ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ജനക രാജാവിൻ്റെയും സീത മാതാവിൻ്റെയും പുണ്യഭൂമിയെയും മഹാകവി വിദ്യാപതിയുടെ ജന്മസ്ഥലത്തെയും ഞാൻ വന്ദിക്കുന്നു. സമ്പന്നവും ഗംഭീരവുമായ ഈ ഭൂമിയിൽ നിന്ന് എല്ലാവർക്കും എൻ്റെ ഊഷ്മളമായ ആശംസകൾ!
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബഹുമാനപ്പെട്ട ബീഹാർ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരേ, ബീഹാറിലെ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹ, ശ്രീ സാമ്രാട്ട് ചൗധരി ജി, ദർബംഗ എംപി ഗോപാൽ താക്കൂർ, മറ്റെല്ലാ എംപിമാരും, എംഎൽഎമാരേ, വിശിഷ്ടാതിഥികളേ, മിഥിലയിലെ എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്കെല്ലാവർക്കും എൻ്റെ ആശംസകൾ!
സുഹൃത്തുക്കളേ,
അയൽ സംസ്ഥാനമായ ഝാർഖണ്ഡിൽ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പാണ്. വികസിത് ഝാർഖണ്ഡിൻ്റെ (വികസിത ഝാർഖണ്ഡ്) കാഴ്ചപ്പാട് സാക്ഷാത്കരിക്കാനാണ് ഝാർഖണ്ഡിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. ഝാർഖണ്ഡിലെ എല്ലാ വോട്ടർമാരോടും കൂട്ടമായി എത്തിച്ചേർന്ന് അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
സുന്ദരമായ ശബ്ദത്തിന് പേരുകേട്ട മിഥിലയുടെ മകളായ ശാരദാ സിൻഹാ ജിക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭോജ്പുരിക്കും മൈഥിലി സംഗീതത്തിനും ശാരദാ സിൻഹാ ജി നൽകിയ സമാനതകളില്ലാത്ത സംഭാവന ശ്രദ്ധേയമാണ്. ഛഠ് എന്ന മഹത്തായ ഉത്സവത്തിൻ്റെ മഹത്വം തൻ്റെ പാട്ടുകളിലൂടെ ലോകമെമ്പാടും പ്രചരിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങൾ അസാധാരണമാണ്.
സുഹൃത്തുക്കളേ,
ഇന്ന്, ബിഹാർ ഉൾപ്പെടെയുള്ള രാഷ്ട്രം മുഴുവൻ സുപ്രധാന വികസന നാഴികക്കല്ലുകളുടെ നേട്ടത്തിന് സാക്ഷ്യം വഹിക്കുന്നു. ഒരുകാലത്ത് ചർച്ച ചെയ്യപ്പെടുക മാത്രം ചെയ്തിരുന്ന പദ്ധതികളും സൗകര്യങ്ങളും ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്. വികസിത ഇന്ത്യയിലേക്ക് (വികസിത് ഭാരത്) നാം അതിവേഗം മുന്നേറുകയാണ്. ഈ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനും ഈ പരിവർത്തന യാത്രയുടെ ഭാഗമാകാനും ഭാഗ്യമുള്ളവരാണ് നമ്മുടെ തലമുറ.
സുഹൃത്തുക്കളേ,
രാജ്യത്തെ സേവിക്കുന്നതിനും അതിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നമ്മുടെ ഗവൺമെന്റ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. സേവനത്തോടുള്ള ഈ പ്രതിബദ്ധതയോടെ, ഞങ്ങൾ 12,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഈ പദ്ധതികൾ റോഡ്, റെയിൽ, ഗ്യാസ് അടിസ്ഥാനസൗകര്യം എന്നീ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നു. ഏറ്റവും പ്രധാനമായി, ദർഭംഗയിൽ എയിംസ് സ്ഥാപിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പ് കൈക്കൊണ്ടിരിക്കുന്നു. എയിംസ് ദർഭംഗയുടെ നിർമാണം ബിഹാറിൻ്റെ ആരോഗ്യമേഖലയെ മാറ്റിമറിക്കും. ഇത് മിഥില, കോസി, തിർഹുട്ട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് മാത്രമല്ല, പശ്ചിമ ബംഗാളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ളവർക്കും അവശ്യ മെഡിക്കൽ സേവനങ്ങൾ നൽകും. കൂടാതെ, നേപ്പാളിൽ നിന്നുള്ള രോഗികൾക്ക് ഈ എയിംസ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കും. ഈ സ്ഥാപനം നിരവധി തൊഴിലവസരങ്ങളും സ്വയം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും. ഈ വികസന പദ്ധതികൾക്ക് ദർഭംഗ, മിഥില, ബീഹാർ സംസ്ഥാനം മുഴുവനും ഞാൻ എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യത്തെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ അടങ്ങുന്നതാണ് ദരിദ്രരും ഇടത്തരക്കാരും. ഇവർക്കാണ് രോഗങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതും. തൽഫലമായി, വൈദ്യചികിത്സയുടെ സാമ്പത്തിക ബാധ്യത അവരുടെമേൽ വൻതോതിൽ വീഴുന്നു. നമ്മളിൽ പലരും എളിയതും സാധാരണവുമായ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, ഒരു കുടുംബാംഗത്തിൻ്റെ അസുഖം, മുഴുവൻ കുടുംബത്തിനും എങ്ങനെ വലിയ ബുദ്ധിമുട്ടുകൾ വരുത്തുമെന്ന് ഞങ്ങൾ നന്നായി മനസ്സിലാക്കുന്നു. മുൻകാലങ്ങളിൽ സ്ഥിതി രൂക്ഷമായിരുന്നു. വളരെ കുറച്ച് ആശുപത്രികൾ, ഡോക്ടർമാരുടെ കടുത്ത ക്ഷാമം, വിലകൂടിയ മരുന്നുകൾ, ശരിയായ രോഗനിർണയ സൗകര്യങ്ങളുടെ അഭാവം എന്നിവ ഉണ്ടായിരുന്നു, അതേസമയം സർക്കാരുകൾ അർത്ഥവത്തായ നടപടികളില്ലാതെ വാഗ്ദാനങ്ങളും അവകാശവാദങ്ങളും മാത്രം നൽകി. ഇവിടെ ബിഹാറിൽ, നിതീഷ് ജി അധികാരത്തിൽ വരുന്നതിനുമുമ്പ്, പാവപ്പെട്ടവരുടെ ദുരവസ്ഥയെക്കുറിച്ച് കാര്യമായ ആശങ്ക ഉണ്ടായിരുന്നില്ല. ആളുകൾക്ക് നിശ്ശബ്ദമായി രോഗങ്ങളെ സഹിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യം എങ്ങനെ പുരോഗമിക്കും? കാലഹരണപ്പെട്ട മാനസികാവസ്ഥയും പഴയ സമീപനവും മാറ്റേണ്ടത് നിർണായകമായിരുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ സർക്കാർ രാജ്യത്തുടനീളമുള്ള ആരോഗ്യ സംരക്ഷണത്തിന് സമഗ്രമായ സമീപനമാണ് സ്വീകരിക്കുന്നത്. ഒന്നാമതായി, ഞങ്ങൾ രോഗ പ്രതിരോധത്തിന് ഊന്നൽ നൽകുന്നു. രണ്ടാമതായി, കൃത്യമായ രോഗനിർണയത്തിന് ഞങ്ങൾ മുൻഗണന നൽകുന്നു. മൂന്നാമതായി, സൗജന്യവും താങ്ങാനാവുന്നതുമായ ചികിത്സയും മരുന്നുകളും വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നാലാമതായി, ചെറിയ നഗരങ്ങളിൽ പോലും മികച്ച മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. അവസാനമായി, ഞങ്ങളുടെ അഞ്ചാമത്തെ ശ്രദ്ധ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനും ആരോഗ്യ സേവനങ്ങളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കുന്നതിനുമാണ്.
സഹോദരീ സഹോദരന്മാരേ,
ഒരു അംഗത്തിനും അസുഖം വരാൻ ഒരു കുടുംബവും ആഗ്രഹിക്കുന്നില്ല. നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി, ആയുർവേദത്തിൻ്റെ ഗുണങ്ങളെക്കുറിച്ചും പോഷകസമൃദ്ധമായ ഭക്ഷണക്രമങ്ങളെക്കുറിച്ചും ആളുകളെ ബോധവൽക്കരിക്കുന്നു. ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കുന്നതിനായി ഫിറ്റ് ഇന്ത്യ മൂവ്മെൻ്റ് നടന്നുകൊണ്ടിരിക്കുന്നു. ശുചിത്വമില്ലായ്മ, മലിനമായ ഭക്ഷണം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയാണ് പല സാധാരണ രോഗങ്ങൾക്കും കാരണം. അതിനാൽ, സ്വച്ഛ് ഭാരത് അഭിയാൻ, എല്ലാ വീട്ടിലും കക്കൂസ് നിർമാണം, ശുദ്ധമായ ടാപ്പ് വെള്ളം ലഭ്യമാക്കൽ തുടങ്ങിയ സംരംഭങ്ങൾ നടപ്പാക്കുന്നു. ഈ ശ്രമങ്ങൾ വൃത്തിയുള്ള നഗരങ്ങൾക്ക് മാത്രമല്ല, രോഗം പടരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ദർഭംഗയിലെ ഈ പരിപാടിയെ തുടർന്ന് കഴിഞ്ഞ മൂന്ന് നാല് ദിവസമായി നമ്മുടെ ചീഫ് സെക്രട്ടറി വ്യക്തിപരമായി നഗരത്തിൽ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകിയതായി ഞാൻ കേട്ടിട്ടുണ്ട്. ഈ കാമ്പെയ്‌നെ പിന്തുണച്ചതിന് അദ്ദേഹത്തിനും എല്ലാ ബിഹാർ ഗവൺമെന്റ് ജീവനക്കാർക്കും ദർഭംഗയിലെ പൗരന്മാർക്കും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അടുത്ത 5 മുതൽ 10 ദിവസത്തേക്ക് കൂടുതൽ ആവേശത്തോടെ ഈ ശ്രമം തുടരാൻ ഞാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
മിക്ക രോഗങ്ങളും, നേരത്തെ ചികിത്സിച്ചാൽ, ഗുരുതരമായി മാറുന്നത് തടയാൻ കഴിയും. എന്നിരുന്നാലും, ചെലവേറിയ മെഡിക്കൽ പരിശോധനകൾ പലപ്പോഴും രോഗം യഥാസമയം കണ്ടെത്തുന്നതിൽ നിന്ന് ആളുകളെ തടയുന്നു. ഇത് പരിഹരിക്കുന്നതിനായി, രാജ്യത്തുടനീളം ഞങ്ങൾ 1.5 ലക്ഷം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ സ്ഥാപിച്ചു. ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ ഈ കേന്ദ്രങ്ങൾ സഹായിക്കുന്നു.
സുഹൃത്തുക്കളേ,
ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിൽ രാജ്യവ്യാപകമായി 4 കോടിയിലധികം പാവപ്പെട്ട രോഗികൾക്ക് ചികിത്സ ലഭിച്ചു. ഈ പദ്ധതി ഇല്ലായിരുന്നെങ്കിൽ ഇവരിൽ ഭൂരിഭാഗം പേർക്കും ആശുപത്രി പ്രവേശനം താങ്ങാൻ കഴിയുമായിരുന്നില്ല. എൻഡിഎ ഗവൺമെന്റിൻ്റെ സംരംഭം പലർക്കും കാര്യമായ ഭാരം ലഘൂകരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഗവൺമെന്റ്, സ്വകാര്യ ആശുപത്രികളിൽ ഇത്തരക്കാർക്ക് ചികിത്സ ലഭ്യമാക്കാൻ പദ്ധതി സഹായകമായി. ആയുഷ്മാൻ യോജനയിലൂടെ രാജ്യത്തുടനീളമുള്ള കുടുംബങ്ങൾ ഒന്നിച്ച് ഏകദേശം 1.25 ലക്ഷം കോടി രൂപ ലാഭിച്ചു. 1.25 ലക്ഷം കോടി രൂപ വിതരണം ചെയ്യുമെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നെങ്കിൽ, ഒരു മാസത്തേക്ക് അത് പ്രധാന വാർത്തകളിൽ ആധിപത്യം സ്ഥാപിക്കുമായിരുന്നു. എന്നിട്ടും, ഈ പദ്ധതിയിലൂടെ ആ തുക നമ്മുടെ പൗരന്മാരുടെ പോക്കറ്റിൽ നിശ്ശബ്ദമായി സൂക്ഷിക്കപ്പെടുന്നു.
സഹോദരീ സഹോദരന്മാരേ,
70 വയസ്സിന് മുകളിലുള്ള എല്ലാ വയോധികരെയും ആയുഷ്മാൻ യോജനയിൽ ഉൾപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ ഞാൻ വാഗ്ദാനം ചെയ്തിരുന്നു. ആ വാക്ക് ഞാൻ പാലിച്ചിരിക്കുന്നു. ബിഹാറിലും, കുടുംബ വരുമാനം പരിഗണിക്കാതെ, 70 വയസ്സിനു മുകളിലുള്ള എല്ലാ പ്രായമായ പൗരന്മാർക്കും ഞങ്ങൾ സൗജന്യ ചികിത്സ ആരംഭിച്ചിട്ടുണ്ട്. താമസിയാതെ, എല്ലാ മുതിർന്ന പൗരന്മാർക്കും ആയുഷ്മാൻ വയ വന്ദന കാർഡ് ലഭിക്കും. ആയുഷ്മാൻ കൂടാതെ, ജൻ ഔഷധി കേന്ദ്രങ്ങളിൽ മിതമായ നിരക്കിൽ മരുന്നുകളും ലഭ്യമാക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
മികച്ച ആരോഗ്യ സംരക്ഷണത്തിനായുള്ള ഞങ്ങളുടെ നാലാമത്തെ സംരംഭം ചെറിയ നഗരങ്ങളിൽ പോലും ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ നൽകുകയും ഡോക്ടർമാരുടെ കുറവ് പരിഹരിക്കുകയും ചെയ്യുക എന്നതാണ്. ഇത് പരിഗണിക്കുക: സ്വാതന്ത്ര്യത്തിന് ശേഷം 60 വർഷത്തേക്ക്, രാജ്യത്തുടനീളം ഒരു എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഡൽഹിയിലായിരുന്നു. ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഡൽഹി എയിംസിലേക്ക് പോകുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. നാലോ അഞ്ചോ അധിക എയിംസുകൾ നിർമ്മിക്കുമെന്ന് കോൺഗ്രസ് ഗവൺമെന്റ് പ്രഖ്യാപിച്ചെങ്കിലും അവ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാൻ അവർക്ക് കഴിഞ്ഞില്ല. നമ്മുടെ ഗവൺമെന്റ് ഈ പ്രശ്നങ്ങൾ പരിഹരിച്ച് രാജ്യത്തുടനീളം പുതിയ എയിംസ് സ്ഥാപിക്കുകയും ചെയ്തു. ഇന്ന് ഭാരതത്തിലുടനീളം ഏകദേശം രണ്ട് ഡസനോളം എയിംസുകളുണ്ട്. കഴിഞ്ഞ ദശകത്തിൽ, മെഡിക്കൽ കോളേജുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി, ചികിത്സാ സൗകര്യങ്ങൾ വളരെയധികം വിപുലീകരിക്കുകയും ധാരാളം പുതിയ ഡോക്ടർമാരെ സൃഷ്ടിക്കുകയും ചെയ്തു. ഓരോ വർഷവും, ബീഹാറിൽ നിന്നുള്ള നിരവധി യുവ ഡോക്ടർമാർ സമൂഹത്തെ സേവിക്കുന്നതിനായി എയിംസ് ദർഭംഗയിൽ നിന്ന് ബിരുദം നേടും. ഞങ്ങൾ നിർണായകമായ ചിലതും കരഗതമാക്കിയിട്ടുണ്ട് : മുമ്പ്, ഒരു ഡോക്ടറാകാൻ ഇംഗ്ലീഷ് അറിയേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷേ, ഇംഗ്ലീഷിൽ പഠിക്കാൻ സാമ്പത്തികശേഷിയില്ലാത്ത ഇടത്തരം, ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് എങ്ങനെ ആ സ്വപ്നം സാക്ഷാത്കരിക്കാനാകും? നമ്മുടെ ഗവൺമെൻ്റ് ഇപ്പോൾ മെഡിസിനും എഞ്ചിനീയറിംഗും മാതൃഭാഷയിൽ പഠിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ മാറ്റം എപ്പോഴും വിഭാവനം ചെയ്ത കർപ്പൂരി താക്കൂർ ജിക്കുള്ള ഏറ്റവും വലിയ ആദരവാണ് ഈ സുപ്രധാന പരിഷ്കാരം. അദ്ദേഹത്തിൻ്റെ സ്വപ്നം ഞങ്ങൾ യാഥാർത്ഥ്യമാക്കി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ഞങ്ങൾ 100,000 പുതിയ മെഡിക്കൽ സീറ്റുകൾ ചേർത്തു, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 കൂടി ചേർക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. കൂടാതെ, ബീഹാറിലെ യുവാക്കൾക്ക് പ്രയോജനം ചെയ്യുന്ന മറ്റൊരു മഹത്തായ തീരുമാനം നമ്മുടെ ഗവൺമെന്റ് എടുത്തിട്ടുണ്ട്: ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും മെഡിസിൻ പഠിക്കാനുള്ള മാർഗമാണത്. ദരിദ്ര, ദളിത്, പിന്നാക്ക, ആദിവാസി കുടുംബങ്ങളിലെ കുട്ടികളെയും ഡോക്ടർമാരാക്കാൻ ഈ നടപടി സഹായിക്കും.
സുഹൃത്തുക്കളേ,
ക്യാൻസറിനെ പ്രതിരോധിക്കാൻ നമ്മുടെ ഗവൺമെൻ്റ് ഒരു വലിയ സംരംഭവും ആരംഭിച്ചിട്ടുണ്ട്. മുസാഫർപൂരിൽ നിർമിക്കുന്ന കാൻസർ ആശുപത്രി ബിഹാറിലെ കാൻസർ രോഗികൾക്ക് ഏറെ പ്രയോജനം ചെയ്യും. ഈ ആശുപത്രി ഒരു കുടക്കീഴിൽ സമഗ്രമായ കാൻസർ ചികിത്സ വാഗ്ദാനം ചെയ്യും, പരിചരണത്തിനായി ഡൽഹിയിലേക്കോ മുംബൈയിലേക്കോ രോഗികൾ യാത്ര ചെയ്യേണ്ടതിൻ്റെ ആവശ്യകത ഇത് ഒഴിവാക്കും. ബീഹാറിൽ ഉടൻ തന്നെ അത്യാധുനിക കണ്ണാശുപത്രി സ്ഥാപിക്കപ്പെടുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞാൻ കാശിയിലായിരുന്നപ്പോൾ, കാഞ്ചി കാമകോടിയിലെ ശങ്കരാചാര്യ ജിയുടെ അനുഗ്രഹത്താൽ അവിടെ ഒരു ശ്രദ്ധേയമായ നേത്രാശുപത്രി സ്ഥാപിച്ചതായി മംഗൾജി പരാമർശിച്ചു. ഞാൻ അവിടെ സേവനമനുഷ്ഠിക്കുമ്പോൾ ഗുജറാത്തിൽ ആദ്യമായി നടപ്പിലാക്കിയ മാതൃകയാണ് കാശിയിലെ ഈ ശ്രദ്ധേയമായ ആശുപത്രി പിന്തുടരുന്നത്. ഈ ആശുപത്രികളിൽ നൽകുന്ന അസാധാരണമായ സേവനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ബീഹാറിലും സമാനമായ ഒരു നേത്ര ആശുപത്രി നിർമ്മിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി ഇപ്പോൾ സൂചിപ്പിച്ചതുപോലെ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഈ പ്രദേശത്തെ ജനങ്ങൾക്ക് ഈ പുതിയ കണ്ണാശുപത്രി ഒരു വലിയ അനുഗ്രഹമായിരിക്കും.
സുഹൃത്തുക്കളേ,
ബിഹാറിൽ നിതീഷ് ബാബുവിൻ്റെ നേതൃത്വത്തിൽ വികസിപ്പിച്ച ഭരണ മാതൃക മാതൃകാപരമാണ്. ജംഗിൾ രാജിൽ നിന്ന് ബീഹാറിനെ മോചിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ ശ്ലാഘനീയമാണ്. ബിഹാറിൻ്റെ വികസനം ത്വരിതപ്പെടുത്തുന്നതിന് എൻഡിഎയുടെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ചെറുകിട കർഷകർക്കും പ്രാദേശിക വ്യവസായങ്ങൾക്കുമുള്ള പിന്തുണയിലൂടെയും ഈ ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കാനാകും. എൻഡിഎ സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ മാർഗരേഖയുണ്ട്. വിമാനത്താവളങ്ങളും എക്‌സ്പ്രസ് വേകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുന്നത് ഇന്ന് ബീഹാറിൻ്റെ വ്യക്തിത്വത്തെ ശക്തിപ്പെടുത്തുകയാണ്. ഉഡാൻ യോജനയ്ക്ക് കീഴിൽ ദർഭംഗയ്ക്ക് ഇപ്പോൾ ഒരു പ്രവർത്തിക്കുന്ന വിമാനത്താവളമുണ്ട്, ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകൾ വാഗ്ദാനം ചെയ്യുന്നു, റാഞ്ചിയിലേക്കുള്ള വിമാനങ്ങൾ ഉടൻ ആരംഭിക്കും. 5,500 കോടി രൂപയുടെ പദ്ധതിയായ അമാസ്-ദർഭംഗ എക്‌സ്‌പ്രസ് വേയുടെ പ്രവൃത്തിയും നടന്നുവരികയാണ്. കൂടാതെ, 3,400 കോടി രൂപ ചെലവ് വരുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിക്ക് തറക്കല്ലിട്ടു. താമസിയാതെ, വെള്ളം പോലെ സൗകര്യപ്രദമായി വീടുകളിലേക്ക് ഗ്യാസ് ഒഴുകും, അത് കൂടുതൽ താങ്ങാനാകുന്നതാകും. ഈ മഹത്തായ വികസന ശ്രമം ബീഹാറിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
"പഗ്-പഗ് പോഖരി മാഝ് മഖാൻ, മധുർ ബോൽ മസ്‌കി മുഖ് പാൻ" എന്ന ചൊല്ലിന് പേരുകേട്ടതാണ് ദർഭംഗ. ഈ പ്രദേശത്തെ കർഷകർ, മഖാന ഉത്പാദകർ, മത്സ്യ കർഷകർ എന്നിവരുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ ഗവൺമെന്റ് മുൻഗണന നൽകുന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ, ബിഹാറിലെ കർഷകർക്ക് 25,000 കോടി രൂപ ലഭിച്ചു, ഇത് മിഥിലയിലെ കർഷകർക്കും പ്രയോജനകരമാണ്. ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിലൂടെ, പ്രാദേശിക മഖാന ഉത്പാദകർ ദേശീയ അന്തർദേശീയ വിപണികളിലേക്ക് പ്രവേശനം നേടുന്നു. മഖാന നിർമ്മാതാക്കളെ പിന്തുണയ്ക്കുന്നതിനായി, മഖാന റിസർച്ച് സെൻ്ററിന് ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് പദവി ലഭിച്ചു, മഖാനയ്ക്ക് ജിഐ ടാഗ് ലഭിച്ചു. അതുപോലെ, മത്സ്യ സമ്പത്ത് യോജനയ്ക്ക് കീഴിൽ, ഞങ്ങൾ എല്ലാ തലത്തിലും മത്സ്യ കർഷകരെ സഹായിക്കുന്നു. മത്സ്യകർഷകർ ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന് അർഹരാണ്, കൂടാതെ പ്രാദേശിക ശുദ്ധജല മത്സ്യത്തിന് കാര്യമായ വിപണിയുണ്ട്. പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന ഈ നിർമ്മാതാക്കൾക്ക് ഗണ്യമായ പിന്തുണ നൽകുന്നു. മത്സ്യം കയറ്റുമതി ചെയ്യുന്ന ഒരു മുൻനിര രാഷ്ട്രമായി ഭാരതത്തെ സ്ഥാപിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു, ദർഭംഗയിലെ മത്സ്യകർഷകർക്ക് ഇതിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളേ,
കോശിയിലും മിഥിലയിലും വെള്ളപ്പൊക്കം മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ വർഷത്തെ ബജറ്റിൽ ബിഹാറിലെ വെള്ളപ്പൊക്ക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. നേപ്പാളുമായി സഹകരിച്ച് ശാശ്വതമായ പരിഹാരം കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ പ്രശ്‌നം ലഘൂകരിക്കാൻ 11,000 കോടിയിലധികം രൂപയുടെ പദ്ധതിയിൽ നമ്മുടെ സർക്കാർ നിക്ഷേപം നടത്തുന്നുണ്ട്.
സുഹൃത്തുക്കളേ,
ഭാരതത്തിൻ്റെ സമ്പന്നമായ പൈതൃകത്തിൻ്റെ പ്രധാന കേന്ദ്രമാണ് ബീഹാർ, അത് സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണ്. അതുകൊണ്ട് എൻഡിഎ ഗവൺമെന്റ് പൈതൃക സംരക്ഷണത്തോടൊപ്പം വികസനത്തിനും പ്രതിജ്ഞാബദ്ധമാണ്. ഇന്ന്, നളന്ദ സർവകലാശാല അതിൻ്റെ പഴയ പ്രതാപവും പ്രാധാന്യവും വീണ്ടെടുക്കാൻ ശ്രമിക്കുന്നു.
സുഹൃത്തുക്കളേ,
വൈവിധ്യമാർന്ന നമ്മുടെ രാജ്യത്ത്, നമ്മുടെ നിരവധി ഭാഷകൾ നമ്മുടെ പൈതൃകത്തിൻ്റെ അമൂല്യമായ ഭാഗമാണ്. ഈ ഭാഷകളിൽ സംസാരിക്കുക മാത്രമല്ല അവ സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഭഗവാൻ ബുദ്ധൻ്റെ പഠിപ്പിക്കലുകളും ബീഹാറിൻ്റെ പ്രാചീന മഹത്വവും മനോഹരമായി പകർത്തുന്ന പാലി ഭാഷയ്ക്ക് ഞങ്ങൾ ഈയിടെ ക്ലാസിക്കൽ ഭാഷാ പദവി നൽകി. ഈ പൈതൃകം യുവതലമുറയുമായി പങ്കുവയ്ക്കണം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ മൈഥിലി ഭാഷ ഉൾപ്പെടുത്തിയത് എൻഡിഎ സർക്കാരാണെന്ന് ഓർമ്മിപ്പിക്കട്ടെ. കൂടാതെ, ജാർഖണ്ഡിലെ രണ്ടാമത്തെ സംസ്ഥാന ഭാഷയായി മൈഥിലിയെ അംഗീകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
മിഥില പ്രദേശത്തിൻ്റെ സാംസ്കാരിക സമ്പന്നത ദർഭംഗയിലെ ഓരോ മുക്കിലും മൂലിയിലും പ്രകടമാണ്. സീതാമാതാവിൻ്റെ മൂല്യങ്ങളും നന്മകളും ഈ നാടിനെ അനുഗ്രഹിക്കുന്നു. നമ്മുടെ സ്വന്തം ദർഭംഗ ഉൾപ്പെടെ രാജ്യത്തെ പത്തിലധികം നഗരങ്ങളെ രാമായണ സർക്യൂട്ടുമായി ബന്ധിപ്പിക്കുകയാണ് എൻഡിഎ ഗവൺമെന്റ്. ഈ സംരംഭം ഈ പ്രദേശത്തെ ടൂറിസത്തെ ഗണ്യമായി ഉയർത്തും. കൂടാതെ, ദർഭംഗ-സീതാമർഹി-അയോധ്യ റൂട്ടിൽ അമൃത് ഭാരത് ട്രെയിൻ സർവീസ് ജനങ്ങൾക്ക് വലിയ പ്രയോജനം ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന് ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ, ദർഭംഗ സംസ്ഥാനത്തിലെ മഹാരാജ കാമേശ്വർ സിംഗ് ജിയുടെ മഹത്തായ സംഭാവനകളെക്കുറിച്ചും ഞാൻ ഓർക്കുന്നു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഭാരതത്തിൻ്റെ പുരോഗതിക്കു വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ സമർപ്പണം ശ്രദ്ധേയമാണ്. എൻ്റെ പാർലമെൻ്റ് മണ്ഡലമായ കാശിയിൽ പോലും അദ്ദേഹത്തിൻ്റെ പ്രയത്‌നങ്ങൾ പ്രസിദ്ധവും ബഹുമാനം അർഹിക്കുന്നതുമാണ്. മഹാരാജ കാമേശ്വർ സിംഗിൻ്റെ സാമൂഹിക പ്രവർത്തനം ദർഭംഗയുടെ അഭിമാനവും നമുക്കെല്ലാവർക്കും പ്രചോദനവുമാണ്.
സുഹൃത്തുക്കളേ,
കേന്ദ്രത്തിലെ എൻ്റെ ഗവൺമെന്റും ഇവിടെ ബിഹാറിലെ നിതീഷ് ജിയുടെ ഗവൺമെന്റും ബീഹാറിലെ ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിൽ ഒറ്റക്കെട്ടാണ്. ഞങ്ങളുടെ വികസന, ക്ഷേമ പദ്ധതികളിൽ നിന്ന് ബിഹാറിലെ ജനങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എയിംസ് ദർഭംഗ സ്ഥാപിക്കുന്നതിനും മറ്റ് വികസന പദ്ധതികൾക്കും ഒരിക്കൽ കൂടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. വരാനിരിക്കുന്ന നിർമാൺ പർവിനു ഞാൻ എൻ്റെ ആശംസകളും നേരുന്നു. എന്നോടൊപ്പം പറയുക-
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെ നന്ദി.