഭുതത്തോടെ സ്വീകരിച്ചു. എല്ലാറ്റിനെയും അതിമനോഹരമായി സ്വീകരിക്കുകയും എല്ലാവരേയും അതിനോട് ബന്ധിപ്പിച്ച് പുതിയ തലമുറയില്‍ പുതിയ അവബോധം വളര്‍ത്തുകയും ചെയ്തു. ഈ മത്സരങ്ങള്‍ സാധാരണമല്ല. എന്റെ ലക്ഷ്യം 'സബ്ക പ്രയാസ്' (എല്ലാവരുടെയും പരിശ്രമം) ഒരു വിജയകരമായ പരീക്ഷണമാണ്. വരും ദിവസങ്ങളില്‍, എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ കഴിയുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ആളുകള്‍ പോസ്റ്റ്കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നു, അതില്‍ ഒരു പ്രത്യേക ചിത്രമുണ്ടാകും. എന്തെങ്കിലും എഴുതാന്‍ അതിന്റെ പിന്‍ഭാഗത്ത് കുറച്ച് സ്ഥലം അവശേഷിക്കുന്നു. പക്ഷേ, ഇപ്പോള്‍ നടന്ന ഫോട്ടോ മത്സരത്തില്‍ ആളുകള്‍ വോട്ട് ചെയ്യണം, കാശിയിലെ മികച്ച ചിത്രത്തിന് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന മികച്ച 10 ചിത്രങ്ങള്‍ പോസ്റ്റ്കാര്‍ഡുകളായി അച്ചടിച്ച് വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കണം. ഈ ഫോട്ടോ മത്സരം എല്ലാ വര്‍ഷവും നടത്തണം, എല്ലാ വര്‍ഷവും 10 പുതിയ ഫോട്ടോകള്‍ ഉണ്ടാകും. പക്ഷേ അത് വോട്ടിംഗിലൂടെ ചെയ്യണം. മികച്ച ഫോട്ടോകള്‍ തിരഞ്ഞെടുക്കാന്‍ കാശിയിലെ ജനങ്ങള്‍ വോട്ട് ചെയ്യണം. പുറത്തുവന്ന എല്ലാ ഫോട്ടോകള്‍ക്കും ഓണ്‍ലൈന്‍ മത്സരം നടത്താമോ? നമുക്കത് ചെയ്യാന്‍ കഴിയുമോ? നമുക്ക് ഇതുചെയ്യാം.
രണ്ടാമത്തെ ജോലി - ചിലര്‍ മൊബൈല്‍ ഫോണില്‍ നിന്ന് ഫോട്ടോ എടുത്ത് ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടാകും. ഇപ്പോള്‍ നമുക്ക് ഒരു പരിപാടി സംഘടിപ്പിക്കാം: ആളുകള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ഇരുന്ന് ഒരു നിശ്ചിത വലുപ്പത്തിലുള്ള പേപ്പറില്‍ സ്‌കെച്ചുകള്‍ വരയ്ക്കാം. മികച്ച സ്‌കെച്ചുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കണം, പിന്നീട് ആ സ്‌കെച്ചുകളില്‍ നിന്ന് മികച്ച 10 പോസ്റ്റ്കാര്‍ഡുകള്‍ തിരഞ്ഞെടുക്കണം. നമുക്കത് ചെയ്യാമോ? എന്തുകൊണ്ടാണ് ശബ്ദം ഇടറിയത്... അതെ!
മൂന്നാമത്തെ ജോലി - നോക്കൂ, ഇപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കാശിയില്‍ വരുമ്പോള്‍ ഗൈഡുകളുടെ വലിയ ആവശ്യമുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാനും അവരെ അറിയിക്കാനും ആളുകള്‍ വേണമെന്ന് സന്ദര്‍ശകര്‍ ആഗ്രഹിക്കുന്നു. കാശി ഇവിടെ വരാന്‍ ശ്രമിക്കുന്ന സഞ്ചാരികളുടെ ഹൃദയത്തിലും മനസ്സിലും മുഴുകണം. ഇതിനായി മികച്ച ഗൈഡുകളുടെ ആവശ്യമുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, മികച്ച ഗൈഡിനായി ഒരു മത്സരം നടത്തണം. എല്ലാവരും ഗൈഡായി മികച്ച പ്രകടനം നടത്തണം. മികച്ച ഗൈഡുകള്‍ക്ക് സമ്മാനം നല്‍കണം, സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഭാവിയില്‍, ഒരു ഗൈഡാകുന്നത് ഉപജീവനത്തിന്റെ വഴിയായി മാറിയേക്കാം, ഒരു പുതിയ മേഖല വികസിക്കും. നിങ്ങള്‍ അത് ചെയ്യുമോ? നിങ്ങള്‍ ഒട്ടും നിരസിക്കുന്നില്ല, സുഹൃത്തേ. നിങ്ങള്‍ പരീക്ഷ എഴുതാന്‍ പോകുന്നില്ലേ? അപ്പോള്‍ നിങ്ങളുടെ അധ്യാപകര്‍ പറയും, എംപി (പാര്‍ലമെന്റ് അംഗം) നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അവരെ മറ്റ് ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന്. നോക്കൂ, നമ്മുടെ ഉള്ളില്‍ നൈപുണ്യ വികസനം എത്രത്തോളം സംഭവിക്കുമോ, അത് സംഭവിക്കണം. കഴിവുകള്‍ വളരാന്‍ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തണം. ദൈവം എല്ലാവര്‍ക്കും എല്ലാവിധ കഴിവുകളും നല്‍കിയിട്ടുണ്ട്, ചിലര്‍ അതിനെ പരിപോഷിപ്പിക്കുന്നു, ചിലര്‍ അത് തണുത്തുറഞ്ഞുപോകാന്‍ ഒരു തണുത്ത പെട്ടിയില്‍ ഉപേക്ഷിക്കുന്നു.
കാശി മനോഹരമാക്കാന്‍ പോകുന്നു. പാലങ്ങള്‍ പണിയും, റോഡുകള്‍ പണിയും, കെട്ടിടങ്ങള്‍ പണിയും, പക്ഷേ എനിക്ക് എല്ലാവരിലും മെച്ചപ്പെടണം, ഓരോ മനസ്സും ശുദ്ധീകരിച്ച് സേവകനായി സേവിക്കണം, ഒരു കൂട്ടാളിയായി, പരസ്പരം വിരല്‍ത്തുമ്പില്‍ പിടിച്ച് ലക്ഷ്യത്തിലെത്തണം എന്ന ചിന്ത വേണം. എല്ലാ വിജയികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഞാന്‍ പരിപാടിക്കെത്താന്‍ വൈകിയേക്കാം, എന്നാല്‍ ഈ രപിപാടിയില്‍ നിങ്ങളോടൊപ്പം കുറച്ചുകൂടി സമയം ചെലവഴിക്കാന്‍ തോന്നുന്നു. പലരും എന്നോടൊപ്പം ഫോട്ടോയെടുക്കാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളോടൊപ്പം ഫോട്ടോ എടുക്കണമെന്നാണ് എന്റെ ആഗ്രഹം. അതിനാല്‍, നിങ്ങള്‍ എന്നെ സഹായിക്കുമോ? നോക്കൂ, ഞാന്‍ പറയുന്നതെന്തും നിങ്ങള്‍ പിന്തുടരുമ്പോള്‍ സഹായം ഉണ്ടാകും, അല്ലേ? ഞാന്‍ ഇവിടെ നിന്ന് പോകുംവരെ ആരും നില്‍ക്കേണ്ട... ശരി. ഞാന്‍ അവിടെ തിരിച്ചെത്താം, എല്ലാ ബ്ലോക്കുകളിലും നില്‍ക്കും, ക്യാമറയുമായി എല്ലാവരും സ്റ്റേജില്‍ കയറും, അവര്‍ അവിടെ നിന്ന് ഫോട്ടോ എടുക്കും... ശരി! എന്നാല്‍ ഞാന്‍ ഈ ഫോട്ടോകള്‍ സൂക്ഷിച്ചുവെക്കും, നിങ്ങളോ... നിങ്ങളോ? ഇതിനൊരു പരിഹാരമുണ്ട്, ഞാന്‍ പറയാം. നിങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലെ നമോ ആപ്പിലേക്ക് പോകൂ. നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അതില്‍ ഫോട്ടോകള്‍ക്കായി ഒരു വിഭാഗമുണ്ട്, ഒരു സെല്‍ഫി എടുത്ത് അവിടെ അപ്ലോഡ് ചെയ്യുക, ഒരു ബട്ടണ്‍ അമര്‍ത്തുക, നിങ്ങള്‍ എവിടെയായിരുന്നാലും എന്റെ കൂടെ എടുത്ത നിങ്ങളുടെ എല്ലാ ഫോട്ടോകളും എഐ വഴി നിങ്ങള്‍ക്ക് അയച്ചുതരും. അതുകൊണ്ട് നമ്മുടെ കാശിയില്‍ ശാസ്ത്രത്തോടൊപ്പം സംസ്‌കൃതവും ഉണ്ടാകും. അതിനാല്‍, നിങ്ങള്‍ തീര്‍ച്ചയായും എന്നെ സഹായിക്കും, ശരി... നിങ്ങള്‍ ഇരിക്കും. ആരും നില്‍ക്കേണ്ടതില്ല, എല്ലാവരുടെയും ഫോട്ടോ വരത്തക്കവിധം തലയുയര്‍ത്തി ഇരുന്ന്, പുഞ്ചിരിക്കുന്നവരുടെ ഫോട്ടോ എടുക്കുന്ന ക്യാമറ എന്റെ കൈയിലുണ്ട്.
ഹര്‍ ഹര്‍ മഹാദേവ്!
ഇതാ ഞാന്‍ താഴോട്ടു വരികയാണ്. ഈ ആള്‍ക്കാരും നിങ്ങളും അവിടെ ഇരിക്കുക. ക്യാമറ കയ്യിലുള്ളവര്‍ സ്‌റ്റേജിലേക്കു വരിക.