ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ഏകദേശം 71,000 നിയമനക്കത്തുകൾ വിതരണം ചെയ്തു
“ഇന്ത്യയിന്ന് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്”
“പുതിയ സാധ്യതകൾക്കായി വാതിലുകൾ തുറക്കുന്ന നയങ്ങളും തന്ത്രങ്ങളുമായാണ് ഇന്നത്തെ പുതിയ ഇന്ത്യ നീങ്ങുന്നത്”
“മുൻ കാലങ്ങളിലെ പ്രതികരണാത്മക നിലപാടിൽ നിന്ന് വ്യത്യസ്തമായി സജീവമായ സമീപനമാണ് 2014നു ശേഷം ഇന്ത്യ സ്വീകരിച്ചത്”
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം ഇന്ത്യയിൽ മുമ്പു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തൊഴിലവസരങ്ങൾക്കും സ്വയംതൊഴിൽ അവസരങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു”
“ആത്മനിർഭർ ഭാരത് യജ്ഞത്തിന്റെ ചിന്തയും സമീപനവും സ്വദേശിവൽക്കരണത്തിനും ‘പ്രാദേശികതയ്ക്കായുള്ള ആഹ്വാന’ത്തിനും അപ്പുറമാണ്. ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ‘യജ്ഞ’മാണ് ആത്മനിർഭർ ഭാരത് യജ്ഞം”
“ഗ്രാമങ്ങളിൽ റോഡുകൾ എത്തുമ്പോൾ, അത് ആവാസവ്യവസ്ഥയിലാകെ ദ്രുതഗതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കു നയിക്കുന്നു”
“ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ, സാധാരണ പൗരനെന്ന നിലയിൽ നിങ്ങൾക്കു തോന്നിയ കാര്യങ്ങൾ എപ്പോഴും ഓർക്കണം”

നമസ്‌കാരം !

സുഹൃത്തുക്കളേ,

ഇന്ന് മഹത്തായ ബൈശാഖി ഉത്സവമാണ്. ബൈശാഖി ദിനത്തില്‍ രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് ഈ ആഹ്ലാദകരമായ ഉത്സവത്തില്‍ 70,000ല്‍ അധികം യുവാക്കള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ ജോലി ലഭിച്ചു. നിങ്ങളെപ്പോലുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! നിങ്ങളുടെ ശോഭനമായ ഭാവിക്ക് ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളേ,

വികസിത ഇന്ത്യയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് യുവാക്കളുടെ കഴിവിനും പ്രതിബദ്ധതയ്ക്കും ശരിയായ അവസരങ്ങള്‍ നല്‍കാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍കൈയ്ക്ക് പുറമേ, ഗുജറാത്ത് മുതല്‍ അസം വരെയും യുപി മുതല്‍ മഹാരാഷ്ട്ര വരെയും എന്‍ഡിഎയും ബി ജെ പിയും ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ജോലികള്‍ നല്‍കുന്നതിനുള്ള നടപടികള്‍ അതിവേഗം നടക്കുന്നു. ഇന്നലെ മധ്യപ്രദേശിലെ 22,000-ലധികം അധ്യാപകര്‍ക്ക് നിയമന കത്തുകള്‍ കൈമാറി. യുവജനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ് ഈ ദേശീയ റോസ്ഗാര്‍ മേള.

 

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ്. കൊവിഡിന് ശേഷം ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. മിക്ക രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ തുടര്‍ച്ചയായി മാന്ദ്യത്തിലാണ്. എന്നാല്‍ ഇതിനെല്ലാം ഇടയില്‍, ലോകം ഇന്ത്യയെ ഒരു 'പ്രദീപ്തമായ ഇടം' ആയി കാണുന്നു. ഇന്നത്തെ പുതിയ ഇന്ത്യ, ഇപ്പോള്‍ പിന്തുടരുന്ന പുതിയ നയങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച്, രാജ്യത്ത് പുതിയ സാധ്യതകളുടെയും പുതിയ അവസരങ്ങളുടെയും വാതിലുകള്‍ തുറന്നിരിക്കുന്നു. സാങ്കേതികവിദ്യയുടെ കാര്യത്തിലോ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലോ ഇന്ത്യ ക്രിയാത്മക സമീപനത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 2014 മുതല്‍ ഇന്ത്യ സജീവമായ സമീപനമാണ് സ്വീകരിച്ചത്. തല്‍ഫലമായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ മൂന്നാം ദശകം നേരത്തെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തൊഴിലിനും സ്വയം തൊഴിലിനും അവസരമൊരുക്കുന്നു. 10 വര്‍ഷം മുമ്പ് ഉണ്ടായിട്ടില്ലാത്ത നിരവധി മേഖലകള്‍ ഇന്ന് യുവാക്കള്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ വലിയ ആവേശമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ നേരിട്ടും അല്ലാതെയും 40 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുപോലെയാണ് ഡ്രോണ്‍ വ്യവസായവും. ഇന്ന്, അത് കാര്‍ഷിക മേഖലയിലായാലും പ്രതിരോധ മേഖലയിലായാലും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സര്‍വേകളിലായാലും സ്വാമിത്വ പദ്ധതിയിലായാലും ഡ്രോണുകളുടെ ആവശ്യം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഡ്രോണ്‍ നിര്‍മ്മാണം, ഡ്രോണ്‍ പറപ്പിക്കല്‍ തുടങ്ങിയ മേഖലകളിലേക്ക് നിരവധി യുവാക്കള്‍ കടന്നുവരുന്നത്. കഴിഞ്ഞ 8-9 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ കായിക മേഖല എങ്ങനെ പുനരുജ്ജീവിപ്പിച്ചുവെന്ന് നിങ്ങള്‍ കണ്ടിരിക്കണം. ഇന്ന് രാജ്യത്തുടനീളം പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും പുതിയ അക്കാദമികള്‍ തുറക്കപ്പെടുകയും ചെയ്യുന്നു. പരിശീലകരും സാങ്കേതിക വിദഗ്ധരും അനുബന്ധ ജീവനക്കാരും ആവശ്യമാണ്. രാജ്യത്തെ കായിക ബജറ്റ് ഇരട്ടിയാക്കുന്നതും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

 

സുഹൃത്തുക്കളേ,

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ചിന്തയും സമീപനവും 'സ്വദേശി', 'ഉത്പാദനം തദ്ദേശീയാവശ്യത്തിന്' എന്നിവ കൈക്കൊള്ളുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. ഇത് പരിമിതമായ വ്യാപ്തിയുടെ കാര്യമല്ല. ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ ഇന്ത്യയില്‍ കോടിക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രചാരണമാണ് 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍'. ഇന്ന്, ആധുനിക ഉപഗ്രഹങ്ങള്‍ മുതല്‍ അര്‍ധ അതിവേഗ ട്രെയിനുകള്‍ വരെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നു. കഴിഞ്ഞ 8-9 വര്‍ഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പുതിയതും സുരക്ഷിതവുമായ എല്‍എച്ച്ബി കോച്ചുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ച ആയിരക്കണക്കിന് ടണ്‍ സ്റ്റീല്‍, ഉപയോഗിച്ച വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍, മുഴുവന്‍ വിതരണ ശൃംഖലയിലും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യയിലെ കളിപ്പാട്ട വ്യവസായത്തിന്റെ ഒരു ഉദാഹരണം കൂടി ഞാന്‍ നിങ്ങള്‍ക്ക് തരാം. ജിതേന്ദ്ര സിംഗ് ജിയും ഇക്കാര്യം സൂചിപ്പിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യയിലെ കുട്ടികള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ചാണ് കളിച്ചിരുന്നത്. ഈ കളിപ്പാട്ടങ്ങളുടെ ഗുണനിലവാരം മികച്ചതായിരുന്നില്ല, അല്ലെങ്കില്‍ ഈ കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ കുട്ടികളെ മനസ്സില്‍ വച്ചുകൊണ്ട് നിര്‍മ്മിച്ചവയല്ല. എന്നാല്‍ ആരും അതൊന്നും ശ്രദ്ധിച്ചില്ല. ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങള്‍ക്ക് ഞങ്ങള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും നമ്മുടെ തദ്ദേശീയ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തല്‍ഫലമായി, 3-4 വര്‍ഷത്തിനുള്ളില്‍ കളിപ്പാട്ട വ്യവസായം പുനരുജ്ജീവിപ്പിക്കുകയും നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് പ്രതിരോധ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന മറ്റൊരു സമീപനം പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ മാത്രമേ കഴിയൂ എന്നതായിരുന്നു. ഈ ഉപകരണങ്ങള്‍ വിദേശത്ത് നിന്ന് മാത്രമേ കൊണ്ടുവരാന്‍ കഴിയൂ. നമ്മുടെ രാജ്യത്തെ നിര്‍മ്മാതാക്കളെ ഞങ്ങള്‍ വിശ്വസിച്ചില്ല. നമ്മുടെ സര്‍ക്കാരും ഈ സമീപനം മാറ്റി. നമ്മുടെ സേനകള്‍ ഇത്തരത്തിലുള്ള 300-ലധികം ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്, അവ ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ഇന്ത്യന്‍ വ്യവസായത്തില്‍ നിന്ന് വാങ്ങുകയും ചെയ്യും. ഇന്ത്യ ഇന്ന് 15,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

സുഹൃത്തുക്കളേ,

ഒരു കാര്യം കൂടി നിങ്ങള്‍ ഒരിക്കലും മറക്കരുത്. 2014ല്‍ രാജ്യം നമുക്ക് സേവനം ചെയ്യാന്‍ അവസരം നല്‍കിയപ്പോള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട മിക്ക മൊബൈല്‍ ഫോണുകളും ഇറക്കുമതി ചെയ്തവയായിരുന്നു. പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രോത്സാഹനങ്ങള്‍ നല്‍കി. 2014-ന് മുമ്പുള്ള സാഹചര്യം ഇന്ന് നിലനിന്നിരുന്നെങ്കില്‍ നമ്മള്‍ വിദേശനാണ്യത്തിനായി ലക്ഷക്കണക്കിന് കോടി രൂപ ചെലവഴിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഞങ്ങള്‍ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുകയും ലോകത്തെ മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. തല്‍ഫലമായി, ആയിരക്കണക്കിന് ഹെക്ടര്‍ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

 

സുഹൃത്തുക്കളേ,

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മറ്റൊരു വശമുണ്ട്, അത് അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപമാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വേഗത്തിലുള്ള പ്രവര്‍ത്തനത്തിന് പേരുകേട്ടതാണ് നമ്മുടെ ഗവണ്‍മെന്റ്. മൂലധനച്ചെലവുകള്‍ക്കായി ഗവണ്‍മെന്റ് ലവഴിക്കുമ്പോള്‍, റോഡുകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, പുതിയ കെട്ടിടങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അടിസ്ഥാനസൗകര്യ വികസനത്തില്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതികപ്രവര്‍ത്തകര്‍, അക്കൗണ്ടന്റുമാര്‍, തൊഴിലാളികള്‍ തുടങ്ങിയ മനുഷ്യവിഭവശേഷി മാത്രമല്ല എല്ലാത്തരം ഉപകരണങ്ങളും, സ്റ്റീല്‍, സിമന്റ് തുടങ്ങി നിരവധി കാര്യങ്ങളും ആവശ്യമാണ്. നമ്മുടെ ഗവണ്‍മെന്റിന്റെ ഭരണകാലത്ത്, കഴിഞ്ഞ 8-9 വര്‍ഷത്തിനുള്ളില്‍ മൂലധനച്ചെലവില്‍ നാലിരട്ടി വര്‍ധനയുണ്ടായി. തല്‍ഫലമായി, പുതിയ തൊഴിലവസരങ്ങളും ജനങ്ങളുടെ വരുമാനവും വര്‍ദ്ധിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ഉദാഹരണം പറയാം. 2014-ന് മുമ്പുള്ള ഏഴ് ദശാബ്ദങ്ങളില്‍ ഏകദേശം 20,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഏകദേശം 40,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം ഞങ്ങള്‍ പൂര്‍ത്തിയാക്കി. 2014-ന് മുമ്പ്, ഒരു മാസത്തിനുള്ളില്‍ 600 മീറ്റര്‍ പുതിയ മെട്രോ ലൈനുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്, വെറും 600 മീറ്റര്‍! ഇന്ന്, ഞങ്ങള്‍ എല്ലാ മാസവും ഏകദേശം 6 കിലോമീറ്റര്‍ പുതിയ മെട്രോ ലൈനുകള്‍ സ്ഥാപിക്കുന്നു. അന്ന് മീറ്ററില്‍ കണക്കു കൂട്ടിയിരുന്നെങ്കില്‍ ഇന്ന് കിലോമീറ്ററില്‍ കണക്കെടുപ്പാണ് നടക്കുന്നത്. 2014-ല്‍ രാജ്യത്ത് 70-ല്‍ താഴെ ജില്ലകളിലാണ് വാതക ശൃംഖല വിപുലീകരിച്ചിരുന്നത്. ഇന്ന് ഇത് 630 ജില്ലകളായി ഉയര്‍ന്നു. 70 ജില്ലകളെ 630 ജില്ലകളുമായി താരതമ്യം ചെയ്യുക! 2014 വരെ ഗ്രാമപ്രദേശങ്ങളിലെ റോഡുകളുടെ നീളം 4 ലക്ഷം കിലോമീറ്ററില്‍ താഴെ മാത്രമായിരുന്നു. ഇന്ന് ഈ കണക്കും 7.25 ലക്ഷം കിലോമീറ്ററിലധികം വര്‍ധിച്ചു. ഗ്രാമങ്ങളുമായി റോഡുകള്‍ ബന്ധിപ്പിക്കുമ്പോള്‍ അതിന്റെ സ്വാധീനം നിങ്ങള്‍ക്ക് ഊഹിക്കാം. ഇതുമൂലം, മുഴുവന്‍ ആവാസവ്യവസ്ഥയിലും തൊഴിലവസരങ്ങള്‍ അതിവേഗം സൃഷ്ടിക്കാന്‍ തുടങ്ങുന്നു.

സുഹൃത്തുക്കളേ,

രാജ്യത്തെ വ്യോമയാന മേഖലയിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. 2014 വരെ രാജ്യത്ത് 74 വിമാനത്താവളങ്ങളുണ്ടായിരുന്നെങ്കില്‍ ഇന്ന് അത് 148 ആയി വര്‍ധിച്ചു. വിമാനത്താവള പ്രവര്‍ത്തനങ്ങളില്‍ ഏത് തരത്തിലുള്ള ജീവനക്കാരെ ആവശ്യമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍, ഈ നിരവധി പുതിയ വിമാനത്താവളങ്ങളും രാജ്യത്ത് ആയിരക്കണക്കിന് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ ഊഹിച്ചിട്ടുണ്ടാകും. അടുത്തിടെ എയര്‍ ഇന്ത്യ റെക്കോര്‍ഡ് വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയത് നിങ്ങള്‍ കണ്ടു. മറ്റ് നിരവധി ഇന്ത്യന്‍ കമ്പനികളും ഇത് പിന്തുടരും. അതായത്, വരും ദിവസങ്ങളില്‍, ഈ മേഖലയില്‍ കാറ്ററിംഗ് മുതല്‍ വിമാന സര്‍വീസുകള്‍ വരെ, അറ്റകുറ്റപ്പണികള്‍ മുതല്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വരെ ധാരാളം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നമ്മുടെ തുറമുഖ മേഖലയിലും സമാനമായ പുരോഗതിയുണ്ട്. കടല്‍ത്തീരത്തിന്റെ വികസനവും നമ്മുടെ തുറമുഖങ്ങളുടെ വികസനവും കൊണ്ട്, നമ്മുടെ തുറമുഖങ്ങളിലെ ചരക്ക് കൈകാര്യം ചെയ്യുന്നത് മുമ്പത്തെ അപേക്ഷിച്ച് ഇരട്ടിയായി, ഇതിനുള്ള സമയം ഇപ്പോള്‍ പകുതിയായി കുറഞ്ഞു. ഈ വലിയ മാറ്റം തുറമുഖ മേഖലയില്‍ ധാരാളം പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു.

 

സുഹൃത്തുക്കളേ,

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ മഹത്തായ ഉദാഹരണമായി രാജ്യത്തിന്റെ ആരോഗ്യമേഖലയും മാറുകയാണ്. 2014-ല്‍ 400-ല്‍ താഴെ മെഡിക്കല്‍ കോളേജുകളായിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 660 മെഡിക്കല്‍ കോളേജുകളാണുള്ളത്. 2014ല്‍ ബിരുദ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം ഏകദേശം 50,000 ആയിരുന്നെങ്കില്‍ ഇന്ന് ഒരു ലക്ഷത്തിലധികം സീറ്റുകള്‍ ലഭ്യമാണ്. പരീക്ഷ ജയിച്ച ഇരട്ടി ഡോക്ടര്‍മാരെയാണ് ഇന്ന് നമുക്ക് ലഭിക്കുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി മൂലം രാജ്യത്ത് നിരവധി പുതിയ ആശുപത്രികളും ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. അതായത്, അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും തൊഴിലവസരങ്ങളും സ്വയം തൊഴില്‍ സൃഷ്ടിക്കുന്നതിലും വളര്‍ച്ച ഉറപ്പാക്കുന്നു.

സുഹൃത്തുക്കളേ,

ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതിന്, ഗവണ്‍മെന്റ് എഫ്പിഒകള്‍ സൃഷ്ടിക്കുന്നു, സ്വയം സഹായ സംഘങ്ങള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നു, സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നു, യുവാക്കള്‍ക്ക് അവരുടെ സ്വന്തം ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. 2014 മുതല്‍ രാജ്യത്ത് 3 ലക്ഷത്തിലധികം പുതിയ പൊതു സേവന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 2014 മുതല്‍, രാജ്യത്തെ ഗ്രാമങ്ങളില്‍ 6 ലക്ഷം കിലോമീറ്ററിലധികം ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചു. 2014 മുതല്‍ രാജ്യത്ത് മൂന്ന് കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കി. ഇതില്‍ 2.5 കോടിയിലധികം വീടുകള്‍ ഗ്രാമങ്ങളില്‍ മാത്രം നിര്‍മിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, 10 കോടിയിലധികം ശുചുമുറികള്‍, 1.5 ലക്ഷത്തിലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍, ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് പുതിയ പഞ്ചായത്ത് കെട്ടിടങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഗ്രാമങ്ങളിലെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ജോലിയും തൊഴിലവസരങ്ങളും നല്‍കി. ഇന്ന് കാര്‍ഷിക മേഖലയില്‍ കാര്‍ഷിക യന്ത്രവല്‍ക്കരണം അതിവേഗം വികസിച്ചിരിക്കുന്നു. അതുകൊണ്ട് ഗ്രാമങ്ങളില്‍ പുതിയ തൊഴിലവസരങ്ങളും ഇതുമൂലം സൃഷ്ടിക്കപ്പെടുകയാണ്.

സുഹൃത്തുക്കളേ,

ഇന്ന്, ഇന്ത്യ അതിന്റെ ചെറുകിട വ്യവസായങ്ങളെ കൈപിടിച്ചു നടത്തുന്ന രീതിയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന രീതിയും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഉറപ്പാക്കുന്നു. അടുത്തിടെ പ്രധാനമന്ത്രി മുദ്ര യോജന 8 വര്‍ഷം പൂര്‍ത്തിയാക്കി. ഈ 8 വര്‍ഷത്തിനിടെ മുദ്ര യോജന പ്രകാരം ബാങ്ക് ഗ്യാരന്റി ഇല്ലാതെ 23 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചു. ഇതില്‍ 70 ശതമാനവും സ്ത്രീകള്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്. ഈ പദ്ധതി 8 കോടി പുതിയ സംരംഭകരെ സൃഷ്ടിച്ചു; അതായത്, അതായത്, മുദ്ര യോജനയുടെ സഹായത്തോടെ ആദ്യമായി തങ്ങളുടെ സംരംഭം ആരംഭിച്ച ആളുകളാണ് ഇവര്‍. മുദ്രാ യോജനയുടെ വിജയം രാജ്യത്തെ കോടിക്കണക്കിന് ആളുകളെ സ്വയം തൊഴിലിനായി പ്രോത്സാഹിപ്പിക്കുകയും പുതിയ ദിശ കാണിക്കുകയും ചെയ്തു. സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. ഈ 8-9 വര്‍ഷങ്ങളില്‍, താഴെത്തട്ടില്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ മൈക്രോ ഫിനാന്‍സിന്റെ പ്രാധാന്യം നാം കണ്ടു. വമ്പന്‍ സാമ്പത്തിക വിദഗ്ധരെന്ന് സ്വയം കരുതുന്ന വമ്പന്മാര്‍ക്കും വന്‍കിട വ്യവസായികള്‍ക്ക് ഫോണില്‍ വായ്പ നല്‍കുന്ന ശീലമുള്ള ആളുകള്‍ക്കും മൈക്രോ ഫിനാന്‍സിന്റെ ശക്തി മുമ്പ് മനസ്സിലായില്ല. ഇന്നും ഇക്കൂട്ടര്‍ മൈക്രോ ഫിനാന്‍സിനെ കളിയാക്കുന്നു. രാജ്യത്തെ സാധാരണക്കാരന്റെ കഴിവുകള്‍ അവര്‍ മനസ്സിലാക്കുന്നില്ല.

സുഹൃത്തുക്കളേ,

ഇന്ന് നിയമന കത്തുകള്‍ ലഭിച്ചവര്‍ക്ക് പ്രത്യേകമായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളില്‍ ചിലര്‍ റെയില്‍വേയില്‍ ചേരുമ്പോള്‍ ചിലര്‍ വിദ്യാഭ്യാസമേഖലയില്‍ ചേരുന്നു. ചില ആളുകള്‍ക്ക് അവരുടെ സേവനങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള അവസരം ലഭിക്കുന്നു. രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യാനുള്ള നിങ്ങളുടെ അവസരമാണിത്. 2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കും, വികസിത ഇന്ത്യയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം മുന്നേറുന്നത്. നിങ്ങളുടെ ഇന്നത്തെ പ്രായം നിങ്ങള്‍ക്ക് സുവര്‍ണ്ണകാലമാണെന്ന് എനിക്കറിയാം (അമൃതകാലം). നിങ്ങളുടെ ഈ 25 വര്‍ഷത്തെ ജീവിതത്തിനിടയില്‍, രാജ്യം വളരെ വേഗത്തില്‍ മുന്നേറാന്‍ പോകുകയാണ്, ആ യാത്രയില്‍ നിങ്ങള്‍ സംഭാവന ചെയ്യാന്‍ പോകുകയാണ്. അത്തരമൊരു അത്ഭുതകരമായ കാലഘട്ടത്തില്‍, അത്തരമൊരു അത്ഭുതകരമായ അവസരത്തിലൂടെ, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ ഇന്ന് നിങ്ങളുടെ ചുമലില്‍ ഒരു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. നിങ്ങളുടെ ഓരോ ചുവടും നിങ്ങളുടെ സമയത്തിന്റെ ഓരോ നിമിഷവും രാജ്യത്തെ അതിവേഗം വികസിക്കുന്നതിന് ഉപയോഗപ്രദമാകും.

ഇന്ന് നിങ്ങള്‍ ഒരു ഗവണ്‍മെന്റ് ജീവനക്കാരന്‍/ ജീവനക്കാരിയായി നിങ്ങളുടെ യാത്ര ആരംഭിക്കുകയായിരിക്കാം. ഈ യാത്രയില്‍, ഒരാള്‍ എപ്പോഴും ആ കാര്യങ്ങള്‍ ഓര്‍ക്കുകയും എപ്പോഴും സാധാരണക്കാരനായി സ്വയം കാണുകയും വേണം. കഴിഞ്ഞ 5 വര്‍ഷമായി, 10 വര്‍ഷമായി, ഒരു പൗരനെന്ന നിലയില്‍ നിങ്ങള്‍ക്ക് എന്താണ് തോന്നിയത്? ഗവണ്മെന്റിന്റെ ഏത് പെരുമാറ്റമാണ് നിങ്ങളെ നിരാശപ്പെടുത്തിയത്? ഗവണ്‍മെന്റിന്റെ ഏത് പെരുമാറ്റമാണ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്? നിങ്ങള്‍ക്ക് എന്ത് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, നിങ്ങള്‍ സേവനമനുഷ്ഠിക്കുമ്പോള്‍ ആ മോശം അനുഭവത്തിലൂടെ കടന്നുപോകാന്‍ നിങ്ങള്‍ ഒരു പൗരനെയും അനുവദിക്കില്ല എന്നതും നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. ഒരാള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കില്ല, കാരണം നിങ്ങള്‍ അവിടെയുണ്ട്; ഇതൊരു മഹത്തായ സേവനമാണ്. ഗവണ്‍മെന്റ് സര്‍വീസില്‍ ചേര്‍ന്നതിന് ശേഷം മറ്റുള്ളവരുടെ ആ പ്രതീക്ഷകള്‍ നിറവേറ്റേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സ്വയം പ്രാപ്തരാക്കുക. നിങ്ങള്‍ ഓരോരുത്തര്‍ക്കും നിങ്ങളുടെ ജോലിയിലൂടെ ഒരു സാധാരണക്കാരന്റെ ജീവിതത്തെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ സ്വാധീനിക്കാനും പ്രചോദിപ്പിക്കാനും കഴിയും. നിരാശയുടെ കുളത്തില്‍ മുങ്ങിപ്പോകുന്നതില്‍ നിന്ന് അവരെ രക്ഷിക്കാന്‍ കഴിയും. സുഹൃത്തുക്കളേ, മനുഷ്യരാശിക്ക് ഇതിലും വലിയ സൃഷ്ടി മറ്റെന്തുണ്ട്? നിങ്ങളുടെ ജോലി ഒരു നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം, നിങ്ങളുടെ ജോലി ഒരു സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്നു, അങ്ങനെ അവന്റെ വിശ്വാസവും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള വിശ്വാസവും വര്‍ദ്ധിക്കും.

എല്ലാവരോടും എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട്. നിങ്ങളെല്ലാവരും കഠിനാധ്വാനത്തിലൂടെയാണ് ഈ വിജയം നേടിയത്. പക്ഷേ, ഗവണ്‍മെന്റ് ജോലി കിട്ടിയാലും പഠനം മുടങ്ങരുത്. പുതിയ എന്തെങ്കിലും അറിയാനും പഠിക്കാനുമുള്ള സന്നദ്ധത നിങ്ങളുടെ ജോലിയിലും വ്യക്തിത്വത്തിലും നല്ല സ്വാധീനം ചെലുത്തും. ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമായ ഐഗോട്ട് കര്‍മ്മയോഗിയില്‍ ചേര്‍ന്ന് നിങ്ങളുടെ കഴിവുകള്‍ പുതുക്കാം. സുഹൃത്തുക്കളെ, ഞാന്‍ എപ്പോഴും പറയുകയും വിശ്വസിക്കുകയും ചെയ്യുന്നത് 'നിങ്ങളുടെ ഉള്ളിലെ വിദ്യാര്‍ത്ഥിയെ ഒരിക്കലും മരിക്കാന്‍ അനുവദിക്കരുത്' എന്നാണ്. ഞാനൊരു മഹാപണ്ഡിതനാണെന്നോ എനിക്ക് എല്ലാം അറിയാമെന്നോ എല്ലാം പഠിച്ചുവെന്നോ ഉള്ള മിഥ്യാധാരണയില്‍ ഞാന്‍ ഒരിക്കലും പ്രവര്‍ത്തിക്കുന്നില്ല. എനിക്ക് അങ്ങനെയൊരു മിഥ്യാധാരണയില്ല. ഞാന്‍ എപ്പോഴും എന്നെ ഒരു വിദ്യാര്‍ത്ഥിയായി കണക്കാക്കുകയും എല്ലാവരില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ ആന്തരിക വിദ്യാര്‍ത്ഥിയെ ജീവനോടെ നിലനിര്‍ത്തുകയും പുതിയ എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുക, ഈ മനോഭാവം നിങ്ങളുടെ ജീവിതത്തില്‍ അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറക്കും.

സുഹൃത്തുക്കളേ,

ബൈശാഖിയുടെ ഈ മഹത്തായ ഉത്സവം ആഘോഷിക്കുന്നതിലും ഒരേ സമയം ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നതിലും മികച്ചത് മറ്റെന്താണ്. ഒരിക്കല്‍ കൂടി, നിങ്ങളുടെ ശോഭനമായ ഭാവിക്കായി എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 25
December 25, 2024

PM Modi’s Governance Reimagined Towards Viksit Bharat: From Digital to Healthcare